Tweet 856

    Tweet 856
    October 17, 2024 • Thursday
    Post Header

    തിരുനബിﷺ മേൽത്തട്ടം അണിഞ്ഞത് അഥവാ മുതഖന്നി ആയതിനെ കുറിച്ചുള്ള അല്പം വർത്തമാനങ്ങളാണ് നാം വായിക്കുന്നത്. ഒരു തട്ടം കൊണ്ട് ശിരസും മുഖത്തിന്റെ അല്പഭാഗവും മറയ്ക്കുന്നതിനാണ് അറബിയിൽ തഖന്നുഅ എന്നു പ്രയോഗിക്കുക. മഹതി ആഇശ(റ) പറയുന്നു. ഒരിക്കൽ ഞങ്ങൾ അബൂബക്കറി(റ)ന്റെ വീട്ടിലിരിക്കുമ്പോൾ ഒരാൾ വിളിച്ചു പറഞ്ഞു. അല്ലാഹുവിന്റെ ദൂതർﷺ മേൽമുണ്ട് അണിഞ്ഞുകൊണ്ട് വരുന്നുണ്ട്.
    ഇത്തരം ഒരു വസ്ത്രധാരണ രീതി ജൂതന്മാരുടേതാണെന്നും തിരുനബിﷺ അപ്രകാരം ഒരു വസ്ത്രധാരണം സ്വീകരിച്ചില്ല എന്നും ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നുണ്ട്. ഇപ്രകാരം നബിﷺ വസ്ത്രം ധരിച്ചു എന്ന് വന്ന നിവേദനങ്ങൾ വ്യാഖ്യാനിക്കപ്പെടേണ്ടതാണെന്നും അവർ അഭിപ്രായപ്പെടുന്നു. ചില സന്ദർഭങ്ങളെയോ കാലാവസ്ഥയോ പരിഗണിച്ചിട്ടാവാം തിരുനബിﷺ അത്‌ നിർവഹിച്ചത് എന്നാണ് അവർ വിശദീകരണം നൽകിയത്.
    മഹാനായ സഹൽ സഅദ്(റ) ഉദ്ധരിക്കുന്നു. തിരുനബിﷺ പലപ്പോഴും തലയിൽ ഒരു കഷ്ണം തുണി പ്രത്യേകമായ രീതിയിൽ വെക്കാറുണ്ടായിരുന്നു. അഥവാ തഖന്നു അധികരിപ്പിക്കാറുണ്ടായിരുന്നു. അബ്ദുറഹ്മാനിബ്നു സൈദ് ഇബ്നു ജാബിറി(റ)ൽ നിന്ന് ഇമാം ബലാദുരി(റ) നിവേദനം ചെയ്യുന്നു. വെളുത്ത ഒരു കോവർ കഴുതയുടെ പുറത്ത് തിരുനബിﷺ ഖൈബർ യുദ്ധത്തിൽ പങ്കെടുത്തു. മഴവെള്ളം പതിക്കാതിരിക്കാൻ കറുത്ത ഒരു മേൽത്തട്ടം തിരുനബിﷺ ഉപയോഗിച്ചു. തലപ്പാവ് തൊപ്പിയും ചേർത്ത് അണിയുകയും ചെയ്തിരുന്നു.
    തിരുനബിﷺയുടെ പരിചാരകനായ അനസി(റ)ൽ നിന്ന് ഇമാം അബൂ നുഐം(റ) ഉദ്ധരിക്കുന്നു. ചിലപ്പോഴൊക്കെ തിരുനബിﷺ താടിയും തലമുടിയും വാർന്നു വെള്ളം നനച്ച് ഒതുക്കി വെക്കുമായിരുന്നു. ഒരു കഷ്ണം തുണികൊണ്ട് തല മറക്കും. ആ സമയത്ത് തിരുനബിﷺയുടെ വസ്ത്രം എണ്ണ കച്ചവടക്കാരന്റെ വസ്ത്രം പോലെയുണ്ടാകും.
