Tweet 807

    Tweet 807
    August 29, 2024 • Thursday
    Post Header

    ഇമാം അഹ്മദും(റ) ഇബ്നു മാജ(റ)യും നിവേദനം ചെയ്യുന്നു. അനസ്(റ) പറയുന്നു. എന്നെ എന്റെ ഉമ്മ ഒരുപാത്രം ഈത്തപ്പഴവുമായി തിരുനബിﷺയുടെ അടുക്കലേക്ക് പറഞ്ഞുവിട്ടു. അതിൽ നിന്ന് ഒരു പിടിയെടുത്ത് അവിടുത്തെ പത്നിമാർക്ക് കൊടുത്തു. ബാക്കിയുള്ളത് തിരുനബിﷺ വളരെ താൽപര്യപൂർവം കഴിച്ചു.
    സൽ‍മ ബിൻത് ഖൈസ് അൽ അൻസ്വാരിയ്യ(റ) എന്നവരിൽ നിന്ന് ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. ഒരിക്കൽ അലി(റ)യോടൊപ്പം തിരുനബിﷺ എന്റെ അടുക്കലേക്ക് വന്നു. അലിﷺ ആ ഇടയ്ക്ക് രോഗത്തിൽ നിന്നും മുക്തനായിട്ടേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങളുടെ വീട്ടിൽ ഉണക്കാൻ വേണ്ടി കെട്ടിത്തൂക്കിയ ഈത്തപ്പഴ കുലകളുണ്ടായിരുന്നു. തിരുനബിﷺ എഴുന്നേറ്റുപോയി അതിൽ നിന്ന് കാരക്കകൾ കഴിച്ചു. അലി(റ)യും അതിൽ നിന്ന് കാരക്കകൾ കഴിക്കാൻ തുടങ്ങി.
    ദീർഘമായ ഒരു ഹദീസിന്റെ പ്രാഥമിക ഭാഗമാണ് ഇവിടെ വായിച്ചത്. തുടർന്ന് അലി(റ)ക്ക് ആരോഗ്യപരമായ നിർദ്ദേശം നൽകിയതും രോഗാവസ്ഥയിൽ കഴിക്കാൻ പറ്റുന്ന ഭക്ഷണം വന്നപ്പോൾ അത് കഴിക്കാൻ പ്രേരിപ്പിച്ചതും ഹദീസിന്റെ തുടർച്ചയിലുണ്ട്.
    അനസി(റ)ൽ നിന്ന് ഇബ്നു സഅദ്(റ) ഉദ്ദരിക്കുന്നു. ഒരിക്കൽ തിരുനബിﷺക്ക് ഒരു പാത്രം ഈത്തപ്പഴം സമ്മാനമായി ലഭിച്ചു. മുട്ടിൽ നിന്നുകൊണ്ടുതന്നെ തിരുനബിﷺ അതിൽ നിന്ന് ഓരോ പിടിയെടുത്ത് എന്നെ ഏൽപ്പിച്ചു. അത് ഭാര്യമാരുടെ അടുക്കലേക്ക് കൊടുത്തയക്കുകയും ചെയ്തു. ശേഷം അതിൽ നിന്ന് തിരുനബിﷺയും കഴിച്ചു. താല്പര്യപൂർവമാണ് അവിടുന്ന് കഴിക്കുന്നത് എന്ന് കണ്ടാൽ മനസ്സിലാകുമായിരുന്നു. ഇടതു കൈകൊണ്ട് അതിലെ കുരുകൾ എടുത്ത് ഒഴിവാക്കുന്നുണ്ടായിരുന്നു. അപ്പോഴതാ അടുത്തുകൂടി ഒരു വളർത്തുമൃഗം കടന്നുപോയി. അതിനും ഒരു ഈത്തപ്പഴം കൊടുക്കുകയും അതും കഴിക്കുകയും ചെയ്തു.
