
അനസ് ബിൻ മാലിക്(റ) പറയുന്നു. അദ്ദേഹത്തിന്റെ മാതാ മഹി അവർ തന്നെ പാചകം ചെയ്ത ഭക്ഷണത്തിലേക്ക് നബിﷺയെ ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച് തിരുനബിﷺ വന്നു. ഞങ്ങൾ അവിടെ നിന്ന് ഭക്ഷണം കഴിച്ചു. ശേഷം, നബിﷺ പറഞ്ഞു. നിങ്ങൾ എഴുന്നേൽക്കൂ.. ഞാൻ നിങ്ങൾക്ക് ഇമാമായി നിസ്കരിക്കാം. അനസ്(റ) തുടരുന്നു. കാലപ്പഴക്കം കൊണ്ട് കറുത്ത ഒരു തഴപ്പായ എടുത്ത് വെള്ളം തളിച്ചു. യാതൊരു സങ്കോചവുമില്ലാതെ തിരുനബിﷺ അതിൽ നിസ്കരിക്കാൻ നിന്നു. ഞാനും അവിടെ ഉണ്ടായിരുന്ന മറ്റൊരു അനാഥ ബാലനും കൂടി പിന്നിൽ നിന്നു. വയോധികയായ വല്യുമ്മ പിറകിലുണ്ടായിരുന്നു. രണ്ട് റക്അത്ത് നിസ്കരിച്ച ശേഷം സലാം വീട്ടി നബിﷺ അവിടെ നിന്ന് മടങ്ങി.
ഒരു വയോധികയുടെ കുടിലിൽ പഴയ പായ വിരിച്ച് നിസ്കരിക്കുന്ന പ്രവാചകന്റെﷺ ചിത്രം നമ്മുടെ ഹൃദയത്തിൽ ഒന്ന് സങ്കൽപ്പിച്ചു നോക്കൂ. ജാഡയും ഭാവവും ഒന്നുമില്ലാതെ വിനയത്തിന്റെ സമവാക്യമായി ഒരു വൃദ്ധയുടെ മുന്നിൽ തെളിഞ്ഞു നിൽക്കുന്ന പച്ചയായ ഒരു മനുഷ്യന്റെ ചിത്രം. ഔദ്യോഗികതകളില്ലാതെ മാതൃത്വത്തിന്റെ താരള്യത്തെ വകവച്ചു കൊടുക്കുന്ന ഒരു മകന്റെ മുഖഭാവം.
എന്നെ നിങ്ങൾ മൂസാ പ്രവാചകനെ(അ)ക്കാൾ മഹത്വപ്പെടുത്തരുത് എന്ന് പറയുമ്പോൾ അവിടുത്തെ താഴ്മ അല്ലാതെ മറ്റെന്താണ് തെളിഞ്ഞു കാണുന്നത്. ഒരാൾ ഒരിക്കൽ വന്ന് നബിﷺയോട് ഇങ്ങനെ പറഞ്ഞു. യാ ഖൈറൽ ബരിയ്യ(അല്ലയോ സർവരിലും ഉത്തമരെ)… അത് അല്ലാഹുവിന്റെ മിത്രമായ ഇബ്രാഹിം പ്രവാചകന(അ)ല്ലേ എന്നായിരുന്നു പ്രതികരണം. അനസ്ബിൻ മാലിക്(റ) തന്നെ പറയുന്നു. ഒരിക്കൽ നബി സമക്ഷത്തിലേക്ക് ഒരാൾ വന്നു. യാ സയ്യിദിനാ.. എബ്ന സയ്യിദിനാ.. വ ഖൈറനാ വ ബ്ന ഖൈരിനാ.. ഞങ്ങളുടെ നേതാവേ! നേതാവിന്റെ മകനെ! ഞങ്ങളിൽ ഉത്തമരെ! ഉത്തമരുടെ പുത്രാ!എന്നിങ്ങനെയുള്ള പ്രയോഗങ്ങളോടെ നബിﷺയെ അഭിസംബോധന ചെയ്യുന്നു.
