Tweet 876

    Tweet 876
    November 6, 2024 • Wednesday
    Post Header

    അബൂ രിംസാ(റ) എന്നവരിൽ നിന്ന് ഇമാം ഇബ്നു അബീ ശൈബ(റ) നിവേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു. ഞാൻ ഹജ്ജ് നിർവഹിച്ച ശേഷം മദീനയിലേക്ക് വന്നു. ദുൽ മജാസ് മാർക്കറ്റിൽ വച്ച് ഞാൻ നബിﷺയെ കണ്ടുമുട്ടി. അവിടുന്ന് രണ്ട് ചുവന്ന വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നത്. ഇതേ മാർക്കറ്റിൽ വച്ചുതന്നെ ചുവന്ന ജുബ്ബയണിഞ്ഞ നബിﷺയെ കണ്ടു എന്ന് ത്വാരിഖ് ബിൻ അബ്ദുല്ലാഹ് അൽ മുഹാരിബി(റ) പറയുന്നതായി വഖീഅ് ബിൻ അൽ ജർറാഹും(റ) റിപ്പോർട്ട് ചെയ്യുന്നുണ്ട്.
    കിനാനാ ഗോത്രത്തിലെ ഒരു വയോധികനിൽ നിന്ന് ഇമാം ഇബ്നു സഅദ് (റ) നിവേദനം ചെയ്യുന്ന ഒരു ഹദീസിൽ അദ്ദേഹവും ചുവന്ന വസ്ത്രം അണിഞ്ഞ തിരുനബിﷺയെ കണ്ടു എന്ന് പറയുന്നുണ്ട്.
    ത്വാരിഖ് ബിൻ അബ്ദുല്ലാഹ് അൽ മുഹാരിബി(റ) പറയുന്നതായി ഇമാം ഹാകിം(റ), ഇബ്നു ഹിബ്ബാൻ(റ), അബൂ യഅ്ല (റ), ഇബ്നു അബീ ശൈബ(റ) തുടങ്ങിയവർ നിവേദനം ചെയ്യുന്നത് ഇങ്ങനെയാണ്. ഞങ്ങൾ റബ്ദയിൽ നിന്നുള്ള യാത്ര സംഘത്തിൽ മദീനയിൽ ഇറങ്ങി. ഞങ്ങളോടൊപ്പം ഞങ്ങളുടെ സ്ത്രീകൾ സഞ്ചരിക്കുന്ന വാഹനവുമുണ്ടായിരുന്നു. ഞങ്ങൾ മദീനയിൽ ഒരിടത്ത് ഇരിക്കെ പ്രവാചകൻﷺ ഞങ്ങളുടെ അടുക്കലേക്ക് വന്നു. രണ്ടു വെള്ള വസ്ത്രങ്ങളായിരുന്നു അവിടുന്ന് ധരിച്ചിരുന്നത്.
    അനസ് ബിൻ മാലിക്(റ) പറയുന്നു. പ്രവാചകൻﷺ പറഞ്ഞു. നിങ്ങൾ വെള്ളവസ്ത്രം സ്വീകരിച്ചോളൂ. ജീവിച്ചിരിക്കുന്നവരെ അണിയിക്കുകയും, മരണപ്പെട്ടവരെ അതിൽ പൊതിയുകയും ചെയ്യുക.
    വ്യത്യസ്ത നിറങ്ങളും ഭാവങ്ങളുമുള്ള വസ്ത്രങ്ങൾ ധരിച്ചതിനെക്കുറിച്ച് നമ്മൾ വായിച്ചു പോയെങ്കിലും നിങ്ങൾ ധരിപ്പിച്ചു കൊള്ളൂ എന്ന കൽപ്പന സ്വഭാവം വെള്ള വസ്ത്രത്തെ കുറിച്ച് മാത്രമാണ് നാമിപ്പോൾ വായിച്ചത്. പ്രവാചകരുﷺടെ സവിശേഷമായ പ്രേരണ വെള്ള വസ്ത്രത്തെക്കുറിച്ചുണ്ട് എന്നാണല്ലോ ഇതിലെ പ്രത്യക്ഷ വാചകങ്ങൾ തന്നെ നമ്മെ പഠിപ്പിക്കുന്നത്. ജീവിച്ചിരിക്കുന്നവർക്കും മരണപ്പെട്ടുപോയവർക്കും അണിയിച്ചു കൊള്ളൂ എന്ന് പറയുമ്പോൾ മികച്ച പ്രാധാന്യത്തോട് കൂടിയാണ് വെള്ള വസ്ത്രത്തെ തിരുനബിﷺ പരിഗണിക്കുന്നത്.