    ഇടയ്ക്കും മുറക്കും എണ്ണ ഉപയോഗിക്കുക എന്നത് തിരുനബിﷺയുടെ ശീലമായിരുന്നു. തലയിലും മറ്റും എണ്ണയിട്ടു കഴിഞ്ഞാൽ ഒരു തൂവാല അണിയുന്ന രീതിയും തിരുനബിﷺക്കുണ്ടായിരുന്നു. തഖന്നു എന്ന പ്രയോഗം ഈ വസ്ത്രധാരണ രീതിയെ കൂടി ഉൾക്കൊള്ളുന്നതാണ്. നേരത്തെ പരാമർശിച്ച വിധം സവിശേഷമായ ശിരോവസ്ത്രവും കുളിച്ചതിനുശേഷമോ എണ്ണ ഇട്ടതിനുശേഷമോ ഒക്കെ തലയിൽ നേർത്ത രൂപത്തിൽ തൂവാല പോലെയുള്ളത് ധരിക്കുന്നതും തഖന്നു എന്ന പ്രയോഗം ഉൾക്കൊള്ളുന്നു.
    താടിയും തലമുടിയും നന്നായും കൃത്യമായും വാർന്നു വയ്ക്കുകയും ഇടവേളകളിൽ എണ്ണ ഉപയോഗിക്കുകയും നിത്യമായി സുഗന്ധം ഉപയോഗിക്കുകയും ചെയ്യുന്ന തിരുനബിﷺയുടെ ജീവിതത്തോട് ചേർന്ന് നിൽക്കുന്ന വസ്ത്ര രീതികളും സൗന്ദര്യ സമീപനങ്ങളുമായി തന്നെ ചരിത്രം വായിക്കുകയും പകർന്നു തരികയും ചെയ്യുന്നു എന്നതാണ് നാം വായിച്ചുകൊണ്ടിരിക്കുന്ന ഓരോ നിവേദനങ്ങളും നമ്മളോട് സംസാരിക്കുന്നത്. ശിരസ്സ് മൂടുകയും മുഖത്തിന്റെ അൽപഭാഗം കൂടി കവർ ചെയ്യുകയും ചെയ്യുന്ന പ്രത്യേകമായ വസ്ത്രധാരണ രീതി പ്രവാചകന്മാരുടെ ശീലങ്ങളിൽ പെട്ടതാണെന്ന് വരെ ഒരു നിവേദനത്തിലുണ്ട്. ബഖിയ്യ് ബിൻ മഖ്ലദ്(റ) ആണ് അത് ഉദ്ധരിച്ചിട്ടുള്ളത്. ഒരിക്കൽ തിരുനബിﷺ ആ മേൽ വസ്ത്രം മാറ്റിയതിനുശേഷം ഇതുപോലെ വ്യക്തവും തുറന്നതുമാണ് ഈമാൻ എന്ന് പറയുകയും പൂർണമായും മേൽ വസ്ത്രം കൊണ്ട് കവർ ചെയ്ത ശേഷം ഒരു കണ്ണു മാത്രം പുറത്തു കാണിച്ച് ഇതുപോലെയാണ് കാപട്യം അഥവാ കപടവിശ്വാസം എന്ന് ഉദാഹരിക്കുകയും ചെയ്തു.
    നബിﷺയുടെ വ്യക്തിജീവിതത്തെയും ഓരോ ചലനങ്ങളെയും എത്രമേൽ സൂക്ഷ്മമായിട്ടാണ് സ്വഹാബികൾ നിരീക്ഷിക്കുകയും പകർന്നു തരികയും ചെയ്തത് എന്ന് ഒരിക്കൽ കൂടി നമ്മളെ ബോധ്യപ്പെടുത്തുകയാണല്ലോ ഈ വായനകളൊക്കെ.

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...