Tweet 551

    Tweet 551
    December 17, 2023 • Sunday
    Post Header

    മുഅതയും സൈദ് ബിൻ ഹാരിസ(റ)യെയും പരാമർശിക്കുമ്പോൾ ഇമാം അഹ്മദ് ഇബ്നു അബ്ബാസി(റ)ൽ നിന്ന് ഉദ്ധരിക്കുന്ന ഒരു നിവേദനം ഇങ്ങനെ കാണാം. മുഅതയിലേക്കുള്ള സംഘം രാവിലെ തന്നെ പുറപ്പെട്ടു. അന്നൊരു വെള്ളിയാഴ്ചയായിരുന്നു. ജുമുഅഃ നിസ്കാര സമയത്ത് അബ്ദുല്ലാഹി ബിൻ റവാഹ(റ) മദീന പള്ളിയിൽ തന്നെ ഉണ്ടായിരുന്നു. തിരുനബിﷺ ചോദിച്ചു എന്തേ നിങ്ങൾ പോയില്ലേ? അപ്പോൾ അദ്ദേഹം പറഞ്ഞു. ജുമുഅഃ നിസ്കാരം കഴിഞ്ഞ് പുറപ്പെട്ടു അവരോടൊപ്പം ചേരാം എന്നു കരുതി. ജുമുആക്ക് വേണ്ടി ഇങ്ങോട്ട് വന്നതാണ്. അപ്പോൾ തിരുനബിﷺ ഇങ്ങനെ പറഞ്ഞു. ഈ ലോകത്തുള്ളത് മുഴുവനും വിനിയോഗിച്ചാലും പ്രഭാതത്തിൽ പുറപ്പെടുന്നതിന്റെ മൂല്യം ലഭിക്കുകയില്ല. മറ്റൊരു നിവേദനത്തിൽ ഇങ്ങനെയാണ്. പ്രഭാതത്തിലോ പ്രദോഷത്തിലോ അല്ലാഹുവിന്റെ മാർഗത്തിൽ പുറപ്പെടുന്നതിന് ലഭിക്കുന്ന പ്രതിഫലം ഈ ലോകത്തെ മുഴുവൻ അനുഗ്രഹങ്ങളേക്കാളും വലുതാണ്.
    രണ്ടാമത്തെ നിവേദന വാക്യം ചേർത്തു വായിക്കുമ്പോൾ അല്ലാഹുവിന്റെ മാർഗത്തിൽ യാത്ര ചെയ്യുന്നതിന്റെ മഹത്വമാണ് തിരുനബിﷺ പരാമർശിച്ചത് എന്ന് മനസ്സിലാകും. അബ്ദുല്ലാഹിബിന് റവാഹ(റ) രാവിലെ തന്നെ പുറപ്പെടുകയും അല്പം മുന്നോട്ടു സഞ്ചരിച്ച ശേഷം ജുമുഅഃ നിസ്കാരത്തിനു വേണ്ടി മടങ്ങിവരികയും ചെയ്തതാണ്. അതുകൊണ്ടുതന്നെ പ്രഭാതത്തിൽ പുറപ്പെട്ടാലുള്ള മൂല്യവും മഹാനവർകൾക്ക് ലഭിക്കുന്നുണ്ട്. പ്രഭാതത്തിന്റെ മഹത്വവും അല്ലാഹുവിന്റെ മാർഗത്തിൽ പുറപ്പെടുന്നതിന്റെ ശ്രേഷ്ഠതയും തിരുനബിﷺ ഒരിക്കൽ കൂടി ഉണർത്തിയതാണ് എന്നേ ഈ നിവേദനത്തിന്റെ അനുബന്ധത്തിൽ നിന്ന് മനസ്സിലാകൂ. മറിച്ച്, പ്രിയപ്പെട്ട സ്വഹാബിയെ കുറ്റപ്പെടുത്തുകയോ നടപടി തെറ്റായിപ്പോയി എന്ന് പറയുകയോ അല്ല അതിലൂടെ ലക്ഷ്യം വെച്ചത്.
    സൈദ് ബിൻ അർഖം(റ) പറയുന്നു. ഞാൻ അബ്ദുല്ലാഹിബ്നു റവാഹ(റ)യുടെ സംരക്ഷണയിലുള്ള അനാഥനായിരുന്നു. ഇത്രമേൽ നന്നായി അനാഥനെ സംരക്ഷിക്കുന്ന ഒരാളെയും ഞാൻ കണ്ടിട്ടില്ല. ഇബ്നു റവാഹ(റ) മുഅതയിലേക്ക് പുറപ്പെട്ടപ്പോൾ എന്നെയും യാത്രയിൽ ഒപ്പം കൂട്ടി. ചരക്ക് സാധനങ്ങൾക്കൊപ്പം വാഹനത്തിന്മേൽ എന്നെയും ഇരുത്തി. രാവിലെ എത്തിയപ്പോൾ ഞാൻ ചില കവിതകൾ കേട്ടു. അല്ലാഹുവിന്റെ മാർഗത്തിൽ ജീവൻ ത്യജിക്കുന്നതിന്റെ മാഹാത്മ്യം ചൊല്ലിക്കൊണ്ട് മഹാനവർകൾ കവിത ഉരുവിടുകയായിരുന്നു. എന്റെ രക്ഷകർത്താവായ അബ്ദുല്ലാഹിബിന് റവാഹ(റ) ഈ ലോകത്തോട് യാത്രയാകാൻ അടുത്ത് കാത്തിരിക്കുകയാണല്ലോ എന്നോർത്തപ്പോൾ എനിക്ക് കരയാതിരിക്കാൻ കഴിഞ്ഞില്ല. എന്റെ കരച്ചിൽ ശ്രദ്ധയിൽപ്പെട്ടതും അദ്ദേഹം ചാട്ടവാർ കൊണ്ട് എന്നെ ഒന്ന് തട്ടി. എന്നിട്ട് ചോദിച്ചു. എന്തിനാണ് നിങ്ങൾ കരയുന്നത്. ഞാൻ സ്വർഗ്ഗത്തിലേക്ക് യാത്ര ചെയ്യുകയല്ലേ! പ്രയാസങ്ങളും പ്രതിസന്ധികളും നിറഞ്ഞ ഈ ലോകത്തുനിന്ന് ആനന്ദവും ആശ്വാസവും നിറഞ്ഞ സ്വർഗ്ഗലോകത്തേക്കുള്ള സഞ്ചാരം. അതിനെന്തിനാണ് നിങ്ങൾ കരയുന്നത്?
