
പ്രമുഖ സ്വഹാബിയായ ഇബ്നു അബ്ബാസ്(റ) നിവേദനം ചെയ്തതായി ഇമാം ശാഫിഈ(റ) ഉദ്ധരിക്കുന്നു. നല്ല ഒരു കാറ്റ് വീശിയാൽ തന്നെ നബിﷺ മുട്ടുകുത്തി സുജൂദിലേക്ക് വീഴും. അല്ലാഹുവേ ഇത് കൊടുങ്കാറ്റക്കാതെ ഇളംകാറ്റുകളാക്കണേ എന്ന് പ്രാർത്ഥിച്ചു കൊണ്ടിരിക്കും.
ഇടിമിന്നൽ വരുമ്പോഴേക്കും അവിടുത്തെ മുഖഭാവം തന്നെ മാറുകയും ഗൗരവമായി അതു പരിഗണിക്കുകയും ചെയ്യുമെന്ന് അബൂ ഹുറൈറ(റ) നിവേദനം ചെയ്യുന്നുണ്ട്. ആകാശം മേഘാവൃതമായാൽ പിന്നെ നല്ല മഴ പെയ്യുന്നത് വരെ സമാധാനമാകില്ല. കയറിയും ഇറങ്ങിയും അങ്ങോട്ടുമിങ്ങോട്ടും നടന്നുകൊണ്ടിരിക്കും. ഒരിക്കൽ പ്രിയ പത്നി ആഇശ(റ) ചോദിച്ചു. ആകാശം മേഘാവൃതമാകുമ്പോൾ എല്ലാവർക്കും സന്തോഷമാണ്. എന്നാൽ, അവിടുത്തെ മുഖത്തെന്തേ ഒരു ഭാവമാറ്റം അനുഭവപ്പെടുന്നത്? അല്ലയോ ആഇശ(റ)! ആ മേഘം ശിക്ഷയുടേതായാലോ എന്ന ഭയമാണ് എന്നെ അലട്ടുന്നത്. കഴിഞ്ഞുപോയ ജനതകളിൽ കാറ്റുകൊണ്ട് ശിക്ഷിക്കപ്പെട്ടവരും ഉണ്ടല്ലോ!
ശേഷം, വിശുദ്ധ ഖുർആൻ 46 ആം അധ്യായം അൽ അഹ്ഖാഫിലെ ഇരുപത്തി നാലാം സൂക്തം പാരായണം ചെയ്തു കേൾപ്പിച്ചു. ആശയം ഇപ്രകാരമാണ്.
“അങ്ങനെ ആ ശിക്ഷ ഒരിരുണ്ട മേഘമായി തങ്ങളുടെ താഴ്‌വരയുടെ നേരെ വരുന്നത് കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: “നമുക്കു മഴ തരാന്‍ വരുന്ന മേഘം!” എന്നാല്‍ നിങ്ങള്‍ ധൃതി കൂട്ടിക്കൊണ്ടിരുന്ന കാര്യമാണിത്. നോവേറിയ ശിക്ഷയുടെ കൊടുങ്കാറ്റ്!”
പരമാധികാരിയായ അല്ലാഹുവിന്റെ നടപടി എന്തായിരിക്കും? അവൻ എന്താണ് ഭൂമിയിൽ നടപ്പാക്കാൻ പോകുന്നത്? എന്നീ വിചാരങ്ങളാണ് തിരുനബിﷺയെ ആലോചനയിലാഴ്ത്തിയത്. പ്രപഞ്ചത്തിലെ ഏത് അവസ്ഥയെ അഭിമുഖീകരിക്കുമ്പോഴും പ്രപഞ്ചാമയനായ അല്ലാഹുവിനെ കുറിച്ചുള്ള ഓർമ്മകളും വിചാരങ്ങളും നിരന്തരമായി നബിﷺയിൽ നിറഞ്ഞു നിന്നു എന്നതിന്റെ ഉദാഹരണം കൂടിയാണിത്.
