Tweet 701

    Tweet 701
    May 15, 2024 • Wednesday
    Post Header

    “പ്രപഞ്ചത്തിന് കാരുണ്യമായിട്ടല്ലാതെ തങ്ങളെ നാം നിയോഗിച്ചിട്ടില്ല.” വിശുദ്ധ ഖുർആൻ ഇരുപത്തി ഒന്നാം അധ്യായം അൽ അമ്പിയാഇലെ നൂറ്റിയേഴാം സൂക്തത്തിന്റെ ആശയമാണിത്. അല്ലാഹുവിന്റെ ഈ പ്രഖ്യാപനത്തിന്റെ നേർപകർപ്പായിരുന്നു തിരുനബിﷺയുടെ ജീവിതം. ഐനുർ റഹ്മത് അഥവാ കാരുണ്യത്തിന്റെ പര്യായമാണ് തിരുനബിﷺ എന്ന പ്രയോഗം ആത്മജ്ഞാനികളുടെ രചനകളിൽ സുലഭമാണ്.
    ഒരു രാത്രിയിൽ തിരുനബിﷺ എഴുന്നേറ്റു നിസ്കരിക്കാൻ നിന്നു. ഖുർആനിലെ ഒരു സൂക്തം പാരായണം ചെയ്തുകൊണ്ട് ഏറെനേരം നിസ്കാരത്തിൽ തുടർന്നു. വിശുദ്ധ ഖുർആൻ അഞ്ചാം അധ്യായം അൽ മാഇദയിലെ നൂറ്റിപതിനെട്ടാം സൂക്തമായിരുന്നു അത്. “നീ അവരെ ശിക്ഷിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും അവര്‍ നിന്റെ അടിമകള്‍ തന്നെയല്ലോ. നീ അവര്‍ക്ക് മാപ്പേകുന്നുവെങ്കിലോ, നീ തന്നെയാണല്ലോ പ്രതാപവാനും യുക്തിമാനും.” ഇങ്ങനെയാണ് ആ സൂക്തത്തിന്റെ ആശയം.
    പ്രിയ സ്വഹാബിയായ അബൂദർ(റ) പറയുന്നു. പിറ്റേന്ന് രാവിലെ ഞാൻ നബിﷺയോട് ചോദിച്ചു. ഇന്നലെ രാത്രി അവിടുന്ന് ദീർഘനേരം ഒരു സൂറത്ത് തന്നെ ആവർത്തിച്ച് കരഞ്ഞ് നിസ്കാരത്തിൽ തുടർന്നുവല്ലോ. എന്തായിരുന്നു അതിന് കാരണം? എന്റെ സമുദായത്തിന് പരലോകത്ത് ശിപാർശ ചെയ്യാനുള്ള സമ്മതം അല്ലാഹുവിനോട് തേടിക്കൊണ്ടിരിക്കുകയായിരുന്നു. അതെനിക്ക് ലഭിക്കുകയും ചെയ്തു.
    കാരുണ്യത്തിന്റെ തിരുഹൃദയം
    അനുയായികളെ ഓർത്തു ഒരു രാത്രി മുഴുവൻ അല്ലാഹുവിന്റെ സമക്ഷത്തിൽ നിസ്കാരത്തിലായിരുന്നുവത്രെ. അല്ലാഹുവിന്റെ അടിമകളോട് തിരുനബിﷺക്ക് പെരുത്ത കാരുണ്യമായിരുന്നു എന്ന അനസ് ബിൻ മാലികി(റ)ന്റെ പ്രസ്താവന കൂടി ചേർത്തുവായിക്കുമ്പോൾ എത്ര മനോഹരമാണീ രംഗം.
