
തിരുനബിﷺ അനുയായികളെ ധരിക്കാൻ പ്രോത്സാഹിപ്പിച്ചിട്ടില്ലെങ്കിലും അവിടുത്തെ വസ്ത്രങ്ങളുടെ വിശേഷങ്ങളിൽ നിന്ന് ചില ഓർമകൾ കൂടി നാം വായിച്ചു പോവുകയാണ്. അബ്ദുല്ലാഹി ബിൻ ജഅ്ഫർ(റ) പറയുന്നു. തിരുനബിﷺയുടെ തലപ്പാവും അരത്തുണിയും കുങ്കുമം മുക്കിയതായി ഞാൻ കണ്ടിട്ടുണ്ട്. യഹിയ ബിൻ മാലിക്കി(റ)ന്റെ നിവേദനത്തിൽ അവിടുത്തെ ഖമീസും നിറം മുക്കിയിരുന്നു എന്ന് കാണാം. സൈദ് ബിൻ അസ്ലം(റ) പ്രയോഗിച്ചത് അവിടുത്തെ തലപ്പാവ് വരെയും കുങ്കുമം മുക്കിയിരുന്നു എന്നാണ്. ഒരിക്കൽ തലപ്പാവും അരത്തുണിയും ഖമീസും മഞ്ഞ നിറം മുക്കി ധരിച്ചു വന്ന രംഗം അബൂഹുറൈറ(റ) പറയുന്നുണ്ട്. മലക്കുകൾ ബദ്റിൽ അവതരിച്ചപ്പോൾ മഞ്ഞ നിറത്തിലുള്ള തലപ്പാവായിരുന്നു അണിഞ്ഞിരുന്നത് എന്ന് അബ്ദുല്ലാഹിബ്നു സുബൈർ(റ) നിവേദനം ചെയ്യുന്നു.
തിരുനബിﷺയുടെ ജീവിതത്തിലെ വ്യത്യസ്ത നിറത്തിലുള്ള വസ്ത്രധാരണങ്ങളെയാണ് ഇവിടെ പരാമർശിച്ചത്. ഇതിലെ എല്ലാ നിറങ്ങളും ഭാവങ്ങളും പ്രോത്സാഹിപ്പിക്കപ്പെടണം എന്ന അർത്ഥത്തിലല്ല, തിരുനബിﷺയുടെ ചില പ്രവർത്തനങ്ങൾ അനുവാദത്തെ സൂചിപ്പിക്കാൻ വേണ്ടിയായിരിക്കും. ചിലപ്പോൾ വിരോധമില്ലെന്ന് അറിയിക്കാനായിരിക്കും. പ്രസ്താവനകളും നിർദ്ദേശങ്ങളും വന്നാൽ സംഭവത്തെക്കാൾ പ്രാധാന്യം നൽകേണ്ടത് നിയമത്തിനും പ്രസ്താവനകൾക്കുമാണ്. ഈ അർത്ഥത്തിൽ ഈ നിവേദനങ്ങളെയൊക്കെ സമീപിക്കുമ്പോൾ നബി ജീവിതത്തിന്റെ വായനയുടെ ഭാഗമായി നാം പരാമർശിക്കുകയാണ്, ഈ രീതികളൊക്കെ അനുവർത്തിക്കപ്പെടേണ്ടതാണ് എന്ന പ്രവാചക നിർദേശം ഇല്ല.
