
മഹാനായ സ്വഹാബി സഫീന(റ) പറയുന്നു. ഒരിക്കൽ ഒപ്പമുള്ള ആളുകൾക്ക് അവരുടെ ചരക്കുകൾ ഒരു ഭാരമായി. അപ്പോൾ നബിﷺ എന്നോട് പറഞ്ഞു. നിങ്ങളുടെ മേൽ വസ്ത്രം ഒന്നു വിരിച്ചു വെക്കൂ. എല്ലാവരും അവരുടെ ചരക്കുകൾ അതിൽ നിക്ഷേപിച്ചു. നിങ്ങൾ ഏതായാലും സഫീന അഥവാ കപ്പലാണല്ലോ ഇത് വഹിച്ചാലും. അന്നുമുതൽ ഏഴ് ഒട്ടകത്തിന്റെ വരെ ഞാൻ വഹിച്ചാലും എനിക്ക് ഭാരം അനുഭവപ്പെടില്ലായിരുന്നു.
തമാശയും അനുഗ്രഹവും നിറഞ്ഞ ഒരു നിവേദനമാണിത്. പേരിനോട് ചേർത്തുള്ള ഫലിതം നബിﷺ കൂട്ടുകാരനോട് പറയുന്നു. പ്രവാചകരുടെ വാക്കിന്റെ പുലർച്ചയെന്നോണം അത് അദ്ദേഹത്തിന് സാധിക്കുകയും ചെയ്യുന്നു. ഞാൻ തമാശ പറഞ്ഞാലും അത് സത്യമായിരിക്കും എന്നതിന്റെ മറ്റൊരു പുലർച്ച കൂടിയാണിത്. മറ്റൊരു യാത്രയിലും കൂട്ടുകാരുടെ ആയുധങ്ങൾ അടക്കമുള്ള സാധനങ്ങൾ ഈ സ്വഹാബി തന്നെ വഹിക്കുകയും നിങ്ങൾ കപ്പലാണല്ലോ എന്ന് തിരുനബിﷺ പരിചയപ്പെടുത്തുകയും ചെയ്തത് ഇമാം അഹ്മദ്(റ) ഉദ്ധരിച്ച ഒരു നിവേദനത്തിൽ കാണാം.
അനസ്(റ) ഉദ്ധരിക്കുന്നു. ഒരിക്കൽ നബിﷺയെ കാണുമ്പോൾ അവിടുന്ന് നിസ്കരിക്കുകയായിരുന്നു. അവിടുത്തെ പുറത്ത് പേരക്കുട്ടി ഹസ്സൻ(റ) ഇരുന്നു കളിക്കുന്നുണ്ടായിരുന്നു. സുജൂദിലേക്ക് പോകുമ്പോൾ അരികത്തേക്ക് ഇരുത്തും. ശേഷം ഉയരുമ്പോൾ മകനെയും വഹിച്ചുകൊണ്ട് ഉയരും.
ഇബ്നു അബീ ലൈല(റ) നിവേദനം ചെയ്യുന്നു. ഒരിക്കൽ ഞങ്ങൾ തിരുനബിﷺയുടെ സദസ്സിൽ ഇരിക്കുമ്പോൾ പേരക്കുട്ടി ഹസ്സൻ(റ) അവിടേക്ക് വന്നു. നബിﷺയുടെ ശരീരത്ത് കെട്ടി മറിഞ്ഞു കളിച്ചു. അവിടുത്തെ കുപ്പായം ഉയർത്തി കൊടുത്തപ്പോൾ തിരുമേനിയിൽ ചുംബിച്ചു.
അബൂ ജഅ്ഫർ അൽ ഖത്മി(റ) പറയുന്നു. അബൂ അംറ അഥവാ അംറ യുടെ പിതാവ് എന്ന് വിളിക്കപ്പെടുന്ന ഒരാൾ നബിﷺയുടെ സദസ്സിലേക്ക് വന്നു. നബിﷺ അദ്ദേഹത്തെ അംറയുടെ മാതാവ് അഥവാ ഉമ്മു അംറ എന്ന് അഭിസംബോധന ചെയ്തു. ഞാനൊരു സ്ത്രീയാണെന്ന് അവിടുന്ന് വിചാരിച്ചു പോയോ എന്ന് ചോദിച്ചു കൊണ്ട് അദ്ദേഹത്തിന്റെ രഹസ്യഭാഗത്തിന് നേരെ അദ്ദേഹം ചൂണ്ടി. അപ്പോൾ നബിﷺ ഇങ്ങനെ പ്രതികരിച്ചു. ഞാനൊരു മനുഷ്യനാണല്ലോ നിങ്ങളെ ഒന്ന് തമാശയാക്കിയതാണ്.
