
നബി ജീവിതത്തിന്റെ ഒരു പൊതു ചിത്രം വിവിധ നിവേദനങ്ങളെ ക്രോഡീകരിച്ചുകൊണ്ട് നമുക്ക് ഇങ്ങനെ വായിക്കാം. മഹതിയായ ബീവി ആഇശ(റ) പറയുന്നു. ഒരു ദിവസം പോലും അടുപ്പ് പുകയാത്ത മാസങ്ങൾ ഞങ്ങൾക്ക് കഴിഞ്ഞു പോയിട്ടുണ്ട്. തുടർച്ചയായി മൂന്ന് ദിവസം നന്നായി ഭക്ഷണം കഴിച്ച അനുഭവമില്ല. രണ്ടുനേരം ഭക്ഷണം കിട്ടിയ ദിവസങ്ങൾ വളരെ കുറവാണ്. വെള്ളവും ഈത്തപ്പഴവും മാത്രം കഴിച്ച ദിവസങ്ങൾ ഏറെയുണ്ട്. അതുതന്നെയും തുടർച്ചയായോ നിരന്തരമായോ ലഭിച്ചിരുന്നില്ല.
ഒരു നേരം പോലും ഒലീവും റൊട്ടിയും വയറു നിറച്ച് ലഭിക്കുന്ന ഒരു കാലത്തല്ല തിരുനബിﷺ വിയോഗം തേടിയത്. അന്ന് പൊതുവേ ഈത്തപ്പഴവും വെള്ളവും മാത്രം കഴിക്കുന്ന കാലമായിരുന്നു. അതും വേണ്ടത്ര അളവിൽ അവിടുത്തേക്ക് ലഭിച്ചിരുന്നില്ല.
ചെരുപ്പ്, ഖമീസ്, ഉടുമുണ്ട് തുടങ്ങി വസ്ത്രം അനുബന്ധ വസ്തുക്കളിൽ രണ്ടു ജോഡികൾ ഒരുമിച്ച് ഒരിക്കലും തിരുനബിﷺയുടെ കൈവശമുണ്ടായിരുന്നില്ല. നബിﷺ വീട്ടിലുണ്ടെങ്കിൽ വെറുതെ ഇരിക്കുന്ന കാഴ്ച കാണാമായിരുന്നില്ല. ചെരുപ്പ് കുത്തുകയോ വസ്ത്രം തുന്നുകയോ ഗൃഹ ജോലികളിൽ പത്നിമാരെ സഹായിക്കുകയോ ചെയ്യുന്ന രീതിയായിരുന്നു അവിടുന്ന് സ്വീകരിച്ചത്.
ധാന്യ പൊടികൾ അരിച്ചെടുക്കാൻ അരിപ്പയുണ്ടായിരുന്ന കാലമല്ല അത്. ഉമിയും തവിടുമൊക്കെ ഒന്നുകൂടി മാത്രം പറത്തി ഒഴിവാക്കുകയും ശേഷം കിട്ടുന്ന പൊടികൊണ്ട് റൊട്ടി ഉണ്ടാക്കുകയുമായിരുന്നു പതിവ്. ധാന്യപ്പൊടികൾ അരിച്ചതിനുശേഷം ഉണ്ടാക്കിയ റൊട്ടി ഒരിക്കൽ പോലും പ്രവാചകൻﷺ കഴിച്ചിട്ടില്ലല്ലോ എന്ന് തിരു ജീവിതത്തിന്റെ ലാളിത്യമോർത്ത് സങ്കടപ്പെട്ട അനുചരന്മാരെ വായിക്കാൻ കഴിയും.
ഭക്ഷണപദാർത്ഥങ്ങൾ വേസ്റ്റാക്കുന്ന രീതിയേ ഉണ്ടായിരുന്നില്ല. സുപ്ര ഉയർത്തുമ്പോൾ റൊട്ടിക്കഷ്ണങ്ങളോ മറ്റു ഭക്ഷണപദാർത്ഥങ്ങളോ ഒഴിവാക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്തത് കാണാമായിരുന്നില്ല.