    മുഹമ്മദ് ബിൻ ഉമർ(റ) പറയുന്നു. രാത്രിയായപ്പോൾ അബ്ദുല്ലാഹി ബിൻ റവാഹ(റ) ഒരു സ്ഥലത്ത് ഇറങ്ങി. രണ്ടു റക്അത് ആത്മാർത്ഥമായി നിസ്കാരം നിർവഹിച്ചു. അതിൽ ദീർഘനേരം അല്ലാഹുവിനോട് പ്രാർത്ഥിച്ചു. ശേഷം, എന്നെ വിളിച്ചു. ഞാൻ വിളിക്ക് ഉത്തരം ചെയ്തു അടുത്തേക്ക് ചെന്നു. അപ്പോൾ പറഞ്ഞു. അല്ലയോ പ്രിയപ്പെട്ടവനെ അല്ലാഹുവിന്റെ നിശ്ചയപ്രകാരം അവന്റെ മാർഗത്തിലുള്ള രക്തസാക്ഷിത്വമായിരിക്കും എനിക്കുള്ളത്. തീർച്ച!
    ആദർശത്തിനു വേണ്ടിയുള്ള ആത്മാർത്ഥത അതിശോഭനമായ ഒരു ചിത്രം. മരണത്തെ മംഗല്യമായി സ്വീകരിക്കാൻ വേണ്ടിയുള്ള ഒരു തീർത്ഥാടകന്റെ വിചാരങ്ങൾ. കൃത്യമായ ഒരു ആദർശത്തിന്റെയും ഉള്ളിൽ പതിഞ്ഞ നബി സ്നേഹത്തിന്റെയും വളരെ യാഥാർത്ഥ്യങ്ങൾ നിറഞ്ഞ ആവിഷ്കാരങ്ങൾ. മക്കയിൽ നിന്ന് സിറിയയിലേക്കുള്ള ഓരോ സഞ്ചാര ചുവടുകളും സ്വർഗ്ഗത്തിലേക്ക് ഞാൻ നടന്നടുത്തുകൊണ്ടിരിക്കുന്നു എന്ന് ഉള്ളുറച്ച് വിശ്വസിച്ച് സഞ്ചരിക്കുന്ന ഒരു യാത്രികൻ.
    പട്ടാളക്കാർ ഉപജീവനത്തിന് വേണ്ടി പോർക്കളത്തിൽ കഠിനാധ്വാനം ചെയ്യുന്നു. സാമ്രാജ്യങ്ങൾ അവരുടെ വികസനത്തിനു വേണ്ടി യുദ്ധങ്ങൾ രൂപപ്പെടുത്തുന്നു. വംശവെറിയന്മാർ വംശീയ ഉൻമൂലനത്തിന് വേണ്ടി സൈന്യത്തെയും സംവിധാനങ്ങളെയും ഉപയോഗിക്കുന്നു. മിടുക്കുകാണിച്ച് ഇനിയും വാഴാനാഗ്രഹിക്കുന്ന അഹങ്കാരികൾ അതിനുവേണ്ടി യുദ്ധങ്ങളെ പ്രയോഗിക്കുന്നു. ഇവിടെ അതൊന്നും ഇല്ല. ലോകർക്ക് മുഴുവനും ഇരുലോക വിജയം ലഭിക്കാൻ ആവശ്യമായ മഹത്തായ ഒരു ആദർശത്തെ പ്രബോധിപ്പിക്കാൻ വേണ്ടി ഇറങ്ങിയപ്പോൾ അതിനു മുന്നിലേക്ക് വന്ന മുൾപടർപ്പുകളെ വകഞ്ഞുമാറ്റാൻ വേണ്ടി അനിവാര്യമായ ചില ഘട്ടങ്ങളിൽ ആയുധമെടുക്കുന്നു. അതിൽ വരുന്ന ജീവനഷ്ടത്തെയും ആത്മസമർപ്പണത്തെയും ഒരു മഹത് കർമ്മത്തിലൂടെ അല്ലാഹുവിലേക്ക് അടുക്കാനുള്ള ആരാധനയായി വിശ്വസിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു. ലോകത്ത് കഴിഞ്ഞുപോയതും നടക്കാനിരിക്കുന്നതുമായ മുഴുവൻ യുദ്ധവിചാരങ്ങളെയും നിഷ്പ്രഭമാക്കുന്ന ഒരു സൈനിക നീക്കത്തെ കുറിച്ചാണ് നാം വായിച്ചു കൊണ്ടിരിക്കുന്നത്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...