Tweet 552

    Tweet 552
    December 18, 2023 • Monday
    Post Header

    മുഅ്തയിൽ എത്തിയതിൽ പിന്നെ വിശ്വാസികൾ പരിസരങ്ങളൊക്കെ നിരീക്ഷിച്ചു. ശത്രുക്കളെക്കുറിച്ച് വിശദമായി പരിശോധന നടത്തി. ശത്രുപാളയത്തിന്റെ അംഗങ്ങളുടെ ആധിക്യം അവരെ ആകുലപ്പെടുത്തി. പുതിയ ആലോചനകൾക്ക് വേണ്ടി അവർ ഒത്തുകൂടി. ചിലർ ഇങ്ങനെ പറഞ്ഞു. നമുക്ക് ഇപ്പോൾ തന്നെ തിരുനബിﷺക്ക് ഒരു സന്ദേശം അയക്കാം. ശത്രുക്കളുടെ എണ്ണം അധികമാണെന്നും, നമുക്ക് കുറച്ചുകൂടി സൈനികരെ അയച്ചുതരണമെന്നും ആവശ്യപ്പെടാം. അതല്ലെങ്കിൽ നബിﷺ ആവശ്യപ്പെടുന്ന കാര്യം എന്താണോ അത് നമുക്ക് സ്വീകരിക്കാം. സ്വഹാബികൾക്കിടയിൽ വിവിധങ്ങളായ അഭിപ്രായങ്ങൾ ഉയർന്നു. ഉടനെ അബ്ദുല്ലാഹി ബിൻ റവാഹ(റ) ഇടപെട്ടു. അദ്ദേഹത്തിന്റെ അഭിപ്രായം ഇങ്ങനെയായിരുന്നു. നിങ്ങൾ താല്പര്യപൂർവ്വം ഇറങ്ങിപ്പുറപ്പെട്ടത് ശഹാദത്തിനു വേണ്ടിയല്ലേ! അതിനെയാണോ ഇപ്പോൾ നിങ്ങൾ ഭയക്കുന്നതും ഇഷ്ടപ്പെടാതിരിക്കുന്നതും. നമ്മൾ ഇന്ന് വരെയും പടക്കളത്തിലേക്ക് ഇറങ്ങിയത് അംഗബലമോ കായിക ശക്തിയോ മുന്നിൽ കണ്ടുകൊണ്ടല്ല. നമ്മുടെ പക്കലുള്ള വിശ്വാസത്തിന്റെയും ആദർശത്തിന്റെയും കരുത്ത് ഒന്നുകൊണ്ട് മാത്രമാണ്. അത് അല്ലാഹു നമുക്ക് കനിഞ്ഞു നൽകിയതാണ്. നിങ്ങൾ ധൈര്യത്തോടെ മുന്നോട്ടുപോകൂ. ഒന്നുകിൽ സ്വർഗം അല്ലെങ്കിൽ വിജയം. പിന്നെന്തിനാണ് നമ്മൾ ഭയക്കുന്നത്! അബ്ദുല്ലാഹിബ്നു റവാഹ(റ)യുടെ ഈ വർത്തമാനം വിശ്വാസികൾക്ക് മുഴുവനും പുതിയ ഉണർവ് നൽകി. ആത്മധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും മുന്നേറാനുള്ള കരുത്ത് പകർന്നു കൊടുത്തു.
    റോമിൽ നിന്നുള്ള ശത്രു സൈന്യം മുഅ്തയിലേക്ക് എത്തിച്ചേർന്നു. ശത്രുവിന്റെ മുഖാമുഖം എത്തിയപ്പോൾ അവരുടെ സന്നാഹങ്ങളും സജ്ജീകരണങ്ങളും മുസ്ലീംകൾക്ക് കാണാനിടയായി. അപ്പോൾ അബൂഹുറൈറ(റ)യോട് ഒരാൾ ചോദിച്ചു. ശത്രുസേനയിൽ ഒരുപാട് ആളുകൾ ഉണ്ടെന്നു തോന്നുന്നു അല്ലേ? അബൂഹുറൈ(റ) പറഞ്ഞു, അതെ. അപ്പോൾ ചോദ്യകർത്താവ് പറഞ്ഞു. നിങ്ങൾ ബദ്റിൽ സംബന്ധിച്ചിട്ടില്ലല്ലോ. അന്ന് നമ്മൾ ജയിച്ചത് സൈനിക ശക്തി കൊണ്ടോ ഭൗതിക ബലം കൊണ്ടോ അല്ല. നമ്മുടെ എണ്ണത്തിന്റെ വലിപ്പം കൊണ്ടുമല്ല.
    ഖുത്തുബത് ബിൻ ഖതാദ(റ)യെയും ഉബാദത്ത് ബിൻ മാലിക്കി(റ)നെയും രണ്ട് ഭാഗങ്ങളിലായി നിർത്തി വിശ്വാസികൾ അവരുടെ സൈന്യത്തെ ക്രമപ്പെടുത്തി. യുദ്ധം കൊടുമ്പിരികൊണ്ടു. ശത്രുക്കളുടെ സർവ്വ ശക്തിയും ഉപയോഗിച്ചു മുന്നോട്ട് വന്നു. വിശ്വാസികൾ അവരുടെ ആദർശത്തിന്റെ ആത്മബലത്തിൽ ഉറച്ചുനിന്നു. പ്രവാചകൻﷺ നിർദ്ദേശിച്ച യുദ്ധ പാഠങ്ങൾ ഒന്നും തെറ്റിക്കാതെ അവർ നിലകൊണ്ടു. ഉത്തമമായ ഒരു ആദർശത്തിന്റെ സംസ്ഥാപനത്തിനു വേണ്ടി ജീവൻ സമർപ്പിക്കാനുള്ള ആവേശത്തിലും താല്പര്യത്തിലും ആയിരുന്നു അവർ. എന്നാൽ, തങ്ങളുടെ സാമ്രാജ്യം വികസിപ്പിക്കാനും ശക്തി പ്രദർശിപ്പിക്കാനും റോം അല്ലാതെ മറ്റൊന്നും ഉണ്ടാകാൻ പാടില്ലെന്ന് ചിന്തിച്ചു കൊണ്ടുമായിരുന്നു ഇസ്ലാമിനെതിരെ തിരിഞ്ഞു വന്ന റോമൻ ശക്തികൾ നിലകൊണ്ടത്.
    രണ്ടു പക്ഷത്തെയും ആയുധങ്ങൾക്ക് അപ്പുറം അവരുടെ നിലപാടുകൾക്ക് വലിയ പ്രസക്തിയുണ്ട്. എന്തിനുവേണ്ടി അവർ അണിനിരന്നു എന്ന ചോദ്യത്തിനുള്ള ഉത്തരത്തിൽ വലിയ വ്യത്യാസമുണ്ട്. ഭൗതികമായ യുദ്ധ സമവാക്യങ്ങളെ മാറ്റിയെഴുതാൻ പറ്റുന്ന വിധം ചില ആത്മീയ വിചാരങ്ങൾ കൂടി ഇവിടെ ചേർത്തു. അവിടെയാണ് പ്രവാചകർﷺ നയിച്ച മുന്നേറ്റ ഗാഥകളുടെ ആത്മാവും അർത്ഥവും നിലകൊള്ളുന്നത്. പോരാളികൾക്ക് ലഭിച്ച ഊർജ്ജത്തിന്റെ ഉള്ളും പൊരുളും നിറഞ്ഞുനിൽക്കുന്നത്. പടക്കളത്തിലൂടെ തന്നെ ഇനിയും നമുക്ക് സഞ്ചരിക്കാം.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...