Tweet 748

    Tweet 748
    July 1, 2024 • Monday
    Post Header

    ബസറയിൽ നിന്ന് അഹ്‌നഫ് ബിൻ ഖൈസ് അടങ്ങുന്ന ഒരു സംഘം ഖലീഫ ഉമറി(റ)ന്റെ അടുക്കലേക്ക് വന്നു. ഖലീഫയുടെ കഠിനമായ ഭക്ഷണവും പഴകിയ വസ്ത്രങ്ങളും കണ്ട് അദ്ദേഹം അത്ഭുതപ്പെട്ടു. മകളും തിരുനബിﷺയുടെ പത്നിയുമായ ഹഫ്‌സ(റ)യെ അവർ വിഷയം അറിയിച്ചു. അവർ ഉമറി(റ)നോട് കാര്യങ്ങൾ പറഞ്ഞു. അപ്പോൾ അദ്ദേഹം മകളോട് ചോദിച്ചു. യവത്തിന്റെ റൊട്ടി കൊണ്ടു പോലും വയറു നിറയ്ക്കാതെ ഇരുപത് കൊല്ലം കഴിഞ്ഞു കൂടിയ തിരുനബിﷺയുടെ ജീവിതം പരിചയമില്ലേ! മൂന്നുദിവസം തുടർച്ചയായി അവിടുന്ന് ഭക്ഷണം കഴിച്ചത് ഓർമ്മയില്ലല്ലോ!
    തിരുനബിﷺയുടെ അരമനയിൽ കഴിഞ്ഞ പ്രിയപ്പെട്ട മകളുടെ ഇന്നലെകളെ ഓർമിപ്പിച്ചുകൊണ്ട് ഖലീഫ ഉമർ(റ) സംസാരിച്ചത് ഇങ്ങനെയായിരുന്നു. ഞാൻ എന്തുകൊണ്ട് ലളിതമായ ജീവിതം നയിക്കുന്നു എന്നതിനുത്തരം അവിടെയുണ്ട് എന്നായിരുന്നു വിശദീകരിച്ചത്.
    പ്രവാചക ശിഷ്യരിൽ പ്രമുഖനും ഏറ്റവും കൂടുതൽ ഹദീസ് നിവേദനം ചെയ്ത പണ്ഡിതനുമായ അബൂ ഹുറൈറ(റ)യുടെ ഒരു നിവേദനം ഇങ്ങനെയുണ്ട്. ഒരു ദിവസം ഞാൻ തിരുനബിﷺയുടെ സന്നിധിയിലേക്ക് ചെന്നു. അപ്പോൾ അവിടുന്ന് ഇരുന്നു നിസ്കരിക്കുകയായിരുന്നു. ഞാൻ ചോദിച്ചു. എന്താണ് അവിടുന്ന് ഇങ്ങനെ ഇരുന്നു നിസ്കരിക്കുന്നത്? വിശപ്പുകാരണമെന്നായിരുന്നു അവിടുത്തെ മറുപടി. അതുകേട്ടതും ഞാൻ കരഞ്ഞുപോയി. ഉടനെ അവിടുന്ന് പറഞ്ഞു. അല്ലയോ അബൂഹുറൈറാ(റ), കരയേണ്ടതില്ല. ഇവിടെ വിശക്കുന്നവർക്ക് നാളെ വിശക്കേണ്ടി വരില്ല. പരലോകത്ത് അല്ലാഹുവിന്റെ മുന്നിൽ വിചാരണ ചെയ്യപ്പെടുമ്പോൾ വിജയിക്കാനാകുമല്ലോ!