    മറ്റു പലതരത്തിലുള്ള വസ്ത്രങ്ങൾ തിരുനബിﷺ അണിഞ്ഞിട്ടുണ്ടെങ്കിലും അവകൾ അനുവദനീയമാണെന്ന് പഠിപ്പിക്കാനോ അപ്പോൾ അതേ ലഭ്യമായിരുന്നുള്ളൂ എന്ന സാഹചര്യം കൊണ്ടോ ഒക്കെ ആയിരിക്കാം.
    പ്രവാചക വചനങ്ങളെയും ജീവിതത്തെയും ഒക്കെ വായിക്കുമ്പോൾ അതിലെ ഈണവും താളവും പ്രവാചകൻﷺ പ്രാധാന്യത്തോടെ കാണിച്ചതും അനുകരിക്കപ്പെടാൻ ആഗ്രഹിച്ചുകൊണ്ട് നിർവഹിച്ചതും വേർതിരിച്ചു മനസ്സിലാക്കണം. അപ്പോൾ മാത്രമേ സമൂഹം പാലിക്കേണ്ട ചര്യകൾ ഏതാണെന്ന് കൃത്യമായി നിർണയിക്കാനാവുകയുള്ളൂ.
    വസ്ത്രത്തിന്റെ ശൈലിയിലും നിറത്തിലും മറ്റും എന്തിരിക്കുന്നു എന്ന് ചോദിക്കുന്നവർക്ക് പ്രവാചക ജീവിതത്തിന്റെ ഇത്തരം അധ്യായങ്ങൾ കൂടി എന്തിനാണ് സ്വഹാബികൾ ശ്രമകരമായി പഠിച്ചു പകർത്തിയത് എന്നൊരു മറുചോദ്യം നിലനിൽക്കുന്നുണ്ട്. വിശ്വാസികൾക്ക് അനുകരിക്കാനും പുണ്യം പ്രതീക്ഷിച്ച മാർഗം സ്വീകരിക്കാനും പ്രവാചക ജീവിതം അല്ലാതെ മറ്റെന്താണുള്ളത്. നിങ്ങൾക്ക് എന്നിൽ ഉത്തമമായ മാതൃകയുണ്ട് എന്ന് തിരുനബിﷺ പറയുമ്പോൾ ആ ജീവിതത്തെ ആകമാനം പകർത്താനുള്ള ഒരു മഹാവിശേഷമായി അവതരിപ്പിക്കുകയാണല്ലോ. പ്രവാചകചര്യയെ അനുകരിക്കുകയല്ലാതെ അല്ലാഹുവിലേക്ക് മറ്റു മാർഗങ്ങളില്ല എന്ന് ഓരോ വിശ്വാസിക്കും അറിയുന്നതിനൊപ്പം തന്നെ ആത്മജ്ഞാനികൾ ആധ്യാത്മിക വഴിയുടെ ആദ്യ അദ്ധ്യായമായി അത്‌ പഠിപ്പിക്കുന്നുണ്ട്.
    തിരുനബിﷺ ഉത്സാഹത്തോടെ ഉപയോഗിക്കുകയും അനുയായികൾ പകർന്നെടുക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തത് വെള്ള വസ്ത്രവും ശബള വസ്ത്രവുമാണ് എന്ന് നാം ഇവിടെ വായിച്ചു. ഇനിയും ആ ജീവിതത്തിലെ വ്യത്യസ്ത സന്ദർഭങ്ങളും അപ്പോൾ അറിഞ്ഞിരുന്ന വസ്ത്രങ്ങളെ കുറിച്ചും കുറച്ചുകൂടി നമുക്ക് വായിക്കാനുണ്ട്.

    👁️ 3
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...