Tweet 880

    Tweet 880
    November 10, 2024 • Sunday
    Post Header

    തിരുനബിﷺയുടെ പാദരക്ഷകളിൽ നിന്ന് പാദം മുഴുവനും കവചം ചെയ്യുന്ന രീതിയിലുള്ള ഖുഫ്ഫയെ കുറിച്ചാണ് നാം ഇതുവരെ വായിച്ചത്. സാധാരണയിൽ ധരിക്കുന്ന ചെരിപ്പിനെ കുറിച്ചുള്ള നിവേദനങ്ങളാണ് ഇനി നാം വായിക്കുന്നത്. അനസ്(റ) പറയുന്നതായി ഇബ്നു അസാകിറും(റ) മറ്റും ഉദ്ധരിക്കുന്നു. പ്രവാചകരുﷺടെ ചെരിപ്പിന് രണ്ടു വള്ളികൾ അഥവാ വാറുകൾ ഉണ്ടായിരുന്നു.
    ഒരിക്കൽ നള്ർ ബിൻ ഹിശാം(റ) താബിഇയ്യായ അഥവാ പ്രവാചക ശിഷ്യന്മാരുടെ ശിഷ്യനായ സൽത് ബിൻ ദീനാറി(റ)നെ ശ്രദ്ധിച്ചു. ധരിച്ചിരുന്ന ചെരുപ്പുകൾക്ക് രണ്ട് വാറുകൾ വീതമുണ്ടായിരുന്നു. എന്നിട്ട് ഹിശാം പറഞ്ഞു. ഞങ്ങളുടെ പക്കൽ തിരുനബിﷺയുടെ ഒരു ചെരുപ്പുണ്ട്. നാവിന്റെ രൂപത്തിലുള്ളതും മടമ്പുകൾക്ക് അല്പം ഉയരമുള്ളതും മധ്യഭാഗത്ത് അല്പം കട്ടിങ്ങോടുകൂടിയ നേർമയുള്ളതുമാണ്.
    തിരുനബിﷺയുടെ ചെരുപ്പുകൾക്ക് രണ്ട് വാറുകളുണ്ടായിരുന്നു എന്ന് അബൂഹുറൈറ(റ)യും പറയുന്ന ഹദീസുകൾ നിവേദനം ചെയ്തിട്ടുണ്ട്. ഒരു ചെരുപ്പിന്റെ വാറു പൊട്ടിയാൽ അത് കയ്യിലെടുത്ത് അടുത്ത വാർ കിട്ടുന്നതുവരെ കാത്തുനിൽക്കുകയും അതുവരെ ഹ്രസ്വമായ ദൂരം ഒറ്റ ചെരുപ്പിൽ നടക്കുകയും ചെയ്തിരുന്നു എന്ന് മഹാനായ അലി(റ) റിപ്പോർട്ട് ചെയ്യുന്നുണ്ട്.
    നിർബന്ധിത ഘട്ടത്തിൽ ഹ്രസ്വമായ ദൂരം ഒറ്റ ചെരുപ്പിൽ നടന്നു എന്ന് മാത്രമേ ഈ പരാമർശത്തിന്റെ ഉള്ളടക്കമായി മനസ്സിലാക്കേണ്ടതുള്ളൂ. ഒറ്റ ചെരുപ്പിൽ നടക്കുന്നത് പ്രോത്സാഹനാർഹമായ ഒരു കാര്യമായിട്ടല്ല അലിയ്യ് (റ) ഉദ്ധരിക്കുന്നത്.
    തിരുനബിﷺ എവിടെയെങ്കിലും ഇരുന്നാൽ അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) പ്രവാചകരുടെ പാദരക്ഷകൾ അഴിച്ച് കൈവശം സൂക്ഷിക്കും. തിരുനബിﷺ എഴുന്നേറ്റാൽ അവ ധരിപ്പിച്ചു കൊടുക്കും. ഒരു വടിയും പിടിച്ച് മഹാനവർകൾ വഴികാട്ടിയായി മുന്നിൽ സഞ്ചരിക്കും. നബിﷺയുടെ പവിത്ര ഭവനത്തിലേക്ക് എത്തുന്നത് വരെ ഇങ്ങനെ തന്നെ സഞ്ചാരം തുടരും.
