Tweet 940

    Tweet 940
    January 9, 2025 • Thursday
    Post Header

    തിരുനബിﷺക്കുണ്ടായിരുന്ന പെണ്ണ് ഒട്ടകങ്ങളെ കുറിച്ചുള്ള അല്പം ചില നിവേദനങ്ങളിലൂടെയാണ് നാം സഞ്ചരിക്കുന്നത്. ഇബ്നു മസ്ഊദ്(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺയുടെ ഉടമസ്ഥതയിൽ പെണ്ണ് ഒട്ടകങ്ങളുണ്ടായിരുന്നു. ഒരിക്കൽ ഉയയ്നത് ബിൻ ഹിസ്‌നിന്റെ സംഘം ഗാബയിൽ വെച്ച് ഒട്ടകങ്ങളെ പിടിച്ചുകൊണ്ടുപോയ കൂട്ടത്തിൽ നബിﷺയുടെ ഒട്ടകങ്ങളുമുണ്ടായിരുന്നു. എല്ലാ രാത്രിയിലും രണ്ടു പാത്രം ഒട്ടകപ്പാൽ നബിﷺയുടെ വീട്ടിലെ വിഭവമായിരുന്നു. പല സമയങ്ങളിലായി തിരുനബിﷺക്ക് ഉണ്ടായിരുന്ന പെണ്ണ് ഒട്ടകങ്ങളുടെ എണ്ണം 45 ആയിരുന്നു. ചില ഒട്ടകങ്ങളുടെ പേരുകൾ ഇങ്ങനെയാണ്. ഹന്ന, സംറാ, അരീസ്, സഅദിയ്യ, അൽ ബഊം, അൽ യസീറാ, അൽ റയ്യാ, ബർദ:, അൽ ഹഫ്‌ദ, മുഹ്റ:, ശഖ്റ:, സൂറ തുടങ്ങിയ പേരുകളാണ് ഇമാമുകൾ ഉദ്ധരിച്ചിട്ടുള്ളത്. പല പേരുകളും ലഭിക്കുന്ന പാലിന്റെ വർധനയും മേന്മയും സൂചിപ്പിക്കുന്ന അർത്ഥങ്ങൾ ഉൾക്കൊള്ളുന്നതാണ്.
    ഉമ്മുസലമ(റ)യിൽ നിന്ന് ഇബ്നു സഅദ് (റ) നിവേദനം ചെയ്യുന്നു. ഞങ്ങൾ തിരുനബിﷺയോടൊപ്പം ഗാബയിൽ ആയിരിക്കുമ്പോൾ ഞങ്ങളുടെ ഏകദേശം ജീവിതവും പെണ്ണൊട്ടകങ്ങളെ ആശ്രയിച്ചു കൊണ്ടായിരുന്നു. നബിﷺ ആ പെണ്ണ് ഒട്ടകങ്ങളെ അവിടുത്തെ പത്നിമാർക്ക് വീതം വച്ചു നൽകി. കൂട്ടത്തിൽ എനിക്കും ഒരു വിഹിതം ലഭിച്ചു. എനിക്കു ലഭിച്ച ഒട്ടകത്തിന്റെ പേര് അരീസ് എന്നായിരുന്നു. ഞങ്ങൾക്കാവശ്യത്തിനുള്ള പാൽ അതിൽ നിന്ന് ലഭിക്കുമായിരുന്നു. സംറാ എന്ന ഒട്ടകമായിരുന്നു ആഇശ(റ)ക്ക് ലഭിച്ചത്. എന്നാൽ ആഇശ(റ)ക്ക് ലഭിച്ചതിന് എന്റെ ഒട്ടകത്തിന്റെ അത്രയും പാൽ ഉണ്ടായിരുന്നില്ല. ഇടയന്മാർ ഗാബയിലെ മേച്ചിൽ പുറങ്ങളിലേക്ക് ഞങ്ങളുടെ ഒട്ടകങ്ങളെ കൊണ്ടുപോകും. അവിടെ രണ്ടുതരം മരങ്ങളായിരുന്നു അവയ്ക്ക് കഴിക്കാനുണ്ടായിരുന്നത്. മേച്ചിൽ പുറത്തുനിന്ന് വൈകുന്നേരം വീട്ടിലേക്ക് എത്തുമ്പോൾ ഒട്ടകങ്ങളെ കറക്കും. നബിﷺയുടെ ഒട്ടകത്തിനായിരുന്നു കൂടുതൽ പാൽ ലഭിക്കാറുണ്ടായിരുന്നത്.
