Tweet 937

    Tweet 937
    January 6, 2025 • Monday
    Post Header

    മൂന്ന്, മുർതജിസ്. ഈ പേരിൽ തിരുനബിﷺക്ക് ഒരു കുതിരയുണ്ടായിരുന്നു എന്ന് ഇമാം ഇബ്നു സഅദും(റ) ത്വബ്റാനി(റ)യും നിവേദനം ചെയ്യുന്ന ഹദീസിൽ കാണാം. ഗ്രാമീണനായ ഒരു അറബിയിൽ നിന്ന് തിരുനബിﷺ വാങ്ങിയതായിരുന്നു ഇത്. വെളുത്ത നല്ല ശബ്ദ ഭംഗിയുള്ളതായിരുന്നു ഇത്. ശബ്ദ ഭംഗിയുടെ അടിസ്ഥാനത്തിലാണത്രെ ഈണം പ്രതിനിധാനം ചെയ്യുന്ന മുർതജിസ് എന്ന പേര് ഇതിന് ലഭിച്ചത്.
    നാല്, ലിസാസ്. മുഖൗഖിസ് രാജാവ് തിരുനബിﷺക്ക് സമ്മാനമായി നൽകിയതായിരുന്നു ഈ കുതിര. തിരുനബിﷺക്ക് ഇതിനോട് വലിയ താല്പര്യമായിരുന്നു. പല പോരാട്ടങ്ങളിലേക്കും തിരുനബിﷺ ഇതിന്മേൽ സഞ്ചരിച്ചിട്ടുണ്ട്. ബദ്റിൽ ഉപയോഗിച്ചിരുന്നു എന്ന് ചിലർ പറഞ്ഞിട്ടുണ്ടെങ്കിലും അത് പ്രാമാണികമായി സ്വീകാര്യമല്ല. കാരണം, ഹുദൈബിയ്യ സന്ധിക്ക് ശേഷമാണല്ലോ മുഖൗഖിസ് തിരുനബിﷺക്ക് വാഹനം കൊടുത്തയക്കുന്നത്. ചേർന്നു, ചേർത്തു എന്നീ അർഥങ്ങളുള്ള ലിസാസ് പദം കുതിരയുടെ ചില സ്വഭാവത്തെ സൂചിപ്പിക്കുന്നു. ലക്ഷ്യത്തിലേക്ക് അതിവേഗം എത്തിച്ചേരുന്നത് എന്നായിരിക്കണം അത്.
    അഞ്ച്, ളറിബ്. ഉയർന്ന ഗുണങ്ങളും മാന്യതയുമുള്ളവ എന്നർഥം ഈ പദത്തിനുണ്ട്. അതേ ആശയം മുൻനിർത്തി തന്നെയായിരിക്കണം തിരുനബിﷺയുടെ ഒരു വാഹനത്തിന് അങ്ങനെ പേരു ലഭിച്ചതും. ദൃഢതയും ശക്തിയും അറിയിക്കുന്ന അർഥങ്ങളും ഈ പദത്തിലുണ്ട്.
    ആറ്, ലഹീഫ്. ഇബ്ന് അബ്ബാസി(റ)ൽ നിന്ന് ഇമാം ബുഖാരി(റ) ഉദ്ധരിച്ച ഹദീസിൽ ഈ കുതിരയെ കുറിച്ചുള്ള പരാമർശമുണ്ട്. റബീഅ ബിൻ അബൂബറാഅ്(റ) എന്നയാൾ സമ്മാനമായി നൽകിയതായിരുന്നു ഇത്.
    ഏഴ്, വർദ്. തമീമുദ്ദാരി(റ) തിരുനബിﷺക്ക് സമ്മാനമായി നൽകിയതായിരുന്നു ഇത്. ചുവപ്പും കറുപ്പും ചേർന്ന നിറമുള്ള കുതിരയായിരുന്നു ഇത്.
    ഇതുവരെ നാം വായിച്ചത് തിരുനബിﷺയുടേത് എന്ന് നിർണയിക്കപ്പെട്ട വാഹനങ്ങളെ കുറിച്ചാണ്. എന്നാൽ, തിരുനബിﷺയുടേതാണ് എന്ന് പറയപ്പെട്ട ഇനിയും ചിലത് കൂടി ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.