    മഹാനായ അബൂഹുറൈറ(റ)യുടെ നിവേദനത്തിൽ ഒരു സന്ദർഭം കൂടി ഇങ്ങനെ ഉദ്ധരിക്കുന്നത് കാണാം. ഒരിക്കൽ പ്രാരാബ്ദം നേരിടുന്ന ഒരാൾ തിരുനബി സന്നിധിയിലേക്ക് വന്നു. അദ്ദേഹത്തിന്റെ കഷ്ടപ്പാടുകൾ പറയുകയും ആവശ്യം ഉന്നയിക്കുകയും ചെയ്തു. തിരുനബിﷺ അപ്പോൾ അവിടുത്തെ ഭാര്യമാരുടെ അടുത്തേക്ക് ആളെ അയച്ചു. എന്തെങ്കിലും ഭക്ഷണസാധനങ്ങളുണ്ടെങ്കിൽ കൊടുത്തുവിടാൻ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു അത്. വീട്ടിൽ പച്ചവെള്ളം മാത്രമേ ഉള്ളൂ എന്ന മറുപടിയായിരുന്നു ഓരോ പത്നിമാരുടെയും വീട്ടിൽ നിന്ന് ലഭിച്ചത്. അപ്പോൾ പ്രവാചകൻﷺ അനുയായികളോട് ചോദിച്ചു. ആരാണ് ഇദ്ദേഹത്തെ ഇന്ന് സൽക്കരിക്കുക? ഞാൻ സൽക്കരിച്ചു കൊള്ളാമെന്നു പറഞ്ഞു ഒരു അൻസ്വാരി അദ്ദേഹത്തെ കൂട്ടി കൊണ്ടുപോയി. അദ്ദേഹം വീട്ടിലെത്തിയപ്പോൾ തന്റെ ഭാര്യയോട് ചോദിച്ചു. എന്നോടൊപ്പമുള്ള അതിഥിയെ സൽക്കരിക്കാൻ ഇവിടെ എന്തെങ്കിലും ഉണ്ടോ? നമ്മുടെ മക്കൾക്കുള്ള ഭക്ഷണം മാത്രമേയുള്ളൂ എന്നായിരുന്നു മറുപടി. തന്ത്രപൂർവം മക്കളെ ഉറക്കുകയും അതിഥിയെ സൽകരിക്കുകയും ചെയ്തു എന്നാണ് ഈ നിവേദനത്തിന്റെ തുടർച്ച.
    ഇമാം ജുറൈരി(റ) പറയുന്നു. ഇങ്ങനെയൊരു സംഭവം ഞാനറിഞ്ഞു. തിരുനബിﷺ അനുയായികൾക്കൊപ്പം ഇരിക്കുകയായിരുന്നു. ഇടയിൽ വെച്ച് അവിടുത്തെ വയർ ഒന്ന് തടകി. ഉടനെ സദസ്സിൽ ഉണ്ടായിരുന്ന ഒരാൾ ചോദിച്ചു. എന്റെ മാതാപിതാക്കളെ ഞാൻ അവിടത്തേക്ക് സമർപ്പിച്ചിരിക്കുന്നു. എന്താണ് അവിടത്തേക്ക് വയറ്റിൽ എന്തെങ്കിലും പ്രയാസമുണ്ടോ?
    രോഗമോ ബുദ്ധിമുട്ടുകളോ ഒന്നുമില്ല. വിശപ്പിന്റെ വിളിയാളം മാത്രമേ ഉള്ളൂ. മറുപടി കേട്ട് അദ്ദേഹം മദീനയിലെ തോട്ടങ്ങളിലേക്ക് പോയി. അതാ ഒരാൾ തോട്ടം നനച്ചു കൊണ്ടിരിക്കുന്നു. അദ്ദേഹത്തോട് പറഞ്ഞു. നിങ്ങളോടൊപ്പം ഞാനും തോട്ടം നനയ്ക്കാൻ കൂടാം. ഒരു ചുവട് നടക്കുന്നതിന് ഒരു കാരക്ക കൂലിയായി തന്നാൽ മതി. അദ്ദേഹം സമ്മതിച്ചു. അദ്ദേഹം അതിവേഗം കുറച്ച് ഈത്തപ്പന ചുവടുകൾ നനച്ചു. ശേഷം, തോട്ടക്കാരനോട് പറഞ്ഞു. എനിക്ക് തരാനുള്ള ഈത്തപ്പഴങ്ങൾ എണ്ണിത്തരൂ. അതിവേഗം കൂലിയും സ്വീകരിച്ചു അദ്ദേഹം തിരുനബിﷺയുടെ സന്നിധിയിലേക്ക് പോയി.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...