Tweet 544

    Tweet 544
    December 10, 2023 • Sunday
    Post Header

    അബു റാഫി സല്ലാം കൊല്ലപ്പെട്ടതിനെ തുടർന്ന് ഉസൈർ ബിൻ റസാമിനെ ജൂതന്മാർ അവരുടെ നേതാവാക്കി. ഉടനെ അദ്ദേഹം ഇങ്ങനെ പറഞ്ഞു. മുഹമ്മദ് നബിﷺയോ അനുയായികളോ ഏതെങ്കിലും ഒരു യഹൂദനെ ലക്ഷ്യം വെച്ചു വന്നാൽ എന്റെ അനുയായികളിൽ നിന്ന് കാണാത്തത് അവർ കാണേണ്ടിവരും. അപ്പോൾ അവിടെയുള്ളവർ ചോദിച്ചു. നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്? അപ്പോൾ അദ്ദേഹം പറഞ്ഞു. ഞാൻ ഗത്ഫാനിലേക്ക് പോകും. അവിടെയുള്ള ജൂതന്മാരെ സംഘടിപ്പിച്ചുകൊണ്ട് മുഹമ്മദ് നബിﷺയുടെ വീട്ടിലേക്ക് നേരെ ചെല്ലും. ഏതൊരാളെയും അവരുടെ വീട്ടിലേക്ക് നേരിട്ട് ചെന്ന് നേരിട്ടാൽ ചെന്നവർക്ക് ചിലതെങ്കിലും ലഭിക്കാതിരിക്കില്ല. അപ്പോൾ കേട്ടവർ പറഞ്ഞു. നിങ്ങൾ ഉദ്ദേശിച്ചതുമായി നിങ്ങൾ മുന്നോട്ട് പൊയ്ക്കോളൂ.
    ഈ വിവരം നബിﷺ അറിഞ്ഞു. അബ്ദുല്ലാഹിബിന് റവാഹ(റ)യെയും മറ്റു മൂന്നു പേരെയും അതീവ രഹസ്യമായി കാര്യങ്ങൾ അന്വേഷിക്കാൻ വേണ്ടി നിയോഗിച്ചു. അവർ നേരെ അസീറുബ്നു റസാമിന്റെ പരിസരത്തെത്തി. അയാളുടെ വീടിന്റെ പരിസരത്ത് ലഭ്യമായ ഗ്യാപ്പുകളിൽ ഒളിച്ചിരുന്ന് കാര്യങ്ങൾ നിരീക്ഷിച്ചു. മൂന്നുദിവസത്തെ നിരീക്ഷണത്തിനുശേഷം അവർ മദീനയിലേക്ക് മടങ്ങിയെത്തി. കേട്ടതും കണ്ടതുമായ കാര്യങ്ങൾ പ്രവാചകനോﷺടു പങ്കുവെച്ചു. ഹാരിജത്ത് ബിനു ഹുസൈലും(റ) നബിﷺയോട് കൃത്യമായ വിവരങ്ങൾ അറിയിച്ചു കൊടുത്തു. ഗത്ഫാനിലെ ജൂതന്മാരെ സമാഹരിച്ച് പ്രവാചകനുംﷺ മദീനക്കും എതിരെ അസീറുബിന് റസാം വരുന്നുണ്ട് എന്ന വാർത്ത പങ്കുവെച്ചപ്പോൾ പ്രതിരോധത്തിനുള്ള വഴി തിരുനബിﷺ ആലോചിച്ചു. അബ്ദുല്ലാഹിബിന് റവാഹ(റ)യുടെ നേതൃത്വത്തിൽ ഒരു 30 അംഗ സംഘത്തെ അങ്ങോട്ട് അയച്ചു. അബ്ദുല്ലാഹിബ്നു അതീഖും(റ) കൂടെയുണ്ടായിരുന്നുവത്രെ. അവർ നേരെ അസീറിന്റെ അടുക്കലേക്ക് എത്തി. പ്രവാചകൻﷺ ഞങ്ങളെ നിയോഗിച്ചതാണെന്നും നിങ്ങൾ ഇപ്പോൾ തന്നെ മദീനയിലേക്ക് ഞങ്ങൾക്കൊപ്പം പുറപ്പെടണമെന്നും ഖൈബറിൽ ചില കാര്യങ്ങൾ നിങ്ങളെ ഏൽപ്പിക്കാൻ ഉദ്ദേശിക്കുന്നുവെന്നും അബ്ദുല്ലാഹിബ്നു റവാഹ(റ) അദ്ദേഹത്തോട് പറഞ്ഞു. ഇത് കേട്ടതോടെ പുറപ്പെടാമെന്ന വിചാരത്തിലേക്ക് അസീർ എത്തി. എന്നാൽ സുഹൃത്തുക്കളായ ജൂതന്മാരോട് കൂടിയാലോചിച്ചപ്പോൾ അവർ അതിന് സമ്മതിച്ചില്ല. ബനൂ ഇസ്രായേലിൽ പെട്ട ഒരാളെ മുഹമ്മദ് നബിﷺ അങ്ങനെ വിളിച്ചുവരുത്തി ഒരു പദവി നൽകാൻ ഇപ്പോൾ സാധ്യതയില്ല. ഇതായിരുന്നു വിയോജിച്ചവരുടെ വീക്ഷണം. നമുക്ക് യുദ്ധം മടുത്തു എന്നും ഞാൻ അങ്ങോട്ട് പോവുകയാണെന്നും അയാൾ പറഞ്ഞു. അയാളോടൊപ്പം 30 ജൂതന്മാരെ കൂടി കൂട്ടി. ഓരോ ജൂതനും