
സിയാദ്(റ) തുടരുന്നു. ഞാൻ ധനികൻ ആയിരിക്കെ ധർമ്മത്തെക്കുറിച്ച് ചോദിച്ചത് ഉചിതമായില്ല എന്ന് എനിക്ക് മനസ്സിൽ തോന്നി. തുടർന്ന് രാത്രിയുടെ ആദ്യത്തിൽ തിരുനബിﷺ യാത്രതിരിച്ചു. ഞാനും ഒപ്പം ചേർന്നു. പ്രവാചകനോﷺടൊപ്പം മറ്റ് ശിഷ്യന്മാരും ഉണ്ടായിരുന്നെങ്കിലും ഞാൻ തൊട്ടുചേർന്ന് തന്നെ പിന്തുടരുകയും കുറെ മുന്നോട്ടു പോയപ്പോൾ ഞാനും നബിﷺയും മാത്രമായി. മറ്റുള്ളവരെല്ലാം കുറെ പിന്നിലായിരുന്നു. പ്രഭാത നിസ്കാരം അഥവാ സുബ്ഹിയുടെ സമയമായപ്പോൾ എന്നോട് ബാങ്ക് കൊടുക്കാൻ കൽപ്പിച്ചു. ഞാൻ അത് നിർവഹിച്ചു. തുടർന്ന് ഞാൻ ചോദിച്ചു. ഇഖാമത്ത് കൊടുക്കട്ടെയോ? പ്രവാചകൻﷺ പടിഞ്ഞാറോട്ടും കിഴക്കോട്ടും മൊത്തതിൽ ഒന്നു നോക്കിയിട്ട് പറഞ്ഞു. ഇപ്പോൾ വേണ്ട. ഫജർ ഉദിച്ചപ്പോൾ പ്രവാചകൻﷺ വാഹനത്തിൽ നിന്നിറങ്ങി. പ്രാഥമികാവശ്യ നിർവഹണത്തിന് വേണ്ടി പോയി.
അപ്പോഴേക്കും പിന്നിൽ സഞ്ചരിച്ചവരൊക്കെ ഞങ്ങളുടെ സംഘത്തോടൊപ്പം വന്നു ചേർന്നിരുന്നു. എന്റെ ഭാഗത്തേക്ക് തിരിഞ്ഞുകൊണ്ട് തിരുനബിﷺ ചോദിച്ചു. അല്ലയോ സുദായിൽ നിന്നു വന്ന സഹോദരാ. കുറച്ചു വെള്ളം കൈവശമുണ്ടോ? ഇല്ലല്ലോ അവിടുത്തേക്ക് മതിയാകും വിധമുള്ള വെള്ളം കൈവശമില്ല. വളരെ കുറഞ്ഞ വെള്ളമേ ഇപ്പോൾ എന്റെ പക്കൽ ഉള്ളൂ. എന്നാൽ, ആ ഉള്ള വെള്ളം ഒരു പാത്രത്തിൽ ആക്കി ഇങ്ങോട്ട് കൊണ്ടുവരൂ. ഞാൻ അതുപ്രകാരം അനുസരിച്ചു. പ്രവാചകന്‍ﷺ ആ വെള്ളപ്പാത്രത്തിലേക്ക് അവിടുത്തെ മുൻകൈ താഴ്ത്തി വച്ചു. അപ്പോഴതാ അവിടുത്തെ വിരലുകൾക്കിടയിൽ നിന്ന് ഉറവയൊലിക്കും പോലെ.
അല്ലയോ സുദാ സഹോദരാ അല്ലാഹുവിനോട് ഒരു ലജ്ജ തോന്നിയിരുന്നില്ലെങ്കിൽ എത്ര വേണമെങ്കിലും ഇതിൽ നിന്ന് കുടിക്കുകയും കുടിപ്പിക്കുകയും ചെയ്യാൻ നമുക്ക് എടുക്കാമായിരുന്നു. ഏതായാലും സംഘത്തിൽ ആരെങ്കിലും അത്യാവശ്യമുള്ളവർ ഉണ്ടെങ്കിൽ അവരോട് വരാൻ വേണ്ടി പറയൂ. വിളിച്ചു പറഞ്ഞത് പ്രകാരം വെള്ളം അത്യാവശ്യമുള്ളവർ തിരുനബിﷺയുടെ അടുക്കലേക്ക് വന്നു. ശേഷം, പ്രവാചകൻﷺ നിസ്കാരത്തിനു വേണ്ടി എഴുന്നേറ്റു. ബിലാലി(റ)നു ഇഖാമത്ത് കൊടുക്കണം എന്നുണ്ടായിരുന്നു. അപ്പോൾ തിരുനബിﷺ ഇടപെട്ടു പറഞ്ഞു. സുദായിൽ നിന്നുള്ള ആ സഹോദരൻ ഇഖാമത്ത് കൊടുക്കട്ടെ. അദ്ദേഹമാണല്ലോ ബാങ്ക് കൊടുത്തത്. ബാങ്ക് കൊടുത്ത ആൾക്കാണ് ഇഖാമത്ത് കൊടുക്കാനുള്ള അവകാശം. ശേഷം, തിരുനബിﷺയുടെ നേതൃത്വത്തിൽ നിസ്കാരം നടന്നു.
