
തിരുനബിﷺയുടെ പാനപാത്രങ്ങളിൽ ചിലതിനെ പരിചയപ്പെടാനാണ് ഈ അധ്യായം. ഏതൊക്കെ പാത്രങ്ങളിലായിരുന്നു അവിടുന്ന് പാനം ചെയ്തിരുന്നത് എന്ന് പരാമർശിക്കുന്ന നിരവധി ഹദീസുകൾ വായിക്കാൻ കഴിയും. ഏതൊക്കെ പാത്രങ്ങൾ ഉപയോഗിക്കാം, ഉപയോഗിച്ചുകൂടാ എന്ന് തീരുമാനിക്കാനുള്ള ഒരു മാർഗം കൂടിയാണ് തിരുനബിﷺ ഏത് പാത്രം ഉപയോഗിച്ചു, ഏത് നിരസിച്ചു എന്നത്. അങ്ങനെയാവുമ്പോൾ സൗന്ദര്യപരമായ ഒരു വായനക്കപ്പുറം നിയമ രൂപീകരണത്തിലും ഈ പഠനത്തിന് പ്രാധാന്യമുണ്ട്.
ഇബ്‌നു അബ്ബാസി(റ)ൽ നിന്ന് ഇമാം ബുഖാരി(റ)യും ഇബ്നുമാജ(റ)യും ഉദ്ധരിക്കുന്നു. മുകൗഖിസ് രാജാവ് തിരുനബിﷺക്ക് ഒരു സ്ഫടിക പാത്രം സമ്മാനമായി നൽകി. തിരുനബിﷺ അതിൽ നിന്ന് പാനം ചെയ്തു.
ഗ്ലാസ് ബൗളുകൾ ഉപയോഗിച്ചു എന്നതിന്റെ ഒരു പ്രമാണം കൂടിയാണിത്. അത്തരം പാത്രങ്ങൾ ഉപയോഗിക്കാവുന്ന നിലപാടിലേക്ക് എത്തിച്ചേരാനുള്ള വെളിച്ചം കൂടി ഈ സംഭവത്തിലുണ്ട്.
മൺപാത്രം ഉപയോഗിച്ച് പാനം ചെയ്തതാണ് മറ്റൊരു നിവേദനം. അബ്ദുല്ലാഹിബ്നു സാഇബി(റ)ന്റെ പിതാമഹൻ ഖബ്ബാബ്(റ) പറഞ്ഞ വിവരം ഇബ്‌നു മന്ത(റ) രേഖപ്പെടുത്തുന്നു. തിരുനബിﷺ ഒരു മൺപാത്രത്തിൽ നിന്ന് വെള്ളം കുടിക്കുന്നത് എനിക്ക് കാണാൻ കഴിഞ്ഞു.
മരം കൊണ്ടുണ്ടാക്കിയ പാത്രത്തിലും തിരുനബിﷺ കുടിച്ചിട്ടുണ്ട്. പ്രമുഖ താബിഈ പണ്ഡിതനായ ഇബ്നുസീരീൻ(റ) പറഞ്ഞ വിവരം ആസിം ബിൻ അഹ്‌വലി(റ)ൽ നിന്ന് ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്നു. ഞാൻ അനസുബ്നു മാലിക്കി(റ)ന്റെ അടുക്കൽ തിരുനബിﷺയുടെ ഒരു പാത്രം കണ്ടു. അത് മണ്ണുകൊണ്ട് ഉണ്ടാക്കിയ അല്പം വിശാലമായ ഒരു പാത്രമായിരുന്നു. ആ പാത്രം എടുത്തു വച്ചിട്ട് അനസ്(റ) പറഞ്ഞു. ഞാൻ എത്രയോ പ്രാവശ്യം ഇതിൽ തിരുനബിﷺക്ക് പാനീയങ്ങൾ നൽകിയിട്ടുണ്ട്.
ഇബ്നു സീരീൻ(റ) തുടരുന്നു. പ്രസ്തുത പാത്രത്തിന് ഇരുമ്പിന്റെ ഒരു ചുറ്റുണ്ടായിരുന്നു. ആ സ്ഥാനത്ത് സ്വർണമോ വെള്ളിയോ ആക്കിയാലോ എന്ന് അനസ്(റ) ഉദ്ദേശിച്ചു. അപ്പോൾ അബൂത്വൽഹ(റ) പറഞ്ഞു. തിരുനബിﷺ ഉപയോഗിച്ചിരുന്ന അതേ അവസ്ഥയിൽ തന്നെ അത് സൂക്ഷിക്കുക. അതിൽ ഒരു മാറ്റവും വരുത്തേണ്ടതില്ല. അതു കേട്ടപ്പോൾ അനസ്(റ) മാറ്റം വരുത്താനുള്ള ശ്രമത്തിൽ നിന്ന് പിന്മാറി.
