
ഉപരോധം മറികടക്കാൻ ഇനിയെന്തു ചെയ്യും? മക്കക്കാർ ആലോചിച്ചു തുടങ്ങി. സുമാമ(റ)യെ കണ്ടിട്ട് കാര്യമില്ല. അയാൾ കടുംപിടുത്തത്തിലാണ്. ഒടുവിൽ മുഹമ്മദ് നബിﷺയെ കണ്ട് പ്രതിസന്ധി അറിയിക്കാൻ ഖുറൈശികൾ തീരുമാനിച്ചു. അവർ വിവരം പ്രവാചകരെﷺ എഴുതി അറിയിച്ചു.
കുടുംബബന്ധം മാനിക്കുകയും അതിനായി പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരാളാണ് അബ്ദുല്ലാഹിയുടെ മകൻ മുഹമ്മദ്ﷺ എന്നാണ് ഞങ്ങളുടെ ധാരണ. പക്ഷേ, അതിന് വിരുദ്ധമായാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ബന്ധം വിച്ഛേദിച്ചു. ഞങ്ങളുടെ പിതാക്കളെ വാൾകൊണ്ടും സന്താനങ്ങളെ വിശപ്പുകൊണ്ടും നശിപ്പിക്കുന്നു. സുമാമ(റ) മക്കയിലേക്കുള്ള ധാന്യ ഇറക്കുമതി നിർത്തലാക്കിയിരിക്കുന്നു. ഭക്ഷണ സാധനങ്ങൾ തടഞ്ഞുവെച്ച് ഞങ്ങളെ വിഷമിപ്പിക്കുകയാണ്. അതിനാൽ ദയവായി ഉപരോധം പിൻവലിക്കാൻ സുമാമ(റ)യോട് ആവശ്യപ്പെടണം.
പ്രവാചകൻﷺ ആ അപേക്ഷ പരിഗണിച്ചു. കത്തിന്റെ ആദ്യ ഭാഗം വസ്തുതയ്ക്ക് യോജിക്കാത്തതും രണ്ടാം ഭാഗത്ത് പരാമർശിച്ച ഉപരോധം തിരുനബിﷺയുടെ നിർദ്ദേശപ്രകാരമല്ലാതെ ഏർപ്പെടുത്തിയതുമായിരുന്നു. എന്നിട്ടും നബിﷺ അനുഭാവപൂർവ്വം ഖുറൈശികളുടെ അപേക്ഷയെ സ്വീകരിച്ചു. ഉപരോധം പിൻവലിക്കാൻ സുമാമ(റ)യോട് റസൂൽﷺ ആവശ്യപ്പെട്ടു. അദ്ദേഹം അത് പരിഗണിച്ച് ഉപരോധം നീക്കം ചെയ്തു.
തിരുനബിﷺയുടെ കാരുണ്യവർഷം ഏതെല്ലാം വിധത്തിൽ ആരെയൊക്കെ തണുപ്പിച്ചു എന്നതിന്റെ ചിത്രങ്ങളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. പിടിക്കപ്പെട്ട ശത്രുവിനോട് അനുഭാവപൂർവം പെരുമാറുകയും അദ്ദേഹത്തെ മിത്രമാക്കി മാറ്റുകയും ചെയ്യുന്നു. ക്രൂരതയുടെ ഇന്നലകൾ മുഴുവനും മറന്നു പൊറുത്തു കൊടുക്കാൻ അവിടുന്ന് അപേക്ഷിക്കുകയും അത് നിർവഹിക്കപ്പെടുകയും ചെയ്യുന്നു. പ്രതികാരം നടപ്പിലാക്കാനുള്ള എല്ലാ വഴികളും അടച്ചുവെച്ച് ഏതൊരു വ്യക്തിയുടെയും മോക്ഷത്തിനും നന്മയ്ക്കും വേണ്ടി തിരുനബിﷺ തീരുമാനങ്ങൾ എടുക്കുന്നു.
