
ധീരതയും ആരോഗ്യവും പ്രാധാന്യത്തോടെ തന്നെ നബിﷺ എടുത്തു പറയാറുണ്ട്. ആരോഗ്യമുള്ള വിശ്വാസിയാണ് ദുർബലനായ വിശ്വാസിയെക്കാൾ ഉത്തമനെന്ന് തിരുനബിﷺ പഠിപ്പിച്ചിട്ടുണ്ട്. അല്ലാഹുവിന് ഏറ്റവും ഇഷ്ടം ആരോഗ്യവാനായ വിശ്വാസിയോടാണ് എന്നാണ് നബിﷺയുടെ പ്രയോഗത്തിന്റെ സാരം. അല്ലാഹുവേ ദൗർബല്യത്തിൽ നിന്നും മടിയിൽ നിന്നും പിശുക്കിൽ നിന്നും ഭീരുത്വത്തിൽ നിന്നും നീ കാവൽ നൽകേണമേ എന്ന് നബിﷺ പ്രാർത്ഥിക്കാറുണ്ട്. ഒരു മനുഷ്യനിൽ ധീരതയ്ക്കുള്ള പ്രാധാന്യം അടയാളപ്പെടുത്തുന്ന പ്രാർത്ഥനയാണത്. പ്രതിസന്ധികളെ അതിജീവിക്കാനും സമൃദ്ധമായി മുന്നേറാനുമുള്ള വിചാരങ്ങളാണ് അനുയായികൾക്ക് അവിടുന്ന് പഠിപ്പിച്ചു കൊടുത്തത്. പോർക്കളത്തിൽ അഭിമുഖമായി നിൽക്കുമ്പോൾ ഒളിച്ചോടിപ്പോകുന്നതും ഭീരുവായി പിൻവാങ്ങുന്നതും വൻകുറ്റമായിട്ടാണ് പ്രവാചകൻﷺ അവതരിപ്പിച്ചത്. അനുയായികളിൽ ഉണ്ടായിരിക്കേണ്ട സാമർത്ഥ്യത്തെ അടയാളപ്പെടുത്തുന്നതായിരുന്നു ഈ പരാമർശവും.
ഓരോ രാഷ്ട്രങ്ങളും സമൂഹ ഘടനയും ധീരതയ്ക്കുള്ള അവാർഡുകൾ പലപ്പോഴും നൽകാറുണ്ടല്ലോ! ഒരു വ്യക്തിയിൽ ധീരത അടയാളപ്പെടുത്തുന്ന മൂല്യത്തെയാണ് അതും നമ്മെ പഠിപ്പിക്കുന്നത്.
ധീരമായി മുന്നേറിയിരുന്ന അനുയായികളെ പ്രശംസിക്കുന്നതിൽ തിരുനബിﷺക്ക് തീരെ പിശുക്കില്ലായിരുന്നു. യുദ്ധം കൊടുമ്പിരി കൊണ്ട ഒരു ഘട്ടത്തിൽ സഅദ് ബിൻ അബീ വഖാസ്(റ) ധീരമായ നിലപാട് സ്വീകരിക്കുകയും നിരന്തരം ശത്രുപാളയത്തിലേക്ക് അമ്പെയ്തു കൊണ്ടിരിക്കുകയും ചെയ്തു. ഇത് കണ്ടപ്പോൾ അദ്ദേഹത്തോട് നബിﷺ പറഞ്ഞു. എന്റെ മാതാപിതാക്കൾ നിങ്ങൾക്ക് ദണ്ഡമാണ്. നിങ്ങൾ ധൈര്യമായി അമ്പെയ്ത്ത് തുടർന്നോളൂ. സധൈര്യം നിലകൊള്ളുന്ന ഒരു അനുയായിക്ക് നൽകാവുന്ന ഏറ്റവും വലിയ പ്രോത്സാഹനമായിരുന്നു ഇത്. ലോകത്ത് എന്ത് നൽകുന്നതിനേക്കാളും വലുതായിരുന്നു പ്രവാചകരുﷺടെ ഈ അഭിനന്ദനവും പ്രാർത്ഥനയും.
