
അബൂ ഉമാമ(റ)യുടെ സംഭവം നമുക്ക് നൽകുന്ന ചില പാഠങ്ങൾ ഉണ്ട്. പ്രവാചകന്മാരുടെ അസാധാരണ ഇടപെടലുകളും പ്രകാശനങ്ങളും അഥവാ മുഅ്ജിസത്തും (സദ്’വൃത്തരായ സജ്ജനങ്ങളിലൂടെ പ്രകാശിതമാകുന്ന അത്ഭുത സംഭവങ്ങൾ), കറാമത്തും ഇസ്ലാമിക പ്രബോധന രംഗത്ത് വലിയ ശക്തിയായിട്ടുണ്ട്. കേവലമായ ബോധവൽക്കരണ പരിപാടികളും ആശയപ്രചാരണങ്ങളും മാത്രമാണ് മതപ്രബോധനത്തിന്റെ ഉപാധികൾ എന്ന് വിശ്വസിക്കുന്നത് ശരിയല്ല. അത്ഭുത പ്രകടനങ്ങളിലൂടെ മാത്രമാണ് ഇസ്ലാമിക പ്രബോധനം സാധ്യമാക്കിയത് എന്ന വാദവും ശരിയല്ല. രണ്ടുകാര്യങ്ങളും അതിന്റേതായ റോളുകൾ നിർവഹിച്ചിട്ടുണ്ട് എന്നാണ് മനസ്സിലാകുന്നത്.
കാര്യകാരണങ്ങൾക്കതീതമായി പ്രവാചകന്മാരിൽ നിന്നുണ്ടാകുന്ന അത്ഭുതങ്ങൾക്കാണ് മുഅ്ജിസത് എന്നു പറയുന്നത്. ഇതുപോലെ കാര്യകാരണങ്ങൾക്കതീതമായി സജ്ജനങ്ങളിൽ നിന്നുണ്ടാകുന്ന അത്ഭുതങ്ങൾക്കാണ് കറാമത്ത് എന്ന് പറയുന്നത്. ഔലിയാക്കൾ അഥവാ സജ്ജനങ്ങളിൽ നിന്ന് കറാമത്ത് ഉണ്ടാവുക എന്നത് മതം പഠിപ്പിച്ചു തന്നതും പ്രമാണങ്ങൾക്ക് യോജിക്കുന്നതും ആണ്. അതുകൊണ്ടുതന്നെ അത് നിരാകരിക്കുന്നത് പ്രമാണങ്ങളോട് നിരക്കാത്ത നിലപാടാണ്.
ഈ ലോകത്ത് വെച്ച് തന്നെ അസാധാരണമായി ഭക്ഷണപാനീയങ്ങൾ ലഭിച്ചു എന്നും അതിനുശേഷം ജീവിതത്തിൽ ഒരിക്കലും വിശപ്പോ ദാഹമോ അനുഭവിച്ചിട്ടില്ല എന്നും അബൂ ഉമാമ(റ) പ്രസ്താവിക്കുന്നത് പ്രമാണമായി തന്നെ നമുക്ക് സ്വീകരിക്കാവുന്നതാണ്. സ്വഹാബികളിൽ തന്നെ മറ്റുചിലർക്കും സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അഭൗതികമായ രീതിയിൽ പാനീയം ലഭിച്ചതിനുശേഷം പതിറ്റാണ്ടുകൾ ജീവിച്ചിട്ട് ഒരിക്കൽപോലും ദാഹം അനുഭവിച്ചിട്ടില്ല എന്ന ഉമ്മു ഐമന്റെ(റ) അനുഭവം നമ്മൾ വായിച്ചു പോയിട്ടുണ്ട്.
മതത്തെയും മത സമീപനങ്ങളെയും കേവല യുക്തിയുടെയും സാധാരണ ബോധ്യങ്ങളുടെയും അടിസ്ഥാനത്തിൽ മാത്രം വിലയിരുത്തിയാൽ വിശ്വാസത്തിന്റെ ആത്മാവിലേക്ക് എത്താൻ കഴിയില്ല. നമുക്ക് ബോധ്യമായത് മാത്രമേ അംഗീകരിക്കുകയുള്ളൂ എന്ന നിലപാടും മത വീക്ഷണത്തിൽ അംഗീകരിക്കപ്പെടാവുന്നതല്ല. മനുഷ്യന്റെ പരിമിതിയും സ്രഷ്ടാവിന്റെ പരിപൂർണ്ണതയും സമ്പൂർണ്ണനായ സ്രഷ്ടാവിലേക്ക് പരിമിതനായ സൃഷ്ടിയും മനുഷ്യനും എത്രമേൽ വിധേയത്വം ഉണ്ടായിരിക്കണം എന്നതാണ് ഇസ്ലാം ദർശനത്തിന്റെ ആത്മാവ്. പരിപൂർണ്ണനായ അല്ലാഹുവിന്റെ വിനീതനും വിധേയനുമായ അടിമയാണെന്ന തിരിച്ചറിവിലേക്ക് മനുഷ്യൻ എത്തുമ്പോഴാണ് സമ്പൂർണ്ണനായ മനുഷ്യൻ എന്ന പദവിയിലേക്ക് നാം ഉയരുന്നത്. സ്രഷ്ടാവും പരിപാലകനുമായ അല്ലാഹുവിനെ തിരിച്ചറിയാത്തിടത്തോളം കാലം ഒരു മനുഷ്യനും ശരിയായ മാനുഷിക വിചാരത്തിലേക്ക് എത്തിച്ചേരുകയില്ല. ജന്മം നൽകിയ പിതാവിനെ തിരിച്ചറിയാതെ പിതാവിന്റെ ആനുകൂല്യം മുഴുവനും അനുഭവിച്ചു ജീവിക്കുന്ന മകൻ എത്രമേൽ വലുതായാലും എങ്ങനെയാണ് ശരിയായ പുത്രൻ എന്ന മൂല്യത്തിലേക്ക് എത്തിച്ചേരുക?
ഈ പ്രപഞ്ചത്തിൽ ജീവിക്കുന്ന ഒരു മനുഷ്യന്റെ ഏറ്റവും വലിയ ദൗത്യം പ്രപഞ്ചത്തിന്റെയും തന്റെയും തന്നെ ശില്പി ആരാണ് എന്ന തിരിച്ചറിവിലേക്ക് എത്തുക എന്നതാണ്. ഈ പ്രപഞ്ചമാകുന്ന ശില്പത്തിന്റെ സൗന്ദര്യവും സൗകര്യവും അനുഭവിച്ചു ജീവിക്കുമ്പോഴെല്ലാം ഈ ശില്പത്തിന്റെ ശില്പി ആരാണ് എന്ന ആലോചനയിലേക്ക് എത്തിയില്ലെങ്കിൽ എത്രമേൽ വലിയ അപരാധമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഏകനായ അല്ലാഹുവിനെ തിരിച്ചറിയാതിരിക്കുക എന്നതാണ് ഏറ്റവും വലിയ അക്രമം എന്ന് ഖുർആൻ പരിചയപ്പെടുത്തുന്നത് ഈ അർത്ഥത്തിൽ കൂടിയാണ്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