ഇമ്രാന്റെ പിതാവ് ഹുസൈൻ(റ) എന്നവർ പറയുന്നു. ഒരിക്കൽ തിരുനബിﷺ മകൾ ഫാത്വിമ(റ)യുടെ വീടിനടുത്ത് നിൽക്കുകയായിരുന്നു. പേരമക്കളായ ഹസ്സൻ(റ), ഹുസൈൻ(റ) എന്നിവരിൽ നിന്നും ഒരാൾ അടുത്തേക്ക് വന്നു. നബിﷺ മകന്റെ ഒരു വിരലിൽ പിടിച്ചുയർത്തിക്കൊണ്ടു പറഞ്ഞു. ഇതാ ഉപ്പാന്റെ പുറത്തേക്കു കയറിക്കോളൂ, ഫാത്വിമാ(റ)ക്ക് സന്തോഷമുണ്ടാകട്ടെ. ആ മകനെ ഒരു ചുമലിൽ ഇരുത്തി. അല്പം കഴിഞ്ഞപ്പോൾ അടുത്ത ആളും വന്നു. ആദ്യത്തെ ആളെ ക്ഷണിച്ചത് പോലെ രണ്ടാമത്തെ ആളെയും ക്ഷണിച്ചു. അടുത്ത തോളിൽ ഇരുത്തി. രണ്ടുപേരുടെയും ചുമലുകൾ പിടിച്ച് തിരുനബിﷺയുടെ ചുണ്ടുകൾക്ക് നേരെ ചേർത്തു. എന്നിട്ട് ഇങ്ങനെ പറഞ്ഞു. അല്ലാഹുവേ ഇവർ രണ്ടുപേരെയും ഞാൻ ഇഷ്ടപ്പെടുന്നു. നീയും ഇവരെ ഇഷ്ടപ്പെടേണമേ.
നബി ജീവിതത്തിന്റെ രാപ്പകലുകളിൽ നിന്നും കൗതുകകരമായ ചില നിമിഷങ്ങളെയാണ് നാം പകർത്തി കൊണ്ടിരിക്കുന്നത്. തിരക്കുപിടിച്ച ദൗത്യ ജീവിതത്തിനിടയിലും അടുക്കളയിലും അരുമസന്താനങ്ങൾക്കൊപ്പവും വാത്സല്യത്തിന്റെയും സ്നേഹ രൂപങ്ങളുടെയും വിലാസങ്ങൾ എത്ര മനോഹരവും ഉജ്ജ്വലവുമായിട്ടാണ് നിറഞ്ഞുനിന്നിരുന്നത്. ഓമനിക്കാനും താലോലിക്കാനും, പേരക്കുട്ടികൾക്ക് പിതാമഹനെ വകവച്ചു കൊടുക്കാനുമൊക്കെ ആ ജീവിതത്തിൽ സമയമുണ്ടായിരുന്നു. ലോകങ്ങളുടെ ഒക്കെ നേതാവായിരിക്കുമ്പോഴും പേരക്കുട്ടിക്ക് കയറി കളിക്കാനുള്ള വാഹനമായി അവിടുന്ന് വിധേയപ്പെട്ടു കൊടുത്തു.
കാതങ്ങൾപ്പുറവും കാതോർക്കുവാൻ ആളുകൾ കാത്തിരുന്നപ്പോഴും കൗതുകത്തോടെ കൊച്ചു വർത്തമാനം പറയാൻ അവിടുത്തേക്ക് സമയമുണ്ടായിരുന്നു. പ്രിയപ്പെട്ട മകൾ ഫാത്വിമ(റ) ഉപ്പാ എന്ന് വിളിക്കുമ്പോൾ കാതോർക്കാൻ ഇപ്പുറത്ത് ആശ്വാസത്തിന്റെ പിതൃ സ്പന്ദനമുണ്ടായിരുന്നു. അനുയായികൾ ആനന്ദത്തോടെ തമാശ പറഞ്ഞിരിക്കുമ്പോൾ കൂടെ ചേർന്നിരിക്കാൻ ആ പാൽ പുഞ്ചിരിയുണ്ടായിരുന്നു. ചിലപ്പോൾ നാണം കൊണ്ട് ഇറങ്ങിപ്പോയ ആ കണ്ണുകൾ അനുയായികൾക്ക് ഔചിത്യ ബോധത്തിന്റെ അധ്യാപനമായി മിന്നി തെളിഞ്ഞു. ഇങ്ങനെ ഇങ്ങനെ ആ ജീവിതത്തെ നാം വായിച്ചു കൊണ്ടിരിക്കുകയാണ്…..
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