നബിﷺയുടെ ധീരതയെ കാലത്തോട് ഉപമിച്ച ഒരുപാട് കവികൾ ഉണ്ട്. കാരണം കാലത്തിന് ആരെയും പേടിയില്ലല്ലോ! ആരു മരിച്ചാലും കാലം അതിന്റെ സഞ്ചാരം തുടരും. ആരോ ജനിച്ചുവെന്നോ മരിച്ചുവെന്നോ കരുതി കാലം സഞ്ചാരം നിർത്തി വയ്ക്കില്ല. പ്രഭാതം പ്രദോഷമാകാതിരിക്കില്ല. കാലം അതിന്റെ കലണ്ടർ മറിക്കാതിരിക്കില്ല. അതുകൊണ്ടാണ് ധീരതയെ കാലത്തോടുപമിച്ചത്. മറ്റൊരു വ്യാഖ്യാനം കൂടിയുണ്ടതിന്. കാലത്തോളം വിശാലമായിരുന്നു തിരുനബിﷺയുടെ ധീരത എന്നാണ് ആ വ്യാഖ്യാനം. എല്ലാ അർത്ഥത്തിലും തിരുനബിﷺയോളം ധീരതയുള്ള ഒരാളെയും ചരിത്രത്തിൽ നമുക്ക് വായിക്കാൻ ഇല്ല. അവിടുന്ന് അതിജീവിച്ചതിന് സമാനമായ ഒരു ഘട്ടവും ഒരു വിപ്ലവകാരിയും ഒരു നവോത്ഥാന നായകനും അതിജീവിക്കേണ്ടി വന്നിട്ടില്ല.
ഊരിപ്പിടിച്ച വാളുമായി വീടുവളഞ്ഞ സൈന്യത്തിന്റെ നടുവിലൂടെ അവർക്കാർക്കും ഒരു പ്രഹരവും ഏൽപ്പിക്കാതെ സധൈര്യം ഇറങ്ങി വരാൻ ലോകചരിത്രത്തിൽ ആർക്കാണ് സാധിച്ചിട്ടുള്ളത്. വാളും പരിചയും നേർക്കുനേർ അഭിമുഖമാകുന്ന പടക്കളങ്ങളിൽ ഏതു വിപ്ലവകാരിയാണ് പരിചാരകനും അംഗരക്ഷകനും ഇല്ലാതെ ശത്രുക്കളെ നേരിട്ടത്. ആയുധമുയർത്തിപ്പിടിച്ച് ആര് രക്ഷിക്കും എന്ന് ചോദിച്ചപ്പോൾ ഒരല്പം പോലും പതറാതെ അല്ലാഹു എന്ന് പറയാനുള്ള ധൈര്യം എത്ര ഉജ്ജ്വലമായിട്ടാണ് രേഖപ്പെടുത്തുകയും പുനർ വായിക്കുകയും ചെയ്യേണ്ടത്.
കാല്പനികമായ ഒരു സാഹിത്യശകലത്തിലെ കഥാപാത്രത്തിന് എഴുത്തുകാരൻ കൽപ്പിച്ചു കൊടുക്കുന്ന ധൈര്യത്തെക്കുറിച്ചല്ല നാം വായിച്ചു പോകുന്നത്. അലങ്കാരങ്ങൾ ഏതും ചേർക്കാതെ രേഖപ്പെടുത്തപ്പെട്ട വ്യക്തമായ ചരിത്രത്തിന്റെ ഇന്നലെകളെയാണ് നമ്മൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഒരു കഥാപാത്രത്തിന് എത്ര ധീരതയും എത്ര സൗന്ദര്യവും കൽപ്പിച്ചു കൊടുക്കാൻ ആവും! എഴുത്തുകാരന്റെ സങ്കല്പങ്ങളുടെ വികാസങ്ങളിലേക്ക് അതിനെ എത്രയും വളർത്താനാകും! ചരിത്രത്തിന്റെ യഥാർത്ഥ വായനയിൽ നിന്ന് സമാനമായി ആരെയാണ് കൊണ്ടുവരാൻ ഉള്ളത്! പുണ്യാളന്മാരായി വാഴ്ത്തപ്പെടുന്ന പലരും കേവലം സാഹിത്യങ്ങളിലെ കഥാപാത്രങ്ങൾ മാത്രമാണ് എന്ന ബോധ്യം എത്രപേർക്കാണുള്ളത്!
എന്നാൽ തിരുനബിﷺയുടെ ജീവിതം ജനനം മുതൽ വിയോഗം വരെയും ചരിത്രത്തിന്റെ ശരിയായ മാനങ്ങളോടെ രേഖപ്പെട്ടു കിടക്കുകയും വായിക്കപ്പെടുകയും ചെയ്യുന്നു.
ശരിയായി പറഞ്ഞാൽ പുണ്യ നബിﷺയുടെ തിരുശരീരം അന്ത്യവിശ്രമത്തിനു വേണ്ടി ഖബറിൽ കിടത്തിയതിനു ശേഷം ഇന്നുവരെയും മദീന കണ്ണടച്ചിട്ടേയില്ല. ലോകത്തിന്റെ നേത്രങ്ങൾ മുഴുവനും അവിടെ തുറന്നിരിക്കുകയാണ്. കണ്ടവരെ കണ്ടവരും അന്ത്യയാത്രക്ക് സാക്ഷ്യം വഹിച്ചവരും ജീവനോടെ പകർന്നുകൊടുത്ത തുടർച്ചകൾ കണ്ണി മുറിയാതെ ഇന്നുവരെ നീണ്ടുനിൽക്കുന്നു. അതെ ഇന്നുവരെ. അല്ല, ഇനി നാളേക്കും…
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
