
തിരുനബിﷺയുടെ സൈനിക നയതന്ത്ര നീക്കങ്ങളെ കുറിച്ചാണ് ഇതുവരെ നാം വായിച്ചു കൊണ്ടിരുന്നത്. സത്യത്തിന്റെ പ്രചാരണത്തിനും സംസ്ഥാപനത്തിനും വ്യത്യസ്ത ശൈലിയിലും ഭാവത്തിലും ദേശങ്ങളുടെയും രാഷ്ട്രങ്ങളുടെയും സ്വഭാവം അറിഞ്ഞ് സ്വഹാബികളിൽ ചെറുതും വലുതുമായ സംഘങ്ങളെ നിയോഗിച്ചു. കുറഞ്ഞ കാലത്തിനുള്ളിൽ ലോകത്തിന്റെ നിരവധി പ്രദേശങ്ങളിലേക്ക് ഇസ്ലാമിന്റെ വെളിച്ചം എത്താൻ ഇത് കാരണമായി. മദീനയും ഇസ്ലാമും പ്രവാചകനുംﷺ അത്ര എളുപ്പം അക്രമിക്കപ്പെടാവുന്നതല്ല എന്ന ഒരു ബോധ്യം കൂടി ഇതുവഴി ഉണ്ടായി.
മറികടക്കാനാവാത്ത ആശയത്തോടൊപ്പം തോൽപ്പിക്കാനാവാത്ത ഒരു വ്യവസ്ഥിതിയും രാഷ്ട്രവും കൂടി ഇസ്ലാമിനൊപ്പം ഉണ്ട് എന്ന് ഈ നയതന്ത്രങ്ങളിലൂടെ ലോക പരിസരങ്ങൾക്ക് ബോധ്യമായി. അക്കാലത്തെ മുഴുവൻ വൻശക്തികളും ഇസ്ലാമിക രാഷ്ട്രത്തിന്റെ ശക്തിയും പ്രതിരോധശേഷിയും തിരിച്ചറിഞ്ഞു.
ഇതേ സന്ദർഭത്തിൽ തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാർഥവാഹക സംഘങ്ങൾ മദീനയിലേക്കും വന്നു. ഇസ്ലാമിനെയും പ്രവാചകനെﷺയും കേട്ടറിഞ്ഞ് നേരിട്ട് കണ്ട് ബോധ്യപ്പെടാൻ വന്നവരും, നേരിട്ട് കണ്ടതിനുശേഷം തീരുമാനമെടുക്കാൻ വന്നവരും, പരീക്ഷണാർത്ഥം ഇസ്ലാമിനെയും പ്രവാചകനെﷺയും സമീപിച്ചവരും ഈ സംഘങ്ങളിൽ ഉൾപ്പെടും. സാർഥവാഹക സംഘങ്ങൾ എന്ന അർത്ഥമുള്ള വുഫൂദ് എന്ന പദമാണ് ഇതു സംബന്ധിയായി ഗ്രന്ഥങ്ങളിൽ പ്രയോഗിച്ചിട്ടുള്ളത്. പ്രവാചകരുﷺടെ തിരുഭവനത്തിൽ ഇത്തരം സംഘങ്ങളെ സ്വീകരിക്കാൻ വേണ്ടിയിരുന്ന സ്ഥലത്തുള്ള തൂണിന് ഉസ്തുവാനത്തുൽ വുഫൂദ് എന്ന പേരാണുള്ളത്. ഇന്നും അതേ നാമത്തിലുള്ള തൂണ് നമുക്ക് അവിടെ കാണാവുന്നതാണ്. ഇത്തരം സ്വീകരണങ്ങളെ എത്രമേൽ പ്രാധാന്യത്തോടെ കണ്ടിരുന്നു എന്നതിന്റെ തെളിവു കൂടിയാണ് ഈ ചരിത്ര സാക്ഷ്യം.
പ്രവാചക സന്നിധിയിലേക്ക് വ്യത്യസ്ത ദിക്കുകളിൽ നിന്ന് വന്ന ചില സംഘങ്ങളെയാണ് നാം പരിചയപ്പെടുന്നത്. ജുൻദുബ് ബിൻ മിക്യസ്(റ) എന്നവർ നിവേദനം ചെയ്യുന്നു. പ്രവാചകനെﷺ തേടി പല ദേശങ്ങളിൽ നിന്നും വഫദുകൾ വരുമ്പോൾ അവരെ സ്വീകരിക്കാൻ വേണ്ടി പ്രവാചകൻﷺ ഒരുങ്ങി തയ്യാറാകുമായിരുന്നു. ആ വിധത്തിൽ ഒരുങ്ങി സജ്ജമാകാൻ അനുയായികളോടും പ്രവാചകൻﷺ നിർദ്ദേശിച്ചിരുന്നു. കിന്ഡയിൽ നിന്നുള്ള സംഘം മദീനയിലേക്ക് വന്നപ്പോൾ യമനി പുടവകൾ അണിഞ്ഞു കൊണ്ടാണ് തിരുനബിﷺ അവരെ സ്വീകരിച്ചത്. ഒപ്പം അബൂബക്കറും(റ) ഉമറും(റ) സമാനമായ വസ്ത്രങ്ങൾ തന്നെ ധരിച്ചിരുന്നു. രണ്ടു മുഴം വീതിയും നാലു മുഴം നീളവും ഉള്ള ഹള്റമി മേൽവസ്ത്രം അവിടുന്ന് ഉപയോഗിച്ചിരുന്നു.
ആധുനിക രാഷ്ട്രീയ സങ്കേതങ്ങൾക്ക് പരിചയമുള്ള അംബാസഡർ സംവിധാനങ്ങളോട് സമാനമായ നയതന്ത്ര രീതികളെ അക്കാലത്തുതന്നെ പ്രവാചകന്‍ﷺ പ്രയോഗിച്ചു എന്നാണ് ഇതിലൂടെ നാം വായിക്കുന്നത്. ഓരോ ദൗത്യസംഘങ്ങളും എത്തിച്ചേരുമ്പോൾ അവരെ സ്വീകരിക്കാനും അവരോട് സംവദിക്കാനും തിരുനബിﷺ നടത്തിയിരുന്ന ക്രമീകരണങ്ങൾ എത്ര ഔചിത്യത്തോടുകൂടിയായിരുന്നു എന്നു വായിക്കുമ്പോൾ നമുക്കേറെ കൗതുകം തോന്നും.
അതിഥികളെ സ്വീകരിക്കുന്നതിലും അവരുടെ ആവശ്യങ്ങൾ കേൾക്കുന്നതിലും പ്രവാചകൻﷺ സ്വീകരിച്ച സമീപന രീതികൾ ഒരുപാടാളുകളെ ഉടനടി ഇസ്ലാമിലേക്ക് വരാൻ പ്രേരിപ്പിച്ചു. ഒരു കാഴ്ച കൊണ്ട് മാത്രം തെറ്റിദ്ധാരണകൾ മാറിയ അനുഭവങ്ങളും ഇത്തരം സന്ദർശനങ്ങളിൽ ഏറെയാണ്. പ്രവാചക ഭവനത്തെ പരാമർശിക്കുന്ന ഖുർആൻ സൂക്തങ്ങളിൽ മദീനയിലേക്ക് വന്ന സംഘങ്ങളുടെ സംസ്കാരങ്ങളടക്കം കൃത്യമായി സൂചിപ്പിക്കുന്നുണ്ട്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