    ഉമ്മു സലമ(റ)യിൽ നിന്നു തന്നെയുള്ള മറ്റൊരു നിവേദനം ഇങ്ങനെ വായിക്കാം. ളഹ്ഹാക് ബിൻ സുഫിയാൻ അൽ കിലാബി എന്നയാൾ തിരുനബിﷺക്ക് ബുർദ എന്ന പേരിൽ ഒരു ഒട്ടകത്തെ നൽകി. അത്രത്തോളം ഭംഗിയുള്ള ഒരു ഒട്ടകത്തെയും ഞാൻ കണ്ടിട്ടില്ല. രണ്ട് ഒട്ടകങ്ങൾക്കുള്ള പാല് അതിൽ നിന്ന് മാത്രം കിട്ടുമായിരുന്നു. ഹിന്ദും(റ) അസ്മാ(റ)യും ആയിരുന്നു ആ ഒട്ടകത്തെ പരിചരിച്ചിരുന്നത്. ബൈളാഇലും ഉഹ്ദിലും കൊണ്ടുപോയി അതിനെ മേയ്ക്കും. പാത്രത്തിൽ നിറയെ ഇലകൾ സമാഹരിച്ച് ഇവകൾക്ക് തീറ്റയായി കൊണ്ടുവരും. അതിഥികൾ വന്നാൽ ഇവകളെ കറന്ന് അവർക്ക് വയറു നിറയുവോളം പാനം ചെയ്യിക്കും. ബാക്കിയുള്ളത് ഞങ്ങൾക്ക് വിതരണം ചെയ്യും. പ്രഭാതത്തിൽ ഇവകളെ കറക്കുന്നതാണ് ഏറ്റവും മെച്ചം.
    ഒരു മഹാ ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിൽ നിന്ന് എത്ര വിസ്തൃതമായ പഠനങ്ങളാണ് നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏത് ഒട്ടകങ്ങളുടെ പാലു കുടിച്ചിട്ടായിരുന്നു തിരുനബിﷺ സഞ്ചരിച്ചത് എന്ന് ചോദിച്ചാൽ കൃത്യമായി പേരും ഊരുമടക്കം പറയാൻ മാത്രം ചരിത്രം തിരുനബിﷺയുടെ ജീവിതത്തെ ഒപ്പിയെടുത്തിരിക്കുന്നു. പരകോടി മനുഷ്യരുടെ നാമങ്ങൾ ലോകം വിസ്മൃതിയിലേക്ക് കൊണ്ടുപോയപ്പോൾ കുറച്ചു നാൽക്കാലികളുടെയും മൃഗജന്തുക്കളുടെയും പേരുകൾ ശ്രദ്ധാപൂർവ്വം ഒപ്പിയെടുക്കുകയും ഇന്നും വായിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.
    അവകൾക്കുള്ള ഏറ്റവും വലിയ വിശേഷം തിരുനബിﷺയുടെ പറമ്പിലെ തൊഴുത്തിലായിരുന്നു അവർ ജീവിച്ചിരുന്നത് എന്ന് മാത്രം; പ്രവാചകന്റെﷺ പറമ്പിലായിരുന്നു മേഞ്ഞിരുന്നത് എന്ന്; അവകളുടെ പാല് കറന്നു കൊണ്ടുപോയിരുന്ന വീട് നബിﷺയുടെ വീടായിരുന്നു എന്ന്; അവകൾ കഴിച്ച ഇലകൾക്കും മേഞ്ഞ പറമ്പുകൾക്കും പ്രപാചക ജീവിതത്തോട് ബന്ധമുണ്ട് എന്ന്; തിരുനബിﷺയുടെ ആസ്ഥാനമായ മദീനയുടെ ചാരത്തായിരുന്നു എന്ന്. മുഖ്യധാരയിൽ ആയിരുന്നു എന്ന് പറയപ്പെട്ട പലരും വിസ്മൃതിയിലേക്ക് പോയപ്പോൾ, ഒരു തലസ്ഥാനത്തിന്റെ ഗല്ലിയിലുള്ളവർ പോലും ലോകമഹാ നഗരങ്ങളിൽ ജീവിച്ചിരുന്നവരെക്കാൾ കൂടുതൽ വായിക്കപ്പെടുന്നു. ഈ മഹാത്ഭുതത്തിന്റെ പേരാണ് നബിﷺയും മദീനയും.

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...