Tweet 939

    Tweet 939
    January 8, 2025 • Wednesday
    Post Header

    ഇമാം ഇബ്നു അബീശൈബ(റ) നിവേദനം ചെയ്യുന്നു. ഇബ്നു ഹുമൈദിൻ അസ്സാഇദി(റ) പറഞ്ഞു. അയ്ല പ്രദേശത്തെ ഭരണാധികാരി ഒരു വെളുത്ത കോവർ കഴുതയെ തിരുനബിﷺക്ക് സമ്മാനിച്ചു. തിരുനബിﷺ അദ്ദേഹത്തിന് ഒരു മേൽമുണ്ട് അണിയിക്കുകയും സന്ദേശം അയക്കുകയും ചെയ്തു.
    ഉമർ ബിൻ അബ്ദുല്ലാഹ് അൽ അൻസ്വാരി(റ), അബൂമൂസ അൽ അശ്അരി(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു. ഞങ്ങൾ തിരുനബിﷺയോടൊപ്പമായിരുന്നു. യാത്രക്കിടയിൽ ഞങ്ങൾ ഒരു കുന്നിൻ പ്രദേശത്തേക്ക് അല്ലെങ്കിൽ ഒരു ഇടവഴിയിലേക്ക് പ്രവേശിച്ചു. ഉയരങ്ങളിലേക്ക് കയറിയപ്പോൾ ഒരാൾ വിളിച്ചുപറഞ്ഞു. ലാഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബർ(അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ല അല്ലാഹു ഉന്നതനാകുന്നു.) ഉടനെ തിരുനബിﷺ ഇങ്ങനെ പറഞ്ഞു. അദൃശ്യനോ കേൾക്കാത്തവനോ ആയ ഒരു ശക്തിയേയല്ല നിങ്ങൾ വിളിക്കുന്നത്. ആ സമയത്ത് തിരുനബിﷺ ഒരു കോവർകഴുതയുടെ പുറത്തായിരുന്നു ഉണ്ടായിരുന്നത്. അവിടെവച്ചുകൊണ്ട് തിരുനബിﷺ വിളിച്ചു. അല്ലയോ അബൂ മൂസാ(റ)… അല്ലെങ്കിൽ അബ്ദുല്ലാഹിബ്നു ഖൈസേ(റ)… സ്വർഗീയ നിധികളിൽ നിന്ന് ഒരു നിധി ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടെ. അതെ, ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ്.
    ദൗമത്തുൽ ജന്തലിലെ ഭരണാധികാരി തിരുനബിﷺക്ക് ഒരു കോവർ കഴുതയേയും പട്ടു കൊണ്ടുള്ള ഒരു ജുബ്ബയും സമ്മാനമായി നൽകി. ജുബ്ബയുടെ ഭംഗി സ്വഹാബികളെ അത്ഭുതപ്പെടുത്തി. അപ്പോൾ തിരുനബിﷺ ഇങ്ങനെ പറഞ്ഞു. സഅദ് ബിൻ മുആദി(റ)ന് സ്വർഗ്ഗത്തിൽ ലഭിക്കുന്ന തൂവാല ഇതിനേക്കാൾ എത്രയോ ഭംഗിയുള്ളതാണ്.
    ഈ ലോകത്തെ നൈമിഷിക വിചാരങ്ങളിലേക്ക് വീണുപോകാന്‍ ഇടയുള്ള എല്ലാ സന്ദർഭങ്ങളിലും തിരുനബിﷺ പരലോകത്തിന്റെ പ്രാധാന്യം ഉണർത്തും. ഈ ലോകത്തെ എല്ലാ അനുഗ്രഹങ്ങളും താൽക്കാലികമാണെന്നും ലഭിക്കാനുള്ള പരലോകത്തെ അനുഗ്രഹങ്ങളാണ് വലുതെന്നും നിലനിൽക്കുന്നതെന്നും നിരന്തരമായി തിരുനബിﷺ ഉത്ബോധിപ്പിച്ചു കൊണ്ടിരുന്നു. എവിടെയെങ്കിലും ഈ ഉത്തമവിചാരത്തിൽ നിന്ന് വഴിമാറാൻ ഇടയായാൽ ഉടൻ തന്നെ അവിടുന്ന് ഇടപെടുകയും ആത്മീയ ബോധത്തിലേക്ക് തന്നെ അവരെ തിരിച്ചു കൊണ്ടുവരികയും ചെയ്യും.
