
പതിനാറ്.
ഫദക്കിലേക്ക് അലി(റ)യുടെ നേതൃത്വത്തിലുള്ള നീക്കം.
ഹിജ്റയുടെ ആറാം വർഷം ശഅ്ബാനിലായിരുന്നു ഇത്. 100 അംഗങ്ങൾ ഉള്ള സംഘത്തെ നയിച്ചുകൊണ്ട് അലി(റ) സഹദ് ബിനു ബക്കർ ഗോത്രത്തിലേക്ക് നീങ്ങി. ഖൈബറിലുള്ള ജൂതന്മാരോടൊപ്പം ഇസ്ലാമിനെതിരെ സംഘടിക്കാൻ ഒരുങ്ങുന്നു എന്നതായിരുന്നു അവർക്കെതിരെയുള്ള ഈ നീക്കത്തിനു കാരണം. പകൽ ഒളിച്ചും രാത്രിയിൽ സഞ്ചരിച്ചും അവർ ഗമിജ് എന്ന സ്ഥലത്ത് എത്തി. അവിടെ കണ്ടുമുട്ടിയ ഒരാളെ അടുത്തേക്ക് വിളിക്കുകയും വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു. അദ്ദേഹത്തോട് പേര് ചോദിച്ചപ്പോൾ ‘ബാഗി’ എന്നാണ് സ്വയം പരിചയപ്പെടുത്തിയത്. തേടുന്നയാൾ എന്നർത്ഥമുള്ള ഒരു പ്രയോഗം ആയിരുന്നു അത്. അദ്ദേഹത്തിന്റെ പേര് തന്നെയാണോ ദൗത്യത്തെ സൂചിപ്പിക്കുന്നതാണോ എന്ന് സംശയം ജനിപ്പിക്കുന്നതായിരുന്നു ആ പ്രയോഗം. താൻ ജൂതന്മാരുടെ നിരീക്ഷകൻ ആണെന്ന് കൂടുതൽ അന്വേഷിച്ചപ്പോൾ ബോധ്യപ്പെട്ടു. ബനൂസഅദ് ഗോത്രത്തെക്കുറിച്ച് യാതൊരു വിവരവും ഇല്ല എന്ന് ആദ്യം പറഞ്ഞ അദ്ദേഹം നിശ്ചിത ഈത്തപ്പനക്ക് പകരമായി ജൂതന്മാർക്ക് വേണ്ടി രഹസ്യാന്വേഷണം നടത്തുന്ന വ്യക്തിയാണെന്ന് സമ്മതിച്ചു.
അലി(റ)യും സംഘവും അദ്ദേഹത്തെ പിടിച്ചുവച്ചു. ഖൈബറിലെ യഹൂദികളെ കുറിച്ചും അവരുടെ തന്ത്രങ്ങളെ കുറിച്ചും പറഞ്ഞുതരണമെന്ന് ആവശ്യപ്പെട്ടു. ആത്മരക്ഷാർഥം അയാൾ സമ്മതിക്കുകയും അവരോടൊപ്പം സഞ്ചരിക്കുകയും ചെയ്തു. ഇടയിൽ വച്ച് അയാൾ ഇങ്ങനെ ചോദിച്ചു. ഞാൻ നിങ്ങളോടൊപ്പം സഞ്ചരിച്ച് വിവരങ്ങൾ കൈമാറിയാൽ എനിക്ക് രക്ഷപ്പെടാൻ ആകുമോ? കൃത്യമായ വിവരങ്ങൾ നൽകിയാൽ നിങ്ങൾക്കൊന്നും സംഭവിക്കില്ലെന്ന് അലി(റ) ഉറപ്പു നൽകി. കുറേ ദൂരം സഞ്ചരിച്ച ശേഷം ആടുമാടുകൾ ഉള്ള ഒരിടത്തേക്ക് എത്തി. അപ്പോൾ അദ്ദേഹം പറഞ്ഞു. ഇതാണ് ബനൂസഅദ് ബക്കറിന്റെ സമ്പാദ്യങ്ങൾ. അപ്പോൾ അലി(റ) ചോദിച്ചു. എന്നാൽ ഇതിന്റെ ആളുകൾ എവിടെ? അദ്ദേഹം പറഞ്ഞു. ഞാൻ നിങ്ങളുടെ അടുത്തേക്ക് എത്തുന്നതിനു മുമ്പ് വബറബിന് ഉലൈമിന്റെ നേതൃത്വത്തിൽ 200 പേർ ഇവിടെ സംഘടിച്ചിട്ടുണ്ടായിരുന്നു. അപ്പോൾ അലി(റ) പറഞ്ഞു. എന്നാൽ, അവരുടെ അടുത്തേക്ക് ഞങ്ങളെ എത്തിക്കൂ. അവരുടെ അടുത്തേക്ക് അവരുടെ താവളങ്ങളിലേക്ക് ഞങ്ങളെ എത്തിച്ചാൽ നിങ്ങൾക്ക് സുരക്ഷിതമായി പോകാം. പക്ഷേ അപ്പോഴേക്കും ബനൂ സഅദ് ബിൻ ബക്കർ അവരുടെ ആടുമാടുകളെ ഉപേക്ഷിച്ച് കുന്നുകളിലേക്കും മലകളിലേക്കും കടന്നു പോയിട്ടുണ്ടായിരുന്നു. ഇത്രമാത്രം വിവരങ്ങളെ നിരീക്ഷകനിൽ നിന്ന് ലഭിക്കാനുള്ളൂ എന്നറിഞ്ഞപ്പോൾ അദ്ദേഹത്തെ മോചിപ്പിക്കുകയും ലഭ്യമായ സമ്പാദ്യങ്ങളുമായി അലി(റ)യും സംഘവും മദീനയിലേക്ക് മടങ്ങുകയും ചെയ്തു.
രാജ്യത്തിനും ഭരണാധികാരിക്കും എതിരെ സംഘടിക്കുന്നു എന്നറിയുമ്പോൾ എന്തു വിലകൊടുത്തും ആ സംഘാടനത്തെ പ്രതിരോധിക്കുക എന്നത് ഏതുകാലത്തെയും രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണ്. ഒരു ഭരണാധികാരിക്ക് രാഷ്ട്രത്തെ രക്ഷിക്കാൻ വേണ്ടി ആലോചിക്കാൻ മറ്റൊന്നും ഉണ്ടാവില്ല. ഈയൊരു ദൗത്യവും ഇടപെടലും മാത്രമാണ് ഈ ചരിത്രത്തിൽ നിന്ന് നാം വായിച്ചത്. സമർത്ഥമായി നിരീക്ഷിക്കാനും അതിസമർത്ഥമായി അതിനെ മറികടക്കാനും നിരീക്ഷണ സംവിധാനങ്ങളൊക്കെ വികസിക്കുന്നതിന് എത്രയോ കാലങ്ങൾക്ക് മുമ്പ് മദീനയിൽ വസിച്ചിരുന്നവർക്ക് കഴിഞ്ഞു എന്നത് വർത്തമാനകാലത്ത് കൗതുകം നൽകുന്ന വായനയാണ്. അതിജീവനത്തിന്റെയും പ്രതിരോധത്തിന്റെയും നിരീക്ഷണ വഴികളിൽ കണ്ണും ഖൽബും തുറന്നുവച്ചു നോക്കുകയും ഉയിരും ഉടലും കൊടുത്ത് സംരക്ഷിക്കാൻ സമർപ്പിക്കുകയും ചെയ്ത ഒരു ജനതയെ കുറിച്ചുള്ള വായന ഏതുകാലത്തും ഊർജ്ജദായകമായ ഒരു വൈജ്ഞാനിക പ്രവൃത്തിയാണ്.
അല്ലെങ്കിലും ഇന്നലെകളെ വായിക്കുന്നത് ഇന്നിനോട് ചേർത്തുവച്ച് മാറ്റുരക്കാനും ചിലപ്പോൾ അഭിമാനിക്കാനും മറ്റു ചിലപ്പോൾ പാഠമുൾക്കൊള്ളാനും അതുമല്ലെങ്കിൽ കരുതലുകളില്ലാത്ത വർത്തമാനത്തെ ഓർത്ത് പുനർവിചാരങ്ങളെ രൂപപ്പെടുത്താനും ഇതൊന്നുമല്ലെങ്കിൽ ഭാവിയിലേക്ക് ചിലതെങ്കിലും വരച്ചുവെക്കാനും ഒക്കെ ഈ വായനകൾ പ്രയോജനം ചെയ്യും. അനുവാചകൻ ഏതു മനസ്സോടെയാണ് ഇത് വായിക്കുന്നത് എന്നതിലാണ് ഇതിന്റെ മൂല്യം.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
