
തിരുനബിﷺയുടെ ജീവിതത്തിന്റെ വേറിട്ട ചില ഭാഗങ്ങളിലൂടെയാണല്ലോ നാം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. കൂട്ടത്തിൽ അവിടുന്ന് ഉപയോഗിച്ചിരുന്ന വാഹനങ്ങളിലുണ്ടായിരുന്ന ജീനികളും കുതിര, ഒട്ടകം, കഴുത പോലെയുള്ള വാഹനങ്ങളുടെ മുകളിൽ ഇരിക്കുമ്പോൾ ചവിട്ടി കയറാനും സുരക്ഷിതമായി സഞ്ചരിക്കാനും ആവശ്യമായ വസ്തുക്കളും സംബന്ധിച്ച ഒരു അധ്യായം കൂടി നമുക്ക് വായിക്കാം. അബൂ അബ്ദു റഹ്മാൻ അൽഫിഹ്രി(റ)യിൽ നിന്ന് ഇമാം അബൂദാവൂദ്(റ), അഹ്മദ്(റ) തുടങ്ങിയവർ നിവേദനം ചെയ്യുന്നു. ഒരിക്കൽ തിരുനബിﷺ ബിലാലി(റ)നോട് പറയുന്നത് അദ്ദേഹം കേട്ടുവത്രേ. അല്ലയോ ബിലാലേ(റ), എന്റെ കുതിരയ്ക്ക് ജീനി അണിയിക്കൂ. അപ്പോൾ ബിലാൽ(റ) ഒരു ജീനി പുറത്തേക്കെടുത്തു. അതിന്റെ രണ്ടു ഭാഗങ്ങളും ഈത്തപ്പനയുടെ നാരു കൊണ്ടുള്ളതായിരുന്നു. അതിൽ ഏതെങ്കിലും വിധത്തിൽ അഹങ്കാരത്തിനോ അഹംഭാവത്തിനോ അവസരമുള്ളതൊന്നും ഉണ്ടായിരുന്നില്ല.
ഈ ഹദീസിലെ അവസാനഭാഗങ്ങൾ അപ്രകാരം പ്രയോഗിച്ചത് അന്നത്തെ ഒരു സാഹചര്യം വച്ചു കൊണ്ടായിരുന്നു. ആളുകൾ അവരുടെ സമ്പത്തും പ്രൗഢിയും പ്രദർശിപ്പിക്കാൻ വാഹനങ്ങളുടെ അലങ്കാരങ്ങളെ ഉപയോഗിച്ചിരുന്നു. വിശിഷ്യാ, സഞ്ചാര വാഹനങ്ങളിൽ ജീനിയും ചവിട്ടും വിലപിടിപ്പുള്ള സാധനങ്ങൾ കൊണ്ട് നിർമ്മിച്ചും വിവിധങ്ങളായ അലങ്കാരങ്ങൾ ചേർത്തും ആളുകൾക്കിടയിൽ പ്രൗഢി കാണിച്ചിരുന്നു. അത്തരമൊരു സാമൂഹിക ഘടനയിൽ ലളിതമായ ജീവിതക്രമങ്ങളായിരുന്നു അവിടുന്ന് ചിട്ടപെടുത്തിയിരുന്നത് എന്ന് പഠിപ്പിക്കുകയാണിവിടെ. അബ്ദുറഹ്മാനുബ്നു ഫിഹ്രി(റ)യിൽ നിന്ന് തന്നെ ഇമാം ത്വബ്റാനി(റ) ഉദ്ധരിച്ച ഹദീസിൽ ‘അദ്ദാജുൽ മൂജസ്’ എന്ന പേരിൽ ഒരു ജീനി തിരുനബിﷺക്കുണ്ടായിരുന്നു എന്ന് എടുത്തുപറയുന്നുണ്ട്.