നബിﷺയുടെ തിരുശിരസ്സിൽ നര പ്രത്യക്ഷപ്പെട്ടപ്പോൾ അനുയായികൾ ചോദിച്ചു? അല്ല, അവിടുത്തേക്ക് നര ബാധിച്ചുവല്ലോ? പ്രവാചകൻﷺ പറഞ്ഞു. വിശുദ്ധ ഖുർആനിലെ ഹൂദും അതിന്റെ സഹോദരിമാരായ അധ്യായങ്ങളുമാണ് എന്നെ നരപ്പിച്ചത്. ഹൂദ്, മുർസലാത്ത്, വാഖിഅ, അമ്മ യതസാഅലൂൻ എന്നീ അധ്യായങ്ങളുടെ പേരുതന്നെ തിരുനബിﷺ എടുത്തു പരാമർശിക്കുകയും ചെയ്തു. ഈ അധ്യായങ്ങളുടെയൊക്കെ പ്രമേയം പരലോകവും മുൻകാല സമുദായങ്ങൾക്ക് വന്ന് ഭവിച്ച നാശങ്ങളുമാണ്.
നാളെ അല്ലാഹുവിന്റെ മുമ്പിൽ ഹാജരാക്കപ്പെടുമ്പോൾ എന്ന വിചാരമാണ് ഒരുഭാഗത്ത് തിരുനബിﷺയുടെ മുന്നിലുള്ളത്. അല്ലാഹുവിന്റെ ശിക്ഷകൾക്ക് വിധേയരായ മുൻകാല സമുദായങ്ങളുടെ ദുരവസ്ഥയാണ് മറുഭാഗത്തുള്ളത്. ഈ രണ്ടു വിചാരങ്ങളും ആത്യന്തികമായി നബിﷺയുടെ ജീവിതത്തിൽ ഉണ്ടായിരുന്ന ഭയഭക്തിയുടെ സൂചനകളാണ്.
ഹൂദ് അധ്യായത്തിൽ തങ്ങളോട് കൽപ്പിക്കപ്പെട്ട പ്രകാരം നേരെ ചൊവ്വേ നിലകൊള്ളുക എന്നാശയം വരുന്ന ഒരു സൂക്തശകലമുണ്ട്. പ്രവാചകനെﷺ ഏറ്റവും കൂടുതൽ ആലോചിപ്പിക്കുകയും ഒരുപക്ഷേ നരപ്പിക്കുകയും ചെയ്തത് ഈ സൂക്തം കൂടിയാണ്. അല്ലാഹുവിന്റെ കല്പനയോട് എങ്ങനെയാണ് തിരുനബിﷺ അഭിമുഖീകരിച്ചത് എന്നതിന്റെ പ്രമാണം കൂടി ഈ പരാമർശങ്ങളിലുണ്ട്. ഞാനറിഞ്ഞത് മുഴുവനും നിങ്ങൾ അറിയുമായിരുന്നെങ്കിൽ നിങ്ങൾ കൂടുതൽ കരയുകയും കുറച്ചു മാത്രം ചിരിക്കുകയും ചെയ്യുമായിരുന്നു. പ്രസിദ്ധമായ ഈ നബിവചന സാരം എത്രമേൽ ആഴമേറിയ വിചാരങ്ങളാണ് നമുക്ക് നൽകേണ്ടത്? ഈ ലോകത്തിന്റെയും എന്റെ സമുദായത്തിന്റെയും പരിണിതികളുടെ ശരിയായ അവസ്ഥകൾ, അല്ലാഹുവിന്റെ അധികാരത്തിന്റെയും വിചാരണയുടെയും വ്യാപ്തിയും പ്രാധാന്യവും തുടങ്ങിയുള്ള കാര്യങ്ങൾ നിങ്ങളെക്കാൾ കൂടുതൽ എനിക്കറിയാം. ഞാനറിഞ്ഞ വിധം നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ നിങ്ങൾക്ക് കൂടുതൽ ചിരിക്കാൻ സാധിക്കുമായിരുന്നില്ല എന്ന് സാരം.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
