
സമുറത് ബിൻ ജുൻദുബി(റ)ൽ നിന്ന് ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്നു. ഒരു ദിവസം രാവിലെ തിരുനബിﷺ ഞങ്ങളോട് പറഞ്ഞു. ഇന്നലെ രാത്രി എന്റെ അടുക്കൽ രണ്ടുപേർ വന്നു. എന്നോട് പറഞ്ഞു. നമുക്ക് പോകാം. അങ്ങനെ ഞങ്ങൾ മൂന്നു പേരും കൂടി സഞ്ചരിക്കാൻ തുടങ്ങി.
കിടക്കുന്ന ഒരാളുടെ അടുക്കലേക്കാണ് ആദ്യം എത്തിയത്. അയാളുടെ അടുക്കൽ ഒരു പാറക്കഷ്ണവും ചുമന്ന് ഒരാൾ നിൽക്കുന്നു. ആ പാറക്കഷ്ണം കൊണ്ട് കിടക്കുന്ന ആളുടെ തലയിൽ അടിക്കുകയും ശരീരം മുഴുവനും ഉരുട്ടുകയും ചെയ്യുന്നു. അടുത്ത പ്രാവശ്യം കല്ലെടുക്കാൻ വേണ്ടി പോയി വരുമ്പോഴേക്കും കിടന്നയാൾ പൂർവാവസ്ഥ പ്രാപിക്കുന്നു. വീണ്ടും പഴയതുപോലെ ഉപയോഗിച്ചുകൊണ്ട് കിടക്കുന്നയാളെ നിൽക്കുന്ന ആൾ പരിക്കേൽപ്പിക്കുന്നു. ഇതെന്താണ് എന്ന് ഞാൻ എന്നോടൊപ്പമുള്ള രണ്ടാളുകളോട് ചോദിച്ചു. നമുക്ക് മുന്നോട്ടുപോകാം എന്ന് മാത്രം മറുപടി പറയുകയും ഞങ്ങൾ മുന്നോട്ടു നീങ്ങുകയും ചെയ്തു.
അതാ ഒരാൾ മലർന്നു കിടക്കുന്നു. അയാളുടെ അടുക്കൽ ഇരുമ്പിന്റെ ചുറ്റികയുമായി മറ്റൊരാൾ നിൽക്കുന്നു. നിൽക്കുന്നയാൾ കിടക്കുന്ന ആളുടെ മുഖത്തിന്റെ ഒരു ഭാഗത്തേക്ക് ചെല്ലുന്നു. മൂക്കും കവിളുകളും കീറി പിരടിയുടെ ഭാഗത്തേക്ക് ഉയർത്തുന്നു. അതിനുശേഷം മുഖത്തിന്റെ അടുത്ത ഭാഗത്തേക്ക് പോയി ഇതുപോലെ തന്നെ ചെയ്യുന്നു. അപ്പോഴേക്കും ആദ്യഭാഗം പൂർവ്വാവസ്ഥയിലേക്ക് എത്തുന്നു. ഇങ്ങനെ ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു. ഇത് കണ്ടപ്പോൾ സുബ്ഹാനള്ളാഹ്! ആശ്ചര്യത്തോടെ ഞാൻ ചോദിച്ചു. എന്താണിത്? നമുക്ക് മുന്നോട്ടു പോകാം എന്ന് മാത്രം എന്നോടൊപ്പമുള്ളവർ പറഞ്ഞു.
