Tweet 560

    Tweet 560
    December 26, 2023 • Tuesday
    Post Header

    ദാത്തുസ്സലാസിൽ സൈനിക നീക്കത്തിന്റെ അനുബന്ധമായി ഒരു സംഭവം ഇങ്ങനെ വായിക്കാനുണ്ട്. റാഫി ബിൻ അബു റാഫി(റ) പറയുന്നു. ഞാൻ ക്രൈസ്തവനായ ഒരു പുരോഹിതനായിരുന്നു. അന്ന് എന്റെ പേര് സർജിസ് എന്നായിരുന്നു. ഞാൻ യാത്രക്കാർക്ക് വഴികാട്ടിയായി സഞ്ചരിക്കുമായിരുന്നു. മരുഭൂമിയിലൂടെ ഏതുവിധേനയും സഞ്ചരിക്കാൻ ഞാൻ പരിചിതനായിരുന്നു. ഒട്ടകപ്പക്ഷിയുടെ മുട്ടയിൽ വെള്ളം മരുഭൂമിയിൽ പല സ്ഥലങ്ങളിലും ഞാൻ കുഴിച്ചിടും. എന്നിട്ട് അതുവഴി ഒട്ടകത്തെ നയിക്കും. എനിക്ക് കൃത്യമായി കണ്ടെത്താൻ കഴിയുന്നതുപോലെ മറ്റൊരാൾക്കും അത് കണ്ടെത്താൻ സാധിച്ചിരുന്നില്ല. നിരവധി യാത്രകളിൽ ഞാൻ അങ്ങനെ പലർക്കും വഴികാട്ടിയായി പോയിട്ടുണ്ട്.
    ഞാൻ ഇസ്ലാം സ്വീകരിച്ചതിനെ തുടർന്ന് അംർ ബിൻ അൽ ആസി(റ)ന്റെ നേതൃത്വത്തിൽ ദാതു സലാസിലിലേക്കുള്ള സൈനിക നീക്കത്തിൽ ഞാനും പങ്കാളിയായി. യാത്രയിൽ നല്ല ഒരു സഹ സഞ്ചാരിയോടൊപ്പം നീങ്ങണമെന്ന് ഞാൻ കരുതി. അതുപ്രകാരം ഞാൻ അബൂബക്കറി(റ)നോടൊപ്പം സഞ്ചരിച്ചു. അദ്ദേഹത്തിൽ നിന്നുള്ള സഹവാസത്തിന്റെ നന്മ സ്വീകരിക്കുകയായിരുന്നു എന്റെ ലക്ഷ്യം. അദ്ദേഹത്തിന്റെ പക്കൽ ഫദക്കിൽ നിന്നുള്ള ഒരു മേൽ വസ്ത്രം ഉണ്ടായിരുന്നു. യാത്രാമധ്യേ ഭക്ഷണം കഴിക്കാനും ഇരിക്കാനും ഒക്കെ അത്‌ വിരിച്ചിരുന്നു. ഈ വിരിപ്പിനോട് ചേർത്ത് ചില സന്ദർഭങ്ങളിൽ അബൂബക്കറി(റ)നെ അറിയപ്പെട്ടു. ഒരിക്കൽ നജ്ദ്കാർ പറഞ്ഞു. നമുക്ക് മേൽ മുണ്ടുമായി വരുന്ന ആളെ അനുകരിക്കാം.
    അബൂ റാഫി(റ) പറയുന്നു. സൈനിക ദൗത്യങ്ങൾ കഴിഞ്ഞ് ഞങ്ങൾ മദീനയിലേക്ക് അടുക്കാറായി. അപ്പോൾ ഞാൻ അബൂബക്കറി(റ)നോട് പറഞ്ഞു. അല്ലയോ അബൂബക്കറെ(റ) അല്ലാഹു നിങ്ങൾക്ക് കരുണ ചെയ്യട്ടെ! നിങ്ങളുടെ സഹവാസം കൊണ്ട് എനിക്ക് ഉപകാരം ലഭിക്കാൻ വേണ്ടിയാണ് ഞാൻ നിങ്ങളോടൊപ്പം കൂടിയത്. അതുകൊണ്ട് നിങ്ങൾ എന്നെ ഒന്ന് ഉപദേശിച്ചാലും. ആവശ്യമായ സാരോപദേശങ്ങൾ നൽകിയാലും. അപ്പോൾ അബൂബക്കർ(റ) ഇങ്ങനെ പ്രതികരിച്ചു. നിങ്ങൾ അങ്ങനെ ആവശ്യപ്പെട്ടിരുന്നില്ലെങ്കിലും ഞാൻ നിങ്ങളോട് ഉപദേശങ്ങൾ നൽകുമായിരുന്നു. അല്ലാഹുവിന്റെ ഏകത്വത്തിൽ ദൃഢമായി വിശ്വസിക്കുക. അവനോട് ആരെയും പങ്കു ചേർക്കരുത്. നിസ്കാരം കൃത്യമായി നിലനിർത്തുക. ദാനധർമ്മങ്ങൾ അനുഷ്ഠിക്കുകയും വ്രതാനുഷ്ഠാനം പാലിക്കുകയും ചെയ്യുക. ഹജ്ജ് നിർവഹിക്കുക. വലിയ അശുദ്ധി അഥവാ ജനാബത്ത് ഉണ്ടായാൽ കുളിക്കുക. നിങ്ങളിൽ നിന്ന് രണ്ടുപേർക്ക് പോലും നിങ്ങൾ അധികാരി ആവരുത്.
    അപ്പോൾ ഞാൻ ഇങ്ങനെ പറഞ്ഞു. അല്ലയോ അബൂബക്കറെ(റ), അല്ലാഹുവിന്റെ ഏകത്വത്തെക്കുറിച്ച് അവിടുന്ന് പറഞ്ഞത്, ഞാൻ ഒരിക്കലും അല്ലാഹുവിൽ പങ്കു ചേർക്കുകയില്ല. ഒരിക്കലും ഞാൻ നിസ്കാരം ഉപേക്ഷിക്കുകയില്ല. റമളാനിലെ വ്രതം ഞാൻ ഉപേക്ഷിക്കുകയില്ല. ഹജ്ജ് നിർവഹിക്കാൻ സാധ്യമായാൽ ഞാൻ നിർവഹിക്കും. ജനാബത്ത് ഉണ്ടായാൽ ഞാൻ കുളിക്കും. പിന്നെ അധികാരത്തെക്കുറിച്ചാണ്. അല്ലയോ അബൂബക്കറെ(റ), ആളുകൾ സ്ഥാന മഹത്വങ്ങൾ കൽപ്പിക്കുന്നത് അതിന്മേലാണല്ലോ! പിന്നെ എന്തുകൊണ്ടാണ് എന്നെ അങ്ങനെ വിലക്കിയത്? നിങ്ങൾ എന്നോട് ഉപദേശം തേടി. അപ്പോൾ ഞാൻ എന്നെ തന്നെ ആഭ്യന്തരമായി ഒന്ന് തയ്യാർ ചെയ്തു. ഞാൻ വിശദമായി തുടർന്നു പറയാം.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...