
മക്കാ വിജയദിവസത്തിലെ പല മുഹൂർത്തങ്ങളിൽ ഒന്ന് ജാബിർ(റ) നിവേദനം ചെയ്യുന്നു. പ്രസ്തുത ദിവസം ഒരാൾ പറഞ്ഞു. തങ്ങൾക്ക് മക്ക ജയിച്ചു കിട്ടിയാൽ ബൈത്തുൽ മുഖദ്ദസിൽ വച്ച് നിസ്കരിക്കാമെന്ന് ഞാൻ നേർച്ച ചെയ്തിരിക്കുന്നു. ഉടനെ നബിﷺ പറഞ്ഞു. ഇവിടെത്തന്നെ അത് നിർവഹിച്ചു കൊള്ളൂ. മറ്റൊരു നിവേദനത്തിൽ ഇങ്ങനെ കൂടിയുണ്ട്. സത്യസന്ദേശവുമായി മുഹമ്മദ് നബിﷺയെ നിയോഗിച്ച അല്ലാഹു സത്യം! നിങ്ങൾ ബൈത്തുൽ മുഖദ്ദസിൽ നിസ്കരിക്കാൻ കരുതിയതിന്നു പകരം ഇവിടെവച്ച് നിസ്കരിച്ചാൽ നിങ്ങളുടെ നേർച്ച പൂർത്തിയാക്കപ്പെടും.
ഹാരിസ് ബിൻ മാലിക്(റ) നിവേദനം ചെയ്യുന്നു. മക്കയിൽ ഇനിയൊരിക്കലും ഇസ്ലാം വിരുദ്ധർക്കെതിരെ യുദ്ധം ചെയ്യേണ്ടി വരില്ല. കുഫ്റിനെതിരെ അഥവാ സത്യനിഷേധത്തിനെതിരെ മക്കയിൽ നിന്നുള്ള പോരാട്ടങ്ങൾ അവസാനിച്ചിരിക്കുന്നു.
ഇനിയൊരിക്കലും മക്കയിൽ നിന്ന് പലായനം ചെയ്യേണ്ട അവസ്ഥയില്ല. ഉദ്ദേശശുദ്ധിയും ആത്മസമർപ്പണവും മാത്രം മതി. മക്കാ വിജയത്തിന് മുമ്പ് മക്ക ഇസ്ലാമിനെതിരെ യുദ്ധം ചെയ്യുന്നവരുടെ നാടായിരുന്നു. അന്ന് ഒരു പലായനം നിർബന്ധമായിരുന്നു. മക്കാ വിജയത്തോടെ ഇസ്ലാമിന്റെ ഭവനമായി മാറി കഴിഞ്ഞു. ഇനി ഇവിടുന്ന് ഒരിക്കലും പലായനം ചെയ്യേണ്ട ആവശ്യമില്ല.
ആത്വാ ഇബ്നു അബീ റബാഹ്(റ) പറയുന്നു. ഉബൈദ് ബിനു ഉമൈറി(റ)നൊപ്പം ഞാൻ ബീവി ആഇശ(റ)യെ സന്ദർശിച്ചു. മഹതിയോട് ഹിജ്റ അഥവാ പലായനത്തെ കുറിച്ച് ചോദിച്ചു. അപ്പോൾ അവിടുന്ന് പറഞ്ഞു. ഇക്കാലത്ത് ഹിജ്റ ഇല്ല. നാശം ഭയന്ന് മുമ്പ് വിശ്വാസികൾ അല്ലാഹുവിലേക്കും അവന്റെ ദൂതനിﷺലേക്കും പലായനം ചെയ്തിരുന്നു. എന്നാൽ പിന്നീട് അല്ലാഹു ഇസ്ലാമിന് വിജയം നൽകി. വിശ്വാസികൾ എവിടെയാണെങ്കിലും കൃത്യമായി ആരാധന നിർവഹിക്കട്ടെ. ആത്മസമർപ്പണവും ഉദ്ദേശശുദ്ധിയും ആണ് വേണ്ടത്.
യഅലാ ബിൻ സഫുവാൻ ബിൻ ഉമയ്യ(റ) പറയുന്നു. മക്കാവിജയ ദിവസം ഞാൻ ഉപ്പയോടൊപ്പം നബിﷺയെ സമീപിച്ചു. എന്നിട്ട് ഞാൻ പറഞ്ഞു. എന്റെ ഉപ്പ പലായണം ചെയ്യാൻ അവിടുത്തോട് ഉടമ്പടി ചെയ്യുന്നു. അപ്പോൾ നബിﷺ ഇങ്ങനെ പ്രതികരിച്ചു. അല്ലാഹുവിന്റെ മാർഗത്തിൽ സമർപ്പിച്ച സമരം ചെയ്യാൻ ഉടമ്പടി ചെയ്യട്ടെ. ഹിജ്റ അവസാനിച്ചു കഴിഞ്ഞിരിക്കുന്നു.