നിങ്ങൾ അങ്ങനെയൊന്നും അഭിസംബോധന ചെയ്യണമെന്നില്ല. പൈശാചികതകൾ ഒന്നും നിങ്ങളെ സ്വാധീനിക്കാതിരിക്കട്ടെ. ഞാൻ അബ്ദുല്ലാഹിയുടെ മകൻ മുഹമ്മദ്ﷺ ആണ്. ഞാൻ അല്ലാഹുവിന്റെ ദൂതനും ദാസനും ആണ്. അല്ലാഹു എനിക്ക് നൽകിയ സ്ഥാനത്തിനപ്പുറം ഒന്നും നിങ്ങൾ വാഴ്ത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല.
ആഗതൻ പ്രയോഗിച്ച പ്രയോഗങ്ങൾ ഒന്നും മതപരമായി തെറ്റല്ല. എന്നുമാത്രമല്ല വിശ്വാസികൾ വ്യാപകമായി പ്രയോഗിക്കുന്ന പ്രയോഗം കൂടിയാണ്. എന്നാൽ തിരുനബിﷺയുടെ അങ്ങേയറ്റത്തെ വിനയത്തെ പ്രകാശിപ്പിക്കുകയായിരുന്നു ഇവിടെ.
മാർക്കറ്റിംഗ് തന്ത്രങ്ങൾ ഉപയോഗിച്ച് വ്യക്തികളെ വലുതാക്കുന്ന പുതിയ കാലത്ത്, ഉള്ള സ്ഥാനങ്ങൾ എടുത്തു പറയുമ്പോൾ പോലും വിനയത്തോടെ മാറിനിന്ന് മൂല്യങ്ങളിലേക്ക് ക്ഷണിക്കുന്ന നബിﷺയെ വായിക്കുമ്പോൾ എക്കാലത്തെയും മാതൃകയായി മുത്ത് നബിﷺ ഉയർന്നു തന്നെ നിൽക്കുകയാണ്. അല്ലാഹു എനിക്ക് നൽകിയ സ്ഥാനത്തേക്കാൾ എന്നെ ഉയർത്തേണ്ടതില്ല എന്ന പ്രയോഗത്തിൽ എല്ലാമുണ്ട്. എന്റെ സ്ഥാനങ്ങളും പദവികളും എല്ലാം അല്ലാഹു നൽകിയതാണെന്നും അവരുടെ വാഴ്ത്തലും പുകഴ്ത്തലും എല്ലാം അടിസ്ഥാനപരമായി അല്ലാഹുവിലേക്ക് മടങ്ങുന്നതാണെന്നും ഒരു നല്ല വായനയുണ്ട്.
ലോകത്തിന്റെ മുഴുവനും കാരുണ്യമായും എല്ലാ സൃഷ്ടികളേക്കാൾ ഉത്തമരായും നബിﷺയെ വാഴ്ത്തി അവതരിപ്പിച്ചത് അല്ലാഹു തന്നെയാണല്ലോ? എന്നെ പുകഴ്ത്തുമ്പോൾ എല്ലാം എനിക്ക് സ്ഥാന പദവികൾ നൽകിയ അല്ലാഹുവിനെ ഓർക്കണം എന്ന ഒരു ആത്മീയ വിചാരം കൂടി അതിൽ ഉണർത്തുന്നുണ്ട്. അല്ലാഹുവിന്റെ അടുക്കൽ ഒരാൾ വലുതാകുന്നത് അല്ലാഹുവിന്റെ മുമ്പിൽ ഏറ്റവും ചെറുതാകുമ്പോഴാണ്. അഥവാ ഉടമസ്ഥന് ഏറ്റവും പ്രിയപ്പെട്ട ആളാകുന്നത് അങ്ങേയറ്റത്തെ അടിമത്തബോധം അവന്റെ മുൻപിൽ സമർപ്പിക്കുമ്പോഴാണ്. ഞാനാണ് അല്ലാഹുവിനെ ഏറ്റവും സൂക്ഷിക്കുന്നതും ഭയപ്പെടുന്നതും എന്ന പ്രയോഗത്തിൽ ഈ ആശയങ്ങൾ എല്ലാം ഉണ്ട്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
