
മക്കാ വിജയ വേളയിലെ പ്രവാചകരുﷺടെ ചില സമീപനങ്ങളും അതിൽ പ്രകാശിതമായ നിയമ വീക്ഷണങ്ങളും നമുക്കൊന്ന് വായിച്ചു നോക്കാം. ഇബ്നു അബീ ശൈബ(റ) ജാബിറി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. മക്കാ വിജയവേളയിൽ പ്രവാചകർﷺ ഇങ്ങനെ പറയുന്നതായി ഞാൻ കേട്ടു. ലഹരിയുടെയും പന്നിയുടെയും ശവത്തിന്റെയും ബിംബങ്ങളുടെയും വ്യാപാരം അല്ലാഹു നിരോധിച്ചിരിക്കുന്നു. നിഷിദ്ധമാക്കിയിരിക്കുന്നു. അപ്പോൾ ഒരാൾ നബിﷺയോട് ചോദിച്ചു. ശവം നിരോധിച്ചു എങ്കിലും ശവത്തിന്റെ എണ്ണ ഉപയോഗിക്കാൻ പറ്റുമോ? അത് കപ്പലുകൾക്കും തീ തെളിക്കുന്നതിനും ഒക്കെ പ്രയോജനപ്പെടും. അപ്പോൾ പ്രവാചകൻﷺ പറഞ്ഞു. ശവത്തിന്റെ നെയ്യ് അല്ലാഹു നിഷിദ്ധമാക്കിയപ്പോൾ അവയെടുത്ത് കട്ടിയാക്കുകയും അത് വിറ്റു ഉപജീവനം നടത്തുകയും ചെയ്ത ജൂതന്മാരോട് അല്ലാഹു വെറുത്തിരിക്കുന്നു.
അനുഷ്ഠാനപരമായ ഒരു വിഷയത്തെയാണ് പ്രവാചകൻﷺ ഇവിടെ പരാമർശിച്ചത്. മനുഷ്യന്റെ വരുമാനസ്രോതസ്സുകൾ പവിത്രമാകണമെന്നും അവന്റെ ഭക്ഷണത്തിന്റെ അടിസ്ഥാനം സംശുദ്ധമായ വരുമാനത്തിൽ നിന്നാകണമെന്നും ഈ പരാമർശം നമ്മെ പഠിപ്പിക്കുന്നു.
അബ്ദുറഹ്മാൻ ബിൻ അൽ അസ്ഹർ(റ) പറഞ്ഞതായി ഇമാം ഇബ്നു അബീ ശൈബ(റ) നിവേദനം ചെയ്യുന്നു. മക്കാ വിജയ സമയത്ത് ഖാലിദ് ബിനു വലീദി(റ)ന്റെ ഭവനത്തിന്റെ അടുത്തു വച്ച് പ്രവാചകൻﷺ ഒരു മദ്യപാനിക്ക് ശിക്ഷ നടപ്പിലാക്കുന്നത് ഞാൻ കണ്ടു.
മഹതി ആഇശ(റ)യിൽ നിന്ന് ഉർവത് ബിൻ സുബൈർ(റ) നിവേദനം ചെയ്യുന്നു. നബിﷺയുടെ കാലത്ത് ഒരു സ്ത്രീ മോഷണം നടത്തി. അത് മക്കാ വിജയ സമയത്ത് ആയിരുന്നു. അപ്പോൾ ജനങ്ങൾ ആലോചിച്ചു. ഇവളുടെ കാര്യത്തിൽ ആരാണ് നബിﷺയോട് സംസാരിക്കുക. അഥവാ അവൾക്ക് ഇസ്ലാം കൽപ്പിച്ച ശിക്ഷയിൽ നിന്ന് മോചനം ലഭിക്കാൻ ആരാണ് നബിﷺയോട് സംസാരിക്കുക. നബിﷺക്ക് ഏറ്റവും പ്രിയപ്പെട്ട ഉസാമത് ബിൻ സെയ്ദി(റ)നെ അവർ കണ്ടെത്തി. അതിവേഗം അവർ അദ്ദേഹത്തെ സമീപിച്ചു. ഇവരുടെ മേൽ നടപ്പിലാക്കേണ്ട ശിക്ഷയിൽനിന്ന് ഇളവ് ലഭിക്കാൻ നബിﷺയോട് സംസാരിക്കണമെന്ന് അവർ ഉസാമ(റ)യോട് ആവശ്യപ്പെട്ടു. അവരുടെ നിർബന്ധത്തിനു വഴങ്ങി ഉസാമ(റ) നബിﷺയെ സമീപിച്ചു. വിഷയം അവതരിപ്പിച്ചതും നബിﷺയുടെ മുഖഭാവം മാറി. അവിടുത്തെ മുഖകമലം ചുവന്നു തുടുത്തു. ഗൗരവത്തോടെ അവിടുന്ന് ചോദിച്ചു. അല്ല, അല്ലാഹുവിന്റെ നിയമത്തിൽ മാറ്റം വരുത്താൻ എന്നോട് ശുപാർശ ചെയ്യുകയാണോ നിങ്ങൾ? കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ ഉസാമ(റ) പറഞ്ഞു. അല്ലയോ പ്രവാചകരേﷺ എനിക്കുവേണ്ടി അല്ലാഹുവിനോട് മാപ്പ് തേടണം.
