Tweet 800

    Tweet 800
    August 22, 2024 • Thursday
    Post Header

    ഹൈസിൽ നിന്നും റൊട്ടിയിൽ നിന്നുമുള്ള സരീദ് തിരുനബിﷺക്ക് വളരെ പ്രിയപ്പെട്ട ഭക്ഷണമായിരുന്നു. തിരുനബിﷺയോടൊപ്പം ജാബിർ(റ) ഉണ്ടായിരുന്ന സമയത്ത് സരീദ് ലഭിച്ചതും അതിന്റെ പാർശ്വങ്ങളിൽ നിന്ന് കഴിച്ചുകൊള്ളാൻ തിരുനബിﷺ നിർദേശിച്ചതും ഇബ്നു അബ്ബാസി(റ)ൽ നിന്ന് ഇമാം ബഗവി(റ) ഉദ്ധരിച്ചിട്ടുണ്ട്.
    സൈദ് ബിൻ സാബിത്(റ) പറയുന്നു. തിരുനബിﷺ മദീനയിലേക്ക് വന്നതിനുശേഷം അവിടുത്തെ ഭവനത്തിലേക്ക് ആദ്യമായി ഒരു സമ്മാനവുമായി എത്തിയത് ഞാനാണ്. റൊട്ടിയും നെയ്യും ചേർത്തുണ്ടാക്കിയ സരീദ് പലഹാരം നിറച്ച ഒരു പാത്രമായിരുന്നു. എന്റെ ഉമ്മ നൽകിയതാണെന്ന് പറഞ്ഞു അവിടുത്തെ സന്നിധിയിൽ വെച്ചു. ഒപ്പമുണ്ടായിരുന്ന സ്വഹാബികളെയും കൂട്ടി തിരുനബിﷺ അത് ഭക്ഷിച്ചു. എനിക്കും എന്റെ മാതാവിനും വേണ്ടി പ്രത്യേകം അവിടുന്ന് പ്രാർഥിക്കുകയും ചെയ്തു.
    വാസിലത് ബിൻ അസ്‌ഖഅ്(റ) പറയുന്നു. ഞാൻ അഹ്‌ലുസ്സുഫ്ഫയിൽ പെട്ട ആളായിരുന്നു. ഒരു ദിവസം ഒരു റൊട്ടിക്കഷ്ണം കൊണ്ടുവരാൻ അവിടുന്ന് എന്നോട് ആവശ്യപ്പെട്ടു. അതൊരു പാത്രത്തിൽ പൊടിച്ചിട്ട് ചൂട് വെള്ളമൊഴിച്ചു. ശേഷം, നെയ്യും ചേർത്തു കുഴച്ചു മയപ്പെടുത്തി കൂന പോലെയാക്കി. എന്നിട്ട് വാസില(റ)യോട് പറഞ്ഞു. നിങ്ങൾ അടക്കം പത്താളുകൾ വരൂ. പറഞ്ഞത് പ്രകാരം ഞാൻ കൂട്ടുകാരെയും കൂട്ടി വന്നു.
    തബൂഖിലെ നസാറാക്കൾ ഉണ്ടാക്കിയ പാൽക്കട്ടി തിരുനബിﷺക്ക് സമ്മാനമായി ലഭിച്ചു. ഇത് അഗ്നി ആരാധകർ ഉണ്ടാക്കുന്ന ഭക്ഷണമാണല്ലോ എന്ന് പറഞ്ഞിട്ട് തിരുനബിﷺ കത്തി വാങ്ങി അല്ലാഹുവിന്റെ നാമം ചൊല്ലി മുറിച്ചു. ഇബ്നു ഉമറി(റ)ൽ നിന്ന് അബുദാവൂദും(റ) മറ്റും ഈ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
    അബ്ദുല്ലാഹിബ്നു അബ്ബാസി(റ)ൽ നിന്ന് ഇമാം ത്വയാലിസി(റ) ഇപ്രകാരം റിപ്പോർട്ട് ചെയ്തത് കാണാം. മക്കാ വിജയത്തിന്റെ ദിവസം തിരുനബിﷺ പാൽക്കട്ടി കണ്ടപ്പോൾ ചോദിച്ചു. ഇതെന്താണ്? അനറബ് ദേശത്തെ ആളുകൾ ഉണ്ടാക്കുന്ന ഭക്ഷണമാണെന്ന് മറുപടി നൽകി. കത്തിയെടുത്ത് ബിസ്മി ചൊല്ലി മുറിച്ച് കഴിച്ചുകൊള്ളാൻ തിരുനബിﷺ പറഞ്ഞു.
