Tweet 683

    Tweet 683
    April 27, 2024 • Saturday
    Post Header

    തിരുനബിﷺയുടെ പൗത്രനാണ് ഹസ്സൻ ബിൻ അലി(റ). മകളുടെ മകൻ എന്നതിനപ്പുറം സവിശേഷമായ പരിചരണമാണ് തിരുനബിﷺ പേരക്കുട്ടിക്ക് നൽകിയത്. ഒരു ദിവസം തിരുനബിﷺ ഇങ്ങനെ പറഞ്ഞു. എന്റെ ഈ മകൻ നേതാവാണ്. മുസ്‌ലിംകളിൽ തന്നെ വലിയ രണ്ടു സംഘങ്ങൾക്കിടയിൽ ഈ മകൻ വഴി അല്ലാഹു രഞ്ജിപ്പുണ്ടാക്കും.
    ഈ പ്രയോഗങ്ങൾ ഹസ്സൻ ബിൻ അലി(റ)യുടെ ഹൃദയത്തിൽ ഉയർത്തിയ വിചാരങ്ങൾ എന്തൊക്കെയായിരിക്കും. എന്റെ ഈ മകൻ നേതാവാണെന്ന് പറയുമ്പോൾ, തിരുനബിﷺയുടെ ഒരു പ്രാർത്ഥന, ഒരു പ്രചോദനം, ഹസനി(റ)ന്റെ ഹൃദയത്തിൽ രൂപപ്പെടുന്ന ഒരു പക്വത, വരുംകാലത്ത് ഉണ്ടാകുന്ന പ്രതിസന്ധികളിൽ ഏതു പക്ഷത്തു നിൽക്കണം എന്ന ഒരു സൂചന. ആ കരുതൽ ചരിത്രം കാത്തു വച്ചു. ഒടുവിൽ മുആവിയ്യ(റ)യുടെ കാലത്ത് ആ മുന്നറിയിപ്പും കരുതലും പുലർന്നു.
    ബജീല ഗോത്രത്തിൽ നിന്ന് പ്രവാചകരോﷺടുള്ള സഹവാസം സന്തോഷത്തോടെ അനുഭവിക്കാൻ ഭാഗ്യം ലഭിച്ച ആളാണ് ജരീർ ബിൻ അബ്ദുല്ലാഹ്(റ). തിരുനബിﷺയോടുള്ള സഹവാസത്തിന്റെ നാളുകൾ അടയാളപ്പെടുത്തുമ്പോൾ അദ്ദേഹം ഓർമ്മിച്ചുവെച്ച സുപ്രധാനമായ ഒരു കാര്യം ഇതാണ്. ഞാൻ നബിﷺയെ കാണുമ്പോൾ എല്ലാം പുഞ്ചിരിച്ചുകൊണ്ടല്ലാതെ എന്നെ അഭിമുഖീകരിച്ചിട്ടില്ല.
    ചരിത്രം ഒരു പുഞ്ചിരി അടയാളപ്പെടുത്തുന്നത് ഇത്രമേൽ മൂല്യത്തോടെ വേറെ എവിടെയാണ്? അത് അനുയായിയിൽ അടയാളപ്പെടുത്തിയ ആഴത്തിലുള്ള സ്നേഹത്തിന്റെ പ്രാധാന്യം എത്രയാണ്? ഒരു ഗോത്രമേധാവിയെ ആദ്യ നിമിഷത്തിൽ തന്നെ അനുയായി ആയും സഹവാസത്തിന്റെയും സ്നേഹത്തിന്റെയും വിധേയനായും അടയാളപ്പെടുത്തിയത് പുണ്യനബിﷺയുടെ പൂമുഖത്തു തെളിഞ്ഞ പുഞ്ചിരി ആയിരുന്നു. ജരീർ(റ)നു അതുമതി. നാളെ സ്വർഗ്ഗത്തിലേക്ക് പ്രവേശിക്കാനും ഏറ്റവും വലിയ കരുതൽ അതായിരിക്കും. ഈ ലോകത്ത് വെച്ച് കണ്ടുമുട്ടുമ്പോഴെല്ലാം പുഞ്ചിരിച്ചുവെങ്കിൽ, നാളെ പരലോകത്ത് വെച്ച് കണ്ടുമുട്ടുമ്പോഴും ചിരിക്കാതിരിക്കില്ല. അത് നബി സാന്നിധ്യത്തിനും സമീപ്യത്തിനുമുള്ള ഏറ്റവും വലിയ കരുതൽ തന്നെയായിരിക്കും.