മക്കാ വിജയത്തിനുശേഷം ഹിജ്റ ഇല്ല എന്ന് പറഞ്ഞതിന് വിവിധങ്ങളായ വ്യാഖ്യാനങ്ങൾ ഉണ്ട്. ലോക മുസ്ലിം ചരിത്രത്തിൽ ഇനി ഒരിക്കലും ഹിജ്റ വരാനില്ല. പ്രതിരോധ സമരങ്ങൾ മാത്രമേ ഉള്ളൂ എന്ന് വ്യാഖ്യാനിച്ചവരും ഉണ്ട്. അന്ത്യനാൾ വരെ മക്കയിൽ നിന്ന് ഒരു ദേശത്തേക്കും മുസ്ലീംകൾക്ക് ഹിജ്റ പോകേണ്ടി വരില്ല ഇങ്ങനെ വിശദീകരിച്ചവരും ഉണ്ട്. ഇസ്ലാം വിരുദ്ധ ശക്തികൾ മക്കയിൽ അധിനിവേശം നേടുകയും അതുകാരണമായി മക്കയിൽ നിന്ന് പലായനം ചെയ്യേണ്ടി വരികയും ചെയ്യുക എന്ന സാഹചര്യം ഇനി ഉണ്ടാവില്ല ഇങ്ങനെയും വ്യാഖ്യാനങ്ങൾ ഉണ്ട്.
മക്കാ വിജയത്തെ തുടർന്ന് ലോകത്തിന് നബിﷺ പങ്കുവെച്ച വിചാരങ്ങളുടെ ഒരു ആത്മസത്തയാണിത്. ഇത് എന്നെന്നേക്കുമുള്ള ഒരു വിജയമാണ് എന്ന ഉദ്ഘോഷം ഈ പ്രയോഗങ്ങളിൽ ഒളിഞ്ഞിരിക്കുന്നു. കേവലമായ രാഷ്ട്രീയ സൈനിക വിചാരങ്ങൾക്കപ്പുറം അല്ലാഹുവിന്റെ ദൂതൻﷺ എന്ന നിലയിൽ വരുംകാലത്തിന്റെ യാഥാർത്ഥ്യം മുൻകൂട്ടി പറയുകയാണ് ഇവിടെ. അനുഗ്രഹ പൂർണമായ ആ ചൊല്ലുകളുടെ യാഥാർത്ഥ്യം സഹസ്രാബ്ധത്തിനുമിപ്പുറം ലോകം ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്.
ദുൽ ജൗഷൻ എന്ന വ്യക്തിയുമായി ബന്ധപ്പെട്ട ഒരു സംഭവം ഇമാം ഇബ്നു സഅദ്(റ) ഉദ്ധരിക്കുന്നു. മുമ്പൊരിക്കൽ ഇദ്ദേഹം നബിﷺയുടെ മുന്നിലേക്ക് വന്നു. അന്ന് അദ്ദേഹത്തോട് നബിﷺ ചോദിച്ചു എന്തുകൊണ്ടാണ് നിങ്ങൾ ഇസ്ലാമിലേക്ക് വരാത്തത്? അന്ന് അദ്ദേഹം പറഞ്ഞു. അവിടുത്തെ ജനങ്ങൾ തങ്ങളെ നിരാകരിക്കുന്നതും നിഷേധിക്കുന്നതും വ്യാജമാരോപിക്കുന്നതും ഞാൻ കാണുകയാണ്. ഇനി എന്നെങ്കിലും ജനതയ്ക്ക് മേൽ അവിടുന്ന് വിജയം വരിച്ചാൽ അന്നു ഞാൻ തങ്ങളെ വിശ്വസിക്കുകയും അനുകരിക്കുകയും ചെയ്യും. അതല്ല, തങ്ങളുടെ വിരോധികളാണ് ജയിച്ചടക്കുന്നതെങ്കിൽ ഞാൻ തങ്ങളെ അനുകരിക്കുകയും ഇല്ല. അപ്പോൾ അന്ന് നബിﷺ പറഞ്ഞു. നിങ്ങൾ കുറച്ചുകൂടി ജീവിച്ചിരിക്കുകയാണെങ്കിൽ ഈ ജനതയ്ക്ക് മേൽ ഞാൻ ജയിച്ചടക്കുന്നത് നിങ്ങൾ കാണും. ദുൽ ജൗഷൻ പറയുന്നു. അല്ലാഹു സത്യം! മക്കയിൽ നിന്ന് പത്തുദിവസം വഴി ദൂരമുള്ള ളരിയ്യ ഗ്രാമത്തിൽ ആയിരിക്കെ മക്കയിൽ നിന്ന് ഒരാൾ അങ്ങോട്ട് എത്തി. ഞങ്ങൾ അദ്ദേഹത്തോട് വിശേഷങ്ങൾ അന്വേഷിച്ചു. അദ്ദേഹം പറഞ്ഞു. മുഹമ്മദ് നബിﷺ മക്ക ജയിച്ചടക്കിയിരിക്കുന്നു. അപ്പോൾ ദുൽ ജൗഷൻ ഇസ്ലാമിലേക്ക് വന്നു. പ്രവാചകൻﷺ മുമ്പേ ക്ഷണിച്ച കാലത്ത് ഇസ്ലാം സ്വീകരിക്കാൻ കഴിയാത്തതിൽ അദ്ദേഹം അതീവമായി ദുഃഖിച്ചു. വിശ്വാസിയായതിൽ പിന്നെ നബിﷺയോട് സഹവസിക്കുകയും അവിടുന്ന് വൈജ്ഞാനിക ശകലങ്ങൾ നിവേദനം ചെയ്യുകയും ചെയ്തു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
