
തിരുനബിﷺയുടെ സംസാരത്തോട് ചേർന്ന് നിൽക്കുന്ന ചില രംഗങ്ങളെ കുറിച്ച് കൂടി നമുക്ക് വായിച്ചു പോകാം. ഹിന്ദ്ബിൻ അബീ ഹാല(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ ആംഗ്യം കാണിക്കുമ്പോൾ മുൻകൈ മുഴുവനും ഉപയോഗിച്ചുകൊണ്ടാണ് ആംഗ്യം കാണിക്കുക. സാധാരണ വർത്തമാനത്തിൽ കൈകൾ ചേർത്തുവയ്ക്കുകയും ആശ്ചര്യം പ്രകടിപ്പിക്കാൻ വേണ്ടി കൈമലർത്തി കാണിക്കുകയും ചെയ്യും. വലതു കൈവെള്ളയിൽ ഇടത്തെ തള്ളവിരലിന്റെ ഉൾഭാഗം ചേർത്തുവച്ചുകൊണ്ട് ആംഗ്യം കാണിക്കും. അത്ഭുതം പ്രകടിപ്പിക്കാനോ ഉഷാറായി എന്ന് അറിയിക്കാനുമായിരിക്കും ഇത്തരം ആംഗ്യങ്ങൾ.
അത്ഭുതം പ്രകടിപ്പിക്കേണ്ട സന്ദർഭങ്ങളിൽ അല്ലാഹുവിന്റെ മഹത്വത്തെ വാഴ്ത്തുന്ന സുബ്ഹാനല്ലാഹ് എന്ന വാചകം പ്രയോഗിക്കും. മഹതി ഉമ്മു സലമ(റ) നിവേദനം ചെയ്യുന്നു. ഒരു ദിവസം പ്രവാചകൻﷺ പെട്ടെന്നുണർന്നു. എന്നിട്ട് ഇങ്ങനെ പറഞ്ഞു. സുബ്ഹാനല്ലാഹ്! എന്തെല്ലാം നിധികളാണ് അവതരിപ്പിക്കപ്പെടുന്നത്! ഏതെല്ലാം നാശങ്ങളാണ് വരാനിരിക്കുന്നത്! ആരാണ് എന്റെ വീട്ടുകാരെ ഉണർത്തി നിസ്കരിക്കാൻ സൗകര്യമൊരുക്കുന്നത്? ഈ ലോകത്ത് വസ്ത്രമണിഞ്ഞ എത്രയാളുകൾ നാളെ പരലോകത്ത് നഗ്നരായിരിക്കും!
സംസാരത്തിനിടയിൽ അവിടുത്തെ കൈവശമുണ്ടാകുന്ന വടികൊണ്ട് നിലത്തു വരക്കുകയും സംഭാഷണത്തിന്റെ ഗൗരവത്തിനനുസരിച്ച് വെള്ളത്തിലോ നിലത്തോ ഒക്കെ അടിക്കാറുമുണ്ടായിരുന്നു. സംഭാഷണത്തിന്റെ ഉള്ളടക്കത്തിലേക്ക് സൂചിപ്പിച്ചുകൊണ്ട് തിരുകരങ്ങൾ കൊണ്ട് തന്നെ നിലത്തു തടകുന്ന സന്ദർഭങ്ങളുമുണ്ടായിരുന്നു. ഞാനും അന്ത്യനാളും ഇപ്രകാരമാണ് നിയോഗിക്കപ്പെട്ടത് എന്ന് പറഞ്ഞപ്പോൾ ചൂണ്ടുവിരലും നടുവിരലും ചേർത്തുവച്ചുകൊണ്ടാണ് സംസാരിച്ചത്. വിശ്വാസികൾ പരസ്പരം ഒരു കെട്ടിടം പോലെ ചേർന്ന് നിൽക്കേണ്ടതാണെന്ന് പറഞ്ഞപ്പോൾ കൈവിരലുകൾ കോർത്തു ചേർത്തുവച്ചുകൊണ്ടാണ് ആശയവിനിമയം നടത്തിയത്. രണ്ട് കൈയിലെ വിരലുകളും ചേർത്തുവച്ച് അതിന്മേൽ ശിരസ്സും അടച്ചുപൂട്ടി ആലോചനയോടെ ഇരിക്കുന്ന രംഗവും സ്വഹാബികൾക്ക് കാണാനിടയായിട്ടുണ്ട്. യോജിക്കുന്നതിന്റെയും ചേർന്നു നിൽക്കുന്നതിന്റെയും പ്രാധാന്യം ഉൾക്കൊള്ളുന്ന പരാമർശങ്ങൾ നടത്തുമ്പോൾ കൈവിരലുകൾ കോർത്തുവെച്ച് സംസാരിച്ച രംഗങ്ങൾ നിരവധി നിവേദനങ്ങളിൽ കാണാം.