    റബീഅത് ബിൻ കഅബ് അൽ അസ്‌ലമി(റ) എന്ന സ്വഹാബിയെ നമ്മൾ വായിച്ചിട്ടുണ്ട്. ഈ പേരുകേൾക്കുമ്പോഴേക്കും ആദ്യം ഓർമ്മവരുന്ന ചില പ്രയോഗങ്ങളും ഉണ്ട്. അതു മറ്റൊന്നുമല്ല. എനിക്ക് സ്വർഗ്ഗത്തിൽ അവിടുത്തെ സാന്നിധ്യം മതിയെന്ന റബീഅ(റ)യുടെ അപേക്ഷയാണ്. പാതിരാത്രിയിലും പ്രവാചകന്ﷺ പരിചരണത്തിനു വേണ്ടി കാത്തിരുന്ന അനുയായി. തണുപ്പുള്ള ഒരു രാത്രിയിൽ അംഗസ്നാനത്തിനുള്ള വെള്ളപ്പാത്രവുമായി അടുത്ത് ചെന്നു. കടമയും കടപ്പാടും ഏറ്റവും ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യുന്ന തിരുനബിﷺ ഈ സമയത്ത് അനുയായി കാത്തിരുന്നതിനെ വിലമതിച്ചു. നന്ദിയും പ്രോത്സാഹനവും സന്തോഷവും നൽകാൻ ഏറ്റവും നല്ല നിമിഷമായി അതിനെ ഉപയോഗപ്പെടുത്തി. പ്രവാചകൻﷺ പറഞ്ഞു. നിങ്ങൾക്ക് ആവശ്യമുള്ളത് ചോദിച്ചുകൊള്ളൂ എന്ന്. അപ്പോൾ റബീഅ(റ) പറഞ്ഞു. എനിക്ക് സ്വർഗ്ഗത്തിൽ അവിടുത്തെ സാന്നിധ്യം മതിയെന്ന്.
    അനുയായിയുടെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞ സ്നേഹം കൊണ്ടാണ് പാതിരാത്രിയിൽ എനിക്ക് വെള്ളവുമായി വന്നതെന്ന് തിരുനബിﷺക്ക് അറിയാം. എന്നാൽ, ആഴമേറിയ സ്നേഹം നിസ്വാർത്ഥമാണ് എന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു ഉന്നയിച്ച ആഗ്രഹം. ഈ സ്നേഹം ഇന്നിവിടെ അവസാനിക്കരുതെന്നും നാളെ പരലോകത്തും അതും സ്വർഗ്ഗത്തിലും തുടരണമെന്നുമുള്ള ആഗ്രഹമായിരുന്നല്ലോ മുന്നോട്ടുവെച്ചത്. വേണ്ടത് ചോദിച്ചു കൊള്ളൂ എന്ന് അനുയായിയോട് പറഞ്ഞപ്പോൾ ആ സുവർണ്ണാവസരത്തെ അനുയായി എങ്ങനെ പ്രയോഗിച്ചു എന്ന് തുടർന്ന് വായിക്കുമ്പോഴാണ് തിരുനബിﷺ തെളിയിച്ചു വെച്ച സ്നേഹദീപത്തിന്റെ വെളിച്ചം നമുക്ക് കൂടുതൽ മനസ്സിലാകുന്നത്. ഇത്രമേൽ ആഴമേറിയ സ്നേഹദാനം നൽകിയ മറ്റാരെയാണ് നമുക്ക് വായിക്കാനും എഴുതാനും പകർത്താനും കാത്തിരിക്കാനുമുള്ളത്?
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...