സമ്പന്നമായ ഒരു പിൽക്കാലത്ത് നിന്നുകൊണ്ട് അന്നത്തെ ഭരണാധികാരിയായിരുന്ന ഉമറുൽ ഫാറൂഖ്(റ) പറയുന്നുണ്ട്. നിങ്ങൾക്ക് ഇന്ന് സുലഭമായി ഭക്ഷണം ലഭിക്കുന്നുണ്ടല്ലോ. എന്റെ പ്രിയപ്പെട്ട പ്രവാചകന്ﷺ വയറുനിറയ്ക്കാൻ മതിയായ ഭക്ഷണങ്ങൾ കിട്ടിയിട്ടില്ല. ഏറ്റവും നിലവാരം കുറഞ്ഞ കാരയ്ക്ക പോലും തികച്ചു കഴിക്കാനുണ്ടായിരുന്നില്ല.
മൂന്നുദിവസം ഭക്ഷണം കിട്ടാതിരുന്നതിനു ശേഷം കിട്ടിയ റൊട്ടിക്കഷ്ണങ്ങളുടെ മധുരം അനുഭവിക്കുന്ന കാഴ്ചയും ആ ജീവിതത്തിൽ നിന്ന് വായിക്കാനുണ്ട്. അതും തൊട്ടുകൂട്ടാൻ ഒരു കറിയോ വിഭവമോ ഒപ്പമുണ്ടായിരുന്നില്ല. വെള്ളത്തിൽ നനച്ച് കറിയായി ഒപ്പം ചേർക്കാൻ വിനാഗിരി ഉണ്ടോ എന്ന് ചോദിച്ചു കൊണ്ടായിരുന്നു ആ സദ്യ മുന്നോട്ടുപോയത്.
വിഭവങ്ങൾ നിറഞ്ഞ ഭക്ഷണ തളിക കണ്ടപ്പോൾ ഭർത്താവ് കൂടിയായ തിരുനബിﷺയുടെ ജീവിത ലാളിത്യത്തെ ഓർത്തുകൊണ്ട് കരഞ്ഞ പ്രിയപ്പെട്ട ആഇശ(റ)യുടെ ചിത്രം ചരിത്രത്തിൽ നിന്ന് മാഞ്ഞു പോയിട്ടില്ല. അന്ന് അടർന്ന് വീണ ബാഷ്പകണങ്ങളെ എത്ര ഭാരത്തോടെയാണ് ചരിത്രം കരുതി വച്ചിരിക്കുന്നത്. അക്കാലത്ത് തിരുനബിﷺക്കൊപ്പം തളിക പങ്കിട്ടവർ പിൽക്കാലത്ത് സമൃദ്ധിയുടെ സുപ്രക്കടുത്തിരുന്നു കരയുന്ന ചിത്രവും പിടക്കുന്ന ഹൃദയത്തോടെയേ ഒപ്പിയെടുക്കാനും പകർന്നു കൊടുക്കാനും സാധിക്കൂ. വിളക്കു തെളിക്കാനുള്ള ഒലീവെണ്ണയെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾ അന്ന് സമൃദ്ധമായി ഭക്ഷണത്തിൽ കൂട്ടിയേനെ എന്ന ഒരു പ്രയോഗം ഏതു ഹൃദയത്തോടെയാണ് വായിച്ചുപോകാനാവുന്നത്!
ഒൻപതു വീടുകളിലേക്ക് പങ്കുവെക്കാൻ ഒരു സാഅ് അഥവാ രണ്ടര കിലോ ധാന്യം മാത്രം ഉണ്ടായിരുന്ന ഒരു ജീവിതം ലോക ചക്രവർത്തിയുടെ കൊട്ടാരത്തിൽ കഴിഞ്ഞുപോയിട്ടുണ്ട്. അഥവാ മദീനയിലെ ഒരു രാത്രിയുടെ കഥയാണിത്. റൊട്ടിയോ മാംസമോ ഇല്ലാത്ത ഒരു വിവാഹ സദ്യയെക്കുറിച്ചും വേറെ എവിടെ നിന്നാണ് വായിക്കാനുണ്ടാവുക!
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
