
തിരുനബിﷺയുടെ സഖാക്കളിൽ ധൈര്യത്തിന്റെ പര്യായം കൂടിയായ അലി(റ) പറയുന്നു. യുദ്ധക്കളങ്ങളിൽ ഞങ്ങൾ പ്രതിസന്ധിയിൽ അകപ്പെട്ടാൽ എല്ലാവരും അഭയം തേടിയെത്തുന്നത് നബിﷺയുടെ അടുത്തേക്ക് ആയിരുന്നു. അത്തരം സന്ദർഭങ്ങളിലെല്ലാം ശത്രുവിനോട് ഏറ്റവും അടുത്ത് നിൽക്കുന്നതും അവിടുന്ന് തന്നെയായിരുന്നു.
ഒരിക്കൽ തിരുനബിﷺ പറഞ്ഞതായി ഹദീസ് രേഖപ്പെടുത്തുന്നു. എന്റെ ശരീരത്തിന്റെ ഉടമസ്ഥനെ തന്നെ സത്യം! ഞാൻ ആഗ്രഹിച്ചു പോകുന്നത് ഇങ്ങനെയാണ്. അല്ലാഹുവിന്റെ മാർഗത്തിൽ പടക്കളത്തിൽ എത്തുകയും കൊല്ലപ്പെടുകയും വേണം. വീണ്ടും ജീവിതം ലഭിക്കുകയും വീണ്ടും പടക്കളത്തിൽ വരികയും കൊല്ലപ്പെടുകയും വേണം. മൂന്നു പ്രാവശ്യം ഇത് ആവർത്തിച്ചു.
രണ്ടു ആശയങ്ങളാണ് ഈ പരാമർശം ഉൾക്കൊള്ളുന്നത്. അല്ലാഹുവിനുവേണ്ടി എല്ലാം സമർപ്പിക്കാനുള്ള മനോഗതിയും ധൈര്യമായി ഇത്തരം സന്ദർഭങ്ങളെ അഭിമുഖീകരിക്കാനുള്ള സാമർത്ഥ്യവും ആയിരുന്നു അത്. കൊല്ലപ്പെടുക എന്ന പരാമർശം മാത്രം എടുത്തു വച്ചുകൊണ്ട് സന്ദർഭത്തിൽ നിന്ന് മാറ്റി ഇതിനെ പ്രയോഗിക്കേണ്ടതില്ല. യുദ്ധത്തെക്കുറിച്ചും യുദ്ധക്കളത്തിൽ വച്ചും സംസാരിക്കുമ്പോൾ ധീരമായി എങ്ങനെയാണ് അഭിമുഖീകരിക്കേണ്ടത് എന്ന് തന്നെയാണല്ലോ പറയേണ്ടത്. എല്ലാ സമാധാനത്തിന്റെയും സന്ധിയുടെയും എല്ലാ കവാടങ്ങളും അടയുമ്പോൾ മാത്രമായിരുന്നു സായുധമായ പ്രതിരോധത്തിന്റെ വഴികൾ തിരുനബിﷺ സ്വീകരിച്ചിരുന്നത്. ഈ ഒരു അനുബന്ധം കൂടി എവിടെയും ചേർത്ത് വായിക്കേണ്ടതാണ്.
അതാ ഒരു രാത്രിയിൽ മദീനയിലുള്ളവർ അതിഭയങ്കരമായ ഒരു ശബ്ദം കേട്ടു. എന്തായിരിക്കും എന്ന് കരുതി ശബ്ദം കേട്ട ഭാഗത്തേക്ക് ആളുകൾ പോകാൻ ഒരുങ്ങി. അപ്പോഴേക്കും അതാ പ്രവാചകൻﷺ ആ ശബ്ദത്തിന്റെ ഉറവിടത്തിൽ പോയി അന്വേഷിച്ചു വരുന്നു. ഭയപ്പെടേണ്ടതില്ല.. ഭയപ്പെടേണ്ടതില്ല.. നിങ്ങൾ ശാന്തരാകൂ എന്ന് പറഞ്ഞ് അവരെ ആശ്വസിപ്പിക്കുകയായിരുന്നു. അബൂത്വൽഹയുടെ കുതിരപ്പുറത്ത് തോളിൽ വാളുമിട്ട് കുതിരപ്പുറത്തിരുന്നു പ്രത്യേക വസ്ത്രം പോലും ഇടാതെ ധീരമായി വരുന്ന പ്രവാചകനെﷺയാണ് മദീന അപ്പോൾ കണ്ടത്.
ഒരു ഭരണാധികാരിയോ നേതാവോ ഇത്തരം സന്ദർഭങ്ങളിൽ എന്താണ് ചെയ്യുക? ആളുകളെയും ഉദ്യോഗസ്ഥന്മാരെയും വിളിച്ച് അന്വേഷിക്കാൻ വിടും. വിവരം എത്തുന്നതുവരെ കാത്തിരിക്കും. പ്രവാചകൻﷺ എല്ലാവർക്കും വേണ്ടി ആദ്യം പോയി അന്വേഷിക്കുകയും പരിഹാരം കണ്ടെത്തുകയുമായിരുന്നു. സമാനതകളില്ലാത്ത വായനകൾ ആണ് ഇതെല്ലാം.
തിരുനബിﷺയുടെ സാധാരണ നടപ്പിൽ തന്നെ ഒരു ചടുലതയുണ്ടായിരുന്നു. ശത്രുക്കൾ കാണുന്ന സന്ദർഭങ്ങളിൽ ചടുലമായി സഞ്ചരിക്കാൻ അനുയായികളോട് നിർദ്ദേശിക്കുമായിരുന്നു. കഅ്ബാലയം ത്വവാഫ് ചെയ്യുമ്പോൾ വലത്തെ തോൾ തുറന്നു ചടുലമായ ചുവടുകളോടെ പ്രദക്ഷിണം നിർവഹിക്കണമെന്ന് അനുയായികളോട് പറഞ്ഞതിലും ഒരു ധീരതയുടെ അടയാളപ്പെടുത്തൽ ഉണ്ടായിരുന്നു. സഖ്യസേനകൾ മുഴുവനും മദീനയെ ആക്രമിക്കാൻ വന്നപ്പോഴാണ് കിടങ്ങ് കീറി മദീനയെ സംരക്ഷിക്കാൻ സൽമാനുൽ ഫാരിസി(റ)യുടെ തന്ത്രത്തിന് നബിﷺ സമ്മതം നൽകിയത്. അനുയായികൾ കിടങ്ങു കീറിയപ്പോൾ പ്രവാചകൻﷺ വെറുതെ ഇരിക്കുകയായിരുന്നില്ല. അവർക്ക് നീക്കം ചെയ്യാനാവാത്ത ഭീമാകാരമായ പാറ പ്രത്യക്ഷപ്പെട്ടപ്പോൾ അവർ ഓടിച്ചെന്നതും നബിﷺയുടെ അടുത്തേക്കായിരുന്നു. ഒരു നിമിഷം പോലും വൈകാതെ നബിﷺ ആ ദൗത്യം ഏറ്റെടുത്തു. പണിയായുധമെടുത്ത് പ്രവാചകൻﷺ സ്വന്തം കരങ്ങൾ കൊണ്ട് അത് അടിച്ചു പൊട്ടിക്കാൻ തുടങ്ങി. ആത്മധൈര്യം നൽകുന്ന മുന്നറിയിപ്പുകളോടെ ദൗത്യം പൂർത്തിയാക്കി.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
