
ഹുനൈൻ അത്ഭുതകരമായ വിജയം സമ്മാനിച്ചു. പ്രവാചകനെﷺയും അനുയായികളെയും നിശ്ശേശം ഇല്ലായ്മ ചെയ്യാമെന്ന് വിചാരിച്ച ഹവാസിൻ ഗോത്രക്കാരുടെ അഹങ്കാരം അടങ്ങി. ആളും അർത്ഥവും ആടുമാടുകളും എല്ലാം ഒന്നിച്ച് ഒരു പ്രളയമായി വന്ന് മുസ്ലിംകളെ പൂർണ്ണമായും ഇല്ലായ്മ ചെയ്യാമെന്നായിരുന്നു അവരുടെ മോഹം. എന്നാൽ, പോരാട്ടത്തിന്റെ രണ്ടാം ഘട്ടത്തിൽ അവർക്ക് പിടിച്ചുനിൽക്കാനായില്ല. അവർ അമ്പേ പരാജയപ്പെടുകയും എല്ലാ സ്വത്ത് വകകളും വിട്ടെറിഞ്ഞ് പിന്തിരിഞ്ഞു പോവുകയും ചെയ്തു. അതിജീവനത്തിന്റെയും മുന്നേറ്റത്തിന്റെയും പുതിയ അധ്യായങ്ങളിൽ വിശ്വാസികൾ ആഹ്ലാദിച്ചു. അവർക്ക് ലഭിച്ച സമരാർജിത സമ്പാദ്യവും കൊണ്ട് മക്കയിലേക്ക് മടങ്ങാൻ ഒരുങ്ങി. ജഇർറാന എത്തിയപ്പോൾ ഒരു പുതിയ വാർത്ത ലഭിച്ചു. ഹവാസിൻ, സഖിഫ് ഗോത്രക്കാർ ത്വാഇഫിലേക്ക് ചേക്കേറിയിരിക്കുന്നു. മാലിക് ബ്നു ഔഫ് എന്ന നേതാവിന്റെ നേതൃത്വത്തിൽ ആയിരുന്നു അത്.
യുദ്ധാർജിത സ്വത്ത് ജഇർറാനയിൽ സമാഹരിച്ച ശേഷം അതേ മാസം തന്നെ നബിﷺ ത്വാഇഫിലേക്ക് പുറപ്പെട്ടു. ഖാലിദി(റ)ന്റെ നേതൃത്വത്തിൽ ആയിരം മുന്നണി പോരാളികളെ അങ്ങോട്ട് നിയോഗിച്ചു. നബിﷺ നെഖ്ലയുടെ ഭാഗത്തുകൂടി ഖർനുൽ മനാസിലും ലിയ്യയും വഴി ത്വാഇഫിന്റെ ഭാഗത്തേക്ക് പ്രവേശിച്ചു. ലിയ്യയിൽ മാലിക്കിന്റെ ഒരു കോട്ടയുണ്ടായിരുന്നു. അത് പൊളിച്ചു മാറ്റാൻ നബിﷺ ആഹ്വാനം ചെയ്തു. നബിﷺയോടൊപ്പം ഉള്ള സംഘം കോട്ടക്ക് ചുറ്റും താവളം അടിച്ചു. നാളുകളോളം കോട്ടയിലുള്ളവരെ ഉപരോധിച്ചു. എത്ര നാളുകളായിരുന്നു എന്നതിൽ ചരിത്രത്തിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. 18, പത്തിലധികം, 40 എന്നിങ്ങനെയാണ് അഭിപ്രായങ്ങൾ. അവസാനത്തെ അഭിപ്രായമാണ് അനസ്(റ)ന്റെ നിവേദനത്തിൽ ഉള്ളത്. ഇതിനിടയിൽ മുസ്ലീംകൾക്ക് നേരെ നിരവധി തവണ ശര വർഷം നടന്നു. അതിൽ 12 മുസ്ലീംകൾ വധിക്കപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതോടെ മുസ്ലീംകളുടെ സൈനികത്താവളം അല്പം ഉയർന്ന സ്ഥലത്തേക്ക് നീക്കി. ഇന്ന് ത്വാഇഫിലെ പള്ളി നിലനിൽക്കുന്ന സ്ഥലം ആയിരുന്നു അത്.
