
ഇനിയങ്ങോട്ട് വായിക്കാനുള്ള വരികൾക്ക് സുഗന്ധം വേറെയാണ്. മധുവൂറുന്ന ഫലങ്ങളാണ്. നബി ജീവിതത്തിന്റെ ചില നിമിഷങ്ങൾ നമ്മുടെ കണ്ണിനു നേരെ വന്നു നിൽക്കും. നമ്മുടെ നോട്ടം എങ്ങനെയായിരിക്കണം എന്ന് ആ നേത്രങ്ങൾ നമ്മളോട് സംസാരിക്കും. സൗന്ദര്യമാർന്ന ചുണ്ടുകൾ മെല്ലെ ചലിച്ചു കൊണ്ടിരിക്കും. നമ്മുടെ അധരങ്ങളുടെ ചലനം എങ്ങനെയായിരിക്കണം എന്നാണ് അത് കാണിച്ചുതരുന്നത്. അവിടുത്തെ കാതുകളുടെ ഭാവങ്ങൾ നമ്മുടെ കാതുകളിലേക്ക് ചേർന്നു ഏതൊക്കെ മന്ത്രങ്ങളാണെന്ന് നിശബ്ദമായി തന്നെ പങ്ക് വെക്കും. തിരുപാദങ്ങളുടെ ചലനം എത്രമേൽ ധൃതിയിലായിരുന്നു എന്ന് നമ്മൾ ശ്രദ്ധിക്കും. അത് നമ്മുടെ ചുവടുകളെ ചിട്ടപ്പെടുത്താനുള്ള ചലനങ്ങൾ ആണെന്ന് തിരിച്ചറിയും.
അവിടുത്തെ കരങ്ങൾ സ്പർശിച്ച സ്ഥലത്ത് നിന്ന് പ്രകാശം സ്ഫുരിക്കുന്നത് നോക്കി നിൽക്കണം. നമ്മുടെ കരങ്ങൾ എത്ര പവിത്രമായി സൂക്ഷിക്കണം എന്ന് പഠിപ്പിക്കാനാണത്. അവിടുത്തെ പ്രയോഗങ്ങളുടെ സൗന്ദര്യം നമ്മൾ വിലയിരുത്തും. എത്രമേൽ മനോഹരമായിട്ടാണ് ആശയവിനിമയം നടത്തുന്നത് എന്ന് ബോധ്യപ്പെടാൻ. അവിടുന്ന് ഉപയോഗിക്കുന്ന പദാവലികൾ ഓരോന്നും നമ്മുടെ ഹൃദയത്തിലേക്ക് തറക്കും. ചിലപ്പോൾ അത് ഉറവ നൽകും. ചിലപ്പോൾ അത് കരുതലുകളെ ഉണർത്തി തരും. ഒരിക്കലും ഒരു പദം പോലും ഉപയോഗിക്കാതെ എങ്ങനെ കഴിഞ്ഞുപോയി എന്ന വിചാരം നമ്മെ കൂടുതൽ സദ് വൃത്തരാക്കും. അവിടുത്തെ ഇമകളുടെ ചലനത്തിലേക്ക് നമ്മൾ കൂടുതൽ ശ്രദ്ധിക്കും. നമ്മുടെ കൺകോണുകൾ വഴിമാറി സഞ്ചരിക്കുന്നുണ്ടോ എന്ന് വിചാരണ നടത്താൻ.
അവിടുത്തെ നിലപാടുകളുടെ ആഴവും സ്വാധീനവും വായിച്ചുകൊണ്ടേയിരിക്കും, എങ്ങനെയാണ് മാനേജ് ചെയ്യുന്നത് എന്ന് പഠിച്ചെടുക്കാൻ. അവിടുത്തെ പാരായണത്തിന്റെ സൗന്ദര്യം നമ്മുടെ കാതിൽ നിറയും. ഖുർആൻ അതിന്റെ സ്രോതസ്സിൽ നിന്ന് ആദ്യ സ്വീകർത്താവിലേക്ക് എങ്ങനെയാണ് സംവേദിച്ചത് എന്ന് മനസ്സിലാക്കാൻ. അവിടുത്തെ വിയർപ്പ് കണങ്ങളിലേക്ക് നമ്മൾ നോക്കിയിരിക്കും. എങ്ങനെയാണ് ചിപ്പിയിൽ നിന്ന് മുത്ത് വരുന്നത് എന്ന് മനസ്സിലാക്കാൻ. നമ്മുടെ മൂക്ക് തുറന്നു നമ്മൾ ശ്വസിച്ചു കൊണ്ടേയിരിക്കും. കസ്തൂരി ചെപ്പു തുറക്കുമ്പോൾ എങ്ങനെയായിരിക്കും എന്ന് നേരിട്ട് അനുഭവിക്കാൻ.
അവിടുത്തെ കരം കവരാൻ വേണ്ടി നമ്മൾ കൈയുയർത്തി കാത്തുനിൽക്കും. പട്ടുടയാടകൾ എത്രമേൽ മാർദ്ദവമാണെന്ന് സ്പർശിച്ചു നോക്കാൻ. അവിടുത്തെ കാൽപാദങ്ങളിലേക്ക് വീഴുന്ന ജലത്തുള്ളികളിലേക്ക് കണ്ണു നട്ടിരിക്കും. ഏറ്റവും മിനുസമായ പ്രതലം എങ്ങനെയാണെന്ന് തിരിച്ചറിയാൻ. അവിടുത്തെ മുഖകമലത്തിൽ തന്നെ നോക്കിയിരിക്കും. ഇമ വെട്ടാതെ എത്രനേരം നോക്കാൻ കഴിയുമെന്ന് മത്സരിക്കാൻ.
അവിടുത്തെ ധൈര്യത്തെക്കുറിച്ച് നമ്മൾ വായിക്കും. കാലം തന്നെ ഇളകി വന്നാലും കാലിടറാതിരിക്കാൻ. അവിടുത്തെ വാഗ്മയങ്ങളെ കുറിച്ചു നമ്മൾ പഠിക്കും. ജനനം മുതൽ വിയോഗം വരെ സത്യം മാത്രം പറയാൻ എങ്ങനെ കഴിഞ്ഞു എന്ന് ആശ്ചര്യപ്പെട്ടു നിൽക്കാൻ. അവിടുന്ന് ഒരുക്കിവെച്ച സദ്യയിലേക്കും തളികയിലേക്കും നമ്മൾ നോക്കി നിൽക്കും. എങ്ങനെയാണ് അതിഥിയെ സ്വീകരിക്കേണ്ടത് എന്ന് മനസ്സിലാക്കാൻ. അവിടുത്തെ സംവാദങ്ങളെക്കുറിച്ച് നമ്മൾ വായിക്കും. എങ്ങനെയാണ് ശത്രുവിനെ മിത്രം ആക്കി മാറ്റിയത് എന്നറിയാൻ.
ഇതെല്ലാം ഒത്തുചേർന്ന ഒരു വായന തിരുനബിﷺയെക്കുറിച്ചല്ലാതെ വേറെ ആരെക്കുറിച്ചാണ് ലഭിക്കുക. ഇവയൊക്കെയും ആവിഷ്കരിക്കാൻ കേവലം അക്ഷരങ്ങളും പ്രതലവും മാത്രം പോരാ എന്ന് പറയേണ്ടതില്ലല്ലോ?
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