    അബ്ദുല്ലാഹിബ്നു മസ്ഊദി(റ)ന് ഏറ്റവും ഹൃദ്യമായ നടപടിയായിരുന്നു തിരുനബിﷺക്ക് സേവനം ചെയ്യുന്നത്. നബിﷺയുടെ ചെരുപ്പെടുത്തുവെക്കുന്നയാൾ എന്ന വിലാസമായിരുന്നു അഭിമാനപൂർവ്വം അറിയപ്പെടാൻ അദ്ദേഹം ആഗ്രഹിച്ചത്. അവിടുത്തോടൊപ്പം നിരന്തരം സഞ്ചരിക്കുകയും തിരുനബിﷺയുടെ ഉപകരണങ്ങൾ പരിരക്ഷിച്ചു ഒപ്പം സേവനം ചെയ്തു നടക്കുകയും അവിടുത്തെ ആവശ്യങ്ങൾ അറിഞ്ഞ് പരിചരണം നിർവഹിച്ചു കൊടുക്കുകയും ജീവിത വ്രതമായി സ്വീകരിച്ച ആളായിരുന്നു ഇബ്നു മസ്‌ഊദ്(റ).
    പ്രവാചക പ്രകീർത്തനങ്ങൾ എഴുതിയ പലരും ഇബ്നു മസ്ഊദി(റ)ന്റെ സേവനത്തെ ഏറെ പുകഴ്ത്തുകയും അദ്ദേഹത്തിന്റെ ഭാഗ്യത്തെ പ്രശംസിക്കുകയും ചെയ്തു. പ്രവാചക സ്നേഹത്തിന്റെ ഉന്നതിയിൽ നിന്ന് നബി കീർത്തനങ്ങൾ നിർവഹിച്ചവർ ഇത്രയുംവരെ പറഞ്ഞുവെച്ചു. തിരുനബിﷺയുടെ പാദുകങ്ങൾ വഹിച്ചു ഇബ്നു മസ്‌ഊദ്(റ) വിജയം വരിച്ചു. ആ പാദുകത്തിന്റെ രൂപമെങ്കിലും ഞങ്ങൾക്ക് വിജയത്തിലേക്ക് ഒരു വഴിയായി സ്വീകരിക്കാമല്ലോ!
    അബൂ ഉമർ ഹാരിസ് ബിൻ സിയാദി(റ)ൽ നിന്ന് ഹാരിസ് ബിൻ ഉസാമ(റ) നിവേദനം ചെയ്യുന്നു. ഞങ്ങൾ മുഹാജിർ എന്നു പേരുള്ള ഒരു വയോധികന്റെ അടുക്കലേക്ക് ചെന്നു. അപ്പോൾ ഞാൻ രണ്ടു വാറുകളുള്ള ഒരു ചെരുപ്പായിരുന്നു ധരിച്ചിരുന്നത്. ഞാനാ ചെരുപ്പുകൾ ഭാരം കാരണം ഉപേക്ഷിക്കാം എന്ന് വിചാരിച്ചു. അപ്പോൾ എന്നോടാ വയോധികൻ ചോദിച്ചു. നിങ്ങൾ എന്തോ ഒന്ന് ഉദ്ദേശിക്കുന്നുണ്ടല്ലോ? ഞാൻ പറഞ്ഞു. ഈ ചെരുപ്പ് ഉപേക്ഷിച്ചാലോ എന്ന് ആലോചിക്കുകയാണ്. അരുത് നിങ്ങൾ അങ്ങനെ ഉപേക്ഷിക്കരുത്. തിരുനബിﷺ ധരിച്ചിരുന്ന ചെരുപ്പ് ഇപ്രകാരമായിരുന്നു.
    നേരിയ കാര്യങ്ങളിലും ചിലപ്പോൾ നമുക്ക് നിസ്സാരമെന്ന് തോന്നുന്ന പ്രമേയങ്ങളിൽ പോലും തിരുനബിﷺയെ ഓർക്കുകയും അനുകരിക്കുകയും ചെയ്യുന്ന അതിമനോഹരമായ ചിത്രമാണ് ഇസ്ലാമിക ചരിത്രം നമുക്ക് പകർന്നു തരുന്നത്. തിരുനബിﷺയെ ഓർക്കുന്നതോ പ്രകീർത്തിക്കുന്നതോ കേവല നിയമങ്ങളുടെ വേലി കൊണ്ടോ വെയില് കൊണ്ടോ അളന്നു വെക്കാൻ പറ്റുന്നതല്ല. ഹൃദയങ്ങളിലേക്ക് തുറന്നുവച്ചിരിക്കുന്ന അത്ഭുതകരമായ വികാരങ്ങളുടെ തുല്യതയില്ലാത്ത ഒരു ലോകമാണ് നബി സ്നേഹത്തിന്റെ പ്രപഞ്ചം. അതിനോട് തുലനം ചെയ്ത് ചർച്ച ചെയ്യാൻ പോലുമുള്ള പ്രമേയങ്ങൾ വേറെയില്ല തന്നെ.

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...