
ഔൻ ബിൻ മാലിക്(റ) നിവേദനം ചെയ്യുന്നു. ഞാൻ ഒരു ദിവസം തിരുനബിﷺയുടെ സന്നിധിയിലേക്ക് വന്നു. അവിടുന്ന് ചോദിച്ചു. ആരാത്? ഞാൻ പറഞ്ഞു. ഔൻ ബിൻ മാലികാ(റ)ണ്. തിരുനബിﷺ പറഞ്ഞു. എന്നാൽ അകത്തേക്ക് പ്രവേശിച്ചോളൂ. അപ്പോൾ ഞാൻ ചോദിച്ചു. ഞാൻ മുഴുവനായിട്ടും അകത്തേക്ക് കടന്നോട്ടെ. അതെ, അങ്ങനെ തന്നെ ആയിക്കൊള്ളട്ടെ.
അബ്ദുല്ലാഹിബിന് ബിശ്ർ അൽമാസിനി(റ) പറയുന്നു. ഒരു കുല മുന്തിരിയും നൽകി എന്റെ ഉമ്മ എന്നെ നബിﷺയുടെ അടുത്തേക്കയച്ചു. അദ്ദേഹം അത് നബിﷺക്ക് എത്തിച്ചു കൊടുക്കാതെ സ്വന്തമായി തന്നെ കഴിച്ചു. പിന്നീട് ഒരിക്കൽ നബിﷺയെ കണ്ടപ്പോൾ ഉമ്മ അന്വേഷിച്ചു. മകൻ മുന്തിരി കൊണ്ടുവന്ന് തന്നിരുന്നില്ലേ എന്ന്. നബിﷺ പറഞ്ഞു. ഇല്ലല്ലോ! പിന്നീട് ഔനി(റ)നെ കാണുമ്പോഴൊക്കെ നബിﷺ തമാശപറയും. ചതിയാണ്… ചതിയാണ് എന്ന്.
സുപ്രസിദ്ധമായ ചില സംഭവങ്ങൾ കൂടി നമുക്ക് ചേർത്ത് വായിക്കാം. മഹതിയായ നബി പത്നി ആഇശ(റ) പറയുന്നു. ഞാൻ ഒരിക്കൽ തിരുനബിﷺക്കൊപ്പം യാത്ര തിരിച്ചു. അന്നെനിക്ക് അധികം വണ്ണമൊന്നുമുള്ള കാലമല്ല. യാത്രക്കിടയിൽ വെച്ച് നബിﷺ എന്നോട് പറഞ്ഞു. നമുക്കൊന്ന് ഓടി മത്സരിച്ചാലോ? അങ്ങനെ ഞങ്ങൾ മത്സരിച്ചതും ഞാൻ ആദ്യം ഓടി ലക്ഷ്യത്തിലെത്തി. നബിﷺയെ മുൻ കടന്നു ഓട്ടമത്സരത്തിൽ വിജയിച്ചു. അന്ന് നബിﷺ മൗനം ദീക്ഷിച്ചു. കുറച്ചുനാൾ കഴിഞ്ഞ് എനിക്ക് ശാരീരികമായി വണ്ണമൊക്കെ വച്ചു. അന്നൊരു യാത്രയിലും നബിﷺ ഓട്ടമത്സരത്തിന് അവസരമൊരുക്കി. അന്ന് നബിﷺ എന്നെ തോൽപ്പിച്ചു. ശേഷം, ചിരിച്ചുകൊണ്ട് നബിﷺ പറഞ്ഞു. അന്നത്തേതിനു പകരമാണ് ഇന്നത്തേത്. അഥവാ അന്ന് എന്നെ തോൽപ്പിച്ചതിന് പകരം ഇന്ന് നിങ്ങളെ ഞാൻ തോൽപ്പിച്ചിരിക്കുന്നു. ഞാൻ പഴയ സംഭവമൊക്കെ മറന്നിരുന്നു.