ഞങ്ങൾ വീണ്ടും മുന്നോട്ടു പോയി. അതാ ഒരു അടുപ്പിന്റെ അടുക്കൽ എത്തി. അതിന്റെ ഉള്ളിൽ നിന്ന് ശക്തമായ ശബ്ദം കേൾക്കുന്നു. ഞങ്ങൾ അതിലേക്ക് നോക്കിയപ്പോൾ നഗ്നരായ കുറെ സ്ത്രീ പുരുഷന്മാർ. അവരുടെ താഴ്ഭാഗത്തുനിന്ന് അഗ്നി ജ്വാലകൾ ഉയർന്നുവരുന്നു. ഞാൻ ചോദിച്ചു. ഇതെന്താണ്? മുന്നോട്ടു പോകാം മുന്നോട്ടു പോകാം എന്ന് മാത്രം മറുപടി പറഞ്ഞു. പിന്നീട് ഞങ്ങൾ എത്തിച്ചേർന്നത് ഒരു രക്തപ്പുഴയുടെ ചാരെ. ഒരാൾ ആ പുഴയിൽ നീന്തുന്നുണ്ട്. നദിയുടെ കരയിൽ മറ്റൊരാൾ കല്ലുകൾ ശേഖരിച്ചു കൊണ്ടിരിക്കുന്നു. നീന്തുന്നയാൾ കരയിലേക്ക് അടുക്കുമ്പോൾ കല്ല് ശേഖരിച്ചുകൊണ്ടിരുന്നയാൾ പുഴയിലുള്ള ആളുടെ വായിലേക്ക് കല്ലിട്ടുകൊടുക്കുന്നു. അതോടെ വീണ്ടും അയാൾ പുഴയുടെ ഉള്ളിലേക്ക് പോകുന്നു. ഇതിങ്ങനെ തുടർന്നു കൊണ്ടേയിരുന്നു. ഞാൻ ചോദിച്ചു. ഇവർ രണ്ടുപേരും ആരാണ്? പോകാം പോകാം എന്ന് മാത്രമായിരുന്നു മറുപടി.
പിന്നീട് ഞങ്ങൾ എത്തിച്ചേർന്നത് വിരൂപിയായ ഒരു മനുഷ്യന്റെ അടുക്കലേക്ക്. ഇത്രമേൽ വിരൂപമായ ഒരു ഭാവം ഒരു മനുഷ്യനിലും ഇന്നുവരെ കണ്ടിട്ടില്ല. അയാളുടെ അടുക്കൽ ഒരഗ്നികുണ്ഡം ഉണ്ട്. അയാൾ വീണ്ടും വീണ്ടും അത് ഊതി കത്തിച്ചു കൊണ്ടിരിക്കുന്നു. അതോടൊപ്പം ചുറ്റും ഓടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഞാൻ ചോദിച്ചു. ഇതാരാണ്? പോകാം എന്ന് തന്നെയായിരുന്നു ഇപ്പോഴും മറുപടി. ഞങ്ങൾ വീണ്ടും മുന്നോട്ട് നീങ്ങി.
പിന്നീട് ഞങ്ങൾ എത്തിച്ചേർന്നത് ഹരിതാഭമായ ഒരു ഉദ്യാനത്തിലേക്കായിരുന്നു. നല്ല വെളിച്ചവും തെളിച്ചവുമുള്ള സ്ഥലം. തോട്ടത്തിന്റെ മുമ്പിൽ ദീർഘകായനായ ഒരാൾ നിൽക്കുന്നു. ആകാശത്തേക്ക് ഉയർന്നു നിൽക്കുന്നതിനാൽ അദ്ദേഹത്തിന്റെ മുഖം കാണാൻ കഴിയുന്നില്ല. അദ്ദേഹത്തിന്റെ ചുറ്റും കുറെ കുട്ടികൾ കളിക്കുന്നുണ്ട്. ഇത്രയും എണ്ണം കുട്ടികളെ ഒരിക്കലും ഞാൻ കണ്ടിട്ടില്ല. അപ്പോഴും ഒപ്പമുള്ളവർ പറഞ്ഞു നമുക്ക് മുന്നോട്ടു പോകാം. വീണ്ടും ഞങ്ങൾ എത്തിയത് ഒരു ഉദ്യാനത്തിലേക്ക് തന്നെ. ഇത്രയും വിശാലമായ ഒരു തോട്ടം ഒരിക്കലും ഞാൻ കണ്ടിട്ടില്ല. എന്റെ ഒപ്പമുള്ളവർ എന്നോട് അതിലേക്ക് കയറാൻ ആവശ്യപ്പെട്ടു. ആ വിശാലമായ തോട്ടത്തിലേക്ക് അങ്ങനെ ഞങ്ങൾ പ്രവേശിച്ചു.
