Tweet 810

    Tweet 810
    September 1, 2024 • Sunday
    Post Header

    തിരുനബിﷺയുടെ ഭക്ഷണത്തളികയിലൂടെയാണ് നമ്മൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. വളരെ പ്രിയത്തോടെ സ്വീകരിക്കുകയും സന്തോഷത്തോടെ കഴിക്കുകയും ചെയ്ത പല ഭക്ഷണത്തെക്കുറിച്ചും നമ്മൾ വായിച്ചു കഴിഞ്ഞു. എന്നാൽ അവിടുത്തേക്ക് അത്ര താല്പര്യമില്ലാതിരുന്ന ഭക്ഷണങ്ങളെ കുറിച്ചുള്ള പരാമർശവും ഹദീസുകളിൽ വന്നിട്ടുണ്ട്.
    അബൂ സഈദി(റ)ൽ നിന്ന് ഇമാം അഹ്മദും(റ) ഇമാം മുസ്ലിമും(റ) ഉദ്ദരിക്കുന്നു. തിരുനബിﷺ അനുയായികളോടൊപ്പം ഒരിക്കൽ ഖൈബറിലെ ഒരു ഉള്ളിത്തോട്ടത്തിന്റെ അടുത്തുകൂടി നടന്നുപോയി. സ്വഹാബികൾ ചിലർ തോട്ടത്തിലിറങ്ങി ഉള്ളി കഴിച്ചു. ബാക്കിയുള്ളവർ കഴിക്കാതെ തിരുനബിﷺയോടൊപ്പം കൂടി. ഒടുവിൽ എല്ലാവരും നബിﷺയുടെ സന്നിധിയിൽ എത്തിയപ്പോൾ ഉള്ളി കഴിക്കാത്തവരെ നബിﷺ ആദ്യം സ്വീകരിച്ചു. കഴിച്ചവരെ ഉള്ളിയുടെ ഗന്ധം മാറിയതിനുശേഷം മറ്റുള്ളവരോടൊപ്പം ചേർത്ത് നിർത്തി. മഹാനായ അനസി(റ)ൽ നിന്ന് ഇമാം ഇബ്നു അദിയ്യ്(റ) ഉദ്ദരിക്കുന്നു. വെളുത്തുള്ളിയും വെള്ള സവാളയും സാധാരണ സവാളയും തിരുനബിﷺ കഴിക്കുമായിരുന്നില്ല. ജിബ്‌രീല്‍(അ) നബിﷺയോട് വന്ന് സംസാരിക്കുമ്പോൾ ഉള്ളിയുടെ ഗന്ധം അലോസരപ്പെടുത്തരുത് എന്ന് കരുതിയായിരുന്നുവത്രെ അത്.
    അബൂ അയ്യൂബി(റ)ൽ നിന്ന് ഇബ്നു സഅദ് (റ) ഉദ്ദരിക്കുന്നു. ഒരിക്കൽ സവാള ചേർത്ത് പാകം ചെയ്ത ഭക്ഷണം തിരുനബിﷺക്ക് കൊടുത്തുവിട്ടു. എന്നാൽ, പിന്നീട് ചെന്നപ്പോൾ തിരുനബിﷺ അതിൽ നിന്ന് ഭക്ഷിച്ചതായി കണ്ടില്ല. മലക്കുകളോട് സംസാരിക്കുമ്പോൾ എന്റെ ഭാഗത്തുനിന്ന് ഒരു ദുർഗന്ധമുണ്ടാകുന്നത് ഞാൻ ഇഷ്ടപ്പെടാത്തത് കൊണ്ടാണ് കഴിക്കാതിരുന്നത് എന്നും ഈ ഭക്ഷണം കഴിക്കുന്നത് അടിസ്ഥാനപരമായി നിഷിദ്ധമല്ലെന്നും തിരുനബിﷺ വ്യക്തമാക്കി.
