
ഇമാം ഹാക്കിം(റ) അബ്ദുല്ലാഹിബ്നു മസ്ഊദി(റ)ൽ നിന്ന് ഉദ്ധരിക്കുന്നു. മഹാനവർകൾ പറഞ്ഞു. ഞാൻ തിരുനബിﷺയുടെ അടുക്കലേക്ക് എത്തിയപ്പോൾ അവിടുന്ന് തോല് കൊണ്ടുള്ള ഒരു ടെന്റിലായിരുന്നു. നാൽപതോളം ആളുകൾ തിരുനബിﷺയോടൊപ്പമുണ്ടായിരുന്നു. അപ്പോൾ അവിടുന്ന് ഇങ്ങനെ പറഞ്ഞു. നിശ്ചയമായും വിജയം നിങ്ങൾക്ക് ആസന്നമായിരിക്കുന്നു. നിങ്ങൾ സഹായിക്കപ്പെടുകയും ജയം വരിക്കുകയും ചെയ്യും. അപ്രകാരം വിജയം നേടുമ്പോൾ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും നന്മ കൊണ്ട് കൽപ്പിക്കുകയും തിന്മയെ വിരോധിക്കുകയും ചെയ്യുക. കുടുംബ ബന്ധം ചേർക്കുക. അധർമത്തിൽ തന്റെ ജനതയെ സഹായിക്കുന്ന ഒരാൾ മുകളിൽ നിന്ന് വീണ ഒരു ഒട്ടകത്തെ പോലെയാണ്. അതിന്റെ വാല് പിടിച്ച് രക്ഷപ്പെടുത്താമെന്ന് ആളുകൾ വിചാരിക്കുന്നു.
രക്ഷിക്കാനാവാത്ത പരാജയത്തിലേക്ക് എത്തിച്ചേരും എന്നാണ് ഈ ഉദാഹരണത്തിന്റെ ആശയം. ഈ ഹദീസിന്റെ തന്നെ മറ്റൊരു നിവേദനത്തിൽ കിണറ്റിൽ വീണുപോയ ഒട്ടകത്തെ വാലിൽ പിടിച്ചു രക്ഷിക്കാൻ ശ്രമിക്കുന്നതുപോലെ എന്ന് വ്യക്തമായി തന്നെ പരാമർശിക്കുന്നുണ്ട്. അപ്രകാരം വീണുപോയ ഒട്ടകത്തെ വാലിൽ പിടിച്ച് രക്ഷിക്കാനാവില്ലല്ലോ?
വിജയത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുമ്പോഴെല്ലാം, വിജയം ലഭിക്കുന്നവർ അല്ലാഹുവിനെ മറന്ന് അഭിരമിക്കരുത് എന്നുണർത്താൻ തിരുനബിﷺ വിട്ടു പോകാറില്ല. എല്ലാ അനുഗ്രഹങ്ങളും വിജയങ്ങളും അല്ലാഹുവിൽ നിന്നാണെന്നും അതിനെക്കുറിച്ചുള്ള കൃത്യമായ അവബോധം ഓരോരുത്തരിലും എപ്പോഴും ഉണ്ടാകണമെന്നും നിരന്തരമായി അവിടുന്ന് ഉൽബോധിപ്പിച്ചു കൊണ്ടിരുന്നു. അതിന്റെ ഭാഗമായാണ് ഇവിടെയും അത്തരമൊരു ഉപദേശം കടന്നുവരുന്നത്. പ്രതിരോധത്തിന് വേണ്ടി പടനിരത്തുമ്പോഴും യുദ്ധക്കളത്തിന്റെ ചാരത്ത് നിൽക്കുമ്പോഴും ആത്മീയമായ ഉപദേശങ്ങൾ നൽകിക്കൊണ്ടിരിക്കുന്നതിൽ തിരുനബിﷺ അല്പം പോലും അമാന്തിച്ചിരുന്നില്ല. തോലുകൊണ്ടുണ്ടാക്കിയ ഒരു ടെന്റിൽ തിരുനബിﷺ ഇരുന്നു എന്നതാണ് ഈ അധ്യായവും നമ്മുടെ വായനയും തമ്മിലുള്ള ബന്ധം.
തിരുനബിﷺ ടെന്റിൽ കഴിഞ്ഞതുമായി ബന്ധപ്പെട്ട ഒരു നിവേദനം കൂടി നമുക്ക് വായിച്ചു പോകാം. ഇമാം മുസദ്ദദും(റ) ഇബ്നു അബീ ശൈബ(റ)യും ഉദ്ധരിക്കുന്നു. ഞാനും ബനൂ ആമിർ ഗോത്രത്തിൽപ്പെട്ട രണ്ടുപേരും തിരുനബിﷺയുടെ അടുത്തേക്ക് ചെന്നു. അവിടുന്ന് മിനയുടെയും മക്കയുടെയും ഇടയിലുള്ള അബ്തഹിൽ ഒരു ചുവന്ന ഹൈമയിൽ കഴിയുകയായിരുന്നു. ഞങ്ങൾ അടുത്തേക്കിരുന്നപ്പോൾ അവിടുന്ന് ചോദിച്ചു. നിങ്ങൾ ആരാണ്? ഞങ്ങൾ പറഞ്ഞു. ഞങ്ങൾ ബനൂ ആമിർ ഗോത്രത്തിൽ നിന്നാണ്. അപ്പോൾ അവിടുന്ന് ഇങ്ങനെ പ്രതികരിച്ചു. നിങ്ങൾക്ക് ഞാൻ സവിശേഷമായ മംഗളങ്ങൾ നേരുന്നു.
ജീവിതത്തിന്റെ എല്ലാ തലങ്ങളെയും പഠിക്കുകയും പരാമർശിക്കുകയും ചെയ്യുമ്പോൾ, അവിടുത്തെ സഞ്ചാര പദങ്ങളിൽ തെളിഞ്ഞു കാണുന്ന ഓരോ അധ്യായങ്ങളും അന്വേഷകനും പഠിതാവിനും പ്രാധാന്യമുള്ളതാണ്. നയതന്ത്ര നീക്കങ്ങളും സൈനിക സഞ്ചാരങ്ങളും വ്യാപാര യാത്രകളുമൊക്കെ നടത്തിയ തിരുനബിﷺ ഇത്തരം സന്ദർഭങ്ങളിൽ ഇരിക്കുകയും വിശ്രമിക്കുകയും ചെയ്ത കുടിലുകളിലൂടെയും താൽക്കാലിക ടെന്റുകളിലൂടെയും ഒരു അന്വേഷകന് സഞ്ചരിച്ചേ മതിയാകൂ. തിരുനബിﷺ താമസിച്ച ഓരോ ഖൈമകളും മനുഷ്യകത്തിനും ലോകത്തിനും ഒരുപാട് സന്ദേശങ്ങൾ കൈമാറിയിട്ടുണ്ട്. അവിടുത്തെ ജീവിതത്തിന്റെ ലാളിത്യത്തിനപ്പുറം ആ ടെന്റുകളിൽ നിറഞ്ഞുനിന്ന ചർച്ചകളുടെയും ആത്മീയ അനുഷ്ഠാനങ്ങളുടെയും നീക്കങ്ങളുടെയും വെളിച്ചവും അനുരണനങ്ങളും ഇന്നും അവസാനിച്ചിട്ടില്ല. എന്നും അത് തുടർന്നു കൊണ്ടേയിരിക്കും.