    ആഇശ(റ)യിൽ നിന്ന് അബുദാവൂദും(റ) തിർമിദി(റ)യും ഉദ്ദരിക്കുന്നു. തണ്ണിമത്തനും ഈത്തപ്പഴവും ചേർത്തു തിരുനബിﷺ കഴിക്കുമായിരുന്നു. എന്നിട്ട് ഇങ്ങനെ പറയും ഇതാ ഇതിന്റെ ചൂടിനെ ഇതിന്റെ തണുപ്പ് ഇല്ലായ്മ ചെയ്തിരിക്കുന്നു. അഥവാ ഈത്തപ്പഴം ചൂടുള്ള ഭക്ഷണവും തണ്ണിമത്തൻ തണുപ്പ് നൽകുന്ന ഭക്ഷണവുമാണ്. തിരുനബിﷺ ഈത്തപ്പഴവും തണ്ണിമത്തനും ഒരുമിച്ച് കഴിച്ച മറ്റൊരു നിവേദനം സഹൽ ബിൻ സഅദി(റ)ൽ നിന്ന് ഇമാം ഇബ്നുമാജ(റ)യും ഉദ്ദരിച്ചിട്ടുണ്ട്. ജാബിറി(റ)ൽ നിന്ന് ഇമാം അഹ്മദ്(റ) ഉദ്ദരിക്കുന്നു. തിരുനബിﷺ ഒരിക്കൽ സ്വഹാബികളുടെ അടുക്കൽ വച്ച് ഈത്തപ്പഴം കഴിച്ചു വെള്ളവും കുടിച്ചു. എന്നിട്ട് ഇങ്ങനെ പറഞ്ഞു. നാളെ അല്ലാഹുവിന്റെ ചോദിക്കപ്പെടുന്ന അനുഗ്രഹങ്ങളിൽ പെട്ടതാണിത്.
    നാം അനുഭവിക്കുന്ന ഏതു ചെറിയ സന്തോഷങ്ങളും അല്ലാഹുവിന്റെ അനുഗ്രഹമാണെന്നും അല്ലാഹു നമുക്ക് നൽകുന്ന ഓരോന്നിനും നാളെ കണക്ക് പറയേണ്ടി വരുമെന്നും ഉചിതമായ എല്ലാ സന്ദർഭങ്ങളിലും തിരുനബിﷺ ഉൽബോധിപ്പിക്കുമായിരുന്നു. എന്റെ സ്വത്തുകൊണ്ട് ഞാൻ എന്തും ചെയ്യും എന്ന വിചാരം അനുഗ്രഹങ്ങളുടെ സ്രോതസ്സുകളെ കുറിച്ച് അറിയുന്നവർക്ക് ഉണ്ടാവുകയില്ല. എല്ലാം നൽകുന്നവൻ അല്ലാഹുവാണെന്നും അവനോട് നമുക്ക് കടപ്പാടുണ്ടെന്നും ബോധ്യമുള്ളവരാണ് സത്യവിശ്വാസികൾ. ഈയൊരു അടിത്തറയിൽ നിന്നുകൊണ്ടാണ് ലോകത്തെ എല്ലാ അനുഗ്രഹങ്ങളെയും സമീപിക്കേണ്ടത്.
    തിരുനബിﷺക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഭവമായിരുന്നു തണ്ണിമത്തനും കാരക്കയും ചേർത്ത് കഴിക്കുന്നത് എന്ന് അബൂഹുറൈറ(റ) പറഞ്ഞ നിവേദനം ഇമാം ബുർഖാനി(റ) ഉദ്ദരിച്ചിട്ടുണ്ട്.
    ഇമാം നസാഇ(റ)യും അഹ്മദും(റ) നിവേദനം ചെയ്യുന്നു. അനസ്(റ) പറഞ്ഞു. ഖുർബുസും ഈത്തപ്പഴവും ഒരുമിച്ച് തിരുനബിﷺ കഴിക്കുന്നത് ഞാൻ കണ്ടു. എന്നിട്ട് പറഞ്ഞു ഇതിന്റെ ചൂടിനെ ഇതിന്റെ തണുപ്പ് നീക്കം ചെയ്യുന്നു. ഏകദേശം ശമ്മാമിനോട് സാദൃശ്യമുള്ള ഒരു ഫലമാണ് ഖുർബൂസ്.
    മനുഷ്യ ശരീരത്തിന്റെ താപനില വർദ്ധിപ്പിക്കുന്ന ഭക്ഷണം കഴിക്കുമ്പോൾ തണുപ്പ് നൽകുന്ന ഭക്ഷണം കൂടി ചേർത്ത് കഴിക്കുകയും അതുവഴി ബാലൻസ് ലഭിക്കുമെന്ന് പഠിപ്പിക്കുകയും ചെയ്യുകയാണ് ഇത്തരം ഉദാഹരണങ്ങൾ. ആന്തരികമായി ചൂടു വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങളും ഫലങ്ങളും കഴിക്കുമ്പോൾ ചില രോഗങ്ങളുണ്ടാവാനും ഉള്ളത് അധികരിക്കാനും സാധ്യതയുണ്ട്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...