    തിരുനബിﷺക്ക് ആര് ഭക്ഷണം കൊണ്ടുവന്നു കൊടുത്താലും അവിടുന്ന് കഴിച്ചശേഷം ഞങ്ങൾക്കും തരാറുണ്ടായിരുന്നു. അബൂ അയ്യൂബ്(റ) പറയുകയാണ്. എന്നാൽ, ഒരിക്കൽ വന്ന ഒരു ഭക്ഷണം തിരുനബിﷺ അതിൽ നിന്ന് തീരെ കഴിക്കാതെ ഞങ്ങൾക്ക് കൊടുത്തയച്ചു. ഇതിൽ എന്തോ ഒന്നുമുണ്ടല്ലോ എന്ന് കരുതി നബിﷺയോട് ഞാൻ ചോദിച്ചു. അപ്പോൾ അവിടുന്ന് പറഞ്ഞു. നിങ്ങൾ അത് കഴിച്ചോളൂ. എനിക്ക് അത്ര താല്പര്യമില്ലാത്ത ഒരു വിഭവം അതിലുണ്ട്. ഉള്ളി ഉദ്ദേശിച്ചു കൊണ്ടായിരുന്നു തിരുനബിﷺ അത് പറഞ്ഞത്.
    തിരുനബിﷺ എപ്പോഴും ഒരു സുഗന്ധ പരിസരം പരിപാലിച്ചിരുന്നു. തങ്ങളുടെ ഭാഗത്തുനിന്ന് അല്പമെങ്കിലും അനിഷ്ടകരമായ ഒരു ബന്ധമോ സമീപനമോ ഉണ്ടാകരുത് എന്ന കണിശത അവിടുന്ന് പാലിച്ചിരുന്നു. ഉള്ളി അനുവദിക്കപ്പെട്ട ഭക്ഷണമാണെങ്കിലും അതിന്റെ ഗന്ധം ഉണ്ടാവാത്ത വിധം പാചകം ചെയ്ത് മാത്രമേ അവിടുന്ന് കഴിച്ചിരുന്നുള്ളൂ. ഏതെങ്കിലും വിധത്തിൽ അതിന്റെ ഗന്ധം മറ്റുള്ളവരെ പ്രയാസപ്പെടുത്തുമെന്ന് കണ്ടാൽ തിരുനബിﷺ അത് ഭക്ഷിച്ചിരുന്നില്ല. ഉള്ളി അടിസ്ഥാനപരമായി നിഷിദ്ധമായതുകൊണ്ടല്ല, മറിച്ച് തിരുനബിﷺയിൽ നിന്ന് മറ്റുള്ളവർക്ക് എന്തെങ്കിലും പ്രയാസകരമായത് ഉണ്ടാകാതിരിക്കാൻ വേണ്ടിയായിരുന്നു.
    ഒരിക്കൽ തിരുനബിﷺയുടെ മുമ്പിൽ ഒരു പാത്രത്തിൽ ഉള്ളി കൊണ്ടുവന്നു വച്ചു. അതിന്റെ ഗന്ധം വന്നപ്പോൾ തിരുനബിﷺ ആ പാത്രത്തിൽ നിന്ന് കൈ പിന്നോട്ട് വലിച്ചു. ഒപ്പമിരുന്ന മുആദും(റ) കൈ പിന്നോട്ടു വലിച്ചു. ഇത് കണ്ട് ഒപ്പമുണ്ടായിരുന്നു എല്ലാവരും തളികയിൽ നിന്ന് കൈയെടുത്ത് മാറ്റി. നബിﷺ ചോദിച്ചു. എന്തേ നിങ്ങളെല്ലാവരും തളികയിൽ നിന്ന് കൈ പിൻവലിച്ചത്? അവർ പറഞ്ഞു. അവിടുന്ന് കഴിക്കാത്തത് കൊണ്ട് ഞങ്ങളും കഴിക്കാതിരിക്കുകയാണ്. ഉടനെ തിരുനബിﷺ ഇങ്ങനെ പ്രതികരിച്ചു. അല്ലാഹുവിന്റെ നാമത്തിൽ നിങ്ങൾ കഴിച്ചോളൂ. നിങ്ങൾ അഭിമുഖീകരിക്കാത്ത വരെ ഞാൻ അഭിമുഖീകരിക്കുന്നുണ്ട്. അവർക്ക് പ്രയാസമാകാതിരിക്കാനാണ് ഞാൻ കഴിക്കാത്തത്. അഥവാ മലക്കുകളുമായി സംഭാഷണം നടത്തുന്ന എനിക്ക് ഈ ഗന്ധം അത്ര ഉചിതമായി തോന്നാത്തത് കൊണ്ടാണ്. നിങ്ങൾ കഴിച്ചു കൊള്ളൂ.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...