    1. നജീബ്
    2. ബഹ്ർ. യമനിൽ നിന്ന് വന്ന കവികളിൽ നിന്ന് വാങ്ങിയതാണത്രേ ഇത്. തിരുനബിﷺയുടെ പല സന്ദർഭങ്ങളിലും ഇത് കൂടെയുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. കറുപ്പും ചുവപ്പും ചേർന്നത് അല്ല കറുത്തത് എന്നിങ്ങനെ വ്യത്യസ്ത അഭിപ്രായങ്ങൾ ഈ വാഹനത്തിന്റെ നിറത്തെക്കുറിച്ച് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്.
    3.ദൂ ലിമ്മ. രോമങ്ങളുടെ സ്വഭാവം വച്ചുകൊണ്ടാണ് ഇങ്ങനെയൊരു നാമം ലഭിച്ചത്.
    4. ദുൽ ഉക്കാൽ
    5. അസ്സിജിൽ
    6. അശ്ശ്ഹ്ഹാ
    7. അസ്സർഹാൻ
    8. അൽ മുർതജിൽ
    9. അൽ അദ്ഹം
    10. അല് യ്യാസൂബ്
    11. അല് യാബൂബ്
    12. അബ് ലക്
    13. കുമൈത്
    14. നജീബ്
    15. മുലാവിഹ്
    16. ത്വർഫ്
    17. ളർസ്
    18. മൻദൂബ്
    19. മിർവാഹ്
    ഈ പേരുകളെല്ലാമുള്ള വാഹനങ്ങൾ പല സന്ദർഭങ്ങളിലായി തിരുനബിﷺയുടെ പക്കലുണ്ടായിരുന്നു എന്ന് ഒറ്റപ്പെട്ടതും ചില ഗ്രന്ഥകാരന്മാർ രേഖപ്പെടുത്തിയതുമായ പരാമർശങ്ങൾ വന്നിട്ടുണ്ട്.
    വാഹനങ്ങളുടെ ഇനം എന്നതിനപ്പുറം ഓരോന്നിനും സ്വതന്ത്രമായി പേരുവച്ചുകൊണ്ടുള്ള രീതി ഇന്ന് പോലും വ്യാപകമായി നമ്മുടെ ഇടയിലില്ല. എന്നാൽ, ഒന്നര സഹസ്രാബ്ദം മുമ്പ് ഉപയോഗിച്ചിരുന്ന ഒരേ ഇനത്തിൽപ്പെട്ട പല വാഹനങ്ങളും പല മൃഗങ്ങളും സ്വതന്ത്രമായ പേരുകളിലും നാമങ്ങളിലുമുണ്ടായിരുന്നു എന്നും അവകൾ ഏതൊക്കെയായിരുന്നു എന്നും പറയാൻ മാത്രമുള്ള ചരിത്ര വ്യാപ്തി ഉണ്ടാകണമെങ്കിൽ പ്രസ്തുത ചരിത്രം എത്രമേൽ കൃത്യമായി വായിക്കപ്പെടുകയും പഠിപ്പിക്കപ്പെടുകയും വേണം. ഇങ്ങനെ ഓരോ അധ്യായങ്ങളും കൂടുതൽ കൂടുതൽ കൗതുകങ്ങളായി, തിരുനബി പഠനം സ്വതന്ത്രമായ വലിയൊരു ലോകമായി നമ്മുടെ മുമ്പിൽ തെളിഞ്ഞു കൊണ്ടിരിക്കുകയാണ്.

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...