അദ്ദേഹത്തെ ഉപയോഗിച്ച് മക്കയിലെ ശത്രുക്കളോട് പകവീട്ടാൻ നബിﷺക്ക് അവസരമുണ്ടായിരുന്നു. അതുപയോഗിക്കുകയോ കൈവന്ന അവസരം പ്രയോജനപ്പെടുത്തുകയോ ചെയ്യാതെ നാട്ടിൽ താമസിക്കാൻ പോലും പൊറുതി നൽകാതിരുന്ന ഖുറൈശികൾക്ക് അന്നം മുടക്കരുതെന്ന് ആവശ്യപ്പെടുന്നു. ആർദ്രതയുടെയും കരുണയുടെയും തുല്യതയില്ലാത്ത ആവിഷ്കാരമായി തിരുനബിﷺ ഇവിടെ അവതരിക്കുന്നു.
തിരുനബിﷺ എങ്ങനെയാണ് വ്യക്തികളിൽ നിന്ന് വ്യക്തികളിലേക്കും സമൂഹങ്ങളിൽനിന്ന് സമൂഹങ്ങളിലേക്കും രാഷ്ട്രങ്ങളിൽ നിന്ന് രാഷ്ട്രങ്ങളിലേക്കും ചെറിയൊരു കാല പരിധിക്കുള്ളിൽ സ്വാധീനിക്കപ്പെട്ടത് എന്ന ചോദ്യത്തിന്റെ മറുപടി കൂടിയാണിത്. ചരിത്രത്തിൽ വേറെ ആർക്കും ലഭിക്കാത്ത സ്വീകാര്യത ചെറിയ കാലം കൊണ്ട് തിരുനബിﷺക്ക് എങ്ങനെ ലഭിച്ചു എന്ന് ആലോചിക്കുമ്പോൾ സാധാരണയിൽ കൊടുക്കാവുന്ന ഉത്തരങ്ങൾ ഇല്ലാതെ വന്നപ്പോഴാണ് ശത്രുക്കൾ അപകടകരമായ കാരണങ്ങൾ മെനഞ്ഞുണ്ടാക്കിയത്. വാക്കുകൊണ്ടും ജീവിതം കൊണ്ടും ഇത്രമേൽ സ്വാധീനിക്കുന്ന ഒരു ഉദാഹരണം വേറെ ചരിത്രത്തിലില്ല.
അതുകൊണ്ടുതന്നെ വാളുകൊണ്ടെന്നു പറഞ്ഞു ഉത്തരം കണ്ടെത്താമെന്ന് ശത്രുക്കൾ വിചാരിച്ചു. എന്നാൽ വാളുകൊണ്ട് എങ്ങനെയാണ് ഇത്രമേൽ സ്വീകാര്യതയോടെ സ്വാധീനിക്കുക എന്നതിന് ഉത്തരം പറയാൻ ഇതുവരെയും അവർക്ക് കഴിയുന്നില്ല. അങ്ങനെയെങ്കിൽ ഇത്രമേൽ സ്വാധീനമുണ്ടാക്കിയ മറ്റൊരുദാഹരണം ചേർത്തു പറയാനും സാധിക്കുന്നില്ല. തുലനപ്പെടുത്തി പറയാൻ മറ്റൊരാളില്ലാത്ത വിധം തുല്യതയില്ലാത്ത വ്യക്തിത്വമാണ് തിരുനബിﷺയെന്ന് സമ്മതിക്കുകയല്ലാതെ യാഥാർത്ഥ്യങ്ങൾ മറ്റൊന്നിനും അനുവദിക്കുന്നില്ല. മനസ്സിൽ മധു നൽകിയും ജീവിതത്തിന് ലക്ഷ്യം നിർണയിച്ചും മരണാനന്തരവും തുടരുന്ന നന്മകൾക്കുള്ളതാണ് ഈ ജീവിതം എന്ന് ബോധ്യപ്പെടുത്തിയും ഹൃദയം കവരുന്ന മൂല്യങ്ങളുടെ തേരിലാണ് തിരുനബിﷺ അനുവാചകരെയും അനുയായികളെയും വഹിച്ചു കൊണ്ടുപോയത്. എങ്കിൽ പിന്നെ പരിഭവപ്പെട്ടിട്ട് എന്ത് കാര്യം! ഇല്ല, ഒന്നുമില്ല! തീർച്ചയായും ഒന്നുമില്ല!
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
