
ഇമാം ഇബ്നു അബീ ശൈബ(റ)യുടെ ഒരു നിവേദനം ഇങ്ങനെ കാണാം. തിരുനബിﷺ സ്വയം പ്രതികാരക്രിയ സ്വീകരിക്കുന്നത് ഞാൻ കണ്ടു. അബ്ദുല്ലാഹി ബിൻ അബൂബക്കർ(റ) പറയുന്നു. അദ്ദേഹത്തോട് ഒരു അറബ് സഹോദരൻ പറഞ്ഞുവത്രേ. ഹുനൈൻ യുദ്ധ ദിവസത്തിൽ പ്രവാചകൻﷺ നല്ല തിരക്കിനിടയിലായി. ഞാൻ നല്ല കട്ടിയുള്ള ഒരു പാദരക്ഷയായിരുന്നു അന്ന് ധരിച്ചിരുന്നത്. അതണിഞ്ഞുകൊണ്ട് തിരുനബിﷺയുടെ പാദത്തിൽ ചവിട്ടി. അപ്പോൾ അവിടുത്തെ കയ്യിൽ ഉണ്ടായിരുന്ന ചെറിയ വടികൊണ്ട് എന്നെ ഒന്നടിച്ചു. എന്നിട്ട് ഇങ്ങനെ പറഞ്ഞു. അല്ലാഹുവിന്റെ നാമത്തിൽ പറയട്ടെ. നിങ്ങൾ എന്നെ വേദനിപ്പിച്ചുവോ? അഥവാ നൊന്തു പോയല്ലോ എന്ന്.
ചവിട്ടിപ്പോയ ആഗതൻ പറയുകയാണ്. ഞാൻ എന്നെ തന്നെ കുറ്റപ്പെടുത്തി രാത്രി കഴിഞ്ഞു കൂടി. ഞാൻ അല്ലാഹുവിന്റെ ദൂതരെﷺ വേദനിപ്പിച്ചുവോ? എന്റെ മനസ്സിനെ അത് അലട്ടിക്കൊണ്ടിരുന്നു. പ്രഭാതമായപ്പോൾ ഒരാൾ ചോദിക്കുന്നു. അദ്ദേഹം എവിടെ? ഇന്നലെ എന്നിൽ നിന്ന് പറ്റി പോയതിനായിരിക്കുമോ വിളിക്കുന്നത് എന്ന് ഞാൻ ആശങ്കപ്പെട്ടു. എന്റെ ഉള്ള് പിടയുന്നുണ്ടായിരുന്നു. ഞാൻ മെല്ലെ അങ്ങോട്ട് ചെന്നു. പ്രവാചകൻﷺ ഇങ്ങോട്ട് തന്നെ പറഞ്ഞു തുടങ്ങി. ഇന്നലെ നിങ്ങൾ ചെരിപ്പിട്ട് എന്നെ ചവിട്ടിപ്പോയി. എനിക്ക് നന്നായി വേദനിച്ചപ്പോൾ ഞാൻ എന്റെ വടി കൊണ്ടൊരു തട്ട് തന്നു. ഇതാ ഈ 80 കാലികൾ നിങ്ങൾക്കുള്ള സമ്മാനമാണ്. അഥവാ നിങ്ങൾ പ്രയാസപ്പെട്ടതിനുള്ള പരിഹാരം.
ഈ ഉദ്ധരണികളൊക്കെ എങ്ങനെയാണ് വായിക്കേണ്ടത്! എന്തുകൊണ്ടാണ് രേഖപ്പെടുത്തേണ്ടത്! ചരിത്രത്തിന്റെ അടരുകളിൽ നിന്ന് പകർന്നെടുക്കുന്ന ഈ അധ്യായങ്ങളെ ഏതു ഭാഷയിലാണ് പുതിയ ലോകത്തോട് പരിചയപ്പെടുത്തേണ്ടത്! സ്വന്തം പ്രതികരണം കൊണ്ട് ഒരു സാധാരണക്കാരന് പ്രയാസം തോന്നിയപ്പോൾ അയാളെ ആശ്വസിപ്പിക്കുകയും സമ്മാനം കൊടുത്ത് സന്തോഷിപ്പിക്കുകയും അദ്ദേഹത്തിന്റെ തൃപ്തി കൂടി എനിക്കാവശ്യമാണ് എന്ന ബോധ്യം ലോകത്തോട് പഠിപ്പിക്കുകയും ചെയ്യുന്ന എത്ര ഉന്നതമായ പാഠങ്ങളാണിത്.
