Tweet 543

    Tweet 543
    December 9, 2023 • Saturday
    Post Header

    ജനങ്ങളെല്ലാവരും കോട്ടയുടെ ഉള്ളിൽ പ്രവേശിച്ചു. കോട്ടവാതിലുകൾ പൂട്ടി അതിന്റെ താക്കോൽ ഒരു ആണിയിൽ കൊളുത്തിയിട്ടു. ഒളിഞ്ഞിരുന്ന ഇബ്നു അതീഖ്(റ) രംഗങ്ങളെല്ലാം വീക്ഷിച്ചു. അപ്പോഴതാ സല്ലാമു ഇബ്നു അബീ ഹുഖൈഖ് കോട്ടവാസികളോടൊപ്പം ഇരുന്ന് രാക്കഥ പറയുന്നു. അവർ ഒരുമിച്ച് ഭക്ഷണം കഴിച്ച് ഓരോരുത്തരും അവരവരുടെ കിടപ്പറകളിലേക്ക് പോയി. അബ്ദുല്ലാഹിബിന് അതീഖ്(റ) പറയുന്നു. സല്ലാമും കൂട്ടരും ഉറങ്ങാൻ പോയ ശേഷം ശബ്ദമെല്ലാം അടങ്ങുന്നതുവരെ ഞാൻ കാത്തിരുന്നു. പൂർണ്ണമായും നിശബ്ദമായി എന്നറിഞ്ഞപ്പോൾ കോട്ടയുടെ താക്കോൽ ഞാൻ കൈവശപ്പെടുത്തി. പരിസരങ്ങളൊക്കെ നന്നായി ഒന്നു നിരീക്ഷിച്ചു. ശേഷം, ഓരോ ഭവനങ്ങളുടെയും പുറത്തു നിന്ന് ലോക്കിട്ടു. എന്തെങ്കിലും ശബ്ദം കേട്ടാൽ അകത്തുള്ളവർ ഇറങ്ങി വരാതിരിക്കാൻ വേണ്ടിയായിരുന്നു അത്. ശേഷം, സല്ലാമിന്റെ റൂം ലക്ഷ്യമാക്കി നടന്നു.
    കടക്കുന്ന ഓരോ വാതിലും അടച്ച് അകത്തേക്ക് അകത്തേക്ക് പോയി. ഒടുവിൽ അയാളും കുടുംബവും താമസിക്കുന്ന അറയിലേക്ക് എത്തി. വിളക്കണച്ച് കുടുംബത്തോടൊപ്പം ആണ് അയാൾ ശയിക്കുന്നത്. കൂട്ടത്തിൽ ഏതുഭാഗത്താണ് അയാളുള്ളത് എന്ന് തിരിച്ചറിയാൻ കഴിയുന്നില്ല. ഉടനെ ഞാൻ വിളിച്ചു അല്ലയോ സല്ലാം. അയാൾ തിരിച്ചു ചോദിച്ചു. നിങ്ങൾ ആരാണ്? ശബ്ദം കേട്ട ഭാഗത്തേക്ക് ഞാൻ നീങ്ങി. എന്നിട്ട് ഞാൻ എന്റെ വാളുകൊണ്ട് അയാളെ ലക്ഷ്യം വെച്ച് ഒന്നു വെട്ടി. അധികം അകലെയല്ലാതെ ഞാൻ മാറിനിന്നു. ശബ്ദം മാറ്റി ചോദിച്ചു. അല്ല എന്താണ് സല്ലാം സംഭവിച്ചത്? അപ്പോൾ അയാൾ പറഞ്ഞു. ഇതെന്തൊരു അത്ഭുതമാണ് ഒരാൾ കടന്നുവന്ന് എന്നെ ഈ രാത്രിയിൽ വെട്ടിയിരിക്കുന്നു. അപ്പോൾ ഞാൻ വീണ്ടും അയാളുടെ അടുത്തേക്ക് ചെന്ന് അയാളെ ആക്രമിച്ചു. അയാളുടെ മരണം ഉറപ്പാവുകയും കുടുംബം അട്ടഹസിക്കുകയും ചെയ്തപ്പോൾ ഒരു സഹായിയെപ്പോലെ ഞാൻ അവിടെ പ്രത്യക്ഷപ്പെട്ടു.