ഒടുവിൽ കോട്ടയ്ക്കെതിരെ കവണപ്രയോഗം നടത്തേണ്ടി വന്നു. അതോടെ കോട്ടയുടെ പല ഭാഗത്തും വിള്ളലുകൾ സംഭവിച്ചു. അതുവഴി ഒരുപറ്റം മുസ്ലിം സൈനികർ അകത്തേക്ക് പ്രവേശിച്ചു. കവചിതമായ സംഭരണിയുടെ കീഴിൽ ഇരുന്ന് അഗ്നി പ്രയോഗം നടത്താൻ തീരുമാനിച്ചു. ചുട്ടുപഴുത്ത ദണ്ടുകൾ ഉപയോഗിച്ച് കോട്ടയിൽ ഉള്ളവർ ഈ ശ്രമത്തെ തടഞ്ഞു. അതോടെ മുസ്ലിം സൈന്യം അസ്ത്ര പ്രയോഗത്തിന് നിർബന്ധിതരായി. ഒരു തീരുമാനവും ആവാതെ നാളുകൾ നീണ്ടപ്പോൾ ശത്രുക്കൾക്ക് ഏറെ പ്രിയപ്പെട്ട മുന്തിരി വിളകളിലേക്ക് കയറാൻ തീരുമാനിച്ചു. തോട്ടങ്ങളിലേക്ക് കയറി വെട്ടി നിരത്തി തീ കൂട്ടിയപ്പോൾ അവർക്ക് രംഗത്ത് വരേണ്ടി വന്നു. അല്ലാഹുവിനെയും രക്തബന്ധവും ഓർത്ത് ഈ ഇടപെടൽ നിർത്തിവെക്കണമെന്ന് അവർ മുസ്ലീംകളോട് ആവശ്യപ്പെട്ടു. ആഭ്യർത്ഥന മുസ്ലിം സൈന്യം മാനിച്ചു.
അനുബന്ധമായി പ്രവാചകരുﷺടെ ഒരു വിളംബരം വന്നു. സമാധാനപരമായി കോട്ടയിൽ നിന്ന് പുറത്തു വരുന്നവർക്ക് സുരക്ഷിതമായി പോകാം എന്നായിരുന്നു അത്. അങ്ങനെ 23 ആളുകൾ പുറത്തേക്ക് വന്നു. അതിൽ ഒരാളായിരുന്നു അബൂബക്കർ. താഇഫിലെ കോട്ടകളുടെ മതിൽ നിർമ്മിച്ചതും അതിൽ വെള്ളം ശേഖരിക്കാൻ ഉരുളൻ കപ്പികൾ സ്ഥാപിച്ചതും ഇദ്ദേഹം ആയിരുന്നു. കപ്പിയുടെ നിർമ്മാതാവ് എന്ന നിലയിലാണ് അബൂബക്കർ എന്ന ഓമനപ്പേരിൽ നബിﷺ അദ്ദേഹത്തെ വിളിച്ചത്. അദ്ദേഹത്തെ പൂർണമായി സ്വതന്ത്രനായി അയക്കുകയും മറ്റുള്ളവരിൽ ഓരോരുത്തരെയും ഓരോ മുസ്ലിമിന്റെ ചുമതലയിൽ സൗകര്യങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തു. ഈ നടപടികൾ കോട്ടയ്ക്കുള്ളിൽ ഉള്ളവരെ കൂടുതൽ സമ്മർദ്ദത്തിലാക്കി. എന്നാൽ, ഒരു വർഷത്തേക്കാവശ്യമായ ധാന്യങ്ങൾ കോട്ടയ്ക്കുള്ളിൽ അവർ സമാഹരിച്ചിരുന്നു. അതുകൊണ്ടുതന്നെ അവർ പുറത്തുവരാൻ തയ്യാറാകാതെ ആയുധ പെരുമാറ്റങ്ങൾ തുടർന്നു. ചുട്ടു പഴുത്ത ദണ്ഡുകൾ കൊണ്ടുള്ള പ്രയോഗങ്ങൾ മുസ്ലിം സൈന്യത്തെ കൂടുതൽ ക്ഷീണിപ്പിച്ചു. നൗഫൽ ബിൻ മുആവിയ അദ്ദൈലിയോട് കാര്യങ്ങൾ ചർച്ച ചെയ്യാൻ നബിﷺ സന്നദ്ധരായി. അവർ മടയിൽ കുടുങ്ങിയ കുറുക്കന്മാരെ പോലെയാണ്. അവരെ കുറച്ചുകൂടി ഉപരോധിച്ചു കീഴൊതുക്കുകയോ അല്ലെങ്കിൽ വിട്ടേച്ചു പോവുകയോ ചെയ്യാം, അദ്ദേഹം അഭിപ്രായം പറഞ്ഞു. ഇനി തിരിച്ചുപോകാം എന്ന വിചാരത്തിലേക്ക് നബിﷺ എത്തി.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