തിരുനബിﷺ അണിഞ്ഞിരുന്ന തലപ്പാവിന് വാല് ഉണ്ടായിരുന്നോ എന്നത് സംബന്ധമായ ചില നിവേദനങ്ങൾ കൂടി നമുക്ക് വായിക്കാം. തിരുനബിﷺയുടെ തലപ്പാവിന്‍റെ അഗ്രം രണ്ട് ചുമലുകൾക്കിടയിലൂടെ താഴ്ത്തിയിട്ടിരുന്നു എന്ന് അബ്ദുല്ലാഹിബ്നു ഉമർ(റ) ഉദ്ധരിക്കുന്നുണ്ട്. അവിടുന്നണിഞ്ഞിരുന്ന കറുത്ത തലപ്പാവിന്‍റെ അഗ്രം രണ്ടു ചുമലുകൾക്കിടയിലൂടെ താഴ്ത്തിയിട്ടിരിക്കുന്ന രംഗം ഞാൻ ഇങ്ങനെ നോക്കിക്കൊണ്ടിരിക്കുന്നത് പോലെയുണ്ട് എന്ന് അംറ് ബിൻ ഹുറൈസ്(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ മിമ്പറിൽ ഇരുന്ന രംഗമായിരുന്നു അദ്ദേഹം വിശദീകരിച്ചത്. ഞാൻ ഇപ്പോഴും ആ തലപ്പാവിലേക്ക് നോക്കിക്കൊണ്ടിരിക്കുന്നത് പോലെ എന്ന് അംറ് ബിൻ ഉമയ്യ അള്മരി(റ) പറയുന്നു.
മക്കാ വിജയ സമയത്ത് തിരുനബിﷺ അണിഞ്ഞിരുന്ന തലപ്പാവിന്റെയും അഗ്രം ചുമലുകൾക്കിടയിലൂടെ താഴ്ത്തിയിട്ടിരുന്നു എന്ന് ജാബിർ(റ) റിപ്പോർട്ട് ചെയ്യുന്ന പരാമർശം ഇമാം അബൂദാവൂദ്(റ) ഉദ്ധരിക്കുന്നുണ്ട്. വാൽ ഇട്ടുകൊണ്ട് തലപ്പാവ് അണിയൽ തിരുനബിﷺയുടെ ചര്യയായിരുന്നു എന്നും ചിലപ്പോൾ അത് ചുമലുകൾക്കിടയിലൂടെയും, മറ്റു ചിലപ്പോൾ പിറകിലേക്കും ആയിരുന്നു എന്നും പ്രമുഖ സ്വഹാബിയായ സൗബാൻ(റ) റിപ്പോർട്ട് ചെയ്യുന്നു. തലപ്പാവണിയുന്നത് മലക്കുകളുടെ വിലാസമാണെന്നും നിങ്ങളും അത് അണിഞ്ഞു കൊള്ളൂ എന്നും അതിന്റെ അഗ്രം ചുമലുകൾക്കിടയിലൂടെ താഴ്ത്തിയിടൂ എന്നും തിരുനബിﷺ പറഞ്ഞ കാര്യം ഇബ്നു ഉമർ(റ) നിവേദനം ചെയ്യുന്നു.
തലപ്പാവണിയുന്നത് പ്രവാചകചര്യയിലും പ്രതിഫലാർഹമായ പുണ്യകർമ്മത്തിലും പെട്ടതാണ്. അതിന്റെ വ്യത്യസ്ത വിശേഷങ്ങളും വിശേഷണങ്ങളും ആധാരമാക്കി നിരവധി പണ്ഡിതന്മാർ രചനകൾ നിർവഹിച്ചിട്ടുണ്ട്. വാലിട്ടും അല്ലാതെയും തൊപ്പിയണിഞ്ഞും അതിനൊപ്പം തലപ്പാവണിഞ്ഞും തൊപ്പിയില്ലാതെയും തൊപ്പി മാത്രം കൊണ്ട് തല മറച്ചും ഒക്കെയുള്ള രീതികൾ പ്രോത്സാഹനാജനകമാണ്. പ്രമാണങ്ങൾ അതിനെ പിന്തുണയ്ക്കുകയും തല മറയ്ക്കുക എന്ന സുന്നത്തിനെ സാധ്യമാക്കുന്ന കർമ്മങ്ങളായി പരിഗണിക്കുകയും ചെയ്യുന്നു.
