
ഇരുപത്തി രണ്ട്.
മുഅതയിലേക്കുള്ള സൈനിക നീക്കം.
ഹിജ്റയുടെ എട്ടാം വർഷം ജമാദുൽഊല മാസത്തിൽ സൈദുബ്നു ഹാരിസ(റ)യുടെ നേതൃത്വത്തിൽ ഒരു സംഘത്തെ നബിﷺ നിയോഗിച്ചു. സാധാരണയിൽ നിന്ന് വേറിട്ട ഒരു മുന്നറിയിപ്പോട് കൂടിയായിരുന്നു ആ നിയോഗം. സൈദി(റ)ന് വല്ലതും സംഭവിച്ചാൽ ജാഫർ ബിൻ അബൂത്വാലിബ്(റ) നേതൃത്വം ഏറ്റെടുക്കണം. അദ്ദേഹത്തിന് വല്ലതും സംഭവിച്ചാൽ അബ്ദുല്ലാഹിബിന് റവാഹ(റ) പതാക വഹിക്കണം. അദ്ദേഹം കൊല്ലപ്പെട്ടാൽ സംഘം ഒരു നേതാവിനെ കണ്ടെത്തി ഏൽപ്പിക്കണം. അദ്ദേഹത്തിലൂടെ വിജയം വരിക്കാൻ സാധിക്കും. ഇതായിരുന്നു തിരുനബിﷺയുടെ മുന്നറിയിപ്പ്. മേൽ പറയപ്പെട്ട മൂന്നുപേരും വധിക്കപ്പെട്ടേക്കാം എന്ന കൃത്യമായ ഒരു സൂചനയായിരുന്നു ഇത്.
ഈ പ്രസ്താവന കേട്ടുകൊണ്ടിരുന്ന വേദവിശ്വാസിയായ ഉസ്മാനുബ്നു മഹൽ ഇങ്ങനെ പറഞ്ഞു. അല്ലയോ അബുൽ ഖാസിംﷺ അവിടുന്ന് യഥാർത്ഥത്തിൽ അല്ലാഹുവിന്റെ ദൂതൻﷺ ആണെങ്കിൽ മേൽ പറയപ്പെട്ടവരൊക്കെ കൊല്ലപ്പെട്ടേക്കും. ഇസ്രയേലിലെ പ്രവാചകന്മാർ അവരുടെ അനുയായികളെ നിയോഗിക്കുമ്പോൾ ഇങ്ങനെ ഒരു മുന്നറിയിപ്പ് നൽകിയിരുന്നെങ്കിൽ അവരെല്ലാവരും കൊല്ലപ്പെട്ടിരുന്നു. 100 അംഗങ്ങളെ കുറിച്ചാണ് പറഞ്ഞതെങ്കിലും അവർക്കെല്ലാം മരണം വരിക്കേണ്ടി വന്നതാണ് അനുഭവം. അതുപ്രകാരം ഈ പേര് പറയപ്പെട്ടവരെല്ലാം വധിക്കപ്പെട്ടേക്കും എന്നാണല്ലോ പറയുന്നത്.
ഈ സംഭാഷണത്തിനു ശേഷം ജൂതന്മാർ സൈദു ബിൻ ഹാരിസ(റ)യോട് പറഞ്ഞു. നിങ്ങളുടെ നേതാവ് സത്യപ്രവാചകൻ ആണെങ്കിൽ നിങ്ങൾ ഇനി ഇങ്ങോട്ട് മടങ്ങി വരില്ല. അപ്പോൾ ഹാരിസ്(റ) പറഞ്ഞു. ഞങ്ങളുടെ പ്രവാചകൻﷺ സത്യം മാത്രം പറയുന്ന വിശുദ്ധ ദൂതനാണ്.
തിരുനബിﷺ അവർക്ക് വെളുത്ത ഒരു പതാക ഒരുക്കി കൊടുത്തു. എന്നിട്ട് അവരെ മുഅതയിലേക്ക് യാത്രയാക്കി.