    ശാമി കഴുത എന്ന പേരിൽ ഒരു വാഹനം കൂടി തിരുനബിﷺക്കുണ്ടായിരുന്നു. അബ്ദുല്ലാഹ് അൽ മസിനി(റ)യുടെ പിതാവ് ബുസ്ർ(റ) തിരുനബിﷺ ഒരു കഴുതപ്പുറത്തു വരുന്ന രംഗത്തെ ഉദ്ധരിച്ചുകൊണ്ടുള്ള നിവേദനങ്ങൾ നമുക്ക് വായിക്കാനുണ്ട്. ശാമി കഴുത എന്ന തലവാചകത്തിന്റെ കീഴിലാണ് ഈ പരാമർശം സുബുൽ അൽഹുദയിൽ ഉദ്ധരിച്ചിട്ടുള്ളത്.
    തിരുനബിﷺയുടെ കഴുതകളെ കുറിച്ചും ഒരു സ്വതന്ത്ര അദ്ധ്യായം തന്നെ നമുക്ക് പഠിക്കാനുണ്ട്. വെള്ള കലർന്ന മണ്ണിന്റെ നിറമുള്ള ഉഫൈർ എന്ന ഒരു കഴുത തിരുനബിﷺയുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്നുവത്രേ. ഇബ്നു മസ്ഊദി(റ)ൽ നിന്നുള്ള ഒരു ഹദീസ് ഇങ്ങനെ വായിക്കാം. പ്രവാചകന്മാർ രോമ വസ്ത്രം ധരിച്ചിരുന്നു. ആടിനെ കറക്കുകയും കഴുതപ്പുറത്ത് സഞ്ചരിക്കുകയും ചെയ്തിരുന്നു. തിരുനബിﷺക്കും ഉഫൈർ എന്ന ഒരു കഴുത ഉണ്ടായിരുന്നു.
    ഈ കഴുതയെ കുറിച്ചും മുഖൗഖിസ് രാജാവ് സമ്മാനമായി നൽകിയതാണ് എന്ന് ഒന്നിലധികം നിവേദകന്മാർ പറയുന്നുണ്ട്. യഅ്ഫൂർ എന്നാണോ ഉഫൈർ എന്നാണോ അദ്ദേഹം നൽകിയ കഴുതയുടെ പേര് എന്നതിലും അഭിപ്രായാന്തരങ്ങളുണ്ട്.
    യഅ്ഫൂർ എന്ന് സ്വതന്ത്രമായി തന്നെ ഒരു കഴുതയെ കുറിച്ചുള്ള പരാമർശവും നിവേദനങ്ങളിൽ നമുക്ക് വായിക്കാൻ കഴിയും. വേഗതയെ സൂചിപ്പിക്കുന്ന നാമമാണത്രേ അത്. നല്ല വേഗതയുള്ള കഴുത എന്ന അർത്ഥത്തിലാണ് ആ പേര് ലഭിച്ചത് എന്നും വിശദീകരണമുണ്ട്. തിരുനബിﷺ ഇഹലോകവാസം വെടിഞ്ഞ ദിവസം യഅ്ഫൂർ കിണറ്റിലേക്ക് വീണു മരണപ്പെട്ടു പോയി എന്നും മുഹമ്മദ് ബിനു ഉമർ(റ) നിവേദനം ചെയ്യുന്നു.
    പല സ്വഹാബികളും വിശേഷിച്ചും സഅദ് ബിൻ ഉബാദ(റ)യും തിരുനബിﷺക്ക് സമ്മാനമായി നൽകിയ കഴുതകളെ കുറിച്ച് ഗ്രന്ഥങ്ങളിൽ പരാമർശിക്കുന്നുണ്ട്.

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...