Tweet 936

    Tweet 936
    January 5, 2025 • Sunday
    Post Header

    തിരുനബിﷺയുടെ ചില കുതിരകളെ നമുക്ക് പരിചയപ്പെടാം.
    ഒന്ന്, അസ്സക്ബ്. അബൂ ഹസ്മ(റ)യിൽ നിന്ന് ഇമാം ഇബ്നു സഅദ്(റ) നിവേദനം ചെയ്യുന്നു. മദീനയിലെ ബനൂ ഫസാറ ഗോത്രത്തിലുള്ള ഒരാളുടെ പക്കൽ നിന്ന് തിരുനബിﷺ വാങ്ങിയ കുതിരയായിരുന്നു. അവിടുന്ന് ആദ്യമായി വാങ്ങിയ കുതിര. 400 ദിർഹം അല്ലെങ്കിൽ പത്ത് ഊഖിയ ആയിരുന്നു അതിന്റെ വില. ഗ്രാമീണനായ ആദ്യത്തെ മുതലാളി അതിനെ വിളിച്ചിരുന്നത് ളറുസ് എന്നായിരുന്നു. തിരുനബിﷺ അതിന്റെ പേരു മാറ്റുകയും സക്ബ് എന്ന് വിളിക്കുകയും ചെയ്തു. അതിന്മേൽ ആദ്യമായി പങ്കെടുത്തത് ഉഹ്ദ് യുദ്ധത്തിലായിരുന്നു. അബൂ ബുർദ ബിൻ നയ്യാർ(റ) എന്ന വ്യക്തിയുടെ മുലാവിഹ് കുതിരയും തിരുനബിﷺയുടെ ഈ കുതിരയും മാത്രമേ ഉഹ്ദിൽ മുസ്ലിംകളുടെ പക്ഷത്തുണ്ടായിരുന്നുള്ളൂ.
    തിരുനബിﷺയുടെ കുതിരയെ കുറിച്ചുള്ള ഒരു അനുബന്ധം അല്കമ ബിൻ അബീ അല്കമ(റ) പറയുന്നത് ഇങ്ങനെയാണ്. തിരുനബിﷺക്ക് സക്ബ് എന്ന് പേരുള്ള ഒരു കുതിരയുണ്ടായിരുന്നു എന്ന് ഞാൻ അറിഞ്ഞു. വലതു മുൻകാൽ ഒഴികെ മൂന്നു കാലുകളിലും വെളുത്ത അടയാളങ്ങളുള്ള വലതു മുൻകാല് മാത്രം ഒറ്റ നിറത്തിലുള്ള കുതിരയായിരുന്നു അത്. ചുവപ്പും കറുപ്പും ചേർന്ന നിറമായിരുന്നു ശരീരത്തിനുണ്ടായിരുന്നത്. തീരുനബിﷺ അതിന്മേൽ സഞ്ചരിക്കുകയും മറ്റും ചെയ്തിരുന്നു. പൂർണ്ണമായും കറുത്ത കുതിരയായിരുന്നു എന്ന ഒരു അഭിപ്രായം ഇബ്‌നുൽ അസീർ(റ) രേഖപ്പെടുത്തിയിട്ടുണ്ട്. തിരുനബിﷺയുടെ സക്ബ് കുതിരയുടെ നിറം കറുപ്പായിരുന്നു എന്ന് ഇമാം ഇബ്നു അബ്ബാസും(റ) ഉദ്ധരിച്ചിട്ടുണ്ട്. നല്ല നടന്നാൽ തന്നെ വേഗത്തിൽ അനുഭവപ്പെടുന്ന വാഹനമായിരുന്നത്രെ അത്.