വീട്ടുകാരോടും അനുയായികളോടും എത്രമേൽ ഇഴുകിച്ചേർന്നു കൊണ്ടായിരുന്നു നബിﷺയുടെ ജീവിതം. അവരുടെ തമാശകളിൽ പങ്കുചേർന്നും അവർക്ക് തമാശകൾക്കവസരം നൽകിയും നബിﷺ ജീവിതത്തെ ആഘോഷമാക്കി. ഒരിക്കൽ സൗന്ദര്യവാനായ ഒരു സ്വഹാബിയോട് പറഞ്ഞു. നിങ്ങൾ യഥാർത്ഥത്തിൽ വർദ് തന്നെയാണ്. സൗന്ദര്യമുള്ളയാൾ എന്നതിനെ സൂചിപ്പിച്ചു പറയാവുന്ന വാക്കാണ്. അതോടൊപ്പം ആ സ്വഹാബിയുടെ പേരും അതുതന്നെയായിരുന്നു.
അനസ്(റ) പറയുന്നു. ഒരിക്കൽ ഒരു വൃദ്ധ തിരുനബിﷺയുടെ അടുക്കൽ വന്നു. അവർക്ക് പറയേണ്ടതൊക്കെ പറയുകയും തിരുനബിﷺ അവർക്ക് ആശ്വാസങ്ങൾ നേരുകയും ചെയ്തു. ഒടുവിൽ അവിടുന്ന് പറഞ്ഞു. വാർദ്ധക്യമുള്ളവർ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല. ഇതും പറഞ്ഞു നബിﷺ നിസ്കരിക്കാൻ പോയി. അത് കേട്ട വൃദ്ധ അവിടെ ഇരുന്ന് കരയാൻ തുടങ്ങി. നിസ്കാരം കഴിഞ്ഞു മടങ്ങി വന്നപ്പോൾ ആഇശ(റ) പറഞ്ഞു. അതാ അവിടുത്തെ വർത്തമാനം കേട്ട് വൃദ്ധയിരുന്ന് കരയുന്നു. തിരുനബിﷺയപ്പോൾ ചിരിച്ചുകൊണ്ട് അവരോട് പറഞ്ഞു. ഞാൻ പറഞ്ഞത് ശരിയാണ്. വൃദ്ധരായി ആരും സ്വർഗ്ഗത്തിൽ കടക്കുകയില്ല. ശേഷം, സൂറത്തുൽ വാഖിഅയിലെ ചില സൂക്തങ്ങൾ പാരായണം ചെയ്തു. ആശയം ഇങ്ങനെയാണ്.”അവര്‍ക്കുള്ള ഇണകള്‍ നാം പ്രത്യേക ശ്രദ്ധയോടെ സൃഷ്ടിച്ചവരാണ്. അവരെ നാം നിത്യ കന്യകകളാക്കിയിരിക്കുന്നു. ഒപ്പം സ്നേഹസമ്പന്നരും സമപ്രായക്കാരും.” എത്ര വൃദ്ധരായി മരണപ്പെട്ടു പോയാലും യുവത്വമുള്ളവരായിട്ടേ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കപ്പെടുകയുള്ളൂ എന്നാണ് പറഞ്ഞതിന്റെ താല്പര്യം എന്ന് പറഞ്ഞു നബിﷺ അവരെ ആശ്വസിപ്പിച്ചു.
എല്ലാതലത്തിലുമുള്ളവരോട് ഫലിതം പറയാനും ലളിതമായി പെരുമാറാനുമുള്ള തിരുനബിﷺയുടെ ജീവിത വിതാനങ്ങളെയാണ് ഓരോ നിവേദനങ്ങളും നമുക്ക് പറഞ്ഞു തന്നു കൊണ്ടിരിക്കുന്നത്. കുറേ സിദ്ധാന്തങ്ങൾ പറഞ്ഞ് അകലെ മാറി നിൽക്കുന്ന നേതാവായിരുന്നില്ല അവിടുന്ന്. ജീവിതങ്ങളോട് ചേർന്നു നിന്ന് ജീവിതത്തെ ആവിഷ്കരിക്കുകയായിരുന്നു. ഹൃദയങ്ങളോട് ചേർന്നു നിന്ന് ഹൃദയങ്ങളെ സ്വീകരിക്കുകയായിരുന്നു. മനുഷ്യരുടെ രാപ്പകലുകളോട് ഇഴ ചേർന്നു നിന്ന് വെളിച്ചം പകർന്നു കൊടുക്കുകയായിരുന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
