Tweet 492

    Tweet 492
    October 19, 2023 • Thursday
    Post Header

    ഇബ്നു അബീഹദ്റദ്(റ) നബിﷺയുടെ അടുത്ത് വിവരവുമായി എത്തിയപ്പോൾ ഉമറും(റ) സമീപത്ത് ഉണ്ടായിരുന്നു. നബിﷺ ഉമറി(റ)നോട് ചോദിച്ചു. ഇദ്ദേഹം പറഞ്ഞ കാര്യങ്ങളൊക്കെ നിങ്ങൾ കേട്ടില്ലേ? എന്താണ് പറയാനുള്ളത്. അപ്പോൾ ഉമർ(റ) പറഞ്ഞു. ഈ കേട്ടതൊന്നും ശരിയാണെന്ന് തോന്നുന്നില്ല. ഉടനെ ഇബ്നു അബീ ഹദ്റദ്(റ) പ്രതികരിച്ചു. അല്ലയോ ഉമറെ(റ) ഇപ്പോൾ നിങ്ങൾ എന്നെ കളവാക്കിയാൽ യാഥാർത്ഥ്യത്തെ ആയിരിക്കും നിങ്ങൾ നിഷേധിക്കുന്നത്. അപ്പോൾ ഉമർ(റ) പറഞ്ഞു. നബിﷺയെ ഇദ്ദേഹത്തിന്റെ പ്രതികരണം കേട്ടില്ലേ. അതെ, നിങ്ങൾക്ക് പിഴച്ചിരിക്കുന്നു. അല്ലാഹു നിങ്ങൾക്ക് നേർവിചാരം നൽകട്ടെ!
    നബിﷺ പടയൊരുക്കം നടത്തി. അനുയായികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. 12,000 അനുയായികളെ അണിനിരത്തി. മദീനയിൽ നിന്നുള്ള പതിനായിരം പേരും മക്കയിൽ നിന്നുള്ള 2000 ആളുകളും ആണ് ഉണ്ടായിരുന്നത്. അവരോട് പറഞ്ഞു. ഇൻഷാ അല്ലാഹ്! നാളെ നമ്മൾ ഖൈഫ് ബനീ കിനാനയിൽ എത്തിയിരിക്കണം. അബ്ദുല്ലാഹിബിന് ഉബൈദ് ബിൻ ഉമൈർ(റ) പറയുന്നു. അൻസ്വാരികളിൽ നിന്ന് 4000 പേരായിരുന്നു നബിﷺയോടൊപ്പം ഉണ്ടായിരുന്നത്. അസ്ലം, ഗിഫാർ, ആശ്ജഅ, മുസൈന്, ജുഹൈന എന്നീ ഗോത്രങ്ങളിൽ നിന്ന് ആയിരം വീതം ആളുകളും ഉണ്ടായിരുന്നു. ശവ്വാൽ 6 ശനിയാഴ്ചയായിരുന്നു പുറപ്പാട്.
    നബിﷺയുടെ പടപ്പുറപ്പാടിന് പിറകെ മക്കയിലുള്ള നിരവധി ആളുകൾ നബിﷺ പോയ വഴിയിൽ സഞ്ചരിച്ചു. എന്തെങ്കിലും പ്രതിസന്ധികൾ ഉണ്ടായാൽ അത് നബിﷺക്കു മാത്രമാകരുത് എന്നതായിരുന്നു അവരുടെ ലക്ഷ്യം. മക്കാ വിജയത്തെ തുടർന്നുണ്ടായ വൈകാരികമായ ഒരു അടുപ്പത്തിന്മേലായിരുന്നു ഈ സഞ്ചാരം.
    മക്കാ വിജയവേളയിൽ ഇസ്ലാം സ്വീകരിച്ച അബൂ സുഫിയാനും സഫുവാനുബ്നു ഉമയ്യയും ഹുനൈനിൽ വന്നിരുന്നു.
