
അലിയ്യ് ബിൻ അബീത്വാലിബി(റ)നെ രണ്ടാം വട്ടവും യമനിലേക്ക് അയച്ചത്…
അലിയ്യ് ബിൻ അബീത്വാലിബി(റ)നെ തിരുനബിﷺ റമളാനിൽ യമനിലേക്ക് അയച്ചു. അദ്ദേഹത്തിന് പതാക ഏൽപ്പിച്ചു കൊടുക്കുകയും തലപ്പാവ് അണിയിച്ചു കൊടുക്കുകയും ചെയ്തു. ഇനി തിരിഞ്ഞു നോക്കേണ്ടതില്ല മുന്നോട്ടു ഗമിച്ചോളൂ എന്ന് പറഞ്ഞു. അപ്പോൾ അലി(റ) ചോദിച്ചു. ഞാൻ എന്താണ് അവിടെ ചെയ്യേണ്ടത്? നിങ്ങൾ അവിടെയെത്തി അവരുടെ അങ്കണത്തിൽ ഇറങ്ങുക. അവരെ നന്മയിലേക്കും തൗഹീദിലേക്കും ക്ഷണിക്കുക. അവർ അനുസരിക്കുകയും നേർവഴി സ്വീകരിക്കുകയും ചെയ്താൽ അവരോട് സായുധമായി പ്രതികരിക്കേണ്ടതില്ല. സത്യസാക്ഷ്യ വാചകം(ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദുറസൂലുള്ളാഹ്) എന്നവർ പ്രഖ്യാപിച്ചു കഴിഞ്ഞാൽ, അവരോട് നിസ്കാരത്തെ കുറിച്ച് പറഞ്ഞു കൊടുക്കുക. അതും അവർ സ്വീകരിച്ചാൽ നോമ്പിനെ കുറിച്ച് സംസാരിക്കുക. അതും അവർക്ക് ബോധ്യമായാൽ ദാനധർമ്മം അഥവാ സക്കാത്തിനെ കുറിച്ച് പഠിപ്പിച്ചു കൊടുക്കുക. മറ്റു ഭൗതികമായതൊന്നും അവരിൽ നിന്ന് പ്രതീക്ഷിക്കാതിരിക്കുക. നിങ്ങൾ കാരണമായി ഒരാൾ നേർവഴിക്കായാൽ സൂര്യന്റെ ഉദയാസ്തമാനത്തിനിടയിലുള്ള എല്ലാം ലഭിക്കുന്നതിനേക്കാൾ ഏറെ വിലപ്പെട്ടതാണത്.
300 അശ്വഭടന്മാർക്കൊപ്പം അലി(റ) പുറപ്പെട്ടു. മദ്‌ഹിജ് എന്ന പ്രവിശ്യ ലക്ഷ്യം വച്ചുകൊണ്ടാണ് മുന്നോട്ടു നീങ്ങിയത്. പ്രസ്തുത പ്രദേശത്ത് കാലൂന്നുന്ന ആദ്യത്തെ പടക്കുതിരയായിരുന്നു അലി(റ)യുടേത്.
അലി(റ) ആ നാട്ടുകാരെ ഇസ്ലാമിലേക്ക് ക്ഷണിച്ചു. അവർ കൃത്യമായി സ്വീകരിച്ചില്ലെന്നു മാത്രമല്ല അമ്പെയ്ത്തു നടത്തി അലി(റ)യുടെ അനുയായികൾക്കെതിരെ ആക്രമണം ആരംഭിച്ചു. ശിലാവർഷം നടത്തി അവരുടെ ആക്രമണം ശക്തിപ്പെടുത്തി. നാട്ടുകാർ പോരാട്ടമാണ് ലക്ഷ്യം വെക്കുന്നതെന്നു വന്നപ്പോൾ. അലി(റ) അനുയായികളെ അണിയായി നിർത്തി. പതാക മസ്ഊദ് ബിൻ സിനാനെ(റ) ഏൽപ്പിച്ചു. മദ്‌ഹിജ് ഗോത്രക്കാരൻ ആയ ഒരാൾ തുറന്ന യുദ്ധത്തിനുവേണ്ടി രംഗത്തേക്ക് വന്നു. അതോടെ അസ്വദ് ബിൻ അൽ ഖുസാഇ(റ) അയാളെ പ്രതിരോധിക്കുകയും പ്രതിരോധത്തിൽ അയാൾ കൊല്ലപ്പെടുകയും അയാളുടെ വസ്തുവകകൾ പിടിച്ചെടുക്കപ്പെടുകയും ചെയ്തു. പിന്നീട് അലി(റ)യുടെ നേതൃത്വത്തിൽ ശക്തമായ പ്രതിരോധം നടന്നു. അതിൽ ഇരുപതോളം ആളുകൾ കൊല്ലപ്പെടുകയും ശത്രുക്കൾ ചിന്നഭിന്നമായി പലവഴിക്കോടിപ്പോവുകയും ചെയ്തു.
അലി(റ)യുടെ തുടർന്നുള്ള പ്രബോധനത്തിൽ നാട്ടുകാരിൽ നിന്ന് കാര്യബോധമുള്ള നല്ല ഒരു സംഘം ഇസ്ലാമിനെ മനസ്സിലാക്കി. അവർക്ക് ഖുർആൻ പാരായണം പഠിപ്പിച്ചും മതാധ്യാപനങ്ങൾ അഭ്യസിപ്പിച്ചും സ്വഹാബികൾ കർമ്മ വഴിയിൽ സജീവമായി. ഈ പ്രദേശത്തെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു കത്ത് അബ്ദുല്ലാഹിബ്നു അംറ് ബിൻ ഔഫി(റ)ന്റെ പക്കൽ നബിﷺയുടെ അടുത്തേക്ക് കൊടുത്തയച്ചു. പിന്നീട് നബിﷺയുടെ നിർദ്ദേശപ്രകാരം അലി(റ) തിരിച്ചു നബിﷺയുടെ അടുക്കലേക്ക് വന്നു. അലി(റ)യുടെ നടപടികളെക്കുറിച്ചും സമീപനങ്ങളെക്കുറിച്ചുമുള്ള വിശാലമായ ചർച്ചകൾ നടന്നു. യുദ്ധാനന്തര സ്വത്തുകൾ വിഹിതം വെച്ചതും മറ്റുമായി ബന്ധപ്പെട്ട വിധിവിലക്കുകളെ തിരുനബിﷺ അപഗ്രഥിച്ചു. അലി(റ) നടത്തിയ വിധികല്പനകളുടെ വിശദീകരണം അദ്ദേഹത്തിൽ നിന്ന് തന്നെ ചോദിച്ചറിഞ്ഞു. അവ്യക്തമായ കാര്യങ്ങൾ എല്ലാം തിരുനബിﷺ വിശദീകരിച്ചു കൊടുത്തു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