    മേലുദ്ദരിച്ച ആശയം കൂടി ചേർത്തു കൊണ്ട് ഇമാം മുസ്‌ലിം(റ) പങ്കുവെക്കുന്ന ഒരു നിവേദനം ഇങ്ങനെ വായിക്കാം. ഇബ്നു ഉമർ(റ) പറയുന്നു. ഒരു ദിവസം തിരുനബിﷺ സൂറതു ഇബ്റാഹീമിലെ മുപ്പത്തി ആറാം സൂക്തം പാരായണം ചെയ്തു. അല്ലാഹു ഇബ്റാഹീം നബി(അ)യെ ഉദ്ദരിക്കുന്നതാണ് ഉള്ളടക്കം. ആശയം ഇപ്രകാരമാണ്. “എന്റെ നാഥാ! ഈ വിഗ്രഹങ്ങള്‍ ഏറെപ്പേരെ വഴികേടിലാക്കിയിരിക്കുന്നു. അതിനാല്‍ എന്നെ പിന്തുടരുന്നവന്‍ എന്റെ ആളാണ്. ആരെങ്കിലും എന്നെ ധിക്കരിക്കുന്നുവെങ്കില്‍, അല്ലാഹുവേ, നീ എറെ പൊറുക്കുന്നവനും ദയാപരനുമല്ലോ. ”ശേഷം ഈസാ നബി(അ)യുടേതായി അല്ലാഹു ഉദ്ദരിക്കുന്ന പ്രസ്താവന തിരുനബിﷺ പാരായണം ചെയ്തു. ആശയം ഇങ്ങനെയാണ്. “നീ അവരെ ശിക്ഷിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും അവര്‍ നിന്റെ അടിമകള്‍ തന്നെയല്ലോ. നീ അവര്‍ക്ക് മാപ്പേകുന്നുവെങ്കിലോ, നീ തന്നെയാണല്ലോ പ്രതാപവാനും യുക്തിമാനും.”
    കഴിഞ്ഞുപോയ രണ്ട് പ്രവാചകന്മാർ അവരുടെ അനുയായികൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും അഭ്യർത്ഥിക്കുകയും ചെയ്ത വാചകങ്ങൾ പാരായണം ചെയ്തു കഴിഞ്ഞപ്പോൾ തിരുനബിﷺയുടെ ഹൃദയം ഉയർന്നു. സ്വന്തം അനുയായികൾക്ക് എല്ലാത്തിലും ഉപരി ക്ഷേമം ലഭിക്കണമെന്ന് ആഗ്രഹിച്ചു. അതിനുവേണ്ടി അല്ലാഹുവോട് പ്രാർത്ഥനയിൽ മുഴുകി. ഇരുകൈകളും വാനലോകത്തേക്ക് ഉയർത്തി ഉമ്മത്തീ….. ഉമ്മത്തീ…. എന്റെ സമുദായമേ എന്റെ സമുദായമേ എന്ന് പറഞ്ഞുകൊണ്ട് തിരുനബിﷺ കരഞ്ഞു കൊണ്ടിരുന്നു. അല്ലാഹു ഈ കരച്ചിൽ പരിഗണിച്ചു. മലക്കുകളുടെ നേതാവായ ജിബ്‌രീലി(അ)നെ വിളിച്ചുപറഞ്ഞു. വേഗം മുഹമ്മദ് നബിﷺയുടെ അടുത്തേക്ക് ചെല്ലണം. എന്തിനാണ് കരയുന്നത് എന്ന് ചോദിക്കണം. അപ്രകാരം നബിﷺയുടെ അടുത്തേക്ക് വന്നു. നബിﷺയോട് വിവരം അന്വേഷിച്ചു. അവിടുന്ന് കാര്യങ്ങൾ പറഞ്ഞു. വിവരം ജിബ്‌രീൽ(അ) അല്ലാഹുവിന് എത്തിച്ചുകൊടുത്തു. ഉടനെ അല്ലാഹു പറഞ്ഞുവിട്ടു. ഓ ജിബ്‌രീൽ(അ) നിങ്ങൾ നബിﷺയോട് പറയണം. അവിടുത്തെ സമുദായത്തിന്റെ കാര്യത്തിൽ അല്ലാഹു തൃപ്തിപ്പെടുക തന്നെ ചെയ്യും. ഒരിക്കലും വിഷമിപ്പിക്കുകയില്ലെന്ന്.
    അല്ലാഹുവിന്റെ ഈ ചോദ്യവും അന്വേഷണവും അല്ലാഹുവിന്റെ ഒരു നടപടിക്രമത്തിന്റെ ഭാഗം മാത്രമാണ്. അല്ലാതെ അള്ളാഹുവിന് വിവരം ലഭിക്കാനോ മറ്റോ അല്ല.
    തിരുനബിﷺക്ക് അനുയായികളോടുള്ള അനുതാപത്തിന്റെ നേർചിത്രമാണ് നമ്മൾ വായിച്ചത്. ഉമ്മിയ്യ് ആയ നബി എന്നതിന്റെ പൊരുൾ ഉമ്മത്തിന് വേണ്ടി ജീവിച്ച നബി എന്ന ആശയം പറഞ്ഞവർ മേൽ സംഭവത്തിന്റെ ആത്മാവിനെയാണ് പകർത്തിയത്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...