    ശേഷം, ഞാൻ ഓരോ വാതിലുകളും തുറന്നു തുറന്നു ഒരു കോണിപ്പടിയിൽ എത്തി. ഞാൻ നിലത്താണെന്ന് കരുതി കാലുവെച്ചത് ഒരു ആഴത്തിൽ ആയിരുന്നു. ഞാൻ നിലത്തേക്ക് വീഴുകയും കാലിനു പരിക്കു പറ്റുകയും ചെയ്തു. പെട്ടെന്നുതന്നെ തലപ്പാവഴിച്ച് കാലിൽ കെട്ടി ഞാൻ മുന്നോട്ടു നീങ്ങി. അധികം വൈകാതെ ഒരു കാലിൽ ഉന്തി എന്റെ കൂട്ടുകാരുടെ അടുത്തേക്ക് എത്തിച്ചേർന്നു. ഞാൻ വിളിച്ചുപറഞ്ഞു. നമുക്ക് രക്ഷപ്പെടാം അല്ലാഹു സല്ലാമിനെ അവസാനിപ്പിച്ചിരിക്കുന്നു. നിങ്ങൾ അതിവേഗം തിരുനബിﷺയുടെ അടുത്തേക്ക് ചെന്ന് വിവരമറിയിക്കുക. സല്ലാമിന്റെ കോട്ടയിൽ നിന്ന് ശോക സ്വരങ്ങൾ ഉയർന്നു കേട്ടപ്പോഴാണ് യഥാർത്ഥത്തിൽ തന്നെ അവൻ കൊല്ലപ്പെട്ടു എന്ന് എനിക്ക് ബോധ്യമായത്. പിന്നെ ഞാൻ വൈകാതെ തന്നെ തിരുനബിﷺയുടെ അടുത്തേക്ക് പുറപ്പെട്ടു.
    മറ്റെല്ലാവരും എത്തിച്ചേരുന്നതിനു മുൻപ് ഞാൻ തന്നെ അവിടെ എത്തിച്ചേർന്നു. കാര്യങ്ങളെല്ലാം അവിടുത്തെ സന്നിധിയിൽ അവതരിപ്പിച്ചു. പരിക്കുപറ്റിയ കാലിനെക്കുറിച്ചും പറഞ്ഞു. അപ്പോൾ പ്രവാചകൻﷺ പറഞ്ഞു. ആ കാൽ ഇങ്ങോട്ട് നീട്ടിവെക്കു. ഞാൻ കാൽ നീട്ടി വച്ചു കൊടുത്തതും പ്രവാചകൻﷺ അതിനുമേൽ തലോടി. മുമ്പ് പരിക്കുപറ്റിയിട്ടില്ലാത്തതുപോലെ കാല് പൂർണമായും പൂർവാവസ്ഥയിലേക്ക് എത്തി.
    ഒരു സമൂഹത്തിന്റെ അതിജീവനവും മുന്നേറ്റവും വായിച്ചു കൊണ്ടിരിക്കുമ്പോൾ, അവരുടെ സമർപ്പണവും ധീരതയും തന്ത്രപരമായ ഇടപെടലുകളും ചരിത്രത്തിന്റെ ഭാഗമാകുന്നത് സ്വാഭാവികമാണ്. ഒരു ദൗത്യ നിർവഹണത്തിന് വേണ്ടി ഇത്രമേൽ സമർപ്പിതനായി മുന്നോട്ടുപോയ ഒരാളുടെ കഥ ചരിത്രത്തിൽ തന്നെ അത്യപൂർവ്വം ആയിരിക്കും. കോട്ട കെട്ടി വാഴുകയും പ്രവാചകർﷺക്കെതിരെ തിരിയുകയും സൈനിക സംഘാടനങ്ങൾ നടത്തുകയും ആക്ഷേപിക്കുകയും ചെയ്ത ഒരു ശത്രുവിനെ ഇത്രമേൽ തന്ത്രപരമായി പരാജയപ്പെടുത്തി എന്നത് എത്ര ശോഭയോടെയാണ് ചരിത്രത്തിൽ രേഖപ്പെടുത്തേണ്ടത്. അതിജീവനത്തിന്റെ ഇന്നലകളെ കുറിച്ചുള്ള പഠനങ്ങൾ നമുക്ക് കൈ വന്നുപോയ മൂല്യങ്ങളെ തിരിച്ചുപിടിക്കാനുള്ള വിചാരങ്ങൾ സമ്മാനിക്കും എന്നത് തീർച്ചയാണ്.
    അബ്ദുല്ലാഹിബ്നു അതീഖി(റ)ന്റെ പക്കൽ ഉണ്ടായിരുന്ന ഏറ്റവും വലിയ ആയുധം അല്ലാഹുവിലുള്ള ദൃഢമായ വിശ്വാസവും പ്രവാചകരോﷺടുള്ള അടങ്ങാത്ത അനുരാഗവും ആയിരുന്നു. ഇവ രണ്ടും ഇല്ലാത്ത ഒരു മുസ്ലിം സമൂഹ ഘടനയ്ക്ക് മറ്റെന്തുണ്ടായിട്ടും അതിജീവിക്കാനോ മുന്നേറാനോ സാധ്യമല്ല. ചരിത്രത്തിന്റെ ഏടുകളിൽ മിന്നിയ നക്ഷത്രങ്ങളിൽ നിന്ന് ഒരു തിരിവെട്ടമെങ്കിലും പുതിയകാലത്ത് ഹൃദയങ്ങളിലേക്ക് ഏറ്റെടുക്കാൻ ആയാൽ നിലനിൽക്കാനുള്ള ഏറ്റവും വലിയ ആത്മബലം അതായിരിക്കും.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...