    ഉത്ബാൻ ബിൻ മാലിക്കി(റ)ൽ നിന്ന് ഇമാം ബുഖാരി(റ)യും ബാർഖാനി(റ)യും ഉദ്ദരിക്കുന്നു. അദ്ദേഹം പറയുന്നു. എന്റെ കാഴ്ച കുറഞ്ഞു. നാട്ടിലുണ്ടായ ഒരു പ്രളയത്തെ തുടർന്ന് പള്ളിയിലേക്കുള്ള വഴി തടസ്സമാവുകയും ചെയ്തു. ഇനി എല്ലാ നേരവും ജമാഅത്തിന് പള്ളിയിൽ എത്തൽ എനിക്ക് പ്രയാസമായി. ഞാൻ തിരുനബിﷺയുടെ അടുക്കൽ ചെന്നു പറഞ്ഞു. അവിടുന്ന് എന്റെ വീട്ടിലേക്ക് വന്നു എനിക്കുവേണ്ടി പ്രത്യേകമായ ഒരു മുസ്വല്ലയിൽ നിസ്കരിച്ചു തന്നാൽ പള്ളിയിൽ വരാൻ തടസ്സമുള്ള എനിക്ക് ആ സ്ഥലത്തു നിസ്കരിക്കാമായിരുന്നു. നബിﷺ അത് നിർവഹിച്ചു തരാമെന്ന് സമ്മതിച്ചു. നേരം വെളുത്ത് കുറച്ചു കഴിഞ്ഞപ്പോൾ നബിﷺയും സിദ്ദീഖും(റ) വീട്ടിലേക്ക് വന്നു. വീട്ടിലേക്ക് കടക്കാൻ സമ്മതം ചോദിക്കുകയും ഞാൻ സമ്മതം നൽകുകയും ചെയ്തു. എവിടെയെങ്കിലും ഒന്ന് ഇരിക്കുന്നതിന് മുമ്പ് തിരുനബിﷺ ചോദിച്ചു. ഞാൻ ഇവിടെ എവിടെയാണ് നിങ്ങൾക്ക് വേണ്ടി നിസ്കരിച്ചു തരേണ്ടത്. ഞാൻ മുസ്വല്ല ആക്കാൻ ഉദ്ദേശിച്ച സ്ഥലം കാണിച്ചുകൊടുത്തു. തിരുനബിﷺ ആ സ്ഥലത്തേക്ക് നീങ്ങി നിന്ന് നിസ്കാരം ആരംഭിച്ചു. ഞങ്ങൾ പിന്നിൽ അണിനിരന്നു. നിസ്കാരം നിർവഹിച്ച ശേഷം അവിടുത്തേക്ക് വേണ്ടി ‘ഖസീറ’ എന്ന പലഹാരം പാചകം ചെയ്തു കൊടുത്തു. അത് കഴിച്ചിട്ടേ പോകാവൂ എന്ന് നബിﷺയോട് ആവശ്യപ്പെട്ടു. മാംസം ചെറിയ കഷ്ണങ്ങളായി കൊത്തിയരിഞ്ഞ് നല്ല വെള്ളവും ഉപ്പും ചേർത്ത് പാചകം ചെയ്യും. നല്ലതുപോലെ തിളച്ചു കഴിയുമ്പോൾ അതിൽ ധാന്യ പൊടിയിട്ട് ഇളക്കും. കുഴച്ചു പാകമാക്കിയ ശേഷം കറിയും കൂട്ടി ഭക്ഷിക്കും. ഇതായിരുന്നു ‘ഖസീറ’.
    വിഭവങ്ങളും സദ്യകളും വിളമ്പിയവരും ഒപ്പം കഴിച്ചവരും അതിന്റെ പരിസരങ്ങളിലുണ്ടായ സംഭവങ്ങളുമെല്ലാം ചേർത്തുവച്ചുകൊണ്ട് ഒരു വ്യക്തിയെ വായിച്ചു കൊണ്ടിരിക്കുക. എത്ര കൗതുകകരമായ ഒരു അധ്യായമാണിത്! ചരിത്രത്തിൽ എത്ര ആളുകളെ കുറിച്ച് ഇങ്ങനെയൊക്കെ പറയാനുണ്ടാകും! അല്ല, വേറെ ആരെക്കുറിച്ച് ഇങ്ങനെയുണ്ടാകും! ഇല്ല, പുണ്യ നബിﷺയുടെ ചരിത്രത്തിനു മാത്രമേ ഇത്തരം അധ്യായങ്ങളുള്ളൂ.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...