ഒരു നേതാവിനെ അനുയായികൾ എത്രമേൽ ചേർന്നുനിന്നുകൊണ്ട് പകർത്തി എന്നതിന്റെ തുല്യതയില്ലാത്ത ഉദാഹരണമാണ് തിരുനബിﷺയെ കുറിച്ചുള്ള വായനകൾ. ചിത്രങ്ങളും മറ്റും വ്യാപകമായ കാലത്ത് പോലും ഒരു നേതാവും ഇത്രമേൽ വായിക്കപ്പെടുകയോ പകർത്തപ്പെടുകയോ ചെയ്യുന്നില്ല. ഒരു നേതാവിനെ കുറിച്ചും ഇത്രമേൽ ലോകത്തിന് അറിയേണ്ടതും അറിയിക്കേണ്ടതുമില്ല. ചലച്ചിത്രങ്ങളോ ത്രിമാന ചിത്രങ്ങളോ ഒന്നുമില്ലാത്ത ഒരു കാലത്ത് ഹൃദയത്തിലേക്കും ജീവിതത്തിലേക്കും പകർത്തിയെടുത്ത നബി ജീവിതം നിരന്തരമായി വായിക്കപ്പെടുകയും ഓർമ്മിക്കപ്പെടുകയും അനുകരിക്കപ്പെടുകയും ചെയ്യുന്നു.
ഇത്രമേൽ അത്ഭുതകരമായ ഒരു വ്യക്തി ജീവിതത്തെ എങ്ങനെയാണ് ആവിഷ്കരിക്കുക! ഇതിനേക്കാൾ കൂടുതൽ ഞങ്ങൾക്ക് ഞങ്ങളുടെ നേതാവിനെ കുറിച്ച് പറയാനുണ്ട് എന്ന് ആർക്ക് ആരെക്കുറിച്ചാണ് പറയാനുള്ളത്! എക്കാലത്തും പുതുമയോടെ ഓർമിക്കപ്പെടുകയും നിലനിൽക്കുകയും ചെയ്യേണ്ട ഒരു നേതാവിനെ കാലവും ലോകവും വരി തെറ്റാതെ കാത്തു വച്ചിരിക്കുന്നു എന്നതാണ് ഈ വായനകളുടെ മുഴുവനും ആത്മാവ്. പ്രവാചകൻﷺ കൊണ്ടുവന്നതെന്തോ അതാണ് ഇസ്ലാം എന്ന മുസ്ലിംകളുടെ അടിസ്ഥാന വിശ്വാസവും വീക്ഷണവും ശരിയാകാത്ത ഒരുകാലവും ഉണ്ടാവില്ല. അക്രൈസ്തവനായ യേശു എന്ന പ്രയോഗത്തിലൂന്നി, അമുസ്ലിമായ മുഹമ്മദിﷺനെ അന്വേഷിക്കണം എന്ന് പ്രയോഗിക്കുന്നവർ നബി ജീവിതത്തെ വായിച്ചിട്ടേയില്ല. തീർച്ചയായും അവർ നബി ജീവിതത്തെ വായിച്ചിട്ടേയില്ല…!
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