പ്രവാചകന്റെﷺ പ്രതികരണത്തിൽ അല്പമെങ്കിലും വെറുപ്പുണ്ടായി പരാതിപ്പെട്ടവനുള്ള പരിഹാരമല്ല, മറിച്ച് പ്രവാചകനോﷺട് അങ്ങനെ എന്നിൽ നിന്നും സംഭവിച്ചു പോയല്ലോ എന്ന് ആകുലപ്പെട്ടു കഴിയുന്ന ഒരു അനുരാഗിയോട് കൂടിയാണ് ഇങ്ങനെ പെരുമാറുന്നത്. ഒരു നിയമനടപടിക്ക് വിധേയമായി പരിഹാരക്രിയ ചെയ്യുകയല്ല, മാനവികവും മാനസികവുമായ വിചാരങ്ങളെ ഉയർത്തിപ്പിടിച്ചുകൊണ്ട് ഏതു മനുഷ്യന്റെയും നൊമ്പരത്തെ അതിന്റെ മൂല്യത്തോടു കൂടി കാണാൻ പഠിപ്പിക്കുകയാണ്.
സുപരിചിതമായ മറ്റൊരു സംഭവത്തിന്റെ വേറിട്ട ഒരു നിവേദനം കൂടി നമുക്ക് വായിക്കാം. അബ്ദുല്ലാഹിബ്നു ഉമർ(റ) ഉദ്ധരിക്കുന്നു. ഒരിക്കൽ തിരുനബിﷺ ധർമ്മസമരം ലക്ഷ്യം വെച്ചുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചു. അതിവേഗം അനുയായികളെല്ലാം ഒത്തുകൂടി. അപ്രതീക്ഷിതമായ തിക്കും തിരക്കും അനുഭവപ്പെട്ടു. തിരുനബിﷺയോട് തൊട്ടുചേർന്ന് ആളുകൾ തിങ്ങിക്കൂടിയപ്പോൾ അവിടുത്തെ പക്കലുണ്ടായിരുന്ന ഒരു ഈത്തപ്പന കമ്പുകൊണ്ട് ആളുകളെ അകറ്റി നിർത്തി. കൂട്ടത്തിൽ ഒരാളുടെ പള്ളയിൽ കമ്പ് കൊണ്ട് ഒരടയാളം വീണു. ഇത് പ്രവാചകൻﷺ ചെയ്തതാണെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം മറ്റുള്ളവരുടെ അടുക്കലെത്തി. കേട്ടു നിന്ന ഉമർ(റ) പറഞ്ഞു. നിങ്ങൾ വേഗം തിരുനബിﷺയുടെ അടുത്തേക്ക് തന്നെ പോകൂ. നബിﷺയിൽ നിന്ന് വല്ലതും സംഭവിച്ചിട്ടുണ്ടെങ്കിൽ അവിടുന്ന് തന്നെ പരിഹാരം ചെയ്യും. അതല്ല, നിങ്ങൾ കളവു പറഞ്ഞതാണെങ്കിൽ, നിന്റെ തലപ്പാവു മടക്കി വെക്കുകയും ചെയ്യും അഥവാ കളവിനനുസരിച്ചുള്ള പ്രതികരണമുണ്ടാവുകയും ചെയ്യും.
എന്നാൽ, ഒപ്പം പോകാം എന്നായി അദ്ദേഹം. ഞാൻ വരുന്നില്ലെന്ന് ഉമർ(റ) പ്രതികരിച്ചു. ഒടുവിൽ വിട്ടുകളയില്ലെന്ന ഭാവമായപ്പോൾ അദ്ദേഹത്തോടൊപ്പം ഉമറും(റ) പോയി. ആഗതൻ വിഷയം അവതരിപ്പിച്ചപ്പോൾ പ്രവാചകൻﷺ ചോദിച്ചു. എന്റെ പക്കൽ നിന്നും അങ്ങനെ സംഭവിച്ചുവല്ലേ? നിങ്ങൾ എന്താണ് ഇപ്പോൾ താത്പര്യപ്പെടുന്നത്? ഞാൻ അവിടുത്തോട് പ്രതികാരക്രിയ തേടി വന്നതാണ്. തിരുനബിﷺ ഈത്തപ്പനയുടെ കമ്പ് അദ്ദേഹത്തിന്റെ പക്കൽ ഏൽപ്പിക്കുകയും അവിടുത്തെ ഉദര ഭാഗത്തെ ഖമീസ് ഉയർത്തിക്കൊടുക്കുകയും ചെയ്തു. ആഗതൻ ഈത്തപ്പനക്കമ്പ് വലിച്ചെറിഞ്ഞു തിരുനബിﷺയുടെ ഉദരഭാഗത്ത് ചുംബനം കൊടുത്തു. ഞാനിതാണ് ഉദ്ദേശിച്ചത് എന്ന് വിശദീകരിക്കുകയും ചെയ്തു. ശേഷം, ഇങ്ങനെ കൂടി അദ്ദേഹം ചേർത്തു പറഞ്ഞു. അവിടുത്തെ ശേഷം ഒരു ഭരണാധികാരിയും ധിക്കാരബോധമുള്ളവരാകരുത്. അതുകൂടി എന്റെ ലക്ഷ്യമാണ്. അഥവാ പ്രവാചകൻﷺ തന്നെ പ്രതിക്രിയയ്ക്ക് വിധേയരാവാൻ തയ്യാറായെങ്കിൽ, നമ്മൾ എന്തുകൊണ്ട് ആകരുത് എന്ന ബോധ്യം ഉണ്ടാകണം.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