ഓരോ മുസ്ലിമിനോടൊപ്പം ഉണ്ടാവണമെന്നും അയാൾ ശഠിച്ചു. അബ്ദുല്ലാഹിബ്നു ഉനൈസി(റ)നൊപ്പം ആയിരുന്നു അസീർ ഉണ്ടായിരുന്നത്. യാത്രാസംഘം മുന്നോട്ടു പോയിക്കൊണ്ടിരിക്കെ അസീർ തന്റെ ഒപ്പമുള്ള അബ്ദുല്ലാഹിബിന് ഉനൈസി(റ)ന്റെ വാൾ ലക്ഷ്യം വെച്ചു. അത് കൈവശപ്പെടുത്തി അബ്ദുല്ലാഹി(റ)യെ വകവരുത്താൻ ഒരുങ്ങുകയാണെന്ന് അബ്ദുല്ലാഹി(റ) മനസ്സിലാക്കി. ഉടനെ തന്നെ ചോദിച്ചു. അല്ലയോ അല്ലാഹുവിന്റെ ശത്രു, നിങ്ങൾ ചതിപ്രയോഗം നടത്താൻ ഒരുങ്ങുകയാണോ? ഇബ്നു ഉനൈസ്(റ) പറയുന്നു. ശേഷം, ഞാൻ അയാളെ നിരീക്ഷിച്ചു കൊണ്ടിരുന്നു. കുറച്ചുകൂടി മുന്നോട്ടു നീങ്ങിയപ്പോൾ ഞാൻ ചോദിച്ചു. ആരാണ് വാഹനത്തിൽ നിന്നിറങ്ങി ഈ സംഘത്തെ ഒന്ന് നയിക്കുക. ആരും ഇറങ്ങാൻ തയ്യാറായില്ല. ഒടുവിൽ ഞാൻ തന്നെ ഇറങ്ങി. യാത്രയ്ക്കിടയിൽ അസീറിനെ എനിക്ക് ഒറ്റയ്ക്ക് കിട്ടി. വാഹനപ്പുറത്തിരുന്ന അയാളുടെ കാലിന്റെ പിൻവശത്തു ഞാൻ വെട്ടി. അയാളുടെ കൈവശമുള്ള ആയുധം കൊണ്ട് എന്നെ മർദ്ദിച്ചു. അതൊരു സംഘട്ടനത്തിലേക്ക് പരിണമിച്ചു. ഞങ്ങളെ ചതിക്കാൻ ഒരുങ്ങിയ ആ സംഘത്തെ മുഴുവനും ഞങ്ങൾ പരാജയപ്പെടുത്തി. ഞങ്ങളുടെ സംഘത്തിൽ ആൾ നഷ്ടമുണ്ടായില്ല. പക്ഷേ അവരുടെ കൂട്ടത്തിൽ നിന്ന് ഒരാൾ മാത്രമേ ബാക്കിയായുള്ളൂ. ഞങ്ങൾ വിജയഘോഷങ്ങളോടെ മദീനയിലേക്ക് തിരിച്ചു.
    ഇതിനിടയിൽ തിരുനബിﷺ മദീനയിൽ അടുത്തുള്ള സ്വഹാബികളോട് പറഞ്ഞു. നമുക്ക് സനിയ്യയിലേക്ക് പോകാം. നമ്മുടെ കൂട്ടുകാരെ ഒന്ന് അന്വേഷിച്ചു നോക്കാം. അങ്ങനെ സ്വഹാബികളെയും കൂട്ടി സനിയ്യത്തുൽ വദാഇലേക്ക് നീങ്ങി. മദീനയിലേക്ക് ആളുകൾ പ്രവേശിക്കുന്ന സ്ഥലമാണത്. ഞങ്ങളെ സ്വീകരിക്കാൻ വേണ്ടിയുള്ള ഒരുക്കമായിരുന്നു അത്. ഞങ്ങൾ മദീനയിലേക്ക് എത്താനും തിരുനബിﷺയും അനുയായികളും ഞങ്ങളെ സ്വീകരിച്ചു. അക്രമികളിൽ നിന്ന് അല്ലാഹു നിങ്ങളെ രക്ഷപ്പെടുത്തിയിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് ഞങ്ങളെ സ്വാഗതം ചെയ്തു.
    അബ്ദുല്ലാഹിബ്നു ഉനൈസ്(റ) പറയുന്നു. നബിﷺ എന്റെ അടുത്തേക്ക് ചേർന്ന് നിൽക്കുകയും എനിക്ക് പരിക്കുപറ്റിയ സ്ഥലത്ത് അനുഗ്രഹ മന്ത്രം നിർവഹിച്ചു. പിന്നീട് ഒരിക്കലും എനിക്ക് അത് സംബന്ധമായ ഒരു പ്രയാസവും ഉണ്ടായിട്ടില്ല. ശേഷം, അവിടുന്ന് ഉപയോഗിച്ചിരുന്ന ഒരു വടിയുടെ കഷ്ണം എനിക്ക് തന്നു. ഇതെനിക്കും നിങ്ങൾക്കും ഇടയിലുള്ള ഒരു ചിഹ്നം ആണെന്ന് പറഞ്ഞു. നാളെ സ്വർഗ്ഗത്തിൽ നിങ്ങൾ ഈ വടിയുമായിട്ടായിരിക്കും വരിക. പിൽക്കാലത്ത് അബ്ദുല്ലാഹിബ്നു ഉനൈസ്(റ) മരണപ്പെട്ടപ്പോൾ തിരുനബിﷺ നൽകിയ ആ വടി ശരീരത്തോട് ചേർത്തുവച്ചാണ് അദ്ദേഹത്തെ മറമാടിയത്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...