അടിവരയിട്ട് ശ്രദ്ധിക്കേണ്ട പ്രയോഗങ്ങളും പരാമർശങ്ങളും ആണ് നാം വായിച്ചു പോയത്. അല്ലാഹുവിന്റെയും തിരുദൂതന്റെﷺയും മാർഗത്തിൽ ആത്മാവും ശരീരവും സമർപ്പിക്കാൻ യാതൊരു സങ്കോചവുമില്ലാത്ത ഒരു സംഘത്തെ കുറിച്ചാണ് നാം വായിക്കുന്നത്. ഇതാ ഇത് നിങ്ങളുടെ അവസാനത്തെ യാത്രയാണ് എന്ന് തെളിച്ചു പറയുമ്പോഴും. അതിൽ ഞങ്ങൾ മഹത്വം കാണുന്നു എന്ന് തിരിച്ചറിയാനുള്ള വിശ്വാസദാർഢ്യതയാണ് മുഅത നമ്മളോട് പങ്കുവെക്കുന്നത്. ഒരു നേതാവിന് ഇത്രമേൽ ധൈര്യമായി അനുയായികളോട് സംസാരിക്കാവുന്ന ഏതു സംവിധാനത്തെ ആണ് നമുക്ക് പരിചയമുള്ളത്. ഇത്രമേൽ കൃത്യമായി മരണത്തെക്കുറിച്ച് സംവദിച്ച ഏതു നേതാവിനെയാണ് ചരിത്രത്തിൽ നിന്ന് വായിച്ചിട്ടുള്ളത്. പരിഭവങ്ങൾ ഇല്ലാതെ പ്രബോധന വഴിയിലേക്ക് കടന്നുപോയ ഇത്തരം വ്യക്തിത്വങ്ങളെ ഏത് വിപ്ലവത്തിന്റെ ഗാഥയിലാണ് നാം പരിചയപ്പെട്ടത്. ഇവിടെയാണ് ഇസ്ലാം അതിന്റെ വിശ്വാസത്തിൽ ഊന്നി നിവർന്നു നിൽക്കുന്നത്.
വർത്തമാനകാലത്ത് ഒരു ജനത നിവർന്നു നിന്ന് ലോകത്തെ മുഴുവൻ കശ്മലന്മാരെയും അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത് ഇത്തരമൊരു വിശ്വാസത്തിന്റെ പിൻബലത്തിലാണ്. ശാന്തിയും സമാധാനവും പ്രതീക്ഷിക്കപ്പെടുന്ന എല്ലാ വേദികളും ലോക ക്രിമിനലുകളാൽ വീറ്റോ ചെയ്യപ്പെടുന്ന കാലത്ത് നിവർന്നു നിന്നുകൊണ്ട് വിശ്വാസം ഉറക്കെ പറയാനുള്ള കരുത്ത്, നിലപാടുകൾ പണയം വെച്ച് ജീവിക്കാൻ വേണ്ടി ഓച്ഛാനിക്കാതിരിക്കാനുള്ള പ്രതാപം, ഇന്നല്ലെങ്കിൽ നാളെ മരിക്കേണ്ടിവരും അത് അഭിമാനത്തോടെ ആവട്ടെ എന്ന് പറയാനുള്ള കരുത്ത് ഏത് ആഭ്യന്തര ശക്തിയിൽ നിന്നാണ് ആ ജനത ആർജ്ജിച്ചു കൊണ്ടിരിക്കുന്നത്. അതിന്റെ പേരാണ് ഉള്ളിൽ ഉറച്ച വിശ്വാസം.
ഒരു ജനതയിൽ മഹത്വമേറിയ ഒരു വിശ്വാസം സ്ഥാപിച്ചപ്പോൾ ഇരുട്ടിന്റെ കോട്ടകളെ മുഴുവനും ചെറിയൊരു കാലപരിധിയിൽ നിന്നുകൊണ്ട് അതിജീവിക്കാനായി എന്നത് തിരുനബി ചരിത്രത്തിന്റെ ആകെത്തുകയാണ്. മുഅത സൈനിക നീക്കത്തിന്റെ തുടർച്ചയിലേക്ക് തന്നെ നമുക്ക് പോകാം.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
