
തിരുനബിﷺ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും അതിന്റെ നിറങ്ങളും ഭാവങ്ങളും പരാമർശിച്ചുകൊണ്ടുള്ള നിവേദനങ്ങളും ഹദീസുകളുമാണ് നാം വായിച്ചുവന്നത്. ഇത്തരം ചർച്ചകളുടെ അധ്യായത്തിൽ തിരുനബിﷺക്ക് അത്ര താല്പര്യം ഇല്ലാതിരുന്ന നിറങ്ങളും കൂടി വിശദീകരിച്ചിട്ടുണ്ട്. അത്തരം ചില വിശദീകരണങ്ങളാണ് നാം ഇവിടെ വായിക്കുന്നത്.
ഇമാം അഹ്മദും(റ) മറ്റും നിവേദനം ചെയ്യുന്നു. റാഫി ബിൻ ഖുദൈജ്(റ) പറഞ്ഞു. പ്രകടമായ ചുവപ്പുനിറം തിരുനബിﷺക്ക് അത്ര താൽപര്യമുണ്ടായിരുന്നില്ല. ഈ ആശയത്തെ ശക്തിപ്പെടുത്തുന്ന മറ്റൊരു നിവേദനം ഇമാം അബൂദാവൂദ്(റ) ഉദ്ധരിക്കുന്നു. ഞങ്ങൾ തിരുനബിﷺക്കൊപ്പം യാത്രതിരിച്ചു. ഞങ്ങളുടെ വാഹനത്തിൽ ചുവന്ന നിറമുള്ള പട്ടുനൂലുകൾ ചേർത്ത് വരകളുള്ള കീസുകൾ ഉണ്ടായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടപ്പോൾ തിരുനബിﷺ പറഞ്ഞു. വല്ലാത്ത കടുത്ത ചുവപ്പാണല്ലോ കാണുന്നത്. ഞങ്ങൾ പെട്ടെന്ന് തന്നെ ഒട്ടകത്തിന്റെ മുകളിൽ തന്നെ എഴുന്നേറ്റു. അതുകാരണം ഒട്ടകങ്ങൾ ചെറുതായി ഒന്ന് ഇടയുകയും ചെയ്തു. തിരുനബിﷺയുടെ സന്ദേശം കേട്ട ഉടനെ ഞങ്ങൾ ആ കീസുകൾ മാറ്റിവെക്കുകയും ചെയ്തു.
തിരുനബിﷺ അണിഞ്ഞ വസ്ത്രങ്ങളുടെ കൂട്ടത്തിൽ ചുവപ്പ് നാം വായിച്ചു പോയിട്ടുണ്ട്. അത് അനിവാര്യമായ സാഹചര്യങ്ങളിൽ മാത്രമാണെന്നും അനുകരിക്കപ്പെടേണ്ടതല്ലെന്നും നമുക്ക് ഇപ്പോൾ മനസ്സിലായി. നബി ജീവിതത്തിന്റെ ഓരോ അധ്യായത്തിലും എല്ലാ വശങ്ങളും തലങ്ങളും നോക്കിയേ നിയമമേത് അനുകരിക്കേണ്ടത് ഏത് എന്ന് മനസ്സിലാവുകയുള്ളൂ. അത് ഏത് സാധാരണക്കാർക്കും ബോധ്യമാകുന്ന വിധം ക്രമപ്പെടുത്തുകയും എല്ലാവർക്കും പഠിച്ചറിയാൻ വേണ്ടിയുള്ള നിയമക്രമങ്ങൾ ഉണ്ടാക്കുകയുമാണ് കർമശാസ്ത്ര വിശാരദന്മാർ ചെയ്തിട്ടുള്ളത്.
ചുവന്ന നിറത്തെ നിങ്ങൾ സൂക്ഷിക്കുക. പിശാചിന് ഏറ്റവും ഇഷ്ടപ്പെട്ട അലങ്കാരം ചുവന്ന നിറം കൊണ്ടുള്ളതാണ് എന്ന് തിരുനബിﷺ പറഞ്ഞ കാര്യം പരിചാരകനായ അനസ്(റ) ഉദ്ധരിക്കുന്നുണ്ട്. തിരുനബിﷺക്ക് പച്ചനിറം ഇഷ്ടമായിരുന്നു എന്നും ചുവപ്പുനിറത്തോട് അത്രമേൽ ഇഷ്ടമുണ്ടായിരുന്നില്ലെന്നും വ്യക്തമായി തന്നെ പറയുന്ന ഹദീസ് സഈദ് ബിന് അബീ ഹിന്ദ്(റ) ഉദ്ധരിക്കുന്നത് കാണാം.