നിസ്കാരാനന്തരം രണ്ട് കരാർ പത്രങ്ങളുമായി ഞാൻ നബിﷺയെ സമീപിച്ചു. നേരത്തെ ചുമതലകൾ ഏൽപ്പിച്ചു കൊടുത്തപ്പോൾ രേഖപ്പെടുത്തിയ കരാറുകൾ ആയിരുന്നു അത്. ഞാൻ പറഞ്ഞു. ഈ രണ്ടു ഉത്തരവാദിത്വത്തിൽ നിന്നും എന്നെ ഒന്ന് ഒഴിവാക്കി തരണം. നബിﷺ ചോദിച്ചു, അതെന്തേ? അവിടുന്ന് പറഞ്ഞുവല്ലോ വിശ്വാസിക്ക് നേതാവാകുന്നതിൽ വലിയ നന്മയൊന്നും ഇല്ല എന്ന്. ഞാൻ ശരിയായ ഒരു മുഅ്മിൻ അഥവാ വിശ്വാസിയാണ്. അല്ലാഹുവിനെയും റസൂലിﷺനെയും ഞാൻ വിശ്വസിക്കുന്നു. പിന്നീട് അവിടുന്ന് പറഞ്ഞത് കേട്ടുവല്ലോ! ഐശ്വര്യം ഉണ്ടായിരിക്കെ ധർമ്മം ചോദിക്കുന്നത് തലയ്ക്ക് വേദനയും വയറിന് രോഗവും ആണെന്ന്. സത്യത്തിൽ ഞാൻ സൗകര്യങ്ങളും ഐശ്വര്യവും ഉള്ള ആളാണ്. അപ്പോൾ പ്രവാചകൻﷺ എന്നോട് പറഞ്ഞു. നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ ഉത്തരവാദിത്വത്തിൽ തുടരാം. ഇല്ലെങ്കിൽ അതിൽ നിന്ന് ഒഴിവാക്കുകയും ചെയ്യാം. ഞാൻ പറഞ്ഞു. ഞാൻ ഒഴിവാക്കാൻ ആണ് താൽപര്യപ്പെടുന്നത്. എന്നാൽ, അതിനു പറ്റുന്ന മറ്റൊരാളെ കാണിച്ചു തരൂ. അപ്പോൾ ഞാൻ ഞങ്ങളുടെ സംഘത്തിൽ നിന്നും ഒരാളെ ചൂണ്ടിക്കൊടുക്കുകയും അദ്ദേഹത്തെ നേതൃചുമതല ഏൽപ്പിക്കുകയും ചെയ്തു.
ഞങ്ങൾ പ്രവാചകരോﷺട് പറഞ്ഞു. ഞങ്ങൾക്കൊരു കിണറുണ്ട്. ശൈത്യകാലമായാൽ ഞങ്ങൾക്ക് ആവശ്യമായ വെള്ളം അതിൽ നിന്ന് ലഭിക്കും. പക്ഷേ, വേനൽ ആയാൽ വെള്ളം കുറയുകയും ഞങ്ങൾ ആവശ്യത്തിനുവേണ്ടി പല ഭാഗത്തേക്കും പോകേണ്ടി വരികയും ചെയ്യുന്നു. ഞങ്ങളുടെ പരിസരങ്ങളിൽ ഉള്ളവരാണെങ്കിലോ ഞങ്ങളുടെ എതിരാളികളും ശത്രുക്കളുമാണ്. അതുകൊണ്ട് ഞങ്ങൾക്ക് മതിയായ വെള്ളം ഞങ്ങളുടെ കിണറ്റിൽ ലഭിക്കാനും അവിടെ ഞങ്ങൾ ഒത്തുകൂടാനും നാലുവഴിക്ക് പോകാതെ ഒരുമിച്ചു കൂടാനും വേണ്ടി പ്രാർത്ഥിക്കണം. അപ്പോൾ 7 ചരൽ കല്ലുകൾ കൊണ്ടുവരാൻ പ്രവാചകൻ പറഞ്ഞു. ഞങ്ങൾ കൊണ്ടുവന്നു കൊടുത്തപ്പോൾ കൈവെള്ളയിൽ വെച്ച് അതിന്മേൽ അവിടുന്ന് പ്രത്യേക പ്രാർത്ഥന നടത്തി പറഞ്ഞു. നിങ്ങൾ നാട്ടിലേക്ക് എത്തിയാൽ അല്ലാഹുവിന്റെ നാമം ഉരുവിട്ട് ഇത് ഓരോന്നോരോന്നായി കിണറ്റിലേക്കിടുക. ഞങ്ങൾ അതുപ്രകാരം നിർവഹിച്ചു. അപ്പോഴേക്കും ആ കിണറിന്റെ ആഴം ഞങ്ങളുടെ കണ്ണെത്താത്ത വിധത്തിലേക്ക് വർദ്ധിച്ചു.
നബിﷺയുടെ സവിധത്തിലേക്ക് വന്ന 15 പേരും അവരുടെ നാട്ടിലേക്ക് മടങ്ങി. പ്രദേശത്ത് ഇസ്ലാം പ്രചരിച്ചു. വിടവാങ്ങൽ ഹജ്ജ് വേളയിൽ പ്രസ്തുത പ്രവിശ്യയിൽ നിന്ന് 100 പേരെ തിരുനബിﷺക്ക് കണ്ടുമുട്ടാൻ കഴിഞ്ഞു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