    ഹുനൈനിലേക്കുള്ള യാത്രയ്ക്കിടയിൽ വേറിട്ട ഒരു സംഭവം ഉണ്ടായി. അടുത്തകാലത്ത് ഇസ്ലാമിലേക്ക് വന്ന ചില ആളുകൾ നബിﷺയോട് വിളിച്ചുപറഞ്ഞു. മുശ്രിക്കുകൾക്ക് ഉള്ളതുപോലെ നമുക്കും ഒരു “ദാതു അൻവാത് ‘ വേണം. ഒരു മരത്തിന് അവർ വിളിച്ചിരുന്ന പേരാണ് ദാതു അൻവാത്. പ്രത്യേകം ആദരവ് കൽപ്പിക്കുകയും എല്ലാവർഷവും ആ മരത്തിന്റെ അടുത്തുവന്ന് പ്രത്യേക പൂജകൾ നടത്തി ബലികർമ്മം നിർവഹിക്കുകയും ചെയ്തിരുന്നു. ആ സമയത്ത് അവരുടെ ആയുധങ്ങൾ ആ വൃക്ഷത്തിൻ മേൽ തൂക്കിയിടും. ഒരു ദിവസം അവിടെ ഭജനമിരിക്കുകയും ചെയ്യും. യുദ്ധങ്ങളിൽ വിജയിക്കാൻ ഈ കർമ്മം കൊണ്ട് സാധിക്കുമെന്ന വിശ്വാസവും അവർക്കുണ്ടായിരുന്നു. തൗഹീദിന് വിരുദ്ധമായ ചില വിശ്വാസങ്ങൾക്ക് മേൽ രൂപപ്പെട്ടതായിരുന്നു ഈ ആചാരം.
    ഇതു മനസ്സിൽ വച്ചുകൊണ്ടാണ് ഒരു ഹരിത വൃക്ഷത്തിന്റെ അടുത്തുകൂടി നടന്നു പോയപ്പോൾ നമുക്കും ഒരു ദാത്ത് അൻവാത് വേണമെന്ന് സ്വഹാബികൾ വിളിച്ചു പറഞ്ഞത്. ഇതുകേട്ടതും നബിﷺ മൂന്നു പ്രാവശ്യം തക്ബീർ ചൊല്ലി. എന്നിട്ട് ചോദിച്ചു എന്റെ ഉടമസ്ഥനായ അല്ലാഹു സത്യം! മൂസാ നബി(അ)യുടെ അനുയായികൾ പറഞ്ഞതുപോലെയാണോ നിങ്ങൾ എന്നോട് പറയുന്നത്. അവർക്ക് വിഗ്രഹങ്ങൾ ഉള്ളതുപോലെ ഞങ്ങൾക്കും വിഗ്രഹം വേണമെന്നായിരുന്നു മൂസാ നബി(അ)യുടെ ജനത പറഞ്ഞത്. ഇതൊരു ശീലമായി വന്നാൽ മുൻഗാമികളായ അബദ്ധ വിശ്വാസികളുടെ ചുവടുകൾ ഓരോന്നോരോന്നായി നിങ്ങൾ അനുകരിക്കും.
    നബിﷺ അതിന്റെ ഗൗരവം അനുയായികളെ ബോധ്യപ്പെടുത്തി. സത്യവിശ്വാസികളുടെ വിശ്വാസവും ശീലവും കൃത്യമായി പഠിപ്പിച്ചു കൊടുത്തു. വീണ്ടും സംഘം മുന്നോട്ട് സഞ്ചരിച്ചു.