ശക്തമായ നിവേദന പരമ്പരകളിലൂടെ ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്നു. ഇബ്നു ഉമർ(റ) പറഞ്ഞു. ഞങ്ങൾ തിരുനബിﷺയുടെ സദസ്സിൽ ഇരിക്കുമ്പോൾ ഗ്രാമീണനായ ഒരാൾ അവിടെ കടന്നുവന്നു. പട്ടുചേർത്ത് നല്ല നിറമുള്ള ഒരു വസ്ത്രമായിരുന്നു അദ്ദേഹം അണിഞ്ഞിരുന്നത്. അയാൾ തിരുനബിﷺയുടെ ശിരസ്സിന്റെ അടുക്കൽ വന്നു പറഞ്ഞു. ഇതാ തങ്ങളുടെ അനുയായികളിൽ പെട്ടയാൾ ഇടയന്മാരെ പുകഴ്ത്തി പറയുകയും അശ്വഭടന്മാരെ അത്രമേൽ പരിഗണിക്കാതെ സംസാരിക്കുകയും ചെയ്യുന്നു. തിരുനബിﷺ ആഗതന്റെ വസ്ത്രത്തിൽ ആകെയും ഒന്ന് കൂട്ടി പിടിച്ചു. എന്നിട്ട് ഇങ്ങനെ പറഞ്ഞു. അത്ര ആലോചനയില്ലാത്ത ആളുകളുടെ വസ്ത്രമാണല്ലോ നിങ്ങൾ ധരിച്ചിരിക്കുന്നത്. അല്ലാഹു എല്ലാ പ്രവാചകന്മാരെയും ഇടയന്മാരായിട്ടാണ് നിയോഗിച്ചിട്ടുള്ളത്. അപ്പോൾ ആരോ ഒരാൾ ചോദിച്ചു. തങ്ങളും അപ്രകാരം തന്നെയാണോ? അതെ ഞാനും നാണയത്തുട്ടുകൾക്ക് വേണ്ടി ആടിനെ മേയ്ക്കുകയും ഇടയവൃത്തി ചെയ്യുകയും ചെയ്തിട്ടുണ്ട്.
പുരുഷന്മാർ പട്ടുവസ്ത്രം ധരിക്കുന്നത് അത്രമേൽ വിവേകമുള്ള നടപടി അല്ല എന്ന് പറയുകയായിരുന്നു ഇവിടെ. പുരുഷന്മാരുടെ ശരീരത്ത് പട്ടുവസ്ത്രം കണ്ടാൽ അവരെ പിന്തുടർന്ന് അത് മാറ്റി അവിടുത്തെ നടപടിയായിരുന്നു.
ഒരിക്കൽ ഒരു സ്വഹാബിയുടെ വസ്ത്രത്തിൽ മഞ്ഞനിറം കണ്ടപ്പോൾ തിരുനബിﷺ അനിഷ്ടത്തോടുകൂടിയാണ് അത് നിരീക്ഷിച്ചത്.
തിരുനബിﷺ നിറങ്ങളോടു പുലർത്തിയ ചില സമീപനങ്ങളാണല്ലോ നാം വായിച്ചത്. അതിന് ശരിയായ കാരണങ്ങളും വിശദീകരണങ്ങളും കൂടി പലപ്പോഴും നിവേദനങ്ങൾക്കിടയിൽ തന്നെ നാം പരാമർശിച്ചുപോയി.
ഇത്രമേൽ സൂക്ഷ്മമായ വിഷയങ്ങൾ കൂടി നബി ജീവിതത്തിന്റെ പരാമർശങ്ങളിൽ വരുന്നു എന്നത് കൗതുകകരമായ ഒരു വായനയാണ്. സുഗന്ധങ്ങളിൽ നിന്ന് നിറം തെളിഞ്ഞതും മണം കുറഞ്ഞതുമാണ് സ്ത്രീകൾ തെരഞ്ഞെടുക്കേണ്ടത്. കൂടുതൽ അകലങ്ങളിലേക്ക് സുഗന്ധം എത്തുന്നതും നിറം കുറഞ്ഞതുമാണ് പുരുഷന്മാർ തെരഞ്ഞെടുക്കേണ്ടത്. ഇത്തരം സമീപനങ്ങൾ നാം നേരത്തെ വായിച്ചു പോയിട്ടുണ്ട്.