സ്വർണമോ വെള്ളിയോ പൂശിയ പാത്രത്തിൽ പാനം ചെയ്യാനല്ല അനസ്(റ) ഉദ്ദേശിച്ചത്. തിരുനബിﷺയുടെ പാത്രം അവ്വിധം സൂക്ഷിക്കാൻ വേണ്ടിയായിരുന്നു. പ്രമുഖനായ മറ്റൊരു സ്വഹാബിയുടെ ഉപദേശം സ്വീകരിച്ച് തിരുനബിﷺയിൽ നിന്ന് കിട്ടിയ അതേ രൂപത്തിൽ തന്നെ പാത്രം സംരക്ഷിച്ചു.
ഈസ് ബിൻ ത്വഹ്മാനി(റ)ൽ നിന്ന് ഇബ്നുൽജൗസി(റ) ഉദ്ധരിക്കുന്നു. ഇരുമ്പു കൊണ്ട് വട്ടംചുറ്റിയ ഒരു മരപാത്രം അനസ്(റ) പുറത്തേക്കെടുത്തു. എന്നിട്ട് ശിഷ്യനായ സാബിത്ത് അൽ ബുനാനി(റ)യോട് പറഞ്ഞു. ഇത് തിരുനബിﷺയുടെ പാത്രമാണ്. ഇമാം തുർമുദി(റ)യുടെയും മറ്റും നിവേദനത്തിൽ ഇങ്ങനെ കൂടിയുണ്ട്. പാല്, മുന്തിരി ചാറ്, തേൻ, വെള്ളം തുടങ്ങിയ എല്ലാ പാനീയങ്ങളും ഞാൻ ഈ പാത്രത്തിൽ തിരുനബിﷺക്ക് നൽകിയിട്ടുണ്ട്. അനസ്(റ) വിശദീകരിച്ചു.
മുഹമ്മദ് ബിൻ ഇസ്മാഈലി(റ)ൽ നിന്ന് അബൂ യഅ്ല (റ) ഉദ്ധരിക്കുന്നു. ഞാൻ അനസി(റ)ന്റെ വീട്ടിൽ ചെന്നപ്പോൾ അവിടെ മരം കൊണ്ട് നിർമ്മിച്ച ഒരു പാത്രം കണ്ടു. തിരുനബിﷺ വുളൂഅ് ചെയ്യാനും വെള്ളം കുടിക്കാനും ഉപയോഗിച്ച പാത്രമായിരുന്നു അത്. ബീവി ഉമ്മുസുലൈമി(റ)ന്റെ അടുക്കൽ ഒരു പാത്രമുണ്ടായിരുന്നു എന്നും ഞാനീ പാത്രത്തിൽ നബിﷺക്ക് പാനീയങ്ങൾ നൽകിയിട്ടുണ്ട് എന്നും മഹതി പറയാറുണ്ടായിരുന്നു എന്ന് അനസ്(റ) തന്നെ നിവേദനം ചെയ്തിട്ടുണ്ട്.
ഹാസിം ബിൻ ഖാസിം(റ) പറയുന്നു. തിരുനബിﷺയുടെ പരിചാരകനായിരുന്ന അബൂ അസീബ്(റ) മരം കൊണ്ടുണ്ടാക്കിയ ഒരു പാത്രത്തിൽ വെള്ളം കുടിക്കുന്നത് ഞാൻ കണ്ടു. അപ്പോൾ ഞാൻ ചോദിച്ചു. എന്തേ നമ്മുടെ ഈ നൈസായ പാത്രത്തിൽ നിങ്ങൾക്ക് കുടിച്ചു കൂടെ? അപ്പോൾ അദ്ദേഹം പറഞ്ഞു. ഇത് തിരുനബിﷺ പാനം ചെയ്തിരുന്ന പാത്രമാണ്. സുഹൈർ മുഹമ്മദ്(റ) എന്നവരിൽ നിന്ന് ഇബ്നു ശാസാൻ(റ) നിവേദനം ചെയ്ത ഒരു ഹദീസിൽ ഇങ്ങനെ കാണാം. തിരുനബിﷺയുടെ പാനപാത്രത്തിന്റെ പേര് ഖുമ്ർ എന്നായിരുന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