വൈകുന്നേരം ആയപ്പോൾ നബിﷺ ജനങ്ങളോട് പ്രഭാഷണം നടത്തി. അല്ലാഹുവിനെ സ്തുതിച്ചുകൊണ്ട് സംഭാഷണം ആരംഭിച്ചു. അവിടുന്ന് ഇങ്ങനെ പറഞ്ഞു. മാന്യർ മോഷണം നടത്തിയാൽ അവരെ സംരക്ഷിക്കുകയും ശിക്ഷയിൽ നിന്ന് ഒഴിവാക്കുകയും ദുർബലർ മോഷണം നടത്തിയാൽ അവരുടെ കൈ മുറിച്ച് ശിക്ഷ നടപ്പിലാക്കുകയും ചെയ്ത മുൻഗാമികൾ അഥവാ ഇസ്രയേലുകാർ ജനങ്ങളെ നശിപ്പിച്ചു. എന്റെ ഉടമസ്ഥനായ അല്ലാഹു സാക്ഷി! എന്റെ മകൾ ഫാത്വിമ(റ)യാണ് മോഷ്ടിക്കുന്നതെങ്കിലും ഞാൻ അവളുടെ കൈ മുറിച്ചു ശിക്ഷ നടപ്പിലാക്കും. അഥവാ അല്ലാഹുവിന്റെ നിയമത്തിന് ആരുടെ പേരിലും വെള്ളം ചേർക്കുകയില്ല. ആരുടെയും താല്പര്യങ്ങൾക്ക് വേണ്ടി നിയമത്തെ മാറ്റി മറിക്കുകയില്ല. എന്നിട്ട് നബിﷺ മോഷ്ടിച്ചവരുടെ മേൽ ശിക്ഷ നടപ്പിലാക്കാൻ ആഹ്വാനം ചെയ്തു. ബിലാലിനെ(റ)യാണ് ശിക്ഷ നടപ്പിലാക്കാൻ നബിﷺയേൽപ്പിച്ചത്. ശേഷം, അവൾ അല്ലാഹുവിനോട് പശ്ചാത്തപിച്ചു. മാതൃകാ വനിതയായി ജീവിച്ചു. ബനൂസുലൈം ഗോത്രത്തിലെ ഒരാളെ വിവാഹം കഴിച്ചു. ബീവി ആഇശ(റ) തുടർന്ന് പറയുന്നു. പിന്നീട് പലപ്പോഴും അവൾ നബിﷺയുടെ സവിധത്തിൽ വന്നിട്ടുണ്ട്. അവരുടെ ആവലാതികൾ ഞാൻ നബിﷺയോട് ധരിപ്പിച്ചിട്ടുണ്ട്. നബിﷺ അവിടുന്ന് പരിഹാരങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തിട്ടുണ്ട്.
ഇസ്ലാമിലെ നിയമനടപടികൾ കേവലം ഒരു വ്യക്തിയെ ശിക്ഷിക്കാനോ പ്രയാസപ്പെടുത്താനോ അല്ല. ഒരു സമൂഹത്തിൽനിന്ന് അനാവശ്യങ്ങളെ ഇല്ലായ്മ ചെയ്യാനും കുറ്റവാളികൾ മാതൃകാപരമായി ശിക്ഷിക്കപ്പെടുക വഴി കുറ്റകൃത്യങ്ങൾ സമൂഹത്തിൽനിന്ന് വിപാടനം ചെയ്യാനുമാണ്. ഇസ്‌ലാമേർപ്പെടുത്തിയ ശിക്ഷ വഴി കുറ്റവാളിയെ നേർവഴിക്ക് നയിക്കുകയും അവരുടെ ശിഷ്ട ജീവിതം പവിത്രമാക്കുകയും ചെയ്തു.
ഇസ്ലാമിലെ ശിക്ഷാ നടപടികളെ വിമർശിക്കുന്നവർ ഇസ്ലാം സമൂഹത്തിൽ വരുത്തിയ കുറ്റവിമുക്തിയെക്കുറിച്ച് പഠിക്കാറില്ല. പവിത്രമായ ഒരു സമൂഹഘടനയെ ലോകത്തിനു സമർപ്പിച്ചതിനെക്കുറിച്ച് പരാമർശിക്കാറുമില്ല. വധിച്ചവനെ വധിക്കുന്നത് ഒരുപാട് ആളുകൾ വധിക്കപ്പെടാതിരിക്കാനാണ് എന്ന തിരിച്ചറിവ് നിയമത്തെ കുറിച്ച് പഠിക്കുമ്പോൾ വേണം.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
