
അബ്ദുൽ റഹ്മാൻ ബിൻ അബീ അഖിലി(റ)ന്റെ ആഗമനം.
അബ്ദുൽ റഹ്മാൻ ബിൻ അബീ അഖിൽ അസ്സഖഫി(റ) പറയുന്നു. സഖിഫ് ഗോത്രത്തിൽ നിന്നുള്ള സംഘം പ്രവാചക സവിധത്തിലേക്ക് വന്നപ്പോൾ ഞാനും കൂടെയുണ്ടായിരുന്നു. ഞങ്ങളുടെ വാഹനം മുറ്റത്ത് കടിഞ്ഞാണിട്ട് അകത്തേക്ക് പ്രവേശിച്ചു. തിരുസവിധത്തിലേക്ക് എത്തുന്ന നേരം ഞങ്ങൾക്ക് ഏറ്റവും ദേഷ്യം ഉള്ള വ്യക്തി പ്രവാചകനാﷺയിരുന്നു. ആ സന്നിധിയിൽ നിന്ന് പുറത്തിറങ്ങിയപ്പോഴേക്കും ഞങ്ങൾക്ക് ലോകത്ത് വെച്ച് ഏറ്റവും പ്രിയപ്പെട്ട വ്യക്തിയായി അവിടുന്ന് മാറി. ഞങ്ങളുടെ കൂട്ടത്തിൽ ഒരാൾ പ്രവാചകനോﷺട് ചോദിച്ചു. അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ, സുലൈമാൻ നബി(അ)ക്ക് അധികാരം നൽകിയത് പോലെ അവിടുത്തേക്കും അധികാരം നൽകാൻ അല്ലാഹുവിനോട് അവിടുന്ന് പ്രാർത്ഥിച്ചിരുന്നുവോ? ചോദ്യം കേട്ട മാത്രയിൽ തിരുനബിﷺ ഒന്ന് ചിരിച്ചു. എന്നിട്ട് ഇങ്ങനെ പറഞ്ഞു. നിങ്ങളുടെ കൂട്ടുകാരനായ എനിക്ക് അല്ലാഹുവിന്റെ അടുക്കൽ സുലൈമാൻ നബി(അ)യെക്കാൾ സ്ഥാനമുണ്ടായേക്കാം. എല്ലാ പ്രവാചകന്മാർക്കും അല്ലാഹു സവിശേഷമായ ഒരു പ്രാർത്ഥന നൽകിയിട്ടുണ്ട്. അഥവാ നിരസിക്കപ്പെടാത്ത സവിശേഷമായ ഒരു പ്രാർത്ഥന. പ്രവാചകന്മാരിൽ ചിലർ ആ പ്രാർത്ഥന ഈ ലോകത്ത് വെച്ച് തന്നെ ഉപയോഗിച്ചു കഴിഞ്ഞു. ചില പ്രവാചകന്മാർ അവരുടെ സമുദായങ്ങൾക്കുമേൽ ആ പ്രാർത്ഥന ഉപയോഗിച്ചു. ജനത അനുസരണക്കേട് കാണിച്ചപ്പോൾ പ്രസ്തുത പ്രാർത്ഥന ഉപയോഗിക്കുകയും അതുവഴി ജനങ്ങൾ ശിക്ഷ അനുഭവിക്കുകയും ചെയ്തു. എനിക്കും സവിശേഷമായ പ്രാർത്ഥന അല്ലാഹു തന്നിട്ടുണ്ട്. ഞാൻ ആ പ്രാർത്ഥന എന്റെ ജനതയ്ക്ക് വേണ്ടി നാളത്തേക്ക് കാത്തു വച്ചിരിക്കുകയാണ്. അന്ത്യനാളിൽ എന്റെ അനുയായികൾക്ക് ശിപാർശ ചെയ്യാൻ വേണ്ടിയാണത്.
വലിയ ആലോചനകൾക്ക് വഴിതുറക്കുന്ന പരാമർശങ്ങളാണ് തിരുനബിﷺ ഇവിടെ നിർവഹിച്ചിട്ടുള്ളത്. സോളമൻ രാജാവ് എന്നറിയപ്പെടുന്ന സുലൈമാൻ നബി(അ)യുടെ ലോകമടക്കിവാണ അധികാരത്തെ ഞാനല്ലാഹുവോട് ചോദിച്ചിട്ടില്ല എന്ന്. ചോദിച്ചാൽ എനിക്ക് ലഭിക്കുമായിരുന്നു എന്നും. പാരത്രിക ലോകത്തെ പദവികളാണ് അതിനേക്കാൾ ശ്രേഷ്ഠമായത്. കഴിഞ്ഞുപോയ പ്രവാചകന്മാർ സവിശേഷമായ പ്രാർത്ഥനകൾ, അവർക്കുവേണ്ടിയോ അവരുടെ ജനതയോടുള്ള അമർഷം അവസാനിപ്പിക്കാനോ പ്രയോഗിച്ചു കഴിഞ്ഞു. തീക്ഷ്ണമായ പരീക്ഷണങ്ങളുടെ ഘട്ടത്തിൽ ആയിരുന്നു അത്. പക്ഷേ, തിരുനബിﷺയുടെ ജീവിതത്തിൽ വലിയ പരീക്ഷണങ്ങൾ ഉണ്ടായിട്ടും ഒരിക്കൽപോലും സമുദായത്തിനെതിരെ ഒരു പ്രാർത്ഥനയും നിർവഹിച്ചിട്ടില്ല. മറിച്ച് വരുംകാല ജനതയിലെങ്കിലും ഒരാൾ നേർവഴിക്ക് വന്നാൽ മതി എന്നായിരുന്നു പ്രാർത്ഥിച്ചത്. ചോദിച്ചാൽ ഉടനടി ഉത്തരം ലഭിക്കുന്ന പ്രാർത്ഥന തിരുനബിﷺ കുടുംബത്തിനോ സ്വയം സന്തോഷങ്ങൾക്ക് വേണ്ടിയോ ഉപയോഗിച്ചതേയില്ല. മറിച്ച് സമുദായത്തിന്റെ ക്ഷേമത്തിനുവേണ്ടി പ്രാർത്ഥിക്കാൻ നാളേക്ക് കാത്തു വച്ചിരിക്കുകയാണ്.
ഇവിടെയാണ് നബിﷺ ഉമ്മിയ്യാണ് എന്ന പ്രയോഗത്തിന് ഒരു മാനം കൂടി നമുക്ക് വായിക്കാൻ കഴിയുന്നത്. ഉമ്മിയ്യ് എന്നാൽ ഉമ്മത്തിയ്യ് അഥവാ എപ്പോഴും സമുദായത്തിന്റെ ക്ഷേമത്തിനുവേണ്ടി ആഗ്രഹിക്കുന്നവർ എന്ന പ്രയോഗത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നത്. പ്രവാചക ശ്രേഷ്ഠർക്ക് ഒരു വിചാരമേ ഉണ്ടായിരുന്നുള്ളൂ. സ്രഷ്ടാവായ അല്ലാഹുവിന്റെ തിരുനാമവും അവനെക്കുറിച്ചുള്ള വിശ്വാസവും ഉയർന്നു നിൽക്കുക. ലോകത്തുള്ള ജനങ്ങൾ മുഴുവനും നേർവഴിക്ക് വരികയും അവർക്ക് ക്ഷേമം ലഭിക്കുകയും ചെയ്യുക. തിരുനബിﷺയുടെ പ്രവാചകത്വത്തെ അംഗീകരിച്ചവർക്ക് എപ്പോഴും ഗുണകാംക്ഷയോടെ വർത്തിക്കുക. തുടങ്ങിയ കാര്യങ്ങൾ.
മേൽ നിവേദനത്തിന്റെ പ്രാഥമിക ഭാഗം കൂടി ഒന്നാലോചിച്ചുനോക്കൂ. ഒരു കാഴ്ചകൊണ്ടുതന്നെ പ്രവാചകൻﷺ ഏറ്റവും പ്രിയപ്പെട്ട വ്യക്തിത്വമായി മാറുന്നു. ഇതിന്മേൽ സ്വാധീനശക്തിയുള്ള ഒരു വ്യക്തി വേറെ ആരാണുള്ളത്. ഇത്തരമൊരു മാറ്റം നബി ജീവിതത്തിലെ ഒറ്റപ്പെട്ട സംഭവമല്ല. പല മുഹൂർത്തങ്ങളിലും ആഗതർ വിശ്വാസത്തിലേക്ക് ആകർഷിക്കപ്പെട്ടത് ഇത്തരം ഒരു ആത്മീയ സ്വാധീനമായിരുന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
