Tweet 853

    Tweet 853
    October 14, 2024 • Monday
    Post Header

    തിരുനബിﷺ ഭരണ സാരഥിത്യം ഏൽപ്പിക്കുന്ന ആളുകൾക്ക് തലപ്പാവണിയിച്ചു കൊടുക്കുമായിരുന്നു. വലതുഭാഗത്ത് ചെവിയോട് ചേർന്ന് അതിന്റെ വാൽ താഴ്ത്തിയിട്ടു കൊടുക്കുകയും ചെയ്തു. പരമ്പര അത്ര പ്രബലമല്ലെങ്കിലും അബൂ ഉമാമ(റ)യിൽ നിന്ന് ഇങ്ങനെ ഒരു ഹദീസ് നിവേദനം ചെയ്തിട്ടുണ്ട്.
    തലപ്പാവിന്റെ അഗ്രം കൊണ്ട് താടിയുടെ ഭാഗം കവർ ചെയ്ത് ചുറ്റുന്നത് ചിലപ്പോഴൊക്കെ നബിﷺ നിർവഹിക്കുകയും ചിലരോട് അങ്ങനെ വസ്ത്രം ധരിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അങ്ങനെ ചെയ്യാത്തത് നിരുത്സാഹപ്പെടുത്തുന്ന ചില നിവേദനങ്ങളും കാണാം. എന്നാൽ അത്തരം നിവേദനങ്ങൾ അത്ര പ്രബലമല്ലെന്നും എന്തായാലും അങ്ങനെ ചെയ്തിരിക്കണം എന്ന കൽപ്പന നിർബന്ധ കൽപ്പന അല്ലെന്നുമാണ് വിശദീകരണം. തിരുനബിﷺ തലപ്പാവിന്‍റെ അഗ്രം കൊണ്ട് താടിയുടെ താഴ്ഭാഗം ചുറ്റിക്കെട്ടാറുണ്ടായിരുന്നു എന്ന് സാദുൽ മആദിൽ പരാമർശിക്കുന്നു.
    തിരുനബിﷺ വുളൂഅ് ചെയ്യുമ്പോൾ രണ്ട് കാലുറകൾ അഥവാ ഖുഫ്ഫകളുടെ മേലും തലപ്പാവിന്‍റെ മേലെയും തടകാറുണ്ടായിരുന്നു. തല തടകുന്നത് പൂർത്തിയാക്കാൻ തലപ്പാവിന്റെ മേലേക്ക് കവർ ചെയ്യുന്നതും പ്രത്യേക നിബന്ധനകളോട ധരിച്ച ഖുഫ്ഫ കാല് കഴുകുന്നതിന് പകരം തടകുന്നതും നാം നേരത്തെ വിശദീകരിച്ചിട്ടുണ്ട്. കർമശാസ്ത്രപരമായ വീക്ഷണങ്ങളും നിയമങ്ങളും നിബന്ധനകളും സവിശേഷമായി തന്നെ പഠിച്ചു മനസ്സിലാക്കേണ്ടതാണ്.
    മേൽ പറയപ്പെട്ട പരാമർശങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തമായി തലപ്പാവിൽ നിന്ന് ഒരു ഭാഗവും കഴുത്തിന്റെ ഭാഗത്തേക്ക് ചുറ്റിയിരുന്നില്ലെന്നും താടി കൂടി കവർ ചെയ്യുന്ന രൂപത്തിൽ തലപ്പാവിന്‍റെ അഗ്രം കൊണ്ട് കഴുത്ത് വലയം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കപ്പെടേണ്ട രീതിയല്ലെന്നും ഇബ്നു താഊസ്(റ) തന്റെ പിതാവിൽ നിന്ന് ഉദ്ധരിക്കുന്ന വിവരം ഇബ്നു സഅദ്(റ) നിവേദനം ചെയ്യുന്നുണ്ട്.
    നമ്മുടെ കർമ്മ ശാസ്ത്ര പണ്ഡിതന്മാരും അത്തരം ഒരു തലപ്പാവ് രീതിയെ സവിശേഷമായി നിർദ്ദേശിക്കുകയോ പുണ്യകർമമായി പറയുകയുകയോ ചെയ്യുന്നില്ല. എന്നാൽ ചില ഇസ്ലാമിക രാജ്യങ്ങളിലെ പണ്ഡിതന്മാരും പ്രായമുള്ളവരും അത്തരം ഒരു വസ്ത്രധാരണ രീതി ഇപ്പോഴും പുലർത്തുന്നുണ്ട് എന്നത് വസ്തുതയാണ്.
    അടിസ്ഥാനപരമായി തലപ്പാവ് ധരിക്കുന്നത് പുണ്യകർമമാണ്. അതിന്റെ വാൽ ഒരു ഭാഗത്തേക്ക് ഇറക്കിയിടുന്നതും പ്രവാചക വസ്ത്രധാരണ രീതികളുടെ ഭാഗമായിരുന്നു. ചില വേഷങ്ങൾ ചില കാലത്തും ദേശത്തും പണ്ഡിതന്മാരും അല്ലാത്തവരും തമ്മിൽ വേർതിരിക്കാനുള്ള മാനദണ്ഡങ്ങളുമൊക്കെയായി വന്ന വ്യത്യാസങ്ങളെ കൂടി ഉൾക്കൊണ്ടുകൊണ്ടാണ് കർമശാസ്ത്ര പണ്ഡിതന്മാരും മറ്റും ഈ വിഷയത്തെ സമീപിച്ചത്.
    മലക്കുകൾ ബദ്റിൽ അവതരിച്ചപ്പോൾ പ്രത്യേകമായ ചിഹ്നങ്ങളോടെയും അടയാളങ്ങളോടെയുമായിരുന്നു എന്ന് പരാമർശിക്കുന്ന വിശുദ്ധ ഖുർആനിലെ അൻആം അധ്യായത്തിലെ 125 ആമത്തെ സൂക്തം പല വിശേഷണങ്ങളോടെയും വ്യാഖ്യാനിച്ചവരുണ്ട്. മലക്കുകളുടെ അടയാളമായി ഉണ്ടായിരുന്നത് തലപ്പാവായിരുന്നു എന്ന വിശദീകരണം പല ഖുർആൻ വ്യാഖ്യാതാക്കളും പകർന്നു തന്നിട്ടുണ്ട്.
    ചുവന്ന തലപ്പാവ് ധരിച്ചു കൊണ്ടായിരുന്നു മലക്കുകൾ ബദ്റിൽ അവതരിച്ചത് എന്ന് മഹതി ആഇശ(റ) റിപ്പോർട്ട് ചെയ്യുന്നുണ്ട്. ചുമലുകൾക്കിടയിലൂടെ അതിന്റെ അഗ്രഭാഗം താഴ്ത്തിയിട്ടിരുന്നു എന്ന അനുബന്ധം കൂടിയുണ്ട്.
    തലപ്പാവ് ധരിക്കുകയും മലക്കുകളോടുള്ള സാദൃശ്യം സ്വീകരിക്കുകയും ചെയ്യുക എന്ന നിർദ്ദേശത്തിന്റെ പൊരുളിൽ ഇതുകൂടി ഉൾക്കൊള്ളുന്നുണ്ട്.

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...