
തിരുനബിﷺയുടെ ഫലിതങ്ങളിൽ നിന്ന് ചില ഭാഗങ്ങളാണ് നാം വായിച്ചത്. അതിനിടയിൽ തെളിഞ്ഞുവരുന്ന ചിത്രങ്ങളാണല്ലോ ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന നബിﷺ. അവിടുത്തെ ചിരിയെ കുറിച്ചുള്ള ചില വർത്തമാനങ്ങളാണ് ഇനി പറയുന്നത്. എല്ലാ അധ്യായത്തിനും ചില അടിസ്ഥാനങ്ങളുള്ളതുപോലെ ഈ അധ്യായത്തിലും ഒരു അടിസ്ഥാനമുണ്ട്. തിരുനബിﷺ ഒരിക്കലും ശബ്ദമുയർത്തി പൊട്ടിച്ചിരിച്ചിട്ടില്ല. അവിടുത്തെ ചിരിയുടെ ഭൂരിഭാഗവും തെളിഞ്ഞ പുഞ്ചിരിയായിരുന്നു. കൂടി വന്നാൽ വിടർന്നൊന്നു പുഞ്ചിരിക്കുകയോ തേറ്റപ്പല്ലുകൾ കാണുന്ന വിധം ഒന്നുകൂടി നിറഞ്ഞു ചിരിക്കുകയോ ചെയ്യും. ചിരിക്കുന്ന നേരത്തൊക്കെയും അവിടുത്തെ പല്ലുകളുടെ സൗന്ദര്യത്തിനപ്പുറം പല്ലുകൾക്കിടയിൽ നിന്ന് ഒരു വെളിച്ചം കാണാമായിരുന്നു. പവിഴങ്ങൾ നിരത്തി വച്ചത് പോലെയായിരുന്നു അവിടുത്തെ പല്ലുകൾ. നിരയൊത്തും പൽക്കോവകളിൽ നിന്നുള്ള വെളിച്ചം പരന്നും വർണ്ണിക്കാനാവാത്ത ഒരു സൗന്ദര്യമായിരുന്നു അവിടുത്തെ ചിരി. ചില നിവേദനങ്ങളിലൂടെ നമുക്ക് സഞ്ചരിക്കാം.
അബുദ്ദർദാഅ്(റ) എന്ന സ്വഹാബി സംസാരത്തിനിടയിൽ പലപ്പോഴും പുഞ്ചിരിക്കും. ഇതൊരു ബുദ്ധി ശൂന്യതയായി ആളുകൾ വായിക്കുമോ എന്ന സംശയം അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു. തിരുനബിﷺയുടെ സംഭാഷണത്തിനിടയിൽ അവിടുന്ന് പുഞ്ചിരിക്കാറുണ്ട്. അബ്ദുല്ലാഹി ബിൻ ഉത്ബത് ബിൻ മസ്‌ഊദ്(റ) പറഞ്ഞു. തിരുനബിﷺയുടെ ചിരി പുഞ്ചിരിയായിരുന്നു. അവിടുന്ന് തിരിഞ്ഞു നോക്കിയാൽ ശരീരം ഒന്നാകെ തിരിഞ്ഞു കൊണ്ടേ നോക്കുമായിരുന്നുള്ളൂ.
വിശുദ്ധ ഖുർആൻ യാസീൻ അധ്യായത്തിലെ 65 ആം സൂക്തം വിശദീകരിക്കുമ്പോൾ ചിരിക്കേണ്ട ഒരു സന്ദർഭമുണ്ടായി. പരലോകത്ത് ആളുകളുടെ വായകൾ മുദ്ര വെക്കപ്പെടുന്നതായിരുന്നു പ്രസ്തുത സൂക്തത്തിന്റെ ഉള്ളടക്കം. തിരുനബിﷺ അപ്പോൾ വിടർന്നൊന്ന് പുഞ്ചിരിച്ചു. അവിടുത്തെ തേറ്റപ്പല്ലുകൾ അപ്പോൾ കാണാമായിരുന്നു. അനസ് ബിൻ മാലിക്കാ(റ)ണ് ഈ അനുഭവം പങ്കുവെച്ചത്.
അബൂ ദർ അൽ ഗിഫാരി(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. സ്വർഗ്ഗത്തിലേക്ക് ആദ്യം പ്രവേശിക്കുന്നയാളെയും നരകത്തിൽ നിന്ന് അവസാനം പുറപ്പെടുന്ന ആളെയും എനിക്കറിയാം. അന്ത്യനാളിൽ അല്ലാഹു ഒരാളെ ഹാജരാക്കും. അയാൾ ചെയ്ത വൻകുറ്റങ്ങളെല്ലാം മറച്ചുവെച്ച് ചെറുപാപങ്ങളെല്ലാം കാണിച്ചുകൊടുക്കാൻ അല്ലാഹു കല്പിക്കും. ഓരോന്നും അയാൾക്ക് കാണിക്കുമ്പോഴും അയാളോട് ചോദിക്കും നീ ഈ തെറ്റ് ചെയ്തിരുന്നില്ലേ എന്ന്. ഓരോന്നും അയാൾ സമ്മതിക്കും. ഒടുവിൽ അല്ലാഹു പറയും. ഓരോ തിന്മകളും മാറ്റി നന്മയായി പരിഗണിക്കുക. അപ്പോൾ അയാൾ പറയും പറയപ്പെടാത്ത ഇനിയും കുറ്റങ്ങൾ എന്റെ ജീവിതത്തിൽ ഞാൻ ചെയ്തു പോയിട്ടുണ്ട്. ഇത്രയും പറഞ്ഞപ്പോഴേക്കും തേറ്റപ്പല്ലുകൾ തെളിഞ്ഞു കാണാവുന്നവിധം തിരുനബിﷺ വിടർന്നൊന്ന് പുഞ്ചിരിച്ചു.
നന്മയായി മാറ്റിമറിക്കുന്നുണ്ട് എന്ന് ബോധ്യമായപ്പോൾ വെളിപ്പെട്ട് പോകരുതേ എന്ന് ഇതുവരെ കരുതിയിരുന്ന കുറ്റങ്ങൾ കൂടി ഏറ്റുപറയുന്ന രംഗമാണ് നാം വായിച്ചത്. മറച്ചുവെക്കപ്പെട്ട വൻപാപങ്ങൾ കൂടി എടുത്തുപറയുകയും അതും കൂടി നന്മകളായി സ്ഥാപിച്ചുകിട്ടുകയും ചെയ്താൽ എന്ന അത്യാഗ്രഹമാണ് നബിﷺയെ ചിരിപ്പിച്ചത്. മനുഷ്യന്റെ അത്യാഗ്രഹവും അല്ലാഹുവിന്റെ മുമ്പിൽ സ്വാതന്ത്ര്യപൂർവ്വം കാര്യങ്ങൾ പറയാൻ അവൻ അനുവദിച്ചു കൊടുക്കുന്ന ഔദാര്യവുമെല്ലാം ആ ചിരിയിലുണ്ടായിരുന്നു.
ഏറ്റവും അനുയോജ്യമായ സന്ദർഭത്തിൽ ഒരുപാട് ആശയങ്ങൾ നിറച്ചു കൊണ്ടായിരുന്നു അവിടുത്തെ ശരീരഭാഷകൾ മുഴുവൻ. ചിരിയും അതുപോലെ തന്നെയായിരുന്നു.
ലോകത്ത് ഒരു നേതാവിന്റെയും ചിരിയെക്കുറിച്ച് ഇത്രമേൽ ആശയപൂർണ്ണമായ ഒരു വായനയും ചർച്ചയും ഉണ്ടാവാനിടയില്ല. ചിരിയും കരച്ചിലും മൗനവും ശബ്ദവും ഇത്രമേൽ ശ്രദ്ധിക്കപ്പെടുകയും രേഖപ്പെടുത്തപ്പെടുകയും ചെയ്ത നേതാവും ഉണ്ടാവില്ല. പിന്നെയല്ലേ..!
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