ജുറൈർ(റ) അല്ലെങ്കിൽ ഹുറൈസി(റ)ൽ നിന്ന് നിവേദനം ചെയ്ത ഹദീസിൽ ഇങ്ങനെ കൂടി വായിക്കാം. ഞാൻ തിരുനബിﷺയുടെ അടുക്കലേക്ക് എത്തിച്ചേർന്നപ്പോൾ അവിടുന്ന് ഖുത്വുബ നിർവഹിക്കുകയായിരുന്നു. ഞാൻ തിരുനബിﷺയുടെ വാഹനത്തിന്റെ മീസറത്തിൽ അഥവാ വാഹനത്തിന്മേൽ വിരിച്ചിരിക്കുന്ന വിരിപ്പിൽ ഒന്ന് കൈ വെച്ച് നോക്കി. അപ്പോഴത് ചെമ്മരിയാടിന്റെ മിനുസമുള്ള തോലുകൊണ്ടുണ്ടാക്കിയതായിരുന്നു. മിനായിൽ വെച്ചുള്ള പ്രസംഗത്തിന്റെ സമയത്തായിരുന്നു ഈ സംഭവം എന്ന് ഈ സന്ദർഭത്തെ ഉദ്ധരിച്ചുകൊണ്ട് ഇബ്നു സഅദ്(റ), ബഗവി(റ) എന്നിവർ പറയുന്നുണ്ട്.
തിരുനബിﷺ വാഹനത്തിൽ ഒപ്പം ഇരുത്തിക്കൊണ്ടുപോകുന്ന രംഗങ്ങളെ കുറിച്ച് നിരവധി സ്വഹാബികൾക്ക് പറയാനുണ്ട്. മേൽപ്പറഞ്ഞ അധ്യായത്തിനു ശേഷമാണ് അങ്ങനെ ഒരു തലവാചകം സുബുലുൽ എഴുതിക്കാണുന്നത്. ചിലപ്പോൾ വാഹനത്തിന് മേൽ തിരുനബിﷺയുടെ മുന്നിലും ചിലപ്പോൾ പിന്നിലും ചിലപ്പോൾ രണ്ടുഭാഗത്തും ഒരുമിച്ചും മറ്റുള്ളവരെ കൂടെയിരുത്തി സഞ്ചരിക്കാറുണ്ട്.
അബ്ദുല്ലാഹിബ്നു ജഅ്ഫറി(റ)ൽ നിന്ന് ഇബ്നു അബീ ശൈബ(റ)യും ഇബ്നു മന്ദ(റ)യും ഉദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു. തിരുനബിﷺ യാത്ര കഴിഞ്ഞു മദീനയിലേക്ക് വന്നാൽ അവിടുത്തെ കുടുംബത്തിലെ ചെറിയ മക്കൾ നബിﷺയെ വരവേൽക്കും. ഒരിക്കൽ തിരുനബിﷺ വന്നപ്പോൾ ഞാനായിരുന്നു ആദ്യം നബിﷺയുടെ അടുക്കലേക്ക് ഓടിയെത്തിയത്. അപ്പോൾ എന്നെ ഉയർത്തി തിരുനബിﷺയുടെ മുന്നിൽ ഇരുത്തി. പിന്നീട് ഫാത്വിമ(റ)യുടെ രണ്ടു മക്കളിൽ ഒരാൾ വന്നു. ആ മകനെയും ഉയർത്തി വാഹനത്തിന്മേൽ നബിﷺയുടെ പിന്നിൽ ഇരുത്തി. ഞങ്ങൾ മൂന്നുപേരും കൂടിയായിരുന്നു മദീനയിലേക്ക് പ്രവേശിച്ചത്.
ഒന്നര സഹസ്രാബ്ദം മുമ്പ് മദീനയിലേക്ക് ഒട്ടകപ്പുറത്തോ കുതിരപ്പുറത്തോ മറ്റോ പ്രവേശിക്കുന്ന പ്രവാചകനെﷺയും മക്കൾ ഓടിയടുത്തപ്പോൾ അവരെ വാഹനപ്പുറത്ത് കയറ്റി സഞ്ചരിക്കുന്ന രംഗവും ഒന്നാലോചിച്ചു നോക്കിയാൽ ജീവനുള്ള ഒരു വായനയായി നമുക്ക് അനുഭവപ്പെടുന്നു.