    രണ്ട്, സബ്ഹ. തിരുനബിﷺയുടെ മറ്റൊരു കുതിരയുടെ പേരാണിത്. ഇതിനെ മത്സരത്തിൽ പങ്കെടുപ്പിക്കുകയും വിജയം വരിക്കുകയും ചെയ്തപ്പോൾ തിരുനബിﷺ സന്തോഷിച്ചിട്ടുണ്ട്. ഇബ്നു ബനൈനിന്റെ(റ) അഭിപ്രായത്തിൽ സ്വർണ്ണ നിറത്തിൽ രോമങ്ങളുള്ള ഈ കുതിരയെ ജുഹൈന ഗോത്രത്തിൽ നിന്ന് 10 ഒട്ടകങ്ങളെ കൊടുത്തു വാങ്ങിയതാണത്രേ. വ്യാഴാഴ്ച ദിവസം തിരുനബിﷺ അതിനുമേൽ മത്സരത്തിനു പങ്കെടുത്തു. അവിടുത്തെ തിരുകരങ്ങൾ കൊണ്ടുതന്നെയായിരുന്നു കുതിരയെ മത്സരത്തിൽ എത്തിച്ചത്. ശേഷം, അതിനെ വിട്ടയക്കുകയും അതിന്റെ മുകളിലുള്ളയാൾ പതാക എടുക്കുകയും അഥവാ ഒന്നാംസ്ഥാനത്ത് എത്തുകയും ചെയ്തു.
    മറ്റെല്ലാ കുതിരകളുടെയും മുഖത്ത് പൊടിപടലങ്ങൾ പടർത്തിയായിരുന്നു ഇത് മുന്നോട്ട് പോയത്. ഈ കുതിരയുടെ സഞ്ചാര രീതി കണ്ടുകൊണ്ട് തന്നെ ഇതിനെ ‘സബ്ഹ ‘ എന്ന് വിളിക്കപ്പെട്ടു. കൃത്യമായ ചുവടുകളോടെ മുന്നോട്ടുപോകുന്ന കുതിരകളെയാണ് പൊതുവേ അങ്ങനെ വിളിക്കാറുള്ളത്. ആശ്ചര്യപ്പെടുത്തുന്ന വിധം വിശാലമായ ചുവടുകൾ വച്ചാലും അങ്ങനെ പറയാറുണ്ട്. അല്ലാഹുവിന്റെ മഹത്വത്തെ വാഴ്ത്താൻ ഉപയോഗിക്കുന്ന ‘സുബ്ഹാനല്ലാഹ്’ എന്ന പദത്തിന്റെയും ഈ നാമത്തിന്റെയും ധാതുക്കൾ തമ്മിൽ ബന്ധമുണ്ട്. വിശാലമായ ചിന്തയുള്ളവരെയും ഉയർന്ന വിചാരമുള്ളവരെയും മഹത്വപ്പെടുത്തിക്കൊണ്ടുള്ള പ്രയോഗത്തിലും സബ്ഹ എന്ന് പ്രയോഗിക്കാറുണ്ട്.
    ഒന്നര സഹസ്രാബ്ദം മുമ്പ് ജീവിച്ചിരുന്ന ഒരു വ്യക്തി ഉപയോഗിച്ച വാഹനത്തെയും അതിന്റെ പേരും പേരിന്റെ കാരണവും പ്രയോഗത്തിന്റെ വ്യത്യസ്ത സാധ്യതകളും എത്ര ഗഹനമായിട്ടാണ് ഗ്രന്ഥങ്ങൾ രേഖപ്പെടുത്തുന്നത്. എങ്കിൽ പിന്നെ വ്യക്തിയുടെ ജീവിതത്തെ കുറിച്ചുള്ള ചർച്ചകൾ എത്രമേൽ അതിഗഹനമായിരിക്കും. ഒരു വ്യക്തി ചരിത്രം എന്നതിനപ്പുറം വായിക്കപ്പെടാനുള്ള അനവധി മാനങ്ങളെ മുൻനിർത്തി ഇത്രമേൽ വിശാലമായി പഠിപ്പിക്കപ്പെടുകയും നിവേദന പരമ്പരകൾ സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന മറ്റൊരാളെയും നമുക്ക് അറിയാനില്ല എന്ന് പറഞ്ഞാൽ അതിഭാവുകത്വം ആരോപിക്കേണ്ട ആവശ്യമില്ല.

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...