
ഇമാം തുർമുദി(റ)യും മുസ്ലിമും(റ) ഉദ്ധരിക്കുന്നു. മഹതി ആഇശ(റ) പറഞ്ഞു. ഒരു പ്രഭാതത്തിൽ നബിﷺ പുറപ്പെട്ടപ്പോൾ അവിടുന്ന് ഒരു കറുത്ത രോമവസ്ത്രമായിരുന്നു ധരിച്ചിരുന്നത്.
മക്കാവിജയ ദിവസം തിരുനബിﷺ കറുത്ത തലപ്പാവ് ആയിരുന്നു ധരിച്ചിരുന്നത് എന്ന് അനസുബ്നു മാലിക്(റ) പറഞ്ഞ കാര്യം മഹാനായ സ്വഹാബി ജാബിറി(റ)ൽ നിന്ന് ഇമാം മുസ്ലിമും(റ) പ്രമുഖരായ നാല് ഹദീസ് പണ്ഡിതന്മാരും ഉദ്ധരിച്ചിട്ടുണ്ട്. അംറ് ബിൻ ഹുറൈസി(റ)ന്റെ പിതാവ് പറയുന്നു. ഒരിക്കൽ തിരുനബിﷺ ഖുത്വുബ നിർവഹിക്കുമ്പോൾ കറുത്ത തലപ്പാവായിരുന്നു അണിഞ്ഞിരുന്നത്. തിരുനബിﷺയുടെ തലപ്പാവ് കറുത്തതായിരുന്നു എന്ന ഒരു പ്രയോഗം തന്നെ ഹസനി(റ)ൽ നിന്ന് അബൂ ശൈബ(റ) ഉദ്ധരിക്കുന്നുണ്ട്. തിരുനബിﷺയുടെ പതാകയുടെ പേര് ഉഖാബ് എന്നായിരുന്നു എന്നും അവിടുത്തെ തലപ്പാവ് കറുത്തതായിരുന്നു എന്നും ഹസനി(റ)ൽ നിന്നുതന്നെ ഇബ്നു സഅദും(റ) നിവേദനം ചെയ്യുന്നു. പെരുന്നാൾ ദിവസം ധരിക്കാൻ വേണ്ടി കറുത്ത തലപ്പാവ് പ്രത്യേകം ഉപയോഗിച്ചിരുന്നു എന്നും അതിന്റെ വാല് പിറകിലേക്ക് ഇറക്കിയിട്ടിരുന്നു എന്നും ജാബിറി(റ)ൽ നിന്ന് ഇബ്നു അദിയ്യ്(റ) റിപ്പോർട്ട് ചെയ്യുന്നു.
അബ്ദുല്ലാഹിബ്നു സൈദ് അൽ മാസിനി(റ) എന്നവരിൽ നിന്ന് നിവേദനം ചെയ്യുന്നു. ഒരിക്കൽ തിരുനബിﷺ മഴ തേടിയുള്ള നിസ്കാരത്തിന് നേതൃത്വം നൽകി. അപ്പോൾ അണിഞ്ഞത് കറുത്ത ഹമീസ അഥവാ നൂല് കൊണ്ട് തന്നെ വരകളും മറ്റുമുള്ള കറുത്ത വസ്ത്രമായിരുന്നു. പ്രസ്തുത മേൽവസ്ത്രത്തിന്റെ താഴ്ഭാഗം മേലേക്കും മേൽഭാഗം താഴേക്കും വലതുഭാഗം ഇടത്തോട്ടും ഇടതുഭാഗം വലത്തോട്ടും മറിക്കാൻ തിരുനബിﷺ ഉദ്ദേശിച്ചു.
മുഹമ്മദ് ബിൻ ഹിലാൽ(റ) പറയുന്നതായി ഇബ്നു സഅദ്(റ) ഉദ്ധരിക്കുന്നു. ഭരണാധികാരിയായ ഹിശാമിന്റെ ശരീരത്ത് ഒരു ഹിബറ വസ്ത്രം ഞാൻ കണ്ടു. അതിന് രണ്ട് അഗ്രങ്ങളുണ്ടായിരുന്നു. അബൂ ജുഹൈഫ(റ) പറയുന്നു. ഞാൻ നബിﷺയുടെ അടുത്തെത്തിയപ്പോൾ അവിടുന്ന് ഒരു ചുവന്ന ടെന്റിലായിരുന്നു. ഇപ്പോൾ അവിടുത്തെ തണ്ടം കാലിന്റെ തിളക്കത്തിലേക്ക് നോക്കുന്നതുപോലെ.
കുങ്കുമം നിറം മുക്കിയ രണ്ടു വസ്ത്രങ്ങൾ അഥവാ മേൽ മുണ്ടും തലപ്പാവും തിരുനബിﷺ അണിഞ്ഞിരുന്നത് ഞാൻ കണ്ടു എന്ന് അബ്ദുല്ലാഹിബിന് ജഅ്ഫർ(റ) പറയുന്നുണ്ട്. തിരുനബിﷺയുടെ തലപ്പാവും മേൽ മുണ്ടും ഖമീസും ചിലപ്പോഴൊക്കെ കുങ്കുമം കൊണ്ടോ വർസ് കൊണ്ടോ നിറം മുക്കാറുണ്ടായിരുന്നു എന്ന് ഉമ്മുസലമ(റ) റിപ്പോർട്ട് ചെയ്യുന്നു. സമാന ആശയമുള്ള റിപ്പോർട്ട് അബ്ദുല്ലാഹിബ്നു മാലിക്കി(റ)ന്റെ നിവേദനത്തിലും കാണാം. നിറം മുക്കുന്നതിനു വേണ്ടി വസ്ത്രം ഭാര്യമാർക്ക് കൊടുത്തുവിടുമായിരുന്നു എന്ന് നിവേദനങ്ങൾ പറയുന്നു.
തിരുനബിﷺയുടെ ജീവിതത്തിലെ നിവേദനങ്ങൾ ഇങ്ങനെയൊക്കെ വായിക്കുമ്പോഴും, നബി ജീവിതത്തിലെ കൽപ്പനകളും പ്രസ്താവനകളും എല്ലാം സമാഹരിച്ച് ഗവേഷണപരമായി സമീപിച്ചവർ പുരുഷന്മാർ കുങ്കുമം ഉപയോഗിക്കുന്നതിനെ കുറിച്ച് ചില തീർപ്പുകൾ പറഞ്ഞിട്ടുണ്ട്. അതിന് അവർ ആധാരമാക്കിയത് അനസുബ്നു മാലികി(റ)ൽ നിന്ന് ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) നിവേദനം ചെയ്ത ഹദീസാണ്. അതിലെ ആശയം ഇങ്ങനെയാണ്. പുരുഷന്മാർ കുങ്കുമം ഉപയോഗിക്കുന്നതിനു പ്രവാചകൻﷺ വിലക്കിയിരിക്കുന്നു.
കുങ്കുമത്തിന്റെ എപ്രകാരമുള്ള ഉപയോഗം ആണിത് എന്നതിൽ വിശദമായ ഒരു ചർച്ച ഇബിനു ഹജർ(റ) ഫത്ഹുൽബാരിയിൽ നിർവഹിക്കുന്നുണ്ട്. കുങ്കുമം സ്ത്രീകൾ സുഗന്ധമായി ഉപയോഗിക്കുന്നത് കാരണം പുരുഷന്മാർ സുഗന്ധമായി ഉപയോഗിക്കരുത് എന്നാണോ അതല്ല നിറമായി ഉപയോഗിക്കരുതെന്നാണോ എന്നാണ് ചർച്ചയുടെ മർമ്മം. ഇമാം ശാഫിഈ(റ)യുടെ അഭിപ്രായമായി ഇമാം ബൈഹഖി(റ) വിശദീകരിച്ചത്. പുരുഷന്മാർ കുങ്കുമം ഉപയോഗിക്കുന്നത് ഉചിതമല്ല എന്ന ഭാഷയിലാണ്. ഒരുപക്ഷേ നിറമായോ മറ്റോ ഉപയോഗിച്ചാൽ കഴുകിക്കളയണം എന്നുമുണ്ട്.
പ്രായോഗിക ജീവിതത്തിൽ നമുക്ക് അനുകരിക്കാനുള്ള മാർഗം ഇതാണ്. പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമുള്ള വിഷയമാണെങ്കിലും, പുരുഷന്മാർ കുങ്കുമം നിറമായോ സുഗന്ധമായോ ഉപയോഗിക്കാതിരിക്കുക എന്നതാണ് സൂക്ഷ്മതയുടെ പക്ഷം.