    സഹൽ ബിൻ ഹൻളല(റ) പറയുന്നു. ഞങ്ങൾ നബിﷺയോടൊപ്പം ഹുനൈനിലേക്ക് യാത്ര ചെയ്തു. നബിﷺയോടൊപ്പം മധ്യാഹ്ന നിസ്കാരത്തിനു വേണ്ടി ഒരുമിച്ചുകൂടി. അപ്പോൾ ഒരാൾ നബിﷺയുടെ അടുത്തേക്ക് വന്നു പറഞ്ഞു. ഞാൻ ഈ സംഘത്തിന് മുന്നിൽ നിന്ന് നേരെ ആ പർവതം വരെ പോയി. അവിടെ അതാ ഹവാസിൻകാരുടെ ആടുകളും ഒട്ടകങ്ങളും ഗോത്രവാസികളും ഒക്കെ ഒരുമിച്ചു കൂടിയിരിക്കുന്നു. അത് ഞാൻ കണ്ടിട്ട് വരികയാണ്. അപ്പോൾ നബിﷺയൊന്നു പുഞ്ചിരിച്ചു. എന്നിട്ട് പറഞ്ഞു അതെല്ലാം നമുക്ക് യുദ്ധാനന്തരം ലഭിക്കാനുള്ള സ്വത്തുകളാണ്. വൈകുന്നേരം ആയപ്പോൾ നബിﷺ ചോദിച്ചു. ഇന്നു രാത്രി ആരാണ് ഈ സംഘത്തിന് പാറാവുകാരനായി നിൽക്കുക. ഞാൻ നിന്നു കൊള്ളാമെന്ന് അനസു ബിൻ അബീ മർസദ്(റ) പറഞ്ഞു. അദ്ദേഹം കുതിരപ്പുറത്ത് കയറി തിരുനബിﷺയുടെ ചാരത്തേക്ക് നീങ്ങി നിന്നു. അപ്പോൾ നബിﷺ അദ്ദേഹത്തിന് നിർദ്ദേശം നൽകി. ഇതാ ഈ താഴ്വരയിലൂടെ പോയി അതിന്റെ ഏറ്റവും ഉയർന്ന ഭാഗത്ത് എത്തി അവിടെ നിൽക്കുക. ഈ രാത്രിയിൽ നിങ്ങളുടെ ഭാഗത്തുനിന്ന് ഈ സംഘത്തിന് ഹാനികരമായി ഒന്നും സംഭവിക്കരുത്. അദ്ദേഹം അതേറ്റെടുത്തു. നിർദ്ദേശിച്ച സ്ഥലത്തേക്ക് പോയി.
    പ്രഭാത നിസ്കാരത്തിന് നേരമായി. നബിﷺ അനുയായികളോട് ചോദിച്ചു. നമ്മുടെ പാറാവുകാരനെ കുറിച്ച് വല്ല വിവരവും ഉണ്ടോ. അവർ പറഞ്ഞു ഒരു വിവരവുമില്ല. നിസ്കാരാനന്തരം നബിﷺ താഴ്വരയുടെ ഭാഗത്തേക്ക് നോക്കി. എന്നിട്ട് പറഞ്ഞു. നിങ്ങൾ സന്തോഷിക്കുക. നിങ്ങളുടെ പാറാവുകാരനായ അശ്വഭടൻ വന്നിരിക്കുന്നു. അപ്പോൾ ജനങ്ങൾ മരങ്ങൾക്കിടയിലൂടെ താഴ്വരയിലേക്ക് നോക്കി. ശരിയാണ് അതാ അദ്ദേഹം വരുന്നു. അല്പം കഴിഞ്ഞ് അദ്ദേഹം നബിﷺയുടെ സന്നിധിയിൽ വന്നു നിന്നു പറഞ്ഞു. പ്രവാചകൻﷺ നിർദ്ദേശിച്ച പ്രകാരം താഴ്വരയിലൂടെ ഞാൻ ഏറ്റവും ഉയർന്ന സ്ഥലത്ത് പോയി നിന്നു. ഞാൻ നിരീക്ഷിച്ചെങ്കിലും ആരെയും കണ്ടില്ല. അപ്പോൾ ചോദിച്ചു. നിങ്ങൾ രാത്രി വാഹനത്തിൽ നിന്ന് ഇറങ്ങി വിശ്രമിച്ചിരുന്നുവോ. നിസ്കരിക്കാനും പ്രാഥമികാവശ്യ നിർവഹണത്തിനുമല്ലാതെ ഞാൻ ഇറങ്ങിയിട്ടില്ല. അദ്ദേഹം മറുപടി പറഞ്ഞു. ഇനി ഒന്നും നിങ്ങൾ ചെയ്തില്ലെങ്കിലും നിങ്ങൾ സ്വർഗ്ഗത്തിന് അർഹനായിരിക്കുന്നു നബിﷺ അദ്ദേഹത്തിന് സുവിശേഷമറിയിച്ചു.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...