
പ്രമുഖ സ്വഹാബിയായ ഇക്‌രിമ(റ) പറയുന്നു. ഒരിക്കൽ തിരുനബിﷺ വാഹനം കയറി. മുന്നിൽ അബ്ബാസി(റ)ന്റെ മകൻ ഖുസമി(റ)നെയും പിന്നിൽ ഫള്ൽ ബിൻ അബ്ബാസി(റ)നെയും ഇരുത്തി.
തിരുനബിﷺ വാഹനങ്ങളിൽ പിൻസീറ്റിലും മറ്റും ഒപ്പമിരുത്തി യാത്ര ചെയ്തവരെക്കുറിച്ച് സ്വതന്ത്രമായ പഠനങ്ങളുണ്ട്. പ്രധാനമായും അങ്ങനെ എണ്ണപ്പെട്ടവർ 50 പേർ ആണെന്ന് ഹാഫിള് അബൂ സക്കരിയ്യ(റ) രേഖപ്പെടുത്തുന്നു. ഇമാം ഇബ്നു മന്ദ(റ) ഇത് സംബന്ധമായി സ്വതന്ത്രമായ ഒരു രചന തന്നെ നിർവഹിച്ചിട്ടുണ്ട്. അതിൽ എണ്ണപ്പെടാത്ത ചിലരെ കൂടി വിശദവിവരങ്ങളോടെ ഞാൻ ഉദ്ധരിക്കുന്നുണ്ട് എന്ന് ഇമാം സ്വാലിഹി(റ) സുബ്ലുൽ ഹുദയിൽ പറയുന്നുണ്ട്.
തിരുനബിﷺയുടെ സുപ്രധാനമായ യാത്രകളിലും യുദ്ധക്കളങ്ങളിലേക്ക് പോകുമ്പോഴും ഓരോ ദിവസവും ഓരോരുത്തരെ വാഹനത്തിന്റെ പിൻസീറ്റിൽ ഇരുത്തി കൊണ്ടുപോകാറുണ്ടായിരുന്നുവെന്ന് അനസ്(റ) റിപ്പോർട്ട് ചെയ്യുന്ന ഹദീസ് ഇമാം ബുഖാരി(റ)യും അഹ്മദും(റ) നിവേദനം ചെയ്യുന്നുണ്ട്.
അക്കൂട്ടത്തിൽ ചിലയാളുകളെ എണ്ണി പരാമർശിച്ചു കൊണ്ട് വന്ന നിവേദനങ്ങൾ കൂടി നമുക്ക് വായിച്ചു പോകാം. ഒന്ന്, ജിബ്‌രീല്‍(അ). രണ്ട്, അബൂബക്കർ(റ). തിരുനബിﷺ മദീനയിലേക്ക് കടന്നു വന്നപ്പോൾ വാഹനത്തിന്റെ പിൻസീറ്റിലുണ്ടായിരുന്നത് അബൂബക്കർ(റ) ആയിരുന്നു എന്ന് അനസുബ്നു മാലികി(റ)ൽ നിന്ന് ഇമാം ബുഖാരി(റ)യും അഹ്മദും(റ) നിവേദനം ചെയ്യുന്നു. മൂന്ന്, അബൂദർ(റ). ഇമാം അബൂദാവൂദ്(റ) നിവേദനം ചെയ്ത ഹദീസിൽ അബൂദർ(റ) തന്നെ പറയുന്നു. ഒരു അസ്‌തമാന സമയത്ത് ഞാനും തിരുനബിﷺയും കൂടി ഒരു കഴുതപ്പുറത്ത് യാത്ര ചെയ്യുകയായിരുന്നു. അപ്പോൾ അവിടുന്നെന്നോട് ചോദിച്ചു. സൂര്യൻ എവിടേക്കാണ് പോകുന്നത് എന്നറിയാമോ? ഞാൻ പറഞ്ഞു. അല്ലാഹുവിനും റസൂലിനുംﷺ അറിയാം. സൂര്യൻ അസ്തമിക്കുന്നത് അഗ്നി സമുദ്രത്തിലാണ്.
നാല്, ഉസ്മാൻ ബിൻ അഫ്ഫാൻ(റ). തിരുനബിﷺ ബദ്ർ യുദ്ധം കഴിഞ്ഞ് മടങ്ങി വരുന്ന വഴിയിൽ റൗഹാഇൽ വച്ച് ഉസ്മാൻ ബിൻ അഫ്ഫാൻ(റ) വരവേറ്റു. അപ്പോഴേക്കും വാഹനത്തിൽ ചവിട്ടിയിരിക്കുന്ന ഭാഗത്തുനിന്ന് തിരുനബിﷺ കാല് പുറത്തെടുത്തു. ഉസ്മാനോ(റ)ട് വാഹനത്തിൽ കയറാൻ പറയുകയും ഒപ്പം ചേർത്തിരുത്തുകയും ചെയ്തു. അപ്പോൾ ഉസ്മാൻ(റ) തേങ്ങിക്കരയുന്നുണ്ടായിരുന്നു. ഉടനെ നബിﷺ ഇടപെട്ട് അടങ്ങാൻ പറഞ്ഞുകൊണ്ട് ആശ്വസിപ്പിച്ചു. മറ്റൊരു നിവേദന പ്രകാരം തിരുനബിﷺ ഇങ്ങനെയാണ് പറഞ്ഞത്. അടങ്ങിക്കോളൂ. അവരുടെ സഹോദരിയെ നിങ്ങൾക്ക് അല്ലാഹു വിവാഹം ചെയ്തു തന്നിരിക്കുന്നു.
തിരുനബിﷺയുടെ മകളും ഉസ്മാനി(റ)ന്റെ ഭാര്യയുമായ മഹതിയുടെ വിയോഗത്തിലായിരിക്കണം ഉസ്മാൻ(റ) അപ്പോൾ തേങ്ങി കരഞ്ഞത്. അല്ലാഹുവിന്റെ നിശ്ചയപ്രകാരം മരണപ്പെട്ടുപോയ ഭാര്യയുടെ സഹോദരി അഥവാ തിരുനബിﷺയുടെ അടുത്ത മകളെ ഉസ്മാനി(റ)ന് വിവാഹം ചെയ്തു കൊടുക്കാൻ നിശ്ചയിച്ചു. അത് അറിയിച്ചുകൊണ്ടായിരുന്നു തിരുനബിﷺ ഉസ്മാനെ(റ) ആശ്വസിപ്പിച്ചത്.
ഒരാളുടെ വിയോഗശേഷം മറ്റെയാളെ എന്ന ക്രമത്തിൽ തിരുനബിﷺയുടെ രണ്ട് പെൺമക്കളെ വിവാഹം കഴിക്കാൻ ഭാഗ്യം കിട്ടിയതു കൊണ്ടാണല്ലോ ഇരട്ട വെളിച്ചത്തിന്റെ ഉടമ എന്നർഥമുള്ള ‘ദുന്നൂറൈൻ’ എന്ന പേര് ഉസ്മാന്(റ) ലഭിച്ചത്. അഞ്ച്, അലിയ്യ് ബിൻ അബീ ത്വാലിബ്(റ). അറഫത് ബിന് അൽഹാരിസ്(റ) പറയുന്നു. വിടവാങ്ങൽ ഹജ്ജ് വേളയിൽ ഞാൻ തിരുനബിﷺയുടെ സന്നിധിയിലുണ്ടായിരുന്നു. ബലി മൃഗങ്ങളെ ഹാജരാക്കപ്പെട്ടപ്പോൾ തിരുനബിﷺ പറഞ്ഞു. എനിക്കുവേണ്ടി അബുൽഹസനെ(റ) അഥവാ അലിയ്യി(റ)നെ വിളിക്കൂ. അപ്പോഴേക്കും അലിയ്യ്(റ) ഹാജരാക്കപ്പെട്ടു. തിരുനബിﷺ അദ്ദേഹത്തോട് പറഞ്ഞു. ഇതാ ഈ കുന്തത്തിന്റെ താഴ്ഭാഗം പിടിക്കൂ. ശേഷം, മേൽഭാഗം നബിﷺയും പിടിച്ചു. രണ്ടുപേരും കൂടി ബലി മൃഗത്തെ കൈകാര്യം ചെയ്തു. പിന്നീട് നബിﷺ ഒരു കോവർ കഴുതയുടെ പുറത്തു കയറി. അലി(റ)യെ പിൻസീറ്റിൽ ഇരുത്തി യാത്ര ചെയ്